ഈ പോസ്റ്റെഴുതാന്‍ കാരണം താഴെ കാണിച്ചിരിക്കുന്ന രണ്ടു കാര്യങ്ങളാണ്.
1. മാതൃഭൂമിയുടെ 'തൊഴില്‍ വാര്‍ത്ത'യില്‍ വന്ന ഒരു ലേഖനവും അതിനെതിരായി Calicutter പത്രാധില്‍പര്‍ക്കയച്ചിരിക്കുന്ന കത്ത്
2. കേരളാ ഫാര്‍മര്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന വിവരം.
വിവരാവകാശ നിയമം വായിച്ചതില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ചോദിച്ച വിവരമെന്തായാലും നല്‍കുവാന്‍ ഒരു പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, നിയമം അങ്ങനെ അനുശാസിക്കുന്നുമില്ലെന്നാണ്.
2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന് 120 ദിവസത്തിനകം പൊതു അധികാരികല്‍ അവരുടെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ട കുറേ കാര്യങ്ങള്‍ എന്തെല്ലാമെന്ന് അക്കമിട്ട് പറയുന്നുണ്ട്`(വകുപ്പ് 4 (ബി)).
അതില്‍ അഞ്ചാമത്തേത്‌ഃ പ്രവര്‍ത്തന നിര്‍വഹണത്തിനായി ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ നിയന്ത്രണത്തിലോ കൈവശമോ ഉള്ള നിയമങ്ങളും ചട്ടങ്ങളും രേഖകളും ലഘുഗ്രന്ഥങ്ങളും ഏതെല്ലാമെന്ന് പ്രഖ്യാപിക്കുക;
ആറാമത്തേത്‌ഃ അതിന്റെ കൈവശമുള്ളതോ നിയന്ത്രണത്തിലോ ഉള്ളതായ പല വിഭാഗങ്ങിളിലുമുള്ള പ്രമാണങ്ങളെ കുറിച്ചുള്ള ഒരു പ്രസ്താവന.
വകുപ്പ് 2 പ്രകാരം 'വിവരം' എന്നതിനെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്:
എന്താണ് വിവരം:-നിലവില്‍ പ്രാബല്യത്തിലുള്ള ഏത് നിയമം മുഖേനയും ഒരു പൊതു അധികാരിക്ക് ഏത് രൂപത്തിലും ലഭ്യമാക്കാവുന്ന:-
രേഖകള്‍,
പ്രമാണങ്ങള്‍,
കുറിപ്പുകള്‍,
പേപ്പറുകള്‍,
ഈ-മെയിലുകള്‍,
അഭിപ്രയങ്ങള്‍,
ഉപദേശങ്ങള്‍,
പത്രകുറിപ്പുകള്‍,
സര്‍ക്കുലറുകള്‍,
ഉത്തരവുകള്‍,
ലോഗ്‌ബുക്കുകള്‍,
കരാറുകള്‍,
റിപ്പോര്‍ട്ടുകള്‍,
സാമ്പിളുകള്‍,
മാതൃകകള്‍ തുടങ്ങിയ ഏത് വസ്തുക്കളും,
ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച് ഏതെങ്കിലും എലക്ട്രോണിക് രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.
തല്‍ക്കാലം നമ്മുടെ വിഷയത്തിലേക്ക് കടക്കാന്‍ ഇത്രയും മതി.
ഈ നിയമം വഴിയുള്ള വിവരാവകാശം സുഗമമായി ലഭ്യമാക്കുന്നതിലേക്കാണ് മേപ്പടി പട്ടികകള്‍ തരം തിരിച്ച് പ്രസിദ്ധീകരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതായത് നാം ചോദിക്കുന്ന 'വിവരം' മുകളില്‍ പറഞ്ഞ അഞ്ചാമത്തേയോ ആറാമത്തേയോ ഐറ്റത്തിനകത്തുള്ളതായിരിക്കണം എന്നല്ലേ മനസ്സിലാക്കേണ്ടത്. ഒരാഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയാത്ത കാര്യങ്ങള്‍ അവരോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ.
ഇനി വിഷയത്തിലോട്ട് വരാം. താഴെ എഴുതിയിട്ടൂള്ള തരത്തിലുള്ള ചോദ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം യൂണിവേര്‍സിറ്റിയോട് ചോദിച്ചാല്‍ അതു നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണോ എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്നം.
ചോദ്യംഃ കഴിഞ്ഞ 20 വര്‍ഷക്കാലത്ത് എത്രപേര്‍ ബി.എ. പരീക്ഷ എഴുതി?, അതില്‍ ആണെത്ര? പെണ്ണെത്ര? അവരില്‍ എത്രപേര്‍ക്ക് ഫസ്റ്റ ക്ലാസ്സുണ്ട്? എത്രപേര്‍ ജയിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് വാങ്ങാതിരുന്നിട്ടുണ്ട്?
ചോദ്യംഃ എം.ബി.ബി.എസ്സ്. പരീക്ഷക്ക് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ എത്രപേര്‍ അപേക്ഷിച്ചു? അവരുടെ ജാതി തിരിച്ചുള്ള കണക്കെത്ര?
