നടപ്പാത - കാൽനടക്കാരന്റെ അവകാശം
മൂടാത്ത ഓടകളും വെട്ടിപ്പൊളിച്ച നടപ്പാതകളും കേരളത്തിലെ കാല്‍നടയാത്രക്കാര്‍ക്കായി കെണിയൊരുക്കുകയാണ്. അങ്ങനെ കാലിടറിവീണ് എത്രയോപേരുടെ ജീവിതം മുറിവേറ്റുകഴിഞ്ഞു. തൃശൂര്‍ സ്വരാജ് റൌണ്ടിലെ വെട്ടിപ്പൊളിച്ച നടപ്പാതയില്‍ തട്ടിവീണു തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയ്ക്കും പരുക്കേറ്റു(ഡിസംബർ 2009).
ജനങ്ങളുടെ അവകാശങ്ങള്‍ക്കു മാത്രമല്ല, ജീവനുപോലും വിലകല്‍പ്പിക്കാത്തവരാണു നമ്മുടെ പൊതുമരാമത്തുവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമെന്നതിന്റെ പുതിയ തെളിവാണ് മുന്‍ സ്പീക്കര്‍കൂടിയായ തേറമ്പില്‍ രാമകൃഷ്ണനു സ്വന്തം നാട്ടില്‍ത്തന്നെ സംഭവിച്ച അപകടം. ഓഗസ്റ്റില്‍ പൊളിച്ചിട്ട നടപ്പാതയിലായിരുന്നു അപകടമെന്നത് അധികൃതരുടെ അനാസ്ഥയുടെ നീളം
വിളിച്ചറിയിക്കുന്നുണ്ട്. അധികൃതരുടെ അനാസ്ഥയില്‍ തട്ടിവീണ് എംഎല്‍എയുടെ കാല്‍മുട്ടിലും കൈപ്പത്തിയിലും നെറ്റിയിലും പരുക്കേറ്റതിന് ഒന്നാം സാക്ഷി തൃശൂര്‍ മേയര്‍ ആര്‍. ബിന്ദുതന്നെയായതു
വിധിവൈപരീത്യം.
തിരുവനന്തപുരത്തു തമ്പാനൂരില്‍ റോഡിലെ സ്ലാബിനിടയില്‍ കാല്‍ കുരുങ്ങി ഒരു വനിത അരമണിക്കൂര്‍ ചക്രശ്വാസംവലിച്ചത് 2009 വര്‍ഷം ആദ്യമാണ്. ഫയര്‍ ഫോഴ്സ് എത്തി സ്ലാബ് മുറിച്ചുമാറ്റിയാണ് അവരെ രക്ഷിച്ചത്. അന്നു പൊതുമരാമത്തുമന്ത്രി അന്വേഷണത്തിനും പരിഹാര മാര്‍ഗങ്ങള്‍ക്കുമായി ചീഫ് എന്‍ജിനീയറെ നിയോഗിച്ചു; നടപ്പാതകള്‍ സംരക്ഷിക്കുമെന്നും ഓടകള്‍ സ്ലാബിട്ടു മൂടുമെന്നും
ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, രണ്ടും മരണക്കെണികളായി തുടര്‍ന്ന് ഈ നാട്ടിലെ ജനങ്ങളെ വീഴ്ത്തിക്കൊണ്ടേയിരിക്കുകയാണ്.
നടപ്പാതകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആദ്യം തയാറാക്കിയ 30 കോടി രൂപയുടെ പദ്ധതിയാകട്ടെ, ഏതോ ഒരു ഓടയില്‍ അപ്രത്യക്ഷമാവുകയും ചെയ്തു.
