Wednesday, October 17, 2007

വിവരാവകാശ നിയമം - വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ

വിവരാവകാശ നിയമം - വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ.

നിയമത്തിലെ 8-ം വകുപ്പ്‌ പ്രകാരം താഴപ്പറയുന്ന വിവരങ്ങള്‍ ഒരു പൗരന്‌ വെളിപ്പെടുത്തികൊടുക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു.-

  • (എ) ഇന്‍ഡ്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും രാഷ്ട്രസുരക്ഷയേയും ഇന്‍ഡ്യയുടെ യുദ്ധതന്ത്രം , ശാസ്ത്രസാമ്പത്തിക താല്‍പര്യം എന്നിവയേയും അന്തര്‍ദേശീയ സൗഹാര്‍ദ്ദ പരിപാലനത്തേയും ബാധിക്കുന്ന വിവരങ്ങള്‍;
  • (ബി) കോടതികളുടേയോ, ട്രിബൂണലുകളുടേയോ അവകാശലംഘനങ്ങള്‍ക്ക്‌ കാരണമാകുന്നതോ കോടതിയുത്തരവുകള്‍വഴി പരസ്യപ്പെടുത്തുന്നത്‌ തടഞ്ഞിരിക്കുന്നതോ ആയ വിവരങ്ങള്‍;
  • (സി) പാര്‍ലമെന്റിന്റേയോ, സംസ്ഥാനനിയമ സഭയുടേയോ പ്രത്യേകാവകാശങ്ങളുടെ ലംഘനത്തിന്‌ കാരണമായേക്കാവുന്ന വിവരങ്ങള്‍;
  • (ഡി) ഒരു മുന്നാം കക്ഷിയുടെ മത്സരാധിഷ്ടിത സ്ഥാനത്തിനു ദോഷമായേക്കാവുന്ന വണിജ്യരഹസ്യങ്ങളേയോ കച്ചവടരഹസ്യങ്ങളേയോ അല്ലെങ്കില്‍ ബൗദ്ധികസ്വത്തവകാശത്തേയോ സംബന്ധിക്കുന്ന വിവരങ്ങള്‍ - അതിന്റെ വെളിപ്പെടുത്തല്‍ വിശാലമായ പൊതുതാല്‍പര്യത്തിന്‌ ഹാനിയുണ്ടാക്കുമെന്നതിനാല്‍ ആ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടന്ന്‌ ബോധ്യപ്പെട്ടിരിക്കുന്ന സംഗതികളില്‍;
  • (ഇ) ഒരു വ്യക്തിക്ക്‌ അയാളുടെ വ്യാപാരബന്ധത്തെ തുടര്‍ന്ന്‌ ലഭിച്ച വിവരം വെളിപ്പെടുത്തേണ്ടത്‌ പൊതുജന താല്‍പര്യത്തിനാവശ്യമില്ലെന്ന്‌ പബ്ലിക്ക്‌ അതോറിട്ടിക്ക്‌ ബോധ്യപ്പെട്ടിരിക്കുന്ന സംഗതികളെ സംബന്ധിച്ച വിവരം;
  • (എഫ്‌) പരസ്പരവിശ്വാസത്തിലധിഷ്ടിതമായി വിദേശസര്‍ക്കാരില്‍ നിന്നും ലഭിച്ച രഹസ്യ വിവരം;
  • (ജി) ലഭ്യമാക്കേണ്ട വിവരം ഏതെങ്കിലും വ്യക്തിയുടെ ജീവനേയോ സുരക്ഷയേയോ അപകടപ്പെടുത്തുന്നതോ ആ അറിവിന്റെ ഉറവിടത്തെക്കുറിച്ച്‌ തിരിച്ചറിയാന്‍ ഉതകുന്നതോ നിയമനിര്‍വഹണത്തിന്‌ രഹസ്യമായി നല്‍കിയ സഹാത്തെ സംബന്ധിച്ചുള്ളതോ സുരക്ഷാകാര്യങ്ങളെക്കുറിച്ചുള്ളതോ ആയ വിവരങ്ങള്‍ ആണെങ്കില്‍;
  • (എച്ച്‌) കുറ്റന്വേഷണത്തേയോ പ്രതികളെ പിടികൂടുന്നതിനേയോ അല്ലെങ്കില്‍ കുറ്റവാളിയെ പ്രോസികൂട്ട്‌ ചെയ്യുന്നതിനേയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരം;
  • (ഐ) മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും മറ്റ്‌ ആഫീസര്‍മാരുടേയും ചര്‍ച്ചകളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാ രേഖകള്‍; എന്നാല്‍ മന്ത്രിസഭയുടെ തീരുമാനങ്ങള്‍, അവയുടെ കാരണങ്ങള്‍ ഏതു വസ്തുതകളിന്മേലാണ്‌ എന്നുള്ളതും അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്തതിനു ശേഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കേണ്ടതാണ്‌;
  • (ജെ) വെളിപ്പെടുത്തേണ്ട വിവരം വ്യക്തിപരമായിരിക്കുകയും അതു പൊതുപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്തതും ഒരു വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാകുന്ന തരത്തിലുള്ളതുമാണെങ്കില്‍ അതതുസംഗതികളില്‍ പി.ഐ.ഒ ക്കോ അപ്പലേറ്റ്‌ അതോറിറ്റിക്കോ വിവരം വെളിപ്പെടുത്തുന്നത്‌ വിശാലമായ ദേശീയതാല്‍പര്യത്തിന്‌ അനുഗുണമാണെന്ന്‌ ബോധ്യമാകാത്തിടത്തോളം അതു വെളിപ്പെടുത്താന്‍ പാടില്ലാത്തതാകുന്നു;