ചോദിച്ചയാളിന്റെ ആവശ്യം, മേല്‍ചോദിച്ചകാര്യങ്ങളെല്ലാം കൂടി ഒരു കാപ്സൂള്‍ പരുവത്തിലാക്കി ഒറ്റപേജ് രൂപത്തില്‍ ഇങ്ങ്‌തന്നാല്‍ ഒരു പേജിനുള്ള രണ്ടു രൂപ അങ്ങു തരും, അപേക്ഷാഫീ പത്തു രൂപാ വേറേ.
ഒന്നാമത്തെ ചോദ്യത്തിലുള്ള വിവരങ്ങളെല്ലാം തന്നെ ഒരു യൂണിവെര്‍സിറ്റിയുടെ ഓഫീസ്സില്‍ കാണാന്‍ സാധ്യതയുണ്ട്. പ്രശ്നം അവിടെയല്ല. ആ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് നാം ചോദിച്ച രീതിയില്‍ തയ്യാറാക്കിയ പ്രമാണങ്ങള്‍ അവിടെയുണ്ടാകുമോ. ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ രേഖയുടെ ഒരു പകര്‍പ്പ് നല്‍കുവാന്‍ യൂണിവേര്‍സിറ്റി ബാധ്യസ്ഥരാണ്. ഇല്ലെങ്കിലോ? ആ വിവരങ്ങള്‍ കിടക്കുന്ന ആയിരക്കണക്കിനു ഫയലുകളെയും, രജിസ്റ്ററുകളേയും തപ്പിപ്പിടിച്ച് ആവശ്യപ്പെട്ട പ്രകാരം ഒന്നിച്ചാക്കി നമുക്ക് നല്‍കുവാന്‍ സാധ്യമാണോ? നിയമം അങ്ങനെ നിഷ്‌കര്‍ഷിക്കുന്നുണ്ടോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം.
വിവരം (വകുപ്പ് 2 എഫ്), പൊതു അധികാരിയുടെ കടമകള്‍ (വകുപ്പ് 4 ബി), വിവരം നല്‍കുന്നതിനു കൊടുക്കേണ്ട ഫീസ്(ചട്ടം 4 എ), ഒരാഫീസില്‍ ചെന്ന് അവിടെ ഉള്ള രേഖകള്‍ എന്തെല്ലാമെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനാ ഫീസ്(ചട്ടം 4 ഡി) എന്നീ കാര്യങ്ങളെ പറ്റി വിവരാവകാശനിയമവും, അതിന്റെ അടിസ്താനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങളേയും ചേര്‍ത്ത് വായിച്ചപ്പോള്‍ ഉണ്ടായ അഭിപ്രായമാണിത്. ഇരുമ്പുലക്കയൊന്നുമല്ല. ആര്‍ക്കും നിഷേധിക്കാം, വേറെ രീതിയില്‍ വ്യാഖ്യാനിക്കാം.
കുറച്ചുകൂടെ വിശദമാക്കട്ടെ. 'വിവരം' എന്നാലെന്തെന്ന് നേരത്തേ നാം കണ്ടു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കേണ്ടതും, ഉണ്ടാക്കുന്നതുമായ രേഖകള്‍ എന്തൊക്കെ ആയിരിക്കുമെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.(120 ദിവസത്തിനുള്ളില്‍). അപേക്ഷാഫീ കൂടാതെ നമുക്ക് നല്‍കുന്ന വിവരങ്ങള്‍ക്ക്, ഓരോ പേജിനും 2 രൂപാ നിരക്കില്‍ അധികഫിയും നല്‍കണം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ഒരാഫീസ്സില്‍ സൂക്ഷിക്കുന്ന രേഖകളുടെ പകര്‍പ്പല്ലേ ചോദിക്കാനാവു?. അല്ലാതെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ലല്ലോ. ഉത്തരമായിരുന്നെങ്കില്‍ ഓരോ ഉത്തരങ്ങള്‍ക്കും/ ചോദ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീയെ പറ്റിയും പറയുമായിരുന്നു. എന്തൊക്കെ രജിസ്റ്ററുകളുണ്ടെന്ന് നേരിട്ട് പരിശോധിക്കാനും നിയമം അനുവാദം നല്‍കുന്നുണ്ട്. അല്ലാതെ നമുക്ക് വേണ്ടുന്ന രീതിയില്‍ വിവരങ്ങളെ കോഡീകരിച്ച് തരാന്‍ തുടങ്ങിയാല്‍ അഫീസുകളില്‍ അതിനുമാത്രമല്ലേ സമയമുണ്ടാകൂ. ഒരാഫീസില്‍ ഉണ്ടാകാവുന്ന പ്രാധമികവിവരങ്ങളുടെ അടിസ്താനത്തില്‍ എത്രയെത്ര തരത്തിലാണ് വിവരങ്ങളെ കോഡീകരിച്ചെടുക്കാവുന്നത്. ചോദിക്കുന്നയാളിന്റെ മനോഗതിയനുസരിച്ചിരിക്കും അക്കാര്യങ്ങള്‍.
