Monday, August 9, 2010

സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്‍ഫോര്‍മന്‍സ് - KSEB

വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്‍ഫോര്‍മന്‍സ്.
ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നാലു വര്‍ഷം മുന്‍പു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്‍ഫോര്‍മന്‍സ് എന്ന പേരില്‍  ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇൌ ചട്ടങ്ങള്‍ നടപ്പാക്കാതെ  ഇതുവരെ ബോര്‍ഡ് തടിതപ്പി. ബോര്‍ഡ് നേരിട്ട് ബോധവല്‍ക്കരണം നടത്തണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല.

ബോര്‍ഡ് ഒാഫിസുകളില്‍ നോട്ടീസായി പോലും കമ്മിഷന്റെ നിര്‍ദ്ദേശം പരസ്യപ്പെടുത്തിയതുമില്ല. 


ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ നേരിട്ട്  രംഗത്തെത്തിയത്. വൈദ്യുതി തകരാര്‍ സംബന്ധിച്ച് ഉപയോക്താവ്  പരാതി നല്‍കിയാല്‍  നഗരങ്ങളില്‍ എട്ട് മണിക്കൂറിനകവും ഗ്രാമങ്ങളില്‍ ആറു മണിക്കൂറിനകവും പരിഹരിക്കണം. അല്ലെങ്കില്‍ 25 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. (ലൈന്‍, ട്രാന്‍സ്ഫോമര്‍ എന്നിവയുടെ   തകരാറാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് പിന്നീട് ഭേദഗതി വരുത്തി). ട്രാന്‍സ്ഫോമറിലെ തകരാറിനെക്കുറിച്ചുള്ള പരാതികള്‍ 24 മണിക്കൂറിനകം തീര്‍ത്തില്ലെങ്കില്‍ ഉപയോക്താക്കള്‍ക്കു 25 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാം. മീറ്റര്‍ തകരാര്‍ ഒരു മാസത്തിനകം പരിഹരിച്ചില്ലെങ്കില്‍ ദിവസം 10 രൂപ വീതമാണു പിഴ.  പുതിയ കണക്ഷന്‍ അപേക്ഷ നല്‍കി ഒരു മാസത്തിനകം   നല്‍കിയില്ലെങ്കില്‍ 50 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരും.

 ബോര്‍ഡിന്റെ മറ്റെല്ലാ സേവനങ്ങള്‍ക്കും സമയപരിധി നിശ്ചയിച്ചു പിഴ ഏര്‍പ്പെടുത്താന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. പ്രകൃതിക്ഷോഭം, സബ് സ്റ്റേഷനിലെ തീപ്പിടിത്തം എന്നിവ മൂലമുണ്ടാവുന്ന വൈദ്യുതി തടസ്സങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കില്ല. 2006ല്‍ ആണു സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്‍ഫോര്‍മന്‍സിനു കമ്മിഷന്‍ രൂപം നല്‍കിയതെങ്കിലും നടപ്പാക്കാന്‍ കെഎസ്ഇബി സാവകാശം ചോദിച്ചു. 2009 ഏപ്രിലില്‍ അന്ത്യശാസനം നല്‍കിയെങ്കിലും കെഎസ്ഇബി ഒരു വര്‍ഷം കൂടി സമയം നീട്ടിവാങ്ങി. ആ കാലാവധിയും തീര്‍ന്നിട്ടും പൊതുജനങ്ങളെ അറിയിക്കാനോ പരാതി ശേഖരണത്തിനും നഷ്ടപരിഹാര വിതരണത്തിനും സംവിധാനമൊരുക്കാനോ ബോര്‍ഡ് തയാറായില്ല.

ഇൌ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം വരുത്തി ഫെബ്രുവരി 17 ന് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ബോര്‍ഡ് അനങ്ങിയില്ല. കാരണം യഥാവിധി നഷ്ടപരിഹാരം നല്‍കിയാല്‍ ഒാരോ വര്‍ഷവും കോടിക്കണക്കിനു രൂപ നീക്കിവയ്ക്കേണ്ടി വരുമെന്നതു തന്നെ. എല്ലാ ഡിവിഷനുകളിലും മോഡല്‍ സെക്ഷന്‍ ഒാഫിസുകള്‍ രൂപീകരിച്ചതോടെ നഷ്ടപരിഹാര ചുമതലയില്‍ നിന്ന് ബോര്‍ഡിന് ഇനി ഒഴിവാകാന്‍ കഴിയില്ല. എല്ലാ പോരായ്മകളും പരിഹരിച്ചാണ് മോഡല്‍ ഒാഫിസുകള്‍ രൂപീകരിച്ചതെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. നഷ്ടപരിഹാരം നല്‍കേണ്ടിവന്നാല്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഇൌടാക്കാനുള്ള പദ്ധതിയാണ് ബോര്‍ഡിന്റേത്.  എംപ്ലോയീസ് കോണ്‍ഫെഡറേഷനെ (ഐഎന്‍ടിയുസി) മോഡല്‍ ഒാഫിസ് രൂപീകരണ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചിരുന്നില്ല. നഷ്ടപരിഹാരം ജീവനക്കാരില്‍ നിന്ന് ഇൌടാക്കാനുള്ള നീക്കത്തെ കോണ്‍ഫെഡറേഷന്‍ ശക്തമായി എതിര്‍ക്കുന്നു. അംഗീകാരമുള്ള ഭരണപക്ഷയൂണിയനുകളാകട്ടെ നിശബ്ദത പാലിക്കുകയാണ്. (വാർത്ത: മനോരമ:9-8-2010)

Buzz ല്‍‌ പിന്തുടരുക

1 comments:

  1. വാക്കേറുകള്‍ said...

    ഹാഹ് അപ്പോള്‍ ഇനി ഫീസു കെട്ടിയില്ലേല്‍ നാട്ടുകാര്‍ക്ക് കൈക്കൂലി നല്‍കേണ്ടിവരും അല്ലേ അങ്കിളേ? കൊള്ളാം