കേരളത്തിലെ വാഹനാപകടനിരക്കു ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍, കാല്‍നടക്കാരുടെ സൌകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇനിയെങ്കിലും ഗൌരവത്തോടെ ഏറ്റെടുക്കണം. നല്ല
നടപ്പാതകളുണ്ടെങ്കില്‍ അപകടങ്ങള്‍ ഒരുപരിധിവരെയെങ്കിലും
ഒഴിവാക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, നടപ്പാതകള്‍ ഒഴിവാക്കിയും ഒാടകള്‍ നികത്തിയുമാണു പലേടത്തും റോഡുവികസനം. ഇതുമൂലം, ഓരംചേര്‍ന്നു പോകുന്ന കാല്‍നടക്കാരന്‍പോലും മല്‍സരിച്ചോടുന്ന വാഹനങ്ങള്‍ക്കടിയില്‍ പെട്ടേക്കാം.
ഇപ്പോള്‍ നടപ്പാതകളുടെ കണ്ണായ സ്ഥലങ്ങളില്‍ ഭൂരിഭാഗവും വഴിക്കച്ചവടക്കാര്‍ കയ്യേറുകയാണ്. കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം നടപ്പാതയാണെന്ന വിചാരവും പലര്‍ക്കുമുണ്ട്. ഈ നിയമലംഘനങ്ങളുടെയൊക്കെ ഫലം, നടപ്പാതകള്‍ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്ന ദുരവസ്ഥതന്നെ. നടപ്പാതകള്‍ കയ്യേറ്റങ്ങളില്‍നിന്നു സംരക്ഷിക്കുകയും നടക്കാന്‍ പാകത്തില്‍ സുരക്ഷിതമാക്കുകയും ചെയ്യുന്ന കര്‍മപരിപാടിക്കാണു പ്രസക്തി.
കാല്‍നടക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചിട്ടുള്ള 'പെഡസ്ട്രിയന്‍ ക്രോസിങ്ങില്‍ത്തന്നെ വാഹനമിടിച്ച് ആളുകള്‍ക്കു പരുക്കേല്‍ക്കാറുണ്ട്. ഇത് ഒരിക്കലും സംഭവിച്ചുകൂടാത്തതാണ്. നിശ്ചിത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കാതെയോ സമയം നല്‍കാതെയോ വാഹനങ്ങള്‍ പായിക്കുന്നവരാണു നമ്മുടെ ഡ്രൈവര്‍മാരില്‍ പലരും. ഇവിടെയും കാല്‍നടക്കാരുടെ അവകാശം അവഗണിക്കപ്പെടുന്നു. റോഡ് സുരക്ഷിതത്വത്തിന്റെ ഒരു ഭാഗമാണു ക്രമീകൃതമായ 'പെഡസ്ട്രിയന്‍ ക്രോസിങ്. അതിനുള്ള സ്ഥലങ്ങള്‍ വ്യക്തമായി വേര്‍തിരിച്ച് അടയാളപ്പെടുത്തുകയും സൂചനാവെളിച്ചങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം. തിരക്കേറിയ ഇടങ്ങളില്‍, പ്രത്യേകിച്ചു സ്കൂള്‍ കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്നിടത്ത് പൊലീസുകാരെ നിയോഗിച്ചേതീരൂ.
അതേസമയം, എവിടെയും റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് അപകടം
ക്ഷണിച്ചുവരുത്തുന്നതാണെന്നു കാല്‍നടക്കാര്‍ തിരിച്ചറിയുകയും വേണം.
നടപ്പാതകള്‍ കാല്‍നടക്കാരനു മാത്രം അവകാശപ്പെട്ട സ്ഥലമാണ്. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയര്‍ന്ന സ്ളാബുകളെയോ ഭയക്കാതെ കാല്‍നടക്കാരന് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാവണം നടപ്പാതകള്‍. നടപ്പാതകൾക്ക്
പ്രതിബന്ധങ്ങളില്ലാതെ നടന്നു പോകുന്നതിനുള്ള മിനിമം സ്ഥലമെങ്കിലും ഉണ്ടാകുകയും വേണം. നിയമമുണ്ടാക്കുന്നവര്‍ക്കും അതു ബാധകമാകുന്നവര്‍ക്കും സുരക്ഷിതമായി വീട്ടിലെത്താന്‍ മറ്റൊരു വഴിയില്ലല്ലോ.
