Friday, April 17, 2009

കര്‍ഷകരുടെ അവകാശങ്ങള്‍ - PPVFR

ലോക വാണിജ്യ സംഘടനയുമായി ബന്ധപ്പെട്ട ഉടമ്പടിയിലൂടെ ഉടലെടുത്ത ഒരു ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ ഇന്‍ഡ്യാഗവണ്മെന്റ് ഏടുത്ത നിയമനിര്‍മ്മാണ നടപടിയായിട്ടണു് സസ്സ്യ ജനുസുകളുടെ സംരക്ഷണവും അതിന്മേലുള്ള കര്‍ഷകരുടെ അവകാശങ്ങളും എന്ന നിയമം (Protection of Plant Varieties and Farmers' Rights Act, 2001 - PPVFR) ഇന്‍ഡ്യന്‍ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയത്. ഈ നിയമത്തിന്റെ സവിശേഷത അത് കര്‍ഷകനെ മൂന്നു രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്:

  • ഒന്നു, കര്‍ഷകന്‍ കൃഷി ചെയ്യുന്നയാള്‍ (Cultivator) എന്ന നിലക്ക്;
  • രണ്ടു, കര്‍ഷകന്‍ വിത്തിനങ്ങളുടെ സംരക്ഷകന്‍ (Conserver) എന്ന നിലക്ക്;
  • മൂന്നു, കര്‍ഷകന്‍ പ്രജനനം നടത്തുന്നയാള്‍ (Breeder) എന്ന നിലക്ക്.
അതായത് കൃഷി ചെയ്യുകയോ, അല്ലെങ്കില്‍ കാര്‍ഷികവൃത്തിയില്‍ മേല്‍നോട്ടം വഹിക്കുകയോ ചെയ്യുന്നയാളാണ് കര്‍ഷകന്‍ .

താഴെപ്പറയുന്ന 9 നിയമവ്യവസ്ഥകളാണ് ഈ നിയമത്തിന്‍ കീഴില്‍ ഇന്‍ഡ്യയിലെ കര്‍ഷകര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്.

  1. വിത്ത് സംരക്ഷിക്കുവാനും, ഉപയോഗിക്കുവാനും, കൈമാറ്റം ചെയ്യുവാനുമുള്ള അവകാശം
  2. സസ്യയിനങ്ങളും വിളയിനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവകാശം
  3. അംഗീകാരവും പ്രതിഫലവും ലഭിക്കുന്നതിനുള്ള അവകാശം
  4. ലാഭത്തിന്റെ പങ്ക് ലഭിക്കുന്നതിനുള്ള അവകാശം
  5. വിളയിനം ഉദ്ദേശിച്ച ഫലം നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അവകാശം
  6. കര്‍ഷകരുടെ വിളയിനങ്ങള്‍ അവയുടെ സവിശേഷതകള്‍ വെളിപ്പെടുത്താതെ ഉപയോഗിച്ച് വ്യവസായികപ്രാധാന്യമുള്ള പുതിയ ഇനങ്ങള്‍ ഉണ്ടാക്കിയാല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം
  7. നീതിന്യായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സൌജന്യമായി നിയമവ്യവഹാരം നടത്തുന്നതിനുള്ള അവകാശം
  8. നിഷ്കളങ്കമായ നിയമലംഘനങ്ങള്‍ക്കെതിരെ സംരക്ഷണത്തിനുള്ള അവകാശം
  9. രജിസ്റ്റര്‍ ചെയ്യപ്പെട്ട വിളജനുസ്സിന്റെ വിത്ത് / നടീല്‍‌വസ്തു ലഭിക്കുന്നതിനുള്ള അവകാശം.
മേല്‍പ്പറഞ്ഞ അവകാശങ്ങളെപറ്റി ശരിക്കും മനസ്സിലാകണമെങ്കില്‍ ഈ നിയമം കൊണ്ടുവരാനുള്ള പശ്ചാത്തലം മനസ്സിലാകണം. അതിനുള്ള ശ്രമമാണ് ഇനി നടത്തുന്നത്.

