Saturday, August 21, 2010

എം.പി. മാരുടെ പുതുക്കിയ ശമ്പളം: MP salary revised

ഡല്‍ഹിയിലേക്ക്‌ കേരളജനത തിരഞ്ഞെടുത്തയക്കുന്ന ഒരോ ജനസേവകര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ എന്തൊക്കയെന്ന്‌ അറിഞ്ഞിരിക്കേണ്ടതല്ലേ?

ഇതാ, ഇതൊക്കെയാണ്‌, സെപ്റ്റമ്പര്‍ 2001 മുതല്‍ഃ-

  • മാസശമ്പളം - 12,000 രൂ.
  • തിരഞ്ഞെടുത്തയച്ച നിയോജക മണ്ഡലത്തിനുള്ളിലെ മാസ ചിലവുകള്‍ക്ക്‌ - 10,000 രൂ
  • ഓഫീസ്സ്‌ ചിലവുകള്‍ക്ക്‌ ഓരോമാസവും - 14,000 രൂ
  • യാത്രപ്പടിഃ
  • റോഡ്‌ മാര്‍ഗ്ഗം യാത്ര ചെയ്യുന്നുവെങ്കില്‍ - കിലോമീറ്ററിന്‌ 8 രൂപ
  • (ഡല്‍ഹിവരെ ഒന്നു പോയ്‌വരുവാന്‍ - 6000 കിലോമീറ്റര്‍)
  • പാര്‍ലമെന്റ്‌ കൂടുന്ന ഓരോ ദിവസ്സത്തേക്കും ടി.എ.,ഡി.എ. - 500 രൂ
  • ഇന്‍ഡ്യയില്‍ എവിടെയും, എപ്പോള്‍ വേണമെങ്കിലും ഭാര്യയുമൊത്തുള്ള ഒന്നാംക്ലാസ്സ്‌ എ.സി. യില്‍ റയില്‍ യാത്ര - പൂര്‍ണ്ണമായും സൗജന്യം.
  • ഡല്‍ഹിയിലേക്ക്‌ ഭാര്യയുമൊത്ത്‌വിമാനയാത്ര - ബിസിനസ്സ്‌ ക്ലാസ്സില്‍ ഒരു കൊല്ലം 32 പ്രാവശ്യം - പൂര്‍ണ്ണമായും സൗജന്യം.
  • താമസംഃ ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റോ, ഹോസ്റ്റല്‍മുറിയോ - പൂര്‍ണ്ണമായും സൗജന്യം.
  • വെള്ളംഃ ഒരു കൊല്ലത്തേക്ക്‌ 400 കിലോ ലിറ്റര്‍ വരെ പൂര്‍ണ്ണമായും സൗജന്യം.
  • കറണ്ട്‌ഃ ഒരു കൊല്ലത്തേക്ക്‌ 50,000 യൂണിറ്റ്‌ - പൂര്‍ണ്ണമായും സൗജന്യം.
  • വീട്‌ വൃത്തിയാക്കാന്‍ഃ ഒരു കൊല്ലത്തേക്ക്‌ - 30,000 രൂ
  • ടെലഫോണ്‍ഃ ഇന്റര്‍നെറ്റ്‌ കണക്‌ക്ഷനും 1,70,000 കോളുകളും പൂര്‍ണ്ണമായും സൗജന്യം.
  • രോഗ ചികിത്സഃ തനിക്കും കുടുമ്പത്തിനും ചിലവു മുഴുവന്‍ - പൂര്‍ണ്ണ സൗജന്യം.

അതായത്‌ ഏകദേശം 32 ലക്ഷം രൂപയാണ്‌ ഒരു കൊല്ലം ഒരാള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്‌. നമുക്ക്‌ 20 എം.പി. മാരുണ്ട്‌.

ഇവര്‍ റിട്ടയര്‍ ചെയ്താലോ?ഃ

ഒരാള്‍ക്ക്‌ ഒരോമാസവും 3,000 രൂപാ പെന്‍ഷന്‍. 5 കൊല്ലത്തില്‍ കവിഞ്ഞുള്ള ഓരോ വര്‍ഷത്തിനും 600 രൂപ കൂടുതല്‍.

എന്തു പറയുന്നൂ, നമ്മളെ സേവിക്കാന്‍ ഈ തുക മതിയാകുമോ അവര്‍ക്ക്‌?

ആധാരംഃ http://www.parliamentofindia.nic.in/ls/intro/p8.htm

updated on 21-8-2010

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം 300% വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ മാസശമ്പളം 16,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. എംപിമാരുടെ സിറ്റിങ് ഫീസ് 1000ല്‍ നിന്നു 2,000 ആയും മണ്ഡല അലവന്‍സ് 20,000ത്തില്‍ നിന്നു 40,000 ആയും ഉയര്‍ത്താനും തീരുമാനമായി. യാത്രബത്ത ഒരു ലക്ഷം രൂപയില്‍ നിന്നു നാലു ലക്ഷം ആയി ഉയര്‍ത്തി. 8,000 രൂപ ആയിരുന്ന പെന്‍ഷന്‍ ആനുകൂല്യം 20,000 രൂപ ആക്കി. പ്രതിമാസ ഓഫീസ് അലവന്‍സ് 20,000 തില്‍ നിന്നും 40,000 രൂപയാക്കി.


പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വീട്ടില്‍ നിന്നും അടുത്ത വിമാനത്താവളം വരെയും തിരിച്ചും  യാത്രാ ബത്ത കിലൊമീറ്ററിനു 13 രൂപയില്‍ നിന്നും 16 രൂപയാക്കി. വാഹനം വാങ്ങുന്നതിനു പലിശയില്ലാ  വാഹന വായ്പ - ഒറ്റത്തവണ ഒരു ലക്ഷത്തില്‍ നിന്നും നാലു ലക്ഷമായി പുതുക്കി.  ;എം.പി.ക്കും ജീവിത പങ്കാളിക്കും ഉയര്‍ന്ന ക്ലാസ്സില്‍ ട്രെയിന്‍ യാത്രാ സൌജന്യം , നാട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിവര്‍ഷം 34 സൌജന്യ വിമാന ടിക്കറ്റ്. ജീവിത പങ്കാളിക്ക് പ്രതിവര്‍ഷം 8 സൌജന്യ വിമാന ടിക്കറ്റ്. 


പതിനഞ്ചാം ലോക് സഭയുടെ തുടക്കം മുതല്‍ (മേയ് 2009) ഇതിനു പ്രാബല്യം ഉണ്ടാകും.

ഇടതുപക്ഷ  എംപി മാർ ഇത്തരത്തിൽ അവരുടെ വേതനം അവർതന്നെ വർദ്ധിപ്പിക്കുന്നതിനെ എതിർത്തു.  ബാക്കിയുള്ളവരെല്ലാം ശമ്പളം ഇനിയും ഉയർത്തി ക്യാബിനെറ്റ് സെക്രട്ടറി വാങ്ങുന്നതിനേക്കാൾ (80,000) ഒരു രൂപയെങ്കിലും കൂടുതൽ വേണമെന്നു ആവശ്യപ്പെട്ടു. കാരണം പ്രോട്ടോക്കോൾ അനുസരിച്ച് ഒരു എം.പി. ഏറ്റവും വലിയ ഉദ്ദ്യോഗസ്ഥനേക്കാൾ മുകളിലാണു പദവി. എന്നാൽ പാർലമെന്ററി കമ്മറ്റി 50000 രൂപ വരെ ഉയർത്താനേ ശുപാർശ ചെയ്തുള്ളൂ.

ഇടതു പക്ഷ എം.പി.മാർ 16000 രൂപ ശമ്പളം വാങ്ങുമ്പോൾ തന്നെ അവരുടെ പാർട്ടിക്ക് 22000 രൂപയാണു ലെവിയായി പ്രതിമാസം അടക്കേണ്ടത്. ഇപ്പോൾ 50000 രൂപയാക്കിയാൽ ലവിയും ആനുപാതികമായി കൂട്ടും. അതു കൊണ്ട് അവർക്കു കിട്ടുന്ന നേട്ടം കുറവാണു. അവർ ശമ്പളവർദ്ധനവിനെ  എതിർത്തതിനു ഇതും കൂടി ഒരു കാരണമായിരിക്കാം.

Buzz ല്‍‌ പിന്തുടരുക

20 comments:

  1. അങ്കിള്‍. said...

    എന്തു പറയുന്നൂ, നമ്മളെ സേവിക്കാന്‍ ഈ തുക മതിയാകുമോ അവര്‍ക്ക്‌?

  2. G.MANU said...

    ഇത്രപോരാ അങ്കിളേ... ഇനി ഒരു വാക്കൌട്ട്‌ അലവന്‍സ്‌ കൂടി കൊടുക്കണം

  3. അപ്പു ആദ്യാക്ഷരി said...

    അങ്കിള്‍... ഇതു നല്ലൊരു “തൊഴില്‍” തന്നെയാണല്ലോ? നല്ലവരുമാനം. എന്നിട്ടെന്താണാവോ നിയോജകമണ്ഡലങ്ങളിലേക്കൊക്കെഒന്നു വരാന്‍ ഇത്ര പത്രാസ്!!

  4. Mubarak Merchant said...

    പോരാതെ വന്നാലേ ഉള്ളൂ,
    ഇത് വരവ് മാത്രമല്ലേ ആയുള്ളൂ. ഒരു എം.പി ആകാനും ആ സ്ഥാനം നിലനിര്‍ത്താനും വേണ്ടിവരുന്ന ചെലവിന്റെ കണക്ക് ആര്‍ക്കേലും അറിയുമോ?

  5. വേണു venu said...

    ടയിംസു് ഓഫ്‌ ഇന്‍ഡ്യയില്‍‍ കഴിഞ്ഞ ആഴ്ച , മന്ത്രി മാരുടേയും എം.പി മാരുടേയും ഡിക്ലേരെഡു് വെല്‍ത്തില്‍‍ വന്ന വര്‍ദ്ധനവിന്‍റെ ഒരു ചാര്‍ട്ടു കണ്ടു ഞെട്ടിയിരുന്നു.
    ഇപ്പോള്‍ അങ്കിളിന്‍റെ ഈ വിവരങ്ങള്‍‍ കണ്ടും. അപ്പോള്‍‍ ഇതു് നിയമപ്രകാരം ഉള്ള സേവന വേതനം.:)

  6. കാളിയമ്പി said...

    നമ്മുടേ സമൂഹത്തില്‍ വന്നിട്ടുള്ള ചില ആശയപമ്മായ തെറ്റിദ്ധാരണകളെ(എന്നു ഞാന്‍ കരുതുന്നത്) വ്യക്തമാക്കുന്നതാണീ പൊസ്റ്റ് ഒരു എം പീയ്ക്ക് വേണ്ടി മാസം പന്ത്രണ്ടായിരം രൂപ ശമ്പളവും ബാക്കി മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു എന്നാണല്ലോ നമ്മുടെ പരാതി.

    ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ഒരു രണ്ടോ മൂന്നോ കൊല്ലം പരിചയമുള്ളവരുടെ ശമ്പളമിന്നെത്രയാണ്.കുറഞ്ഞത് ഒരു അമ്പതിനായിരം രൂപയെങ്കിലും വരും.കൂടെ അവന്‍/അവള്‍ പോകുന്ന ഓണ്‍സൈറ്റുകളിലെ ചിലവുകള്‍ പഞ്ചനക്ഷത്ര സൗകര്യത്തോടെ ചെയ്തുകൊടുക്കുകയും ചെയ്യും .അതായത് ഈ എം പീയുടെ ശമ്പളം അവരുടേതുമായി തരതമ്യപ്പെടുത്തുമ്പോള്‍ ഒന്നുമല്ല.

    ഒരു എം പീ ആയിരിയ്ക്കുവാന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ീനീയറുടേതിനേക്കാള്‍ കുറഞ്ഞ
    കോമ്പീറ്റന്‍സി മതിയെന്ന് ആരും ഇന്ന് പറയുമെന്ന് കരുതുന്നില്ല.അങ്ങനെ മതിയെങ്കില്‍ അത് അവരെ തിരഞ്ഞെടുക്കുന്ന നമ്മളുടേ കുഴപ്പമാണ്.

    ഇനി ഈ എം പീ ആകുവാന്‍ അയാള്‍ എന്തൊക്കെ കടമ്പകള്‍ കടക്കണം?നേരായ മാര്‍ഗ്ഗത്തിലൂടെ മാത്രം എം പീ ആകുന്നു എന്നു കരുതുക.എന്നാല്‍ എത്ര കൊല്ലം യാതൊരു ശമ്പളവുമില്ലാതെ നാട്ടുകാര്‍ക്കു വേണ്ടി പണിയെടുത്ത് രാഷ്ട്റീയ പാര്ട്ടികളിലെ യൂണിറ്റ് പഞ്ചായത്ത് ഏരിയാ ജില്ലാ സ്ഥാനങ്ങളിലെത്തണം.ഇതൊരു പൊതുപ്രവര്‍ത്തനമെന്ന് കരുതുന്നവന് എത്ര കൊല്ലം പിടിച്ച് നില്‍ക്കാന്‍ കഴിയും?

    സൈഡ് ബിസിനസ് ആയി കൊണ്ട് നടന്നാല്‍ പൊതുപ്രവര്‍ത്തനത്തിന് എത്ര സമയം വിനിയോഗിയ്ക്കാന്‍ കഴിയും.?

    നമ്മുടെ മനസ്സിലുള്ള വികലമായൊരു കണ്‍സെപ്റ്റ് ആണ് രാഷ്ട്രീയക്കാര്‍ നമ്മളെ സേവിയ്ക്കുന്നു എന്നുള്ളത്.

    അത് മാറിവരണം.പൊതുപ്രവര്‍ത്തകന് സ്റ്റേറ്റ് തന്നെ ശമ്പളം നല്‍കുന്ന ഒരു സ്ഥിതി വിശേഷമുണ്ടാകണം.മുഴുവന്‍ സമയവും പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സമയമില്ലാത്ത മറ്റ് ജോലികള്‍ ചെയ്ത് സമൂഹത്തിനോട് സം‌വദിയ്ക്കുന്നവന്‍ നിയമിയ്ക്കുന്ന ഉദ്യോഗസ്ഥനാവണം പൊതുപ്രവര്‍‍ത്തകന്‍.

    എന്നാലേ അവന്‍ എന്തോ രാജാവെന്ന് അവനും നമ്മള്‍ക്കുമുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതെയാകൂ.അവന് നല്ല ശമ്പളാം നല്‍കുകയും വേണം. അങ്ങനെ വരുമ്പോള്‍ മാത്രമേ "എന്താ ഒന്ന് മുഖം കാണിയ്ക്കാത്തത് സാറേ" എന്ന ചോദ്യം മാറി "ഇന്നിടത്തെ ഗ്രാമസഭയ്ക്കോ പഞ്ചായത്ത് കമ്മിറ്റിയ്ക്കോ താങ്കള്‍ എത്തിച്ചേരണം" എന്ന് ആവശ്യപ്പെടാന്‍ നമുക്ക് കഴിയൂ.

    അതാണ് യദാര്‍ത്ഥ ജനാധിപത്യം.അവിടേയാണ് ശരിയായി എണ്ണയിട്ട യന്ത്രം പോലെ എല്ലാം നടക്കുക.അല്ലാതെ ജീര്‍ണിച്ച മാടമ്പിത്തരത്തിന്റെ പിണിയാളുകളായി ഇരുപതു സാറന്മാരെ ഡല്‍ഹിയിലേയ്ക്ക് പറഞ്ഞു വിടുമ്പോഴല്ല.

    എം പീ മാര്‍ക്ക് നല്ല ശമ്പളം നല്‍കണം.നല്ല പെന്‍ഷന്‍ നല്‍കണം. അത് എല്ലാ നാട്ടുകാര്‍ക്കും അറിവുണ്ടാകുകയും വേണം.പെന്‍ഷന്‍ വാങ്ങുന്ന കാലത്തോളം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിയാന്‍ അവന്/അവള്‍ക്ക് അവകാശമുണ്ടാകുകയും ചെയ്യരുത്. പട്ടാളക്കാരെപ്പോലെ.

