Monday, March 3, 2008

ഉപഭോക്താവും കേന്ദ്ര ബജറ്റും (consumer and budget)

കുടുംബ ബജറ്റിനെ എങ്ങനെ ബാധിക്കും?

കുടുംബനാഥന്‍മാര്‍ക്ക് ആശ്വസിക്കാം. പുതിയ കേന്ദ്ര ബജറ്റില്‍ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന അധികം നിര്‍ദേശങ്ങള്‍ ഇല്ല. വീട്ടു ചെലവില്‍ കാര്യമായ കുറവോ വര്‍ധനയോ വരുത്തുന്നതല്ല ധനമന്ത്രി പി. ചിദംബരത്തിന്റെ നിര്‍ദേശങ്ങള്‍. കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ വീട്ടു ചെലവില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാവും.

ഭക്ഷണ ചെലവ് കുറയും
========================
നികുതിയിളവുകള്‍ കാരണം അരി ഉല്‍പന്നങ്ങളുടെയും ചായ, കാപ്പി മിശ്രിതങ്ങളുടെയും പാല്‍ , പാല്‍ ഉല്‍പന്നങ്ങളുടെയും വിലയില്‍ കുറവു വരും. സാധാരണ കുടുംബത്തിന്റെ പ്രതിമാസ ഭക്ഷണ ചെലവില്‍ പത്തു ശതമാനം കുറവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

യാത്രാക്കൂലി മാറില്ല
========================
പെട്രോള്‍, ഡീസല്‍ വില ബജറ്റിനു മുമ്പുതന്നെ വര്‍ധിപ്പിച്ചതിനാല്‍ യാത്രാക്കൂലിയില്‍ ഉടന്‍ വര്‍ധന ഉണ്ടാവില്ല. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കൂടുന്നതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇന്ധനവില വര്‍ധന ഉണ്ടാവാം.

വൈദ്യുതി ബില്‍ അതേപടി
=======================
ഈ ബജറ്റു കാരണം വൈദ്യുതി ചാര്‍ജില്‍ വര്‍ധന ഉണ്ടാവില്ല. പാചകവാതക വിലയും മാറില്ല.

സിഗററ്റ് ശീലം വലിച്ചെറിയാം
=======================
പുകവലിക്കുന്നവര്‍ ആ ശീലം നിര്‍ത്താന്‍ പറ്റിയ കാലം. ഫില്‍റ്റര്‍ ഇല്ലാത്ത സിഗററ്റുകള്‍ക്ക് വിലകൂടും. അതോടെ ഫില്‍റ്റര്‍ സിഗററ്റ് വിലയും ഉയരും.

ഫോണ്‍ ബില്‍ കുറയും,ഹാന്റ്സെറ്റിന് കൂടും
============================
വയര്‍ലെസ് ഡാറ്റാ കാര്‍ഡിന്റെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും നികുതിയിളവുകള്‍ കാരണം ഫോണ്‍ ബില്ലില്‍ രണ്ടു ശതമാനം കുറവ് വരാം. കൂടുതല്‍ സ്വകാര്യ കമ്പനികള്‍ മൊബൈല്‍ ഫോണ്‍ രംഗത്തേക്ക് വരുന്നതിനാല്‍ കോളിന് 25 പൈസ വരെ മൊബെല്‍ നിരക്കുകള്‍ താഴാന്‍ ഇടയുണ്ട്. എന്നാല്‍, മൊബെല്‍ ഹാന്റ്സെറ്റ് വില കൂടും.

മരുന്നുകള്‍ക്ക് കുറയും
======================
രോഗികള്‍ക്ക് ആശ്വസിക്കാം. നികുതിയിളവുകള്‍ കാരണം മരുന്നു വിലയില്‍ അഞ്ചു ശതമാനം കുറവു വരാം. കേന്ദ്ര വില്‍പന നികുതിയിലെ കുറവു കാരണം മുഖ ലേപനങ്ങളുടെയും സോപ്പുകളുടെയും ക്രീമുകളുടെയും ടോയ്ലറ്റ് ഉല്‍പന്നങ്ങളുടെയും വില രണ്ടു ശതമാനം കുറയും.

ടി.വി കാണാന്‍ ചെലവു കുറയും
=====================
കേബിള്‍ ടി.വിയില്‍ നിന്ന് ഡി.റ്റി.എച്ചിലേക്ക് മാറുന്നവര്‍ക്ക് നല്ല കാലം. സെറ്റ്ടോപ് ബോക്സുകളുടെ നികുതി എടുത്തു കളഞ്ഞതിനാല്‍, ഡി.റ്റി.എച്ച് സ്ഥാപിക്കാനുള്ള ചെലവ് കുറയും. ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് സേവന നികുതി വന്നതിനാല്‍, കുടുംബത്തെയും കൂട്ടിയുള്ള

ദീര്‍ഘ യാത്രകള്‍ക്ക് ചെലവ് കൂടും.

സമ്പാദ്യത്തിന് നല്ലകാലം
====================
ബാങ്കിടപാടുകള്‍ക്കുള്ള നാമമാത്ര നികുതി എടുത്തു കളഞ്ഞത് നേരിയ ആശ്വാസമാവും. ആദായ നികുതി പരിധി ഉയര്‍ത്തുക കൂടി ചെയ്തതോടെ ഉദ്യോഗസ്ഥ കുടുംബങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ശമ്പള പരിഷ്കരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ പ്രത്യാശയുടെ വര്‍ഷമാവും ഇത്.

ഗൃഹോപകരണങ്ങള്‍ വാങ്ങാം, വാഹനവും
==========================
ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ എന്നിവക്ക് വില കുറയും. എന്നാല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വേറുകള്‍ക്ക് വില കൂടും. കുക്കിംഗ് റേഞ്ചിന്റെ വില അതേപടി തുടരും. കാറിനും ടൂവീലറുകള്‍ക്കും വില കുറയും. നാനോ ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുകയും ഒപ്പം നികുതിയിളവുകളും ചേരുമ്പോള്‍ കുടുംബത്തിന് വാഹനം വാങ്ങാന്‍ പറ്റിയ കാലമാവും ഇത്.

[മാധ്യമം: 02-03-2008]

Buzz ല്‍‌ പിന്തുടരുക