പശ്ചാത്തലം: ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വേണ്ടി ജന്തുക്കളേയും സസ്യങ്ങളേയും ഉപയോഗിച്ച് തുടങ്ങിയ മുതല്‍ തന്നെ കൃഷിയും ആരംഭിച്ചു എന്നു പറയാം. തദ്ദേശീയരായ ജനങ്ങള്‍ അതാതു വിളകളുടെ ഉത്ഭവ പ്രദേശത്തു തന്നെ ആ വിളകള്‍ കൃഷി ചെയ്യുന്ന രീതിയായിരുന്നു പണ്ട് അനുവര്‍ത്തിച്ച് വന്നിരുന്നത്. നെല്ല്, തിന, ചാമ, ചണം, കുരുമുളക്, കൂടാതെ വിവിധയിനം പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയുടെയെല്ലാം ജന്മസ്ഥലം ഇന്‍ഡ്യയാണ്. അതുപോലെ ലോകത്തിന്റെ മറ്റു ഭാഗത്തുള്ള കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിനുള്ള പുതിയ ജനുസ്സുകളെ തിരിച്ചറിഞ്ഞ് മേന്മ വര്‍ദ്ധിപ്പിച്ച് കൃഷി ചെയ്തു തുടങ്ങി. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടുത്തെ കര്‍ഷകര്‍ ഇങ്ങനെ സസ്യ- മൃഗാദികളെ അവയുടെ സാമ്പത്തികമൂല്യം തിരിച്ചറിഞ്ഞ് , അവയുടെ മേന്മ വര്‍ദ്ധിപ്പിച്ച് മനുഷ്യന്റെ ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചു വന്നു. പുരാതന കാലത്തുണ്ടായ കുടിയേറ്റങ്ങള്‍, കച്ചവടം, ഗതാഗതം, യുദ്ധം മുതലായവ നിമിത്തം ഈ വിളകളും, പോറ്റു പക്ഷി-മൃഗാദികളും സാവകാശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

കാര്‍ഷിക വിളകളുടെ പുരോഗതിക്കു വേണ്ടിയുള്ള സംഘടിതമായ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ഏതാണ്ട് 100-150 വര്‍ഷങ്ങളേ ആകുന്നുള്ളൂ. അക്കാലം വരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കും കൃഷിക്കും അനുയോജ്യമായ രീതിയില്‍ വ്യത്യസ്തമായ കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്‍ഷിക വിളകളെ മെച്ചപ്പെടുത്തി സംരക്ഷിച്ചു വന്നിരുന്നത് കര്‍ഷകര്‍ തന്നെയായിരുന്നു. 100 ക്കണക്കിനു വര്‍ഷങ്ങളായി തലമുറകളായി കര്‍ഷകര്‍ നടത്തിവന്ന ഇത്തരം സൂക്ഷ്മതയാര്‍ന്നതും ബൌദ്ധികഭാവമാര്‍ന്നതുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഓരോ വിളകളുടേയും നിരവധി ഇനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഇങ്ങനെ ആവര്‍ത്തിച്ച് സംരക്ഷിച്ചുവന്ന തികച്ചും വ്യത്യസ്തമായ വിളകളുടേയും വളര്‍ത്തുമൃഗങ്ങളുടേയും , അവയുടേ വന്യബന്ധുക്കളുടേയും മൊത്തത്തിലുള്ള വൈവിധ്യമാണ് കാര്‍ഷിക ജനിതകവൈവിധ്യം. കരയിലും ജലത്തിലും ഉള്ള ജീവജാലങ്ങളുടെ മൊത്തമായ ഇത്തരം ജനിതക വൈവിധ്യത്തെയാണ് ജൈവ വൈവിധ്യമെന്ന് സാമാന്യമായി പറയുന്നത്.