    അപ്പോഴേ യദാര്‍ത്ഥത്തില്‍ സാമൂഹ്യ സേവനം ചെയ്യുന്നവന്റെ വില നമ്മളും മനസ്സിലാക്കുകയുള്ളൂ.നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ബേബിമാരേയും, സുദര്‍ശനന്മാരേയും, ബ്രഹ്മന്‍ ചേട്ടന്മാരേയുമൊക്കെ നാട്ടുകാര്‍ അറിയുകയുള്ളൂ..

    അല്ലെങ്കിലെന്താ നാളെ കുഞ്ഞുങ്ങള്‍ പറയും..കേ മുരളീധരനും മഹാത്മാഗാന്ധിയും പൊതുപ്രവര്‍ത്തകരായിരുന്നു എന്ന്..

  7. അങ്കിള്‍. said...

    അമ്പി,

    ഇവര്‍ക്ക്‌ കൂടുതല്‍ ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിനോട്‌ എനിക്ക്‌ ഒട്ടും വിയോജിപ്പില്ല. എത്രകൊടുത്താലും അവര്‍ക്ക്‌ മതിയാകുന്നില്ലല്ലോ. അവര്‍ സേവിക്കുന്ന ആള്‍ക്കരുടെ പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ വരെ അവര്‍ കാശു വാങ്ങുന്നു. പിന്നെ, സ്കൂളിന്റെ വാതില്‍പ്പടി കാണാത്ത എം.പി മാരില്ലേ നമുക്ക്‌. അവരെ തിരെഞ്ഞെടുത്ത വിദ്യാഭ്യാസം തീരെയില്ലാത്ത വോട്ടര്‍മാര്‍ മാത്രമാണോ അതിനുത്തരവാദി.

    നമ്മുടെ സോഫ്റ്റ്‌ വെയര്‍ എന്‍ജിനിയേര്‍സിന്‌ നല്ല കാശ്‌ കിട്ടുന്നുണ്ട്‌. സമ്മതിച്ചു. ദിവസം 14-ം 16-ം മണിക്കൂറുകള്‍ രാപകലില്ലാതെ ജോലിചെയ്യുന്നവരുണ്ട്‌ അവര്‍ക്കിടയില്‍, ഞായറാഴ്ച പോലും അവധിയില്ലാതെ. 9 മണിക്ക്‌ ഓഫീസ്സ്‌ സമയം തുടങ്ങുമെങ്കിലും, ബോസ്സ്‌ 6 മണിക്ക്‌ വരുമെങ്കില്‍ അതിനുമുന്‍പ്‌ ഓഫീസ്സിലെത്താന്‍ വെമ്പുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ട്‌. ഇവര്‍ക്കൊന്നും അവരുടെ വേതനം സ്വയം കൂട്ടാന്‍ പറ്റില്ലല്ലോ. എന്നാല്‍ എം.പി.മാര്‍ ഒന്ന്‌ ചേര്‍ന്ന്‌ അവരുടെ ആനുകൂല്ല്യങ്ങള്‍ കൂട്ടുന്ന പ്രവണതയല്ലേ നാം കാണുന്നത്‌.

    സസ്നേഹം

  8. കാളിയമ്പി said...

    ആദ്യം വിദ്യാഭ്യാസത്തെപ്പറ്റി.

    വിദ്യാഭ്യാസമെന്നത് സ്കൂള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസമല്ലല്ലോ അത് ക്രീയാത്മകമായ ഒരു പഠന പ്രവര്‍ത്തനത്തിന്റെ ആകെത്തുകയാണ്.ഉദാഹരണമായി എം ഏ ബേബിയെന്ന ആളുടെ കാര്യമെടുക്കാം അദ്ദേഹം ഒരു യൂണിവേഴ്സിറ്റി ഡ്രോപ്പ് ഔട്ട് ആണ്.രാഷ്ട്രീയമെന്തോ ആയ്ക്കോട്ടേ അദ്ദേഹം മറ്റാരേക്കാളും ഒരു സ്കോളറുമാണ്.

    വീ എസ് അച്യുതനന്ദന്‍ ഒരു പീ എച് ഡീ കാരനേക്കാളും മോശമാണോ..കേ കരുണാകരനുമല്ല.അവരവരുടെ മേഖലയില്‍ അവര്‍ മിടുക്കന്മാര്‍ തന്നെയാണ്. ഈ എം എസും യൂണിവേഴ്സിറ്റി ഡ്രോപ്പ് ഔട്ട് ആണ്. സര്വശ്രീ സീ അച്യുതമേനോനും പീ രവീന്ദ്രനുമൊക്കെ വലിയ ബിരുദങ്ങള്‍ ഉള്ളവരുമാണ്. ഈ എം എസിനോട് എത്ര വിയോജിപ്പുണ്ടായാലും അദ്ദേഹം ഒരു പാര്‍ലമെന്റേറിയന്‍ അല്ലെങ്കില്‍ ഒരു സ്റ്റേറ്റ്സ് മാന്‍ എന്ന നിലയില്‍ ഇവരെക്കാളുമൊക്കെ മോശമായിരുന്നോ..അല്ല എന്നാണെന്റെ പക്ഷം.

    നമ്മുടേ കേരളത്തില്‍ നിന്നുള്ള എം പീ, എം എല്‍ ഏ മാരധികവും ഇന്ന് വലിയ ബിരുദങ്ങളൊക്കെയുള്ളവരാണ്. അതിനു കാരണം പൊതുവേ കേരളത്തിലെ ഔപചാരിക വിദ്യാഭ്യാസ മേഖല ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നു എന്നതാണ്.പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിലെ മികവ് ഒരു പൊതുപ്രവര്‍ത്തകനുണ്ടായിരിയ്ക്കേണ്ട മിനിമം യോഗ്യതയായി കണക്കാക്കാന്‍ ഒരു ജനാധിപത്യ രാജ്യത്ത് വയ്യ.അത് പാടുള്ളതുമല്ല.