ഇവിടെ യൂണിവേര്‍സിറ്റിയോട് ചോദിച്ചിരിക്കുന്ന വിവരങ്ങളിരിക്കുന്നത് വെവ്വേറെ ഫയലുകളിലും, രജിസ്റ്ററുകളിലുമാണെങ്കില്‍ അതിന്റെയെല്ലാം പേജുകളുടെ പകര്‍പ്പ് തരാന്‍ തയ്യാറാണെന്നും, എല്ലാം കൂടി ആയിരത്തോളം പേജുകള്‍ വരുമെന്നും പറന്‍ഞ്ഞ് 2000 രൂപ ആവശ്യപ്പെട്ടാലോ?. എന്നാലും, നമുക്കാവശ്യമുള്ള രീതിയിലുള്ള വിവരം നമ്മള്‍ തന്നെ കിട്ടിയ രേഖകളില്‍ നിന്നും ക്രോഡീകരിച്ചെടുക്കേണ്ടി വരും.അതുകൊണ്ട് മാതൃഭൂമിപത്രത്തിലെ തൊഴില്‍ വീഥിയില്‍ എഴുതിയ ലേഖനത്തെ കാലിക്കട്ടര്‍ വിമര്‍ശിച്ചതുപോലെ ചെയ്യാന്‍ ഞാനാളല്ല.
ഇനി, കേരളാ ഫാര്‍മരുടെ ആവശ്യം. മേല്‍ വിവരിച്ചതു പോലെ തന്നെയാണിതും. ചോദിച്ച രീതിയിലുള്ള വിവരം റബ്ബര്‍ ബോര്‍ഡില്‍ അതേപടി ഉണ്ടെങ്കില്‍ നല്ലത്. ഇല്ലെങ്കില്‍ അതുണ്ടാക്കി തരുമെന്ന് എനിക്കുറപ്പില്ല. പിന്നെ റബ്ബര്‍ ബോര്‍ഡ് ഒരു വാണിജ്യ സ്ഥാപനം പോലെ പ്രവര്‍ത്തിക്കുന്നതാണ്. മിക്കവാറും കാര്യങ്ങള്‍ അവിടെ കംപൂട്ടറില്‍ കൂടിയായിരിക്കും നിര്‍വഹിക്കുക. അങ്ങനെയെങ്കില്‍, കേരളാ ഫാര്‍മര്‍ ചോദിച്ചരീതിയിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കാനുള്ള പ്രോഗ്രാം നിലവിലുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉടനെ ഉണ്ടാക്കാന്‍ കഴിവുള്ള ഐറ്റി പ്രഗല്‍ഭര്‍ ഉണ്ടെങ്കില്‍ കേരളാ ഫാര്‍മര്‍ രക്ഷപെട്ടു.
പത്താം ക്ലാസ്സും ഗുസ്തിയും കൈമുതലുള്ള യുണിവേര്‍സിറ്റിയിലെ ഗുമസ്തര്‍ക്ക് ഇതു കഴിയുമോയെന്തോ.
ഏതായാലും അധികം പഴക്കമുള്ള നിയമമല്ല. തുടക്കത്തില്‍ നമുക്ക് എന്തും ചോദിച്ചു നോക്കാം. 120 ദിവസത്തിനുള്ളില്‍ പൊതു അധികാരികള്‍ ചെയ്തു വക്കേണ്ടിയിരുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ അവര്‍ കുടുങ്ങിയതു തന്നെ. ഇപ്പോഴെങ്കിലും അക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടി വരും. ഇല്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരുടേയും മുഴുവര്‍ സമയവും പോതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കുന്നതിലേക്ക് വേണ്ടി ചിലവാക്കേണ്ടി വരുമെന്നത് ഒരു സത്യം മാത്രം. പിന്നൊരു കാര്യം: ശമ്പളം കിട്ടണമെങ്കില്‍ ജോലി ചെയ്താല്‍ പോരേ. എന്തു ജോലി ചെയ്യണമെന്ന് നിര്‍ബന്ധിക്കാതിരുന്നാല്‍ മതിയല്ലോ.
കഥയും കവിതയും മാത്രം വായിച്ചു പോകുന്ന ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഈക്കാര്യങ്ങള്‍ കൂടി വായിച്ച് വിശകലനം ചെയ്യാന്‍ തയ്യാറായെങ്കില്‍!!! പൊതുനന്മയെ ഉദ്ദേശിച്ചാണേ.....
ആധാരം:1.Right to Information Act 2005
2.The kerala Right to information (Regulation of fee and cost) Rules 2006
21-02-2008 ല്‍ കൂട്ടിച്ചേര്‍ത്തത്:
കേന്ദ്ര മുഖ്യ വിവരകമ്മീഷ്ണറുടെ ഒരു പ്രധാനപ്പെട്ട തീരുമാനം ഉണ്ടായിരിക്കുന്നു. അതടിസ്ഥാനത്തില്‍ ഞാനിട്ട പുതിയ പോസ്റ്റ് ഇവിടെ കാണാം.
Buzz ല്‍ പിന്തുടരുക