ഇന്റലിജന്‍സ്‌ ഏജന്‍സിയേയും സെകൂരിട്ടി ഏജന്‍സിയേയും നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ അനുവാദം നല്‍കുന്നതാണ്‌ നിയമത്തിലെ 24(4) -ം വകുപ്പ്‌. അതനുസരിച്ക്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം (SRO No,127/06) എട്ട്‌ വിഭാഗങ്ങളെ ഒഴിവാക്കി. ഇവയാണ്‌ അതെല്ലാം:-

  • സ്പെഷ്യല്‍ ബ്രാഞ്ച്‌ സി.ഐ.ഡി.
  • ക്രൈംബ്രാഞ്ച്‌ സി.ഐ.ഡി.
  • എല്ലാ ഡിസ്ട്രിക്ടിലും പ്രവര്‍ത്തിക്കുന്ന പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഓഫീസ്സുകള്
  • ‍പോലീസ്‌ ടെലികമ്മൂണിക്കേഷന്‍ യൂണിറ്റ്‌
  • പോലീസ്‌ ആസ്ഥാനത്തുള്ള കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ചും കേരളത്തിലെ എല്ലാ പോലീസ്സ്‌ ഓഫീസ്സകളിലേയും കോണ്‍ഫിഡന്‍ഷ്യല്‍ സെക്‌ഷനുകളും
  • ഫിംഗര്‍ പ്രിന്റ്‌ ബ്യൂറോകള്‍
  • ഇവയെകൂടാതെ ഫോറിന്‍സിക്‌ ലബോറട്ടറികളേയും
  • ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയും കൂടി ഉള്‍പ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ രഹസ്യാന്വേഷണ, സുരക്ഷാവിഭാഗങ്ങളെ കേന്ദ്രനിയമത്തിലെ 2 -ം പട്ടികപ്രകാരം വിവരം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. 24-ം വകുപ്പ്‌ പ്രകാരം 18 വിഭാഗങ്ങളെയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ളത്‌. എന്നാള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളേയൊ അഴിമതി ആരോപണങ്ങളേയൊ കുറിച്ചുള്ളതാണെങ്കില്‍ ഒഴിവാക്കാവുന്നതല്ല.

തുടക്കം

ഞാന്‍ മനസ്സിലാക്കുന്നത്.

വിവരക്കമ്മിഷന്‍

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

തുടരും.......

Buzz ല്‍‌ പിന്തുടരുക

9 comments:

  1. അങ്കിള്‍. said...