    എം പീമാര്‍ ഒത്തുചേര്‍ന്ന് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നില്ല.അത് നടത്തുന്നത് പാര്‍ലമെന്റാണ്. എം പീ മാരുടെ കൂട്ടമല്ല പാര്‍ലമെന്റ്.അത് വക്കീലന്മാരുടേ കൂട്ടമാണ് കോടതിയെന്നും പത്രപ്രവര്‍ത്തകരുടെ കൂട്ടമാണ് പത്രമെന്നുമൊക്കെ കരുതുന്നതു പോലെ വികലമായൊരു കണ്‍സെപ്റ്റാണ്. ജനം, പൊതുജനം ഇതിലൊക്കെ പുരോഗമനോന്മുഖമായി ഇടപെടുമ്പോഴാണ് ഇതൊക്കെ നന്നായി അതാതിന്റെ ജോലിയനിസരിച്ച് നടക്കുക.

    നാം ഇടപെടണമെന്നര്‍ത്ഥം.അവര്‍ നാളെ ഓരോ എം പീയ്ക്കും രണ്ട് ലക്ഷം രൂപാ അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ചാല്‍ അത് ചോദിയ്ക്കാന്‍ നമ്മളിവിടെയുണ്ട്.ചോദിയ്ക്കുകയും വേണം.പക്ഷേ അത് മിനിമം ആവശ്യങ്ങളോട് പോലും കണ്ണടയ്ക്കുന്ന വിധത്തിലായിരിയ്ക്കരുത്.നമൂടെ ഇടപെടല്‍ ഒന്നുകില്‍ ആശാന്റെ നെഞ്ഞത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന രീതിയിലാവരുത്.

    ഞാന്‍ പറയാനുദ്ദേശിച്ചത് അതൊന്നുമല്ല അവര്‍ക്ക്, എം പീ മാര്‍ക്കു മുതല്‍ ഗ്രാമ പഞ്ചായത്ത്മെമ്പര്‍ക്ക് വരെ ചിലവുകാശ് എന്ന രീതിയില്‍ നല്‍കുന്നതിനു പകരം ശമ്പളം നല്‍കണം.അവര്‍ ഉദ്യോഗസ്ഥരാണെന്ന് അവരും നമ്മളും മനസ്സിലാക്കണം.പ്രസംഗിച്ച് ഉത്ബുദ്ധരാക്കുക മാത്രമല്ല അവരുടെ പണിയെന്നും അവന്‍ ചെയ്യാന്‍ ഒത്തിരി ജോലിയുണ്ടെന്നും ആ ജോലികള്‍ എന്തൊക്കെയെന്ന് എഴുതി കയ്യില്‍ കൊടുക്കുകയും വേണം..

    വ്യക്തമായ ജോബ് ഡിസ്ക്രിപ്ഷന്‍ ജനങ്ങള്‍ അവര്‍ക്ക് നല്‍കണം..ഇപ്പഴെന്താ എം പീയുടെ പണി..ഉത്ഘാടന പ്രസംഗം, അധ്യക്ഷ പ്രസംഗം, ആ പ്രസംഗം ഈ പ്രസംഗം..അതൊന്നും അവന്റെ പണിയല്ല.അതിനല്ല അവന്‍/അവള്‍ക്ക് നാം ശമ്പളം എണ്ണിക്കൊടുക്കുന്നത്.അവന്‍ ആപ്പീസിലിരുന്ന് /ജനങ്ങളുടെയിടയില്‍/ പാലമെന്റിലിരുന്ന് ൯ മുതല്‍ ൫ വരെ പണിയെടുക്കണം.

    പ്രതിനിധീകരിയ്ക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ വേലക്കാരനാവണം.തോന്നിയവാസം കാണിയ്ക്കാനും തോന്നിയപോലെ ജോലിചെയ്യാനുമല്ല അവരെ പറഞ്ഞയയ്ക്കുന്നത് എന്ന് നമ്മള്‍ അവന്റെ മുഖത്തുനോക്കി പറയണം.അതിനാദ്യം വേണ്ടത് ഞാന്‍ നേരത്തേ പറഞ്ഞപോലെ സേവനമാണ് അവന്‍ ചെയ്യുന്നത് എന്ന അന്ധവിശ്വാസം നമ്മള്‍ക്കും അവര്‍ക്കും മാറണം.

  9. കണ്ണൂസ്‌ said...

    അംബിയോട് യോജിക്കുന്നു. പാര്‍ല്‌മെന്റ് അംഗങള്‍ ജനങളുടെ തൊഴിലാളികള്‍ തന്നെയായി കണക്കാക്കപ്പെടണം. അവര്ക്ക് അര്ഹിക്കുന്നതില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുവെങ്കില്‍ നമുക്ക് അതിനെ ചോദ്യം ചെയ്യാനും അവകാശമുന്ട്. പക്ഷേ 32 ലക്ഷം രൂപ ഒരു അധിക ശമ്പളം ആണെന്ന് എനിക്കും തോന്നുന്നില്ല.

    കൂടുതല്‍ സുതാര്യത വേന്ടത്, ഇവര്ക്ക് കൈകാര്യം ചെയ്യാവുന്ന പദ്ധതികളിലെ ധനവിനിയോഗത്തിനാണ്‌. ആ കാര്യത്തിലെ അഴിമതി തടയാന്‍ കഴിയണം.