കൃഷിക്കാരും ആദിവാസി സമൂഹവും മേന്മ വര്‍ദ്ധിപ്പിച്ച് സംരക്ഷിച്ചു വന്നിരുന്ന പരമ്പരാഗത നാടന്‍ വിളകളുടെ ജനിതകവൈവിധ്യത്തിനു സുപ്രധാനമായ സ്ഥാനമാണുള്ളത്. ഇത്തരം വിളകള്‍ അവയുടെ ഗുണമേന്മകളായ രോഗ-കീട പ്രതിരോധ ശക്തി, വറള്‍ച്ച , വെള്ളപ്പൊക്കം, കൊടുംകാറ്റ് മുതലായ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനും ഉള്ള ശക്തി , മണ്ണിന്റെ ലവണ-ക്ഷാര സ്വഭാവങ്ങള്‍ക്കനുസരിച്ച് വളരുവാനുള്ള കഴിവ് ഫലസമ്പൂര്‍ണ്ണതക്കുള്ള വ്യത്യസ്ഥമായ കാലാവധി , വ്യത്യസ്ഥമായ ഉത്പാദന സാഹചര്യങ്ങളുടെ സംയോജനം മുതലായ ഗുണവിശേഷങ്ങളാല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം ഗുണവിശേഷങ്ങളൊക്കെയുണ്ടെങ്കിലും പരമ്പരാഗതമായ മിക്ക വിളകളും വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യക്കും ഇന്നത്തെ ജീവിതനിലവാരത്തിനനുസരിച്ചും വേണ്ട കൂടുതല്‍ ഭക്ഷണം, വസ്ത്രം എന്നിവ ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു. ഇക്കാരണത്താല്‍ , ഉത്പാദനക്ഷമതയുള്ള പുതിയതരം വിളകള്‍ ഉണ്ടാക്കേണ്ടത് സമീപ കാലത്ത് ആവശ്യമായി വന്നിരിക്കുന്നു. ഉത്പാദനക്ഷമതയുള്ള വിളകളും അവയുടെ വര്‍ദ്ധിച്ച പ്രചാരവും പരമ്പരാഗതമായ പല വിളകളേയും പുറംതള്ളൂകയുണ്ടായി. അമൂല്യ ജനിതക വൈവിധ്യമുള്ള അത്തരം പരമ്പരാഗത വിളകളുടെ പുറന്തള്ളല്‍ അവയുടെ സംരക്ഷണം കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നതിനു കാരണമായിരിക്കുന്നു. ഇത്തരം പരമ്പരാഗത വിളകളില്‍ പലതും ഉത്പാദനക്ഷമത കുറഞ്ഞവയാണെങ്കിലും ധാരാളം കൃഷിക്കാരും ആദിവാസി സമൂഹവും ഇന്നും തുടര്‍ന്നു വരുന്ന പരമ്പരാഗതമായ കൃഷിരീതികളിലൂടെ ഇവ കുറച്ചൊക്കെ സംരക്ഷിക്കപ്പെട്ടുവരുന്നുണ്ട്.

ഓരോ വിത്തിന്റേയും ഉത്പാദനം, വിതരണം, ഇവയിലൂടെയുണ്ടാകുന്ന ജനതിക വിളകളുടെ വൈവിധ്യവും അവയുടെ സംരക്ഷണവും കര്‍ഷകനെ താന്‍ കൃഷി ചെയ്യുന്ന എല്ലാത്തരം വിളകളുടേയും വിത്തിന്മേല്‍ അവകാശമുള്ളവനാക്കിതീര്‍ത്തു.

എന്നാല്‍ സമീപ സമീപകാലത്തുണ്ടായിട്ടുള്ള സസ്യയിനങ്ങളെ സംബന്ധിച്ച ബൌദ്ധിക സ്വത്തവകാശ നിയമം കര്‍ഷകന്റെ ഇത്തരം അവകാശങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ഒരു കണ്ടുപിടിത്തം നടത്തിയ ഒരു വ്യക്തിക്ക് അയാള്‍ നടത്തിയ കണ്ടുപിടിത്തത്തിനു നല്‍കുന്ന നിയമപരമായ അവകാശമാണ് ‘ബൌദ്ധിക സ്വത്തവകാശം’. ബൌദ്ധിക സ്വത്തവകാശ നിയമപ്രകാരം മനുഷ്യ ബുദ്ധിയില്‍ ഉടലെടുത്തതും പൊതുജനോപകാരപ്രദവുമായ പുതിയതരം കണ്ടുപിടിത്തങ്ങള്‍, വസ്തുവകകള്‍, രീതികള്‍, പ്രവര്‍ത്തികള്‍, മാതൃകകള്‍ മുതലായവയെല്ലാം നിയമപരമായ അവകാശത്തിനു അര്‍ഹതയുള്ളവയാണ്. സ്ഥാവരജംഗമ വസ്തുക്കളായ ഭൂമി, കെട്ടിടം, വാഹനം മുതലായവയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന നിയമപരമ്മായ അവകാശത്തിനു തുല്യമാണ് ഈ നിയമപ്രകാരം ലഭിക്കുന്ന ബൌദ്ധിക സ്വത്തവകാശവും . അതായത് ബൌദ്ധികസ്വത്തവകാശനിയമം , ഒരു പുതിയ വസ്തുവോ, പ്രക്രിയയോ ഉപയോഗരീതിയോ കണ്ടുപിടിച്ച വ്യക്തിയോ, വ്യക്തികളോ ഒഴിയെ വേറെ ആര്‍ക്കും ആ കണ്ടു പിടിത്തം ഉപയോഗിച്ച് ക്രയവിക്രയം നടത്തനുള്ള അവകാശം നല്‍കുന്നില്ല.