വെള്ളയമ്പലം- മ്യൂസിയം റോഡ് തിരുവനന്തപുരം നിവാസികൾക്ക് സുപരിചിതമാണു. അടുത്ത കാലത്ത് അറ്റകുറ്റപ്പണി തീർത്ത ഈ റോഡിൽ കൂടെ പോകുന്ന കാൽനടക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന നടപ്പാതയുടെ പടങ്ങളാണു ഇവിടെ കൊടുത്തിരിക്കുന്നത്. കാൽനടക്കാർക്ക് എന്തുമാത്രം പ്രാധാന്യം നൽകിയിരിക്കുന്നു എന്നു വിളിച്ചോതുന്ന നടപ്പാതകൾ നോക്കു.
ഒരടി പോലും വീതിയില്ലാത്ത ചില സ്ഥലങ്ങളിൽ കാൽനടക്കാർക്ക് റോഡിൽ ഇറങ്ങാതെ സഞ്ചരിക്കാൻ സാധിക്കുമോ. കമ്പിവേലി അതിനും തടസ്സം നിൽക്കുന്നു. സഞ്ചാരം മുടക്കി നിൽക്കുന്ന ഈ മരങ്ങൾ കാൽനടക്കാർക്കുള്ള തണൽ മരങ്ങളായി പണ്ട് രാജഭരണക്കാലത്ത് നട്ടുപിടിപ്പിച്ചതാണെന്നാണു ഓർമ്മ. എന്നാൽ ഇന്നു കമ്പിവേലിയും ഈ
മരങ്ങളും ചേർന്ന് കാൽനടക്കാരെ കൊഞ്ഞണം കുത്തി കാണിക്കുന്നു.
വാഹനയാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള ഒരു റോഡായി മാറി.
[All photos by CNR Nair ]
9 comments:
മരമില്ലാതെയാക്കിയിട്ട് നടപ്പാത നിര്‍മ്മാണം നടത്തണമെന്നാണോ അഭിപ്രായം.
അതു കുറച്ച് കടന്ന ചിന്തയായിപ്പോയില്ലേ...?
www.tomskonumadam.blogspot.com
അങ്കിളേ..
ആ മരങ്ങൽ അങ്ങനെ നിക്കണതു കാണാൻ തന്നെ എന്തു രസാ
ഇപ്പോളും അവ തണൽ നൽകുന്നില്ലേ..??
അവ വെട്ടി മാറ്റി നടപ്പാത ഉണ്ടാക്കുന്നതിലും നല്ലതല്ലേ അപ്പുറത്ത് കാണുന്ന മതിൽ മാറ്റി പാത ഉണ്ടാക്കുന്നതു..??
മരങ്ങൾ വെട്ടാൻ എളുപ്പാ, അവ വളർന്ന് ഇത്രേം വലുതാവാൻ എത്ര കാലം എടുക്കുമെന്നു ചിന്തിച്ചു നോക്കു....
പ്രിയ റ്റോംസ്, കൂതറ ഹാഷിം,
മരങ്ങളെ ഇല്ലാതാക്കണമെന്നോ, മുറിക്കണമെന്നോ ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിട്ടില്ല. പടത്തിൽ കാണിച്ചിരിക്കുന്ന നടപ്പാത, നടപ്പാതയുടെ പ്രയോജനം ചെയ്യുന്നില്ല എന്നുള്ള അഭിപ്രായം ഉണ്ടു താനും.