  10. sandoz said...

    അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കരച്ചിലിനെ ഇതിനോട് കൂട്ടി വായിക്കാം...
    ഇപ്പോള്‍ കിട്ടുന്ന കാശ് ജീവിക്കാന്‍ തികയുന്നില്ലായെന്നാണ് മുന്‍ സിവില്‍ സര്‍വീസുകാരന്റെ
    രോദനം...
    ആരെങ്കിലും നിര്‍ബന്ധിച്ചോ അങേരേ ...
    സിവില്‍ സര്‍വീസും കളഞിട്ട് ജനസേവനത്തിന് ഇറങാന്‍...
    കാശ് പോരെങ്കില്‍ എം.എല്‍.എ പണി കഴിഞിട്ടുള്ള സമയത്ത് വല്ല ചുമട് എടുക്കാനും പോട്ടെ...

  11. അങ്കിള്‍. said...

    അമ്പിയുടെ ആശയങ്ങളോട്‌ യോജിക്കാതിരിക്കാന്‍ വയ്യ.

    വിദ്യാഭ്യാസത്തെ പറ്റി ഞാര്‍ കമന്റിയപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത്‌ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച ഭൂലന്‍ ദേവി യായിരുന്നു. അവര്‍ക്കും ഇതേ ആനുകൂല്ല്യങ്ങളാണ്‌ ലഭിച്ചിരുന്നത്‌.

    സന്‍ഡോസേ, ഐ.എ.എസ്‌. കാര്‍ക്ക്‌ 32 പോയിട്ട്‌ 16 ലക്ഷം കിട്ടുന്നവര്‍ വിരലിലെണ്ണാവുന്നവര്‍.

  12. അങ്കിള്‍. said...

    കണ്ണൂസ്സെ,

    32 ലക്ഷത്തിന്‌ പകരം 50 ലക്ഷം കൊടുത്താല്‍ ഇവരുടെ അഴിമതി തീരുമോ?. നൂറോ, ഇരുന്നൂറോ വാങ്ങികൊണ്ടിരുന്ന കാര്യങ്ങള്‍ ഒരു കാശും വാങ്ങാതെ ചെയ്തെന്നിരിക്കും. ലക്ഷങ്ങള്‍ വാങ്ങുന്ന കാര്യങ്ങളിലേക്ക്‌ കൂടുതല്‍ താല്‍പര്യം കാണിക്കും. എല്ലാപേരും അല്ല, തീര്‍ച്ചയായും അല്ല. കൈക്കൂലി വാങ്ങാത്തവര്‍, സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ കുറവാണെങ്കിലും ഒന്നും വാങ്ങൂല്ല.

  13. Unknown said...

    അമ്പിയണ്ണന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.

  14. കണ്ണൂസ്‌ said...

    അങ്കിളേ, ചക്കരക്കുടത്തില്‍ കയ്യിട്ടവന്‍ നക്കാതിരിക്കുമോ എന്ന പഴഞ്ചൊല്ല് തീരെ അര്‍ത്ഥശൂന്യമല്ല. അടിയുറച്ച ആദര്‍ശത്തിന്റെ പേരില്‍, വ്യക്തമായ അവസരം കിട്ടിയാലും അഴിമതി നടത്താതിരിക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. വലിയൊരു പക്ഷം, വീണു കിട്ടുന്ന അവസരം മുതലാക്കുകയാണ്‌ ചെയ്യുന്നത്‌. എം.പി./ എം.എല്‍.എ. പ്രൊജക്റ്റുകളില്‍ സുതാര്യതയും, പ്രാദേശിക ഭരണകൂടങ്ങളുടെ ഓഡിറ്റും വന്നാല്‍ ഇവര്‍ക്ക്‌ കക്കാനുള്ള അവസരം വലിയ ഒരളവു വരെ കുറയും. മറ്റുള്ളവര്‍ കണ്ടുപിടിക്കാന്‍ ചാന്‍സ്‌ ഉണ്ടെന്ന് തോന്നിയാല്‍, അഴിമതി ചെയ്യാന്‍ പേടിക്കുന്നവര്‍ ആയിരിക്കും ഭൂരിപക്ഷവും. അതായത്‌, ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാന്‍ ആഗ്രഹമുണ്ടെങ്കിലും, നാലു പേര്‍ നോക്കി നില്‍ക്കെ അതു ചെയ്യാന്‍ മടിയും കാണും എന്നുമാത്രം. :-)

    പിന്നെ ആദ്യ വിഭാഗത്തിലെ പോലെ ഒരു ന്യൂനപക്ഷം - മണ്ണ്‍ കുഴിച്ചിട്ടായാലും അഴിമതി പുറത്തെടുക്കുന്നവര്‍ - എങ്ങിനെയായാലും കാണും. അവരെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്‌. പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും എന്ന മറ്റൊരു പഴഞ്ചൊല്ലില്‍ വിശ്വസിക്കാം എന്നു മാത്രം.

  15. അങ്കിള്‍ said...

