ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ എന്തൊക്കെ രേഖകള്‍.
ഡിഗ്രി പഠനം കഴിഞ്ഞ ദിവ്യയ്ക്ക് സ്കോളർഷിപ്പ് തുക കിട്ടിയത് ചെക്കായിട്ടാണ്. ചെക്ക് മാറി പണമാക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് തുറക്കണം. അക്കൗണ്ട് തുറക്കാനായി വീടിനടുത്തുള്ള ബാങ്കിലെത്തി. ബാങ്കിൽ അക്കൗണ്ടുള്ള ആരെങ്കിലും അക്കൗണ്ട് പരിചയപ്പെടുത്തണം. ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം ഉറപ്പുവരുത്തുന്നതിനുമായി വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പാസ്പോർട്ടിന്റെ ഫോട്ടോകോപ്പിയും ആവശ്യപ്പെട്ടു. ഇതു രണ്ടും ഇല്ലെങ്കിൽ റേഷൻ കാർഡ്, മറ്റ് ഏതെങ്കിലും ഐഡന്റിറ്റി കാർഡ്, ടെലിഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ ഏതെങ്കിലും വേണം. ഇതോടൊപ്പം ഫോട്ടോയും. കൂലിത്തൊഴിലാളിയായ അമ്മയോടൊപ്പം താമസിക്കുന്ന ദിവ്യയ്ക്ക് ഇവയൊന്നുമില്ല. മാത്രമല്ല, റേഷൻ കാർഡിൽ പേര് വിട്ടു പോയിരുന്നുതാനും. അവസാനം വാർഡ് മെംബറെകണ്ട് സർട്ടിഫിക്കറ്റ് വാങ്ങിയാണ് അക്കൗണ്ട് തുറന്നു ചെക്ക് മാറി പണമാക്കാൻ സാധിച്ചത്.
തിരിച്ചറിയൽ രേഖകൾ കർശനമാക്കിയ ശേഷം ഇത്തരത്തിൽ പലർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വരുന്ന പ്രയാസങ്ങൾ റിസർവ്വ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഒരു വർഷം 1,00,000 രൂപയിൽ താഴെ മാത്രം വരവു വരുന്നതും ഒറ്റത്തവണ നീക്കിയിരിപ്പു തുക 50,000 രൂപയിൽ കൂടുതലുമാകാത്ത സാധാരണ നോ-ഫ്രിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഇനി ഫോട്ടോയും ഇടപാടുകാരൻ നൽകുന്ന സത്യവാങ്മൂലവും മതിയെന്നു റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നു.
ഇത്തരം അക്കൗണ്ടുകളിൽ ചെക്ക് ബുക്ക് ലഭിക്കില്ല. ബാങ്കിൽ നേരിട്ടു ഹാജരായി വിത്ഡ്രാവൽ ഫോം ഉപയോഗിച്ചു പണം പിൻവലിക്കണം. ഏറ്റവും കുറഞ്ഞ തുക അക്കൗണ്ടിൽ ബാക്കി നിർത്തിയിരിക്കണമെന്ന നിബന്ധനയുമില്ല. ഒാരോ അർധവർഷവും 25ൽ കൂടുതൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.
സാധാരണ സേവിംഗ്സ് ബാങ്കിൽ ലഭിക്കുന്ന പലിശനിരക്ക് ഇത്തരം അക്കൗണ്ടുകളിലും ലഭിക്കും. ചുരുക്കം ചില ബാങ്കുകൾ ഇത്തരം അക്കൗണ്ടുകളിൽ ഡെബിറ്റ് കാർഡ് നൽകുന്നുമുണ്ട്. ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ടുകളിൽ ബാക്കിനിൽക്കുന്ന തുക 50,000 ൽ കൂടുകയോ, ആകെ ഒരു വർഷം അട? തുക 1,00,000 ൽ കവിയുകയോ ചെയ്‌താൽ സാധാരണ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ബാങ്കുകൾക്ക് ആവശ്യപ്പെടാം.
അച്ഛനമ്മമാരോടൊത്തു ജീവിക്കുന്ന മക്കൾ, മുതിർന്ന മക്കളോടൊപ്പം താമസിക്കുന്ന അച്ഛനമ്മമാർ തുടങ്ങിയവർക്ക്, സ്വന്തം പേരിൽ ഇലക്ട്രിസിറ്റി, ടെലിഫോൺ തുടങ്ങിയവ ഇല്ലാത്തതിനാൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ അഡ്രസ്സ് പ്രൂഫ് നൽകാൻ പ്രയാസം അനുഭവപ്പെടാറുണ്ട്. അക്കൗണ്ട് തുറക്കേണ്ട വ്യക്‌തി തന്റെ കൂടെയാണ് സ്ഥിരമായി താമസിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്ന അടുത്ത ബന്ധുവിന്റെ കത്തും അവരുടെ തിരിച്ചറിയൽ രേഖകളും ഹാജരാക്കി ഇനി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഇപ്പോൾ താമസിക്കുന്ന അഡ്രസിൽ അക്കൗണ്ട് തുടങ്ങേണ്ട വ്യക്‌തിക്കു ലഭിച്ച തപാൽ ഉരുപ്പടികളും അധിക രേഖകളായി ബാങ്കുകൾക്കു സ്വീകരിക്കാം.
ആന്റി മണി ലോൻഡറിങ് അഥവാ പണം വെള്ളപൂശൽ തടയൽ നിയമപ്രകാരമാണ് ബാങ്കുകൾ അക്കൗണ്ട് തുറക്കാനായി തിരച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നത്. അനധികൃത പണത്തിന്റെ ഉറവിടം, പണമിടപാടുകാരന്റെ വിവരങ്ങൾ, പണം സ്വീകരിക്കുന്നവരുടെ വിവരങ്ങൾ ഇവയൊക്കെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതും ഇത്തരം പണം സാധാരണ രീതിയിൽ സാമ്പത്തിക രംഗത്ത് അനധികൃതമായ രീതിയിൽ വിനിയോഗിക്കുന്നതും തടയുന്നതിനാണ് ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം തിരിച്ചറിയുന്നതിനും ബാങ്കുകൾ രേഖകൾ ആവശ്യപ്പെടുന്നത്.
ഇടപാടുകാരുടെ തിരി?ച്ചറിയൽ സംബന്ധിച്ചു അനുവർത്തിച്ചുപോരുന്ന നടപടിക്രമങ്ങൾ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരടക്കം, യഥാർഥ ഇടപാടുകാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നു ബാങ്കുകൾ ഉറപ്പുവരുത്തണം. ബാങ്കിന് യുക്‌തമെന്നു തോന്നുന്ന ഏതു രേഖകളും സ്വീകരിച്ചു കുഴപ്പക്കാരല്ലെന്നു ബോധ്യപ്പെട്ട ഇടപാടുകാർ അക്കൗണ്ട് തുറക്കുന്നതിനു റിസർവ്വ് ബാങ്ക് എതിരല്ല.
കടപ്പാട്: മലയാള മനോരമ പത്രം. 12-7-2009
1 comments:
ഒരു വർഷം 1,00,000 രൂപയിൽ താഴെ മാത്രം വരവു വരുന്നതും ഒറ്റത്തവണ നീക്കിയിരിപ്പു തുക 50,000 രൂപയിൽ കൂടുതലുമാകാത്ത സാധാരണ നോ-ഫ്രിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഇനി ഫോട്ടോയും ഇടപാടുകാരൻ നൽകുന്ന സത്യവാങ്മൂലവും മതിയെന്നു റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..