Wednesday, December 1, 2010

മൊബൈലിലെ പരസ്യ വിളിക്കാർ

മൊബൈലിലെ 'പരസ്യ'വിളിക്കാര്‍ ജാഗ്രതൈ! ഇനി വന്‍ പിഴ

പരസ്യ പ്രചാരണത്തിനായി അന്യരുടെ മൊബൈലുകളിലേക്കു വിളിക്കുന്ന ടെലിമാര്‍ക്കറ്റിങ്
കമ്പനികള്‍ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നതു വന്‍ പിഴയാണ്. മൊബൈല്‍ വരിക്കാരെ അനാവശ്യമായി ശല്യം ചെയ്യുന്നത് ഒഴിവാക്കാനാണു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്നു മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന കമ്പനികള്‍ക്കു വന്‍ പിഴ ചുമത്താനാണു ട്രായ് തീരുമാനം.

ഇത്തരം കമ്പനികള്‍ക്ക് ‘700” ല്‍ തുടങ്ങുന്ന നമ്പറും നല്‍കും. അതിനാല്‍ മൊബൈല്‍ ഫോണിലേക്കു വരുന്ന വിളികള്‍ പെട്ടെന്നു മനസ്സിലാക്കാനും കോള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവസരം ഉപഭോക്താവിനു കിട്ടുകയും ചെയ്യും. ടെലിമാര്‍ക്കറ്റിങ്
കമ്പനിക്കെതിരെ ആറു തവണയില്‍ കൂടുതല്‍ പരാതി ലഭിച്ചാല്‍ രണ്ടു ലക്ഷം രൂപയാണു പിഴ.

നിര്‍ദേശം ലംഘിച്ച് ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ നടത്തുന്ന ആദ്യ കോളിന് 25,000 രൂപ പിഴ ചുമത്താം.

രണ്ടാമത്തേതിന് 75,000 രൂപ. ആറിലെത്തുമ്പോഴേക്കും ഇതു രണ്ടു ലക്ഷമാകും. അതുപോലെ തന്നെ ‘ഡു നോട്ട് കോള്‍” (വിളിക്കാതിരിക്കുക) നിര്‍ദേശം നല്‍കിയിട്ടും നാലു തവണയില്‍ അധികം ഫോണ്‍ ചെയ്താല്‍ സേവന ദാതാക്കള്‍ക്കു ചുമത്തുന്ന പിഴ 10 ലക്ഷം രൂപ.

പരസ്യ പ്രചാരണം ലക്ഷ്യമാക്കിയുള്ള ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത്തരം കോളുകള്‍ കിട്ടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു ടെലിമാര്‍ക്കറ്റിങ്
കമ്പനികളുടെയും സേവന ദാതാക്കളുടെയും ബാധ്യതയാണെന്നും ട്രായ് പുറത്തിറക്കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കും.
ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതിനു മേയില്‍ ട്രായ് ചര്‍ച്ചാ രേഖ പുറത്തിക്കിയിരുന്നു. 2007 നാഷനല്‍ ഡു നോട്ട് കോള്‍ റജിസ്ട്രി സര്‍ക്കാര്‍
നടപ്പാക്കിയിരുന്നുവെങ്കിലും ഇതു കാര്യമായ ഫലം നല്‍കിയിരുന്നില്ല. പുതിയ നിര്‍ദേശ പ്രകാരം
ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ സേവന ദാതാക്കളുടെ പക്കല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം.
[malayala manorama 30-11-2010]

Buzz ല്‍‌ പിന്തുടരുക

2 comments:

  1. Saji said...

    ഇപ്പോള്‍ തന്നെ DND registry ഉണ്ട്...... എന്നാലും ഇഷ്ടം പോലെ വിളികള്‍ വരുന്നുണ്ട്. അംഗീകൃത മാര്‍ക്കറ്റിംഗ് കമ്പനികള്‍ അല്ലാതെ വെറുതെ മൊബൈലില്‍ നിന്നും മറ്റും വിളിച്ചു പരസ്യം പറയുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യാനാണ്? പലപ്പോഴും അനുഭവം ഉണ്ട്, കോള്‍ എടുക്കുമ്പോള്‍ ഏതെങ്കിലും പുതിയ തലമുറ ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നെ പറ്റിയുള്ള സംസാരം ആയിരിക്കും. ചുഴിഞ്ഞു ചോദിക്കുമ്പോള്‍ അവര്‍ സമ്മതിക്കും, ആ ബാങ്കില്‍ നിന്നല്ല വിവ്ളിക്കുന്നത്, ഞങ്ങള്‍ക്ക് ഒരു കസ്റ്റമര്‍ നെ സംഘടിപ്പിച്ചു കൊടുത്താല്‍ ഇത്ര രൂപ കിട്ടും, അതുകൊണ്ടാണ്....

  2. Manikandan said...

    അങ്കിൾ ഇവിടെ എഴുതിയ വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം സൂചിപ്പിക്കുന്നതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. എന്നാൽ വിഷയം വിവരാവകാശനിയമവുമായി ബന്ധപ്പെട്ടതു തന്നെ. ഞങ്ങളുടെ നാട്ടിൽ രാത്രികാലങ്ങളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ (രാത്രി 9 മണിക്ക് ശേഷം) പലതും സർവ്വീസ് നടത്താതിരിക്കുന്നതും വെട്ടിച്ചുരുക്കുന്നതും പതിവാണ്. ഇതിനെതിരെ പരാതിപ്പെടാൻ പ്രധാന തടസ്സം ബസ്സുകളുടെ സമയക്രമത്തെക്കുറിച്ച് ആധികാരീകമായ വിവരം അറിയില്ല എന്നതുതന്നെ. മുൻപ് ഈ ആവശ്യത്തിന് ഞാൻ പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ ഒരു അപേക്ഷ വിവരവകാശനിയമപ്രകാരം (പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച്) നൽകിയിരുന്നു. എന്നാൽ ബസ്സുകളുടെ സമയക്രമം എറണാകുളം ആർ ടി ഓഫീസിലാണ് തീരുമാനിക്കുന്നതെന്നും അവിടെയാണ് അപേക്ഷ നൽകേണ്ടതെന്നും പറഞ്ഞതിനാൽ ഞാൻ നേരത്തെപറഞ്ഞ് അപേക്ഷ പറവൂരിൽ നൽകിയില്ല. പിന്നീട് ഈ അപേക്ഷ എറണാകുളം ആർ ടി ഓ യ്ക്ക് നൽകാനും സാധിച്ചില്ല, കഴിഞ്ഞ ആഴ്ച വീണ്ടും ബസ്സില്ലാതെ പെരുവഴിയിൽ ആയപ്പോഴാണ് പരാതി നൽകി ബസ്സുകളുടെ സമയക്രമം അറിയണം എന്ന് തീരുമാനിച്ചത്. എന്നാൽ മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ ഇപ്പോൾ വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകേണ്ട രീതി പറയുന്നില്ല. എനിക്ക് വേണ്ടതായ വിവരങ്ങൾ സ്‌റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസറിൽ നിന്നുമാണ് ലഭിക്കാൻ സാദ്ധ്യത എന്ന് തോന്നുന്നു. അതിനാൽ അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ എന്ന് അറിയുന്നതിനായി അദ്ദേഹത്തിന്റെ ഇ-മെയിൽ വിലാസത്തിൽ (secretarysta@keralamvd.gov.in) ഒരു കത്ത് കഴിഞ്ഞ ആഴ്ച അയച്ചു. പക്ഷെ മറുപടി കിട്ടിയില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകേണ്ടത് എങ്ങനെ എന്ന് ഒന്ന് വ്യക്തമാക്കാമോ.