    യുഎസ് പ്രസിഡന്റിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ പത്തിരട്ടി ശമ്പളം
    അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ഒബാമയെ കാത്തിരിക്കുന്ന വാര്‍ഷിക ശമ്പളം നാലു ലക്ഷം ഡോളര്‍ (ഏകദേശം രണ്ടു കോടി രൂപ). മറ്റാനുകൂല്യങ്ങള്‍ക്കു പുറമേയാണിത്. മാസശമ്പളം കണക്കാക്കിയാല്‍ പതിനാറു ലക്ഷത്തോളം രൂപ വരും. ഇന്ത്യന്‍ പ്രസിഡന്റിന്റെ ശമ്പളത്തിന്റെ പത്തു മടങ്ങാണിത്. ഇന്ത്യന്‍ പ്രസിഡന്റിനു ലഭിക്കുന്ന മാസശമ്പളം 1.5 ലക്ഷം രൂപ മാത്രമാണ്. വാര്‍ഷിക ശമ്പളം കണക്കാക്കിയാല്‍ 18 ലക്ഷം രൂപയും.ഇൌയിടെയാണ് ഇന്ത്യന്‍ പ്രസിഡന്റിന്റെ ശമ്പളത്തില്‍ ഇൌ വര്‍ധനയുണ്ടായത്.

    ഇൌ വര്‍ഷം ജനുവരി വരെ അന്‍പതിനായിരം രൂപ മാത്രമായിരുന്നു ശമ്പളം. ജനുവരിയില്‍ ഇത് ഒരുലക്ഷമാക്കി. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി സെപ്റ്റംബറില്‍ സമ്മേളിച്ചപ്പോഴാണു പ്രസിഡന്റിന്റെ മാസശമ്പളം 1.5 ലക്ഷമാക്കിയത്.

    വൈസ് പ്രസിഡന്റിന് 1.25 ലക്ഷവും ഗവര്‍ണര്‍ക്ക് 1.10 ലക്ഷവുമാണു മാസശമ്പളം.ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഒബാമയ്ക്കു ശമ്പളത്തിനു പുറമേ അന്‍പതിനായിരം ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) വിവിധ ഒൌദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള ചെലവിലേക്കു നല്‍കും. ഇൌ തുകയില്‍ ഉപയോഗിക്കാതെ ബാക്കി വരുന്നതു ട്രഷറിയിലേക്കു മടക്കി നല്‍കണം.
    [malayala manorama daily dated 10-11-2008]

  16. ഒരു യാത്രികന്‍ said...

    അംബിയുടെ അഭിപ്രായം തന്നെയാണ് എനിക്കും. എന്‍റെ മനസ്സിലും വളരെകാലമായി ഉണ്ടായിരുന്ന തോന്നല്‍.........സസ്നേഹം

  17. jayanEvoor said...

    നന്നായി പ്രവർത്തിക്കുന്ന ഒരു എം.പിയ്ക്ക് ഇത്രയും ശമ്പളം വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

    പിന്നെ, ജനപ്രതിനിധി നാട്ടിൽ മുഴുവൻ കല്യാണവും, ചാവടിയന്തിരവും കൂടി, ക്ലോസ് അപ്പ് ചിരിയുമായി നടക്കണം എന്നും ഇല്ല.

    നന്നായി കാര്യം ചെയ്താൽ മതി.

    ചെയ്യുമൊ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം!

  18. വാക്കേറുകള്‍ said...

    മുതലാളിത്വത്തേക്കാള്‍ വലിയ ചൂഷണമാണല്ലോ മാര്‍ക്കിസ്റ്റാര്‍ നടത്തുന്നേ അലേ അങ്കിളേ?
    നാട്ടാര്‍ക്കെന്ന് പിരിവു (പിഴിവ്) വേണ്ടുവോളം അവര്‍ എടുക്കുന്നുണ്ട്. അതും കൂടാതെ എം.പിമാര്‍ അടക്കം ഉള്ള തൊഴിലാളികള്‍ടെ പോക്കറ്റും പിഴിയുന്നു. നാണമില്ലല്ലോ മുതലാളിത്വത്തെ പറ്റി കുറ്റം പറയുവാന്‍...

  19. Anonymous said...

    മന്ത്രിമാരുടെ സ്റ്റാഫിന് കുടുംബപെന്‍ഷനും കമ്യൂട്ടേഷനും
    തിരുവനന്തപുരം: രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും. ഒപ്പം സര്‍ക്കാര്‍ജീവനക്കാരെക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് മറ്റൊരു മേഖലയിലുമില്ലാത്ത ഈ ആകര്‍ഷണീയ സേവനവ്യവസ്ഥകള്‍.

    മന്ത്രിമാര്‍ സ്വന്തം സ്റ്റാഫിലേക്ക് നേരിട്ട് നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കമ്യൂട്ടേഷനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്​പീക്കറുടെയും ഡെപ്യൂട്ടി സ്​പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതികളുടെ അധ്യക്ഷന്‍മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

    അടിസ്ഥാനയോഗ്യതയോ യോഗ്യതാനിര്‍ണയ പരീക്ഷകളോ ഇല്ലാത്ത രാഷ്ട്രീയനിയമനങ്ങളാണിവ. മൂന്നുവര്‍ഷമാണ് പെന്‍ഷന്‍ കിട്ടാന്‍ വേണ്ട ഏറ്റവും കുറഞ്ഞ സേവനകാലം. രണ്ടു വര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ അത് മൂന്നുവര്‍ഷമായി കണക്കാക്കും. ഇവര്‍ക്ക് 1982 ഏപ്രില്‍ ഒന്നുമുതലാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ആദ്യം നൂറുരൂപയായിരുന്നെങ്കിലും 2006ല്‍ ഇത് 600രൂപയാക്കി വര്‍ധിപ്പിച്ചു. ഇതേ തീയതിയിലും ശേഷവും സര്‍വീസിലുണ്ടായിരുന്നവരുടെ ആശ്രിതര്‍ക്കാണ് ഇപ്പോള്‍ 600 രൂപ വീതം കുടുംബപെന്‍ഷന്‍ അനുവദിച്ചിട്ടുള്ളത്. മന്ത്രിമാരുടെ സ്റ്റാഫിലെ പകുതിയോളംപേര്‍ ഇത്തരം ജീവനക്കാരാണ്.

