Thursday, February 21, 2008

വിവരാവകാശ നിയമം - അതിന്റെ പേരില്‍ എന്തും ചോദിക്കാമോ?

ഈ പോസ്റ്റെഴുതാന്‍ കാരണം താഴെ കാണിച്ചിരിക്കുന്ന രണ്ടു കാര്യങ്ങളാണ്‌.

1. മാതൃഭൂമിയുടെ 'തൊഴില്‍ വാര്‍ത്ത'യില്‍ വന്ന ഒരു ലേഖനവും അതിനെതിരായി Calicutter പത്രാധില്‍പര്‍ക്കയച്ചിരിക്കുന്ന കത്ത്‌
2. കേരളാ ഫാര്‍മര്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന വിവരം.

വിവരാവകാശ നിയമം വായിച്ചതില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌, ചോദിച്ച വിവരമെന്തായാലും നല്‍