ഇനി ഈ മരങ്ങളേയും ഇങ്ങനെയുള്ള മറ്റുമരങ്ങളേയും കുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാക്കട്ടെ (പോസ്റ്റിൽ പറഞ്ഞിട്ടില്ലെങ്കിലും):
നഗരപ്രദേശങ്ങളിലും വനപ്രദേശങ്ങളിലും മരങ്ങളുണ്ട്. വനപ്രദേശങ്ങളിൽ പ്രകൃതിദത്തമായ സ്വയം വളരുന്ന മരങ്ങളാണുള്ളത്. ആ മരങ്ങളെ മാത്രമല്ല, അവിടെയുള്ള ഇടക്കാടുകളെപോലും നശിപ്പിക്കരുത്.
എന്നാൽ നഗരപ്രദേശങ്ങളിൽ മരങ്ങളെ നട്ടുപിടിപ്പിക്കുകയാണു ചെയ്യേണ്ടത്. നഗരാസൂത്രണത്തിനു അനുസൃതമായും നഗരവാസികൾക്ക് പ്രയോജനപ്രദമായും മരങ്ങൾ നട്ടുപിടിപ്പിക്കണം. നഗരങ്ങളിലെ മറ്റുമരങ്ങൾ മുറിച്ച് മാറ്റേണ്ടതു തന്നെയാണു. അല്ലെങ്കിൽ ചെരുപ്പിനനുസരിച്ച് കാലുകൾ ഉണ്ടാക്കുന്നതു പോലെയായിപ്പോകും. ഞാൻ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ നഗരങ്ങളിലെല്ലാം ഉള്ള മരങ്ങൾ നട്ടുപിടിപ്പിച്ചവയാണു.
ജനസാന്ദ്രതകൂടി ഒരവസരത്തിൽ നഗരത്തിൽ സ്ഥലമില്ലാതാകുമ്പോൾ കൂടിവരുന്ന ജനങ്ങൾ അടുത്തുള്ള സ്ഥലത്ത് കുടിയേറും. അവിടം വാസയോഗ്യമാക്കാനായി മരങ്ങളെ മുറിച്ച് മാറ്റാതിരിക്കാൻ കഴിയില്ല. കാരണം മരങ്ങളേക്കാൾ മനുഷ്യജീവനാണു പ്രധാനം.
തിരുവനന്തപുരത്ത് യൂണിവേർസിറ്റി കോളേജിനു മുന്നിലെ റോഡിനു വീതി കൂട്ടിയപ്പോൾ അവശ്യം വേണ്ട മരങ്ങൾ മുറിച്ച് മാറ്റുന്നതിനെ പാരിസ്ഥിതിവാദികൾ അങ്ങേയറ്റം എതിർത്തിരുന്നു. എതിർപ്പ് അവഗണിച്ച് ആ മരങ്ങളെ മുറിച്ച് മാറ്റിയില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന റോഡിന്റെ അവസ്ഥ എന്തായിരിക്കുമെന്നു ഊഹിക്കാൻ പോലും കഴിയുന്നില്ല.
നഗരവീഥികൾ നിങ്ങളൊക്കെ കണ്ടിട്ടില്ലേ. നട്ടു പിടിപ്പിച്ച മരങ്ങളല്ലേ അവിടങ്ങളിലെല്ലാം ഉള്ളത്. ഒന്നാലോചിച്ചു നോക്കൂ.
അങ്കിളിനോടു യോജിക്കുന്നു.
പല മരങ്ങളും മഴക്കാലത്തു കടപുഴകി വൈദ്യുതി-ഗതാഗത തടസം ഉണ്ടാക്കുന്നു. പ്രത്യേകിച്ച് ഉറക്കം തൂങ്ങി വാകകൾ!
ആത്മാർത്ഥതയുള്ളവർ കഴിയുന്നത്ര മരം സ്വന്തം പുരയിടത്തിൽ വച്ചു പിടിപ്പിക്കട്ടെ...
മരത്തിന്റെ ജീവനേക്കാൾ മനുഷ്യന്റെ ജീവൻ തന്നെ വലുത്.