    'ഐ ബി, റോ' പോലെയുള്ള രഹസ്യാന്വേഷണ ഏജന്‍സികളെ (സി.ബി.ഐ പോലും ഇതില്‍ പെടില്ല) മാത്രം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ ക്രൈം റിക്കാര്‍ഡ്‌സ്‌ ബുറോ, പോലീസ്‌ ടെലിക്കമ്മൂണിക്കേഷന്‍ യൂണിറ്റ്‌, ഫോറിന്‍സിക്ക്‌ സയന്‍സ്‌ ലബോറട്ടറികള്‍, ഫിംഗര്‍പ്രിന്റ്‌ ബൂറോകള്‍ തുടങ്ങിയ 'നിരുപദ്രവ'കാരികളായ വിഭാഗങ്ങളെക്കൂടി ചേര്‍ത്ത്‌ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കള്‍ ലിസ്റ്റില്‍ പെടുത്തി.

    അതിന്റെ ഫലമായി അതിന്റെ ഫലമായി സ്ത്രീധനവുമായി ബന്ധപ്പെട്ട്‌ എത്ര ആത്മഹത്യകളും കൊലപാതകങ്ങളും സംസ്ഥാനത്ത്‌ നടന്നുവെന്ന വിവരം നല്‍കണമെന്ന അപേക്ഷ സംസ്ഥാന സര്‍ക്കാരിന്‌ നിഷേധിക്കാന്‍ കഴിയും.

    സംസ്ഥനത്തെ ഫോറിന്‍സിക്ക്‌ ലാബുകളില്‍ പരിശോധനക്കായി കോടതികളയച്ച സാംബിളുകളില്‍ എത്രയെണ്ണം സ്ഫോടനത്തില്‍ നഷ്ടപ്പെട്ടുവെന്നു ചോദിച്ചാല്‍ അതും നിഷേധിക്കാം. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം തന്നെ തുരംങ്കം വയ്കുന്നതാണ്‌ സംസ്ഥാനസര്‍ക്കാരിന്റെ ഈ ഒഴിവാക്കല്‍.

  2. അങ്കിള്‍. said...

    രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നമ്മുടെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ഒരു 'വിവരവും' ലഭിക്കില്ല. നല്ലതു തന്നെ.

    ഇന്‍ഡ്യ-പാക്‌ അതിര്‍ത്തിയില്‍ പാകിസ്ഥാനെ നേരിടാന്‍ എത്ര സൈനികരുണ്ടെന്നും, നമുക്കുള്ള ആയുധങ്ങള്‍ എന്തെല്ലാം എന്നു തുടങ്ങിയ വിവരങ്ങള്‍ 10 രൂപ നല്‍കി പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വാങ്ങാന്‍ കഴിയുന്ന അവസ്ഥ അചിന്തനീയം തന്നെയാണ്‌.

    എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ഇന്‍ഡ്യാക്കാര്‍ക്കായി വാങ്ങിയ ശവപ്പെട്ടിയുടെ വിലയും എണ്ണവും പര്‍ച്ചേസ്‌ കോണ്ട്രാക്ടിന്റെ കോപ്പിയും ആവശ്യപ്പെടാന്‍ പാടില്ലന്നുണ്ടോ?. രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തു വിവരമാണതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌?.

    ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്‌ 'തെഹല്‍ക്ക' പോലുള്ളവരുടെ 'സ്റ്റിംഗ്‌ ഓപ്പറേഷനെ' നന്ദി പൂര്‍വം സ്മരിച്ചു പോകുന്നത്‌.

    വ്യക്തികളുടെ സ്വകാര്യജീവിതം തുടന്നു കാട്ടാന്‍ രഹസ്യക്യാമറ ഉപയോഗിച്ചുള്ള സ്റ്റിങ്‌ ഒാപ്പറേഷന്‍ എന്ന രീതി അവലംബിക്കുന്നത്‌ അധാര്‍മ്മികമാണന്നറിയാതെയല്ല മേല്‍പ്പറഞ്ഞ സ്മരണ നടത്തിയത്‌.

  3. അങ്കിള്‍ said...