അതുകൊണ്ട് വിവിധ സസ്യയിനങ്ങളിലുള്ള ബൌദ്ധിക സ്വത്തവകാശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് , നിലവിലുള്ള സസ്യവൈവിധ്യത്തെ ഉപയോഗിച്ച് പുതിയവ വികസിപ്പിച്ചെടുത്ത വ്യക്തി , സമൂഹം, സ്ഥാപനം തുടങ്ങിയവക്കായിരിക്കും അതിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥാവകാശത്തിനുള്ള അര്‍ഹത എന്നാണ്. ഇങ്ങനെ സംരക്ഷിക്കപ്പെട്ട സസ്യജനുസുകളുടെ വിത്ത് , മറ്റു പ്രജനനവസ്തുക്കള്‍ എന്നിവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനും വിപണനത്തിനുമുള്ള അവകാശം , ഈ അവകാശത്തെ മറ്റു വ്യക്തികളിലേക്ക് കൈമാറാനുള്ള അവകാശം മുതലായവ സമ്പൂര്‍ണ്ണമായും ആ സസ്യജനുസ്സ് വികസിപ്പിച്ചെടുത്ത വ്യക്തിയിലോ, വ്യക്തികളിലോ അധിഷ്ടിതമായിരിക്കുന്നു. ഈ അവകാശത്തെ “സസ്യപ്രജനനകരുടെ അവകാശങ്ങള്‍” (Plant breeders rights) എന്നു വിളിക്കുന്നു.

സസ്യപ്രജനനകരുടെ അവകാശങ്ങള്‍ ലോകവാണിജ്യ സംഘടയുടെ കരാറില്‍ ഒപ്പിട്ടശേഷം , പ്രസ്തുത സംഘടനയിലെ ഒരംഗമെന്ന നിലയില്‍ ഇന്‍ഡ്യയും സസ്യജനുസുക്കളുടെ മേല്‍ സസ്യ പ്രജനകരുടെ അവകാശങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥയാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതുവരെ സസ്യജനുസ്സുകള്‍ക്ക് മേല്‍ അത്തരം അവകാശങ്ങള്‍ നല്‍കുവാനുള്ള യാതൊരു നിയമവും ഇന്‍ഡ്യയിലുണ്ടായിരുന്നില്ല.

അങ്ങനെ ലോക വാണിജ്യ സംഘടനയുമായി ബന്ധപ്പെട്ട ഉടമ്പടിയിലൂടെ ഉടലെടുത്ത ഒരുത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ ഇന്‍ഡ്യാഗവണ്മെന്റ് എടുത്ത നിയമ നിര്‍മ്മാണ്‍ നടപറ്റിയായിട്ടാണ് സസ്യജനുസ്സുകളുടെ സംരക്ഷണവും അതിന്മേലുള്ള കര്‍ഷകരുടെ അവകാശങ്ങളും ( Protection of Plant Varieties and Farmers' Rights Act, 2001) എന്ന നിയമം നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്.


കടപ്പാട്: എം.എസ്. സ്വമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ .

Buzz ല്‍‌ പിന്തുടരുക

3 comments:

  1. അനില്‍@ബ്ലോഗ് // anil said...

    അങ്കിളേ,
    വളരെ നല്ല കുറിപ്പ്. കര്‍ഷകരുടേയും ജൈവ സ്നേഹികളുടേയും അടിയന്തിര ശ്രദ്ധപതിയേണ്ട വിഷയമാണിത്. വിപണിയുടേയും വ്യവസായത്തിന്റേയും കാലഘട്ടത്തില്‍ കര്‍ഷകനേയും കൃഷിയേയും സംരക്ഷിക്കാന്‍ ആക്റ്റീവ് ആയ ശ്രമം കൂടിയേ തീരൂ.
    ആശംസകള്‍.

  2. ചാണക്യന്‍ said...

    അങ്കിളേ,
    നല്ല പോസ്റ്റ്....തികച്ചും ചിന്തനീയമാകേണ്ട വിഷയത്തെ കണ്ടെത്തി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍....

  3. Appu Adyakshari said...

    അങ്കിള്‍, നല്ല പോസ്റ്റ്.. നന്ദി