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ ഏറ്റവും കുറഞ്ഞത് പത്തുവര്‍ഷത്തെ സര്‍വീസ് വേണം. എന്നാല്‍ ശരാശരി 30 വയസ്സുമുതലാണ് മന്ത്രിമാരുടെ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങിത്തുടങ്ങുന്നത്. സര്‍ക്കാരിന്‍േറതല്ലാത്ത മറ്റു ജോലികള്‍ സ്വീകരിച്ചാലും ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കും. രണ്ടുവര്‍ഷത്തെ സേവനത്തിന് ഏതാണ്ട് 50 വര്‍ഷത്തോളം ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിന്. മരണശേഷം പിന്നെ കുടുംബത്തിനും.[maathrubhumi 4=12=2010]

    സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അതേ നിരക്കിലുള്ള പെന്‍ഷന്‍ കമ്യൂട്ടേഷനാണ് ഇവര്‍ക്കും അനുവദിച്ചിരിക്കുന്നത്. കമ്യൂട്ടേഷന്‍പ്രകാരം പെന്‍ഷന്‍ വിഹിതം മുന്‍കൂറായി കൈപ്പറ്റാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 55 വയസ്സുവരെ കാത്തിരിക്കണം. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് കമ്യൂട്ടേഷന് വയസ്സ് ബാധകമല്ല. 25-ാം വയസ്സില്‍ പെന്‍ഷന് യോഗ്യത നേടിയാല്‍ അപ്പോള്‍മുതല്‍ കമ്യൂട്ടേഷനും യോഗ്യത നേടും. ഈ വിഭാഗത്തിലെ പെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും മാസം 100 രൂപ ചികിത്സാസഹായവും അനുവദിച്ചിട്ടുണ്ട്.

    പത്തും ഇരുപത്തിയഞ്ചും വര്‍ഷം വിവിധ മന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്തവരുണ്ട്. എന്നാല്‍ ഭൂരിഭാഗംപേരും കുറഞ്ഞ സര്‍വീസില്‍ ആനുകൂല്യങ്ങള്‍ പറ്റിപ്പിരിയുന്നവരാണ്. കൂടുതല്‍പേര്‍ക്ക് ഈ ആനുകൂല്യം കിട്ടാനായി പെന്‍ഷന്‍കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജീവനക്കാരെ മാറ്റുന്ന പതിവും മന്ത്രിമാര്‍ക്കും മറ്റുമുണ്ട്. ഒരു ഭരണകാലത്ത് പെന്‍ഷന് അര്‍ഹമായ കാലാവധിവരെ ജോലികിട്ടിയില്ലെങ്കില്‍ മറ്റൊരു ഭരണകാലത്ത് ശേഷിച്ചകാലം ജോലിചെയ്താല്‍ മതിയാവും. 2009 ആഗസ്തുവരെ 1522 പേരായിരുന്നു ഇക്കൂട്ടത്തിലെ പെന്‍ഷന്‍കാര്‍. ഇവര്‍ക്കായി വര്‍ഷം ചെലവഴിച്ചിരുന്നത് ഒന്നരക്കോടി രൂപയും.

  20. അങ്കിള്‍ said...

    അധിക വരുമാനം പാർട്ടിക്ക്.
    പാര്‍ട്ടിയുടെ ലോക്സഭാംഗം പ്രതിമാസം 75,000 രൂപയും രാജ്യസഭാംഗം 80,000 രൂപയും ലെവിയായി പാര്‍ട്ടിക്കു നല്‍കണമെന്നു സിപിഎം തീരുമാനം. പെന്‍ഷനും ഇതു ബാധകമായിരിക്കും.

    പുതിയ തീരുമാനപ്രകാരം എംപിമാരുടെ ലെവി
    ശേഖരിക്കുന്നതു സിപിഎം കേന്ദ്ര കമ്മിറ്റിയാണ്.
    പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 16,000 രൂപയില്‍ നിന്ന് അരലക്ഷമാക്കിയിരുന്നു. മറ്റ് ആനുകൂല്യങ്ങളെല്ലാം കൂടി ഒരു ലക്ഷത്തിനു മേല്‍ എംപിമാര്‍ക്കു പ്രതിമാസം ലഭിക്കും.

    എംപിമാരും എംഎല്‍എമാരും പെന്‍ഷന്‍ ഇനത്തില്‍ വന്‍തുക കൈപ്പറ്റുന്നതും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും വിലക്കിയിരിക്കുകയാണ്. 15,000 രൂപയാണു പരിധിയായി
    നിശ്ചയിച്ചിരിക്കുന്നത്. എംപിമാര്‍ക്കു നേരത്തെ 8000 രൂപയായിരുന്നു പെന്‍ഷന്‍ എങ്കില്‍, ഇപ്പോള്‍ അത് 25,000 രൂപയാണ്. എംഎല്‍എമാര്‍ക്കു 4000 രൂപയും.

    ഇപ്പോഴത്തെ നിലയില്‍ പ്രതിമാസം 15,000 രൂപ കൊണ്ട് ഒരു നേതാവിനു കഴിഞ്ഞു കൂടാം. ബാക്കി പാര്‍ട്ടിക്ക്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗമാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. [മനോരമ വാർത്ത: 16-12-2010]