    അഴിമതി ആരോപണത്തിന്റെ മാത്രം പേരില്‍ വിവരം വെളിപ്പെടുത്തേണ്ടതില്ല കമ്മീഷന്‍

    ന്യൂഡല്‍ഹി: വ്യക്തമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത അഴിമതി ആരോപണത്തിന്റെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സികളോട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

    സാധാരണഗതിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍നിന്ന് രഹസ്യാന്വേഷണ സുരക്ഷാ ഏജന്‍സികളെ വിവരവകാശനിയമം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമതിയോ മനുഷ്യാവകാശ ലംഘനമോ ഉണ്ടായാല്‍ ഈ സംഘടനകള്‍ അന്വേഷണ വിവരം വെളിപ്പെടുത്തണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

    അഴിമതിയെക്കുറിച്ചുള്ള കേവല പരാമര്‍ശം വ്യക്തമായ അഴിമതി ആരോപണമല്ല. ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകണം_വിവരാവകാശ കമ്മീഷണര്‍ എന്‍.ഡി. തിവാരി ഉത്തരവില്‍ പറഞ്ഞു.

    റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ (ഡി.ആര്‍.ഐ.) അന്വേഷണം നേരിടുന്ന ലുധിയാനയിലെ വ്യവസായി എസ്.പി.ഗോയലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കമ്മീഷന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കമ്പനിക്കെതിരെയുള്ള അഴിമതി ആരോപണത്തെക്കുറിച്ച് 1990 മുതല്‍ ഡി.ആര്‍.ഐ. നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഗോയല്‍ ഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടുന്നതായി അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. (മാതൃഭൂമി: 14-1-2008)

  4. അങ്കിള്‍ said...

    എടിഎമ്മുകളുടെ വിവരം നല്‍കേണ്ടതില്ല

    വിവരാവകാശനിയമപ്രകാരം എടിഎമ്മുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ വാണിജ്യബാങ്കുകളെ നിര്‍ബന്ധിച്ചുകൊണ്ടുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരണം തേടിയുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് വിവരാവകാശ കമീഷന്‍ ഈ നിലപാട് എടുത്തത്.

    എടിഎമ്മുകളുടെ പ്രവര്‍ത്തനം രഹസ്യസ്വഭാവത്തോടെ നിലനിര്‍ത്തേണ്ടതാണ്. മാത്രമല്ല സുരക്ഷാപ്രശ്നങ്ങളും ഇക്കാര്യത്തിലുണ്ട്. അതുകൊണ്ടുതന്നെ പുറമെനിന്നുള്ള ഒരാള്‍ക്ക് ഈ വിവരം നല്‍കേണ്ടതില്ല- വിവരാവകാശ കമീഷണര്‍ പത്മാ ബാലസുബ്രഹ്മണ്യം ഉത്തരവില്‍ പറഞ്ഞു.

    ആന്ധ്രപ്രദേശിലെ കുര്‍ണൂലിലുള്ള രാമചന്ദ്രറാവു എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയാണ് വിവരാവകാശ കമീഷന്‍ തള്ളിയത്.(ദേശാഭിമാനി:19-2-2008)

  5. അങ്കിള്‍ said...

    നമ്മുടെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്സ്‌ വിവരാവകാശനിയമത്തിന് അതീതനാണോ?. ആണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. NDTV യില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കാണാം.

  6. ജിത്തു said...

    ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മനപൂര്‍വ്വം വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ഈ നിയമത്തെ ദിരുപയോഗം ചെയ്യാന്‍ സാധ്യതയില്ലേ ? ഉദാഹരണത്തിന് അപേക്ഷകന് ആവശ്യമില്ലാത്ത രേഖകളാണെങ്കില്‍ പോലും ഒരു 10 വര്‍ഷം മുന്‍പേയുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍, ഒരു തിരക്കുള്ള ഉദ്യോഗസ്ഥനാണെങ്കില്‍ അദ്ദേഹം എങ്ങനെ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കും ?

    ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ ആ ഉദ്യോഗസ്ഥന് പരാതികൊടുക്കാന്‍ സാധിക്കുമോ ?

  7. അങ്കിള്‍ said...

    പ്രിയ ജിത്തു,

    സർക്കാർ അപ്പീസുകളിൽ പഴയ രേഖകൾ സൂക്ഷിക്കേണ്ട വിധം (file management) എങ്ങനെയെന്നു വിശദമാക്കികൊണ്ടുള്ള ധാരാളം ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാം പാലിച്ചിട്ടുള്ള ഒരാഫീസിൽ പഴയ രേഖകൾ തപ്പിയെടുക്കാൻ ഒരു പ്രയാസവുമില്ല. അങ്ങനെ തപ്പിയെടുക്കേണ്ടത് ഒരു സർക്കാർ ഗുമസ്തന്റെ ചുമതലയും ആണു.
    ജിത്തു ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നു കെട്ടിട വായ്പ എടുത്തിട്ടുണ്ടോ. ഏടുത്തിട്ടുള്ള ആരെയെങ്കിലും പരിചയമുണ്ടോ. വീട് വക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സ്വന്തമാണെങ്കിൽ ഒരു 30 കൊല്ലത്തെ Non-encumbrance certificate ഹാജരാക്കാൻ നിർദ്ദേശിക്കും. വസ്സ്തു രജിസ്റ്റർ ചെയ്ത ഓഫീസിൽ നിന്നും ലഭിക്കേണ്ടതാണു ഈ പ്രമാണം. ഒരു പ്രയാസവും കൂടാതെ രണ്ടോ മൂന്നോ ദിവസത്തിനകം 30 കൊല്ലത്തെ രജിസ്റ്റരുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് തരുമല്ലോ.

    അങ്ങനെ പ്രയാസപ്പെടാതെ രേഖകൾ ലഭ്യമാക്കാനുള്ള നിയമങ്ങളാണു ഉള്ളത്. എന്നാൽ അതിനെപറ്റി ശരിക്കും അറിയാതെ / മനസ്സിലാക്കാൻ ശ്രമിക്കാതെ നമ്മുടെ ഗുമസ്തന്മാർ നെട്ടോട്ടം ഓടുന്നു. ഞാൻ ഈ നിയമത്തിനെ പറ്റി എഴുതിയതു മുഴുവൻ വായിച്ചാൽ അത് നന്നായി മനസ്സിലാകും

  8. ജിത്തു said...

    അങ്കിള്‍,
    മറുപടിക്ക് നന്ദി.
    എന്റെ പരിചയത്തിലുള്ള ഒരു മാഷുണ്ട്, അദ്ദേഹം ഒരു പ്രൈമറിസ്കൂളില്‍ ഹെഡ്മാസ്റ്ററാണ്. അദ്ദേഹത്തിന്റെ ഒരു ബന്ധുവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥര്‍ മറ്റൊരാളുടെ പേരില്‍ വിവരാവകാശത്തിനുവേണ്ടി അപേക്ഷകൊടുപ്പിച്ചു. 15 വര്‍ഷത്തെ ഉച്ചക്കഞ്ഞി, പാല്, മുട്ട, വിറക് തുടങ്ങി പി ടി എ മിനുട്സ് കോപ്പി വരെ ചോദിച്ചു. പ്രൈമറിസ്കൂള്‍ ഹെഡ്മാസ്റ്ററെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജോലി പറഞ്ഞറിയിക്കാന്‍ സാധിക്കില്ല, നേരില്‍ കാണുകതന്നെ വേണം. ക്ലാസ്സെടുക്കുന്നതിന് പുറമേ ഹെഡ്മാസ്റ്ററുടെ ജോലി, എ ഇ ഒ ഓഫീസിലേക്കും മറ്റുമുള്ള പോക്കുവരവ്, മറ്റുപരിപാടികള്‍ ഈ ജോലികളൊക്കെ കഴിഞ്ഞുവേണം അദ്ദേഹത്തിന് ഇതില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍. അതും 30 ദിവസത്തിനുള്ളില്‍. എന്റെങ്കിലും ആവശ്യത്തിനാണെങ്കില്‍ ശരിയാണ്, എത്ര ബുദ്ധിമുട്ടിയാലും ശരിയാക്കി കൊടുക്കാമെന്ന് വെക്കാം... എന്നാല്‍ ഇതോ ? ഇത്തരം ദ്രോഹത്തിനെതിരെ അദ്ദേഹം ആര്‍ക്ക് പരാതി നല്‍കും ?

  9. അങ്കിള്‍. said...

    ജിത്തു,
    ഇതാ ഈ പോസ്റ്റ് വായിച്ച് ശരിക്കും മനസ്സിലാക്കിയാൽ വിവരാവകാശ നിയമപ്രകാരം കിട്ടുന്ന അപേക്ഷകൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കാൻ കഴിയും. പക്ഷേ ആ നിയമം വായിച്ച് നോക്കാൻ ആരും മെനക്കെടാറില്ല.