(മരവിരോധി അല്ല;ഒരു പുരയിടം നിറയെ മരങ്ങൾ ഉള്ള വീടാണ് നാട്ടിൽ എന്റേത്...)
നമ്മടെ മ്യൂസിയം കനകക്കുന്ന് കൊട്ടാരം ഭാഗത്തെ റോഡല്ലെ ചിത്രങ്ങളില്‍...?
റോഡ് എല്ലാവര്‍ഷവും നന്നാക്കുന്നതിലൂടെ എത്രമാത്രം പ്രകൃതിവിഭവങ്ങളും,മനുഷ്യാദ്ധ്വാനവും, പണവുമാണ് ഓരോ വര്‍ഷവും നാം കടലിലൊഴുക്കിക്കളയുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരു പത്തുകൊല്ലമെങ്കിലും നില്‍ക്കുന്ന ഒന്നാന്തരം റോഡുണ്ടാണ്ടാക്കാന്‍ ബുദ്ധിയില്ലാത്ത കഴുതകളായിരിക്കുമോ നമ്മുടെ എഞ്ചിനീയര്‍മാര്‍ ? പ്രഗത്ഭരും സത്യസന്ധരുമായവരെ റോഡുകളുടേയും പാലങ്ങളുടേയും ചുമതല എല്‍പ്പിച്ച് അതിനുള്ള ക്രെഡിറ്റും നല്‍കിയാല്‍ ഇങ്ങനെ അഴിമതിയും
കെടുകാര്യസ്ഥതയും നാടിനെ നശിപ്പിക്കുമായിരുന്നോ ?
പിന്നെ നിര്‍മ്മിക്കലിനേക്കാള്‍ പ്രധാനമാണ് സംരക്ഷിക്കല്‍. അതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളും
ബോധവല്‍ക്കരനവും ഏര്‍പ്പെടുത്തുകതന്നെവേണം.ഒരോ പ്രവര്‍ത്തിക്കും അതിന്റെതായ ഉടയോന്മാരെ ഏല്‍പ്പിക്കുകതന്നെവേണം.
കാലികപ്രസക്തമായ ഈ പോസ്റ്റിനു നന്ദി, അങ്കിളെ !!!
തിരുവനന്തപുരത്തെ വഴിയോരങ്ങളിൽ കാണുന്ന മിക്ക മരങ്ങളും രാജഭരണകാലത്തു നട്ടുവളർത്തിയവയാണു. വാഹനങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു നടന്നു പോകുന്ന (സർക്കാർ ഓഫിസിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും) ജനങ്ങൾക്ക് തണലേകുന്നതിനാണു അവ നട്ടു വളർത്തിയത്. അക്കാലത്ത് മിക്കയാളുകളും നടന്നോ സൈക്കിളുകളിലോ ആയിരുന്നു യാത്ര. ഇപ്പോൾ വഴിയോരങ്ങളിൽ കാണുന്ന മിക്ക മരങ്ങളും എഴുപതിലെറെ വർഷം പ്രായമുള്ളവയാണു. പലതും ഇടക്കിടക്കു ഒടിഞ്ഞു വീണു വാഹന യാത്രക്കർക്കും വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്നുണ്ടു. തണൽ മരങ്ങളുടെ ആയുസ്സു എത്രയാണാവൊ? വളരെ പ്രായമായവയെ എങ്കിലും വെട്ടി മാറ്റി പുതിയവ നടേണ്ട കാലമായില്ലേ?
ആരും അതിനു തുടക്കം കുറിക്കുന്നതായി കാണുന്നില്ല. അങ്ങിനെ പുതിയവ നടുകയാണെങ്കിൽ അവയെ റോഡിനു സമീപത്തുള്ള സർക്കാർ ഭൂമിയിൽ നട്ടു കൂടെ? കവടിയാർ മുതൽ സ്റ്റാറ്റ്യൂ വരെയുള്ള റോഡിന്റെ ഇരു വശത്തും ഭൂരി ഭാഗവും സർക്കാർ ഭൂമിയാണു. അവിടെ മരങ്ങൾ വച്ചു പിടിപ്പിച്ചാൽ നടപ്പാതകൾ സഞ്ചാര യോഗ്യമാകുകയും അകത്തുള്ള മരങ്ങളിൽ നിന്നു തണൽ കിട്ടുകയും ചെയ്യും. ഈ വിധത്തിൽ ഒന്നു ചിന്തിച്ചു കൂടെ? റോഡരികിൽ സ്ഥലം ഉള്ളവർ മഹോഗണി പോലുള്ള മരങ്ങൾ നടുവാൻ സന്മനസ്സു കാണിച്ചാൽ നാടെത്ര നന്നായിരിക്കും.
പിൻ കുറിപ്പു: റോഡരികിലുള്ള മരം വെട്ടരുതെന്നു വാദിക്കുന്നവരിൽ എത്ര പേരാണു നടന്നു പോകുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യുന്നതു? സ്വന്തം വാഹനങ്ങളിൽ ഒറ്റക്കു യത്ര ചെയ്യുന്നവാരണു മിക്കവരും.
CNR Nair
ആ ഫോട്ടോയിൽ കാണുന്ന മരത്തിന്റെ അരികിലൂടെ നടന്ന്‌പോകാനുള്ള സ്ഥലമുണ്ടല്ലോ, പിന്നെന്തിന് മരം വെട്ടണം.
നടന്ന് പോകാനുള്ള സ്ഥലമില്ലെങ്ങിൽ ആ മരം വെട്ടി മാറ്റുക. മരം വെട്ടരുത് എന്ന് പറയുന്ന മരസ്നേഹികളുടെ വീടിന്റെ മുന്നിൽ ഒരു മരവും തരിശായി കിടക്കുന്ന മറ്റു സ്ഥലങ്ങളിൽ ആയിരക്കണക്കിന് മരവും നടാമല്ലോ.
വീടിന്റെ മുൻപിലെ (മുറ്റം) മരം വെട്ടി മാറ്റി കോൺക്രീറ്റ് ഇട്ട് റോഡിലെ മരത്തെ സ്നേഹിക്കരുത്!
പിന്നെ ഒരു കാര്യം കൂടി, ഈ മരം വെട്ടി കളയുന്ന അതെ സത്യസന്ധതയോടെ നടപാതയിൽ സ്ഥാപിക്കുന പരസ്യം, രാഷ്ട്രിയപാർട്ടികളുടെ കൊടികൾ, യുണിയൻ ആപ്പിസുകൾ, പാർക്ക് ചെയ്‌ത വാഹനങ്ങൾ അങ്ങനെ ഒരു പാട് തടസ്സങ്ങൾ, എല്ലം മാറ്റണം.
അങ്കിളിന്റെ ഈ പോസ്റ്റ് ഒരാളെയെങ്ങിലും മാറ്റി ചിന്തിപ്പിച്ചെങ്ങിൽ.
പ്രീയ കാക്കരെ,
ഒന്നോ രണ്ടോ ആളുകൾ വരിവരിയായി പോകുന്ന ഒരു നടപ്പാത അല്ല അതു. വളരെയധികം ആളുകൾ ഒന്നിച്ച് പോകുവാനായി ഉപയോഗിക്കുന്ന നഗരത്തിലെ പ്രധാന നടപ്പാതകളിൽ ഒന്നാണു. ഒന്നിച്ച് വരുന്ന കാൽനടക്കാൻ മരത്തിനടുത്തെത്തുമ്പോൾ ഒന്നുകിൽ ഒരു വരിയായി പോകാൻ നിർബന്ധിതരാകും അല്ലെങ്കിൽ റോഡിലോട്ട് ഇറങ്ങിനടക്കാൻ നിർബന്ധിതരാകും. എന്നാൽ കമ്പിവേലി അതിനൊട്ട് അനുവദിക്കുകയും ഇല്ല.
ആ നടപ്പാതയിൽ കാൽനടക്കാർക്ക് വിഘാതമായി മരം മാത്രമേ കണ്ടുള്ളൂ?.
ഇടുങ്ങിയ ആ പതയുടെ പകുതിയേ തറയോട് പാകിയിട്ടുള്ളൂ. ബാക്കി പകുതിയിൽ ഉന്തി നിൽക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ കാണുന്നില്ലേ. അപകടം കൂടാതെ ആ നടപ്പാത ഉപയോഗിക്കണമെങ്കിൽ കാൽനടക്കാർ എന്തുമാത്രം ശ്രദ്ധവച്ച് നടക്കണം? ഇങ്ങനെയാണോ ഒരു കാൽനടപ്പാത നിർമ്മിക്കേണ്ടത്. ആർക്കാനും വേണ്ടി ഓർക്കാനിച്ചതു പോലെ. കാൽനടക്കാരെ ആർക്കും വേണ്ട. അതോടു ചേർന്നു നിർമ്മിച്ചിരിക്കുന്ന റോഡ് വാഹന ഉടമകൾക്കുള്ളതാണു. അതുണ്ടാക്കിയിരിക്കുന്നതിനു കൊടുത്ത ശ്രദ്ധയുടെ ഒരംശമെങ്കിലും നടപ്പാത ഉണ്ടാക്കാൻ കൊടുത്തിരുന്നെങ്കിൽ എത്ര നന്നായേനേ.
ഇത്തരത്തിൽ തറ ഓട് പാകുന്നതിനായിരിക്കുമോ പൊതുമരാമത്ത് വകുപ്പ് കരാർ ചെയ്തിട്ടുള്ളത്. ഒരിക്കലുമല്ല. എന്നാൽ ഈ ജോലി തൃപ്തികരമായി ചെയ്ത് തീർത്തുവെന്നു ബോധ്യപ്പെട്ട എഞ്ചിനിയർ ഏമാന്മാരെ പറ്റി എന്തു പറയുന്നു. അവർ സമ്മതിച്ചാലല്ലേ കരാറ് കാരനു പണം കിട്ടുകയുള്ളൂ.
ഇനി ഇങ്ങനെ തറയോട് പാകിയാൽ മതിയെന്നാണു വർക്ക് ഓർഡറിൽ പറയുന്നതെങ്കിൽ, ആ വർക്ക് ഓർഡർ അംഗീകരിച്ച ഏമാന്റെ ‘തല പരിശോധിക്കേണ്ടതാണു’.
വഴിമുടക്കുന്ന മരത്തെ കാണിച്ചു തരിക മാത്രമല്ലായിരുന്നു ഈ പോസ്റ്റിന്റെ ലക്ഷ്യം.
അങ്കിൽ,
പോസ്റ്റ് വായിച്ചപോൽ, സ്ലാബും മറ്റും ശ്രദ്ധിച്ചതാണ്, പക്ഷെ മുൻ കമന്റുകൾ മരത്തിൽ തട്ടിയപ്പോൾ, ഞാനും അല്‌പം മരത്തിൽ ചുറ്റി.
താങ്ങളുടെ മറുപടി വളരെ കൃത്യവുമാണ്, നന്ദി.
മരത്തിന്റെ അരികിലൂടെ ഓരോരുത്തരായി കടന്ന് സുഗമമായി പോകാവുന്ന തിരക്കുള്ളുവെങ്ങിലെ മരം സംരക്ഷിക്കേണ്ടതുള്ളു, അല്ലെങ്ങിൽ കടക്കൽ കത്തി വെയ്‌ക്കുക. ഫോട്ടോയിൽ കാൽനടയാത്രാക്കാർ കുറവും, ഞാൻ കാണാത്ത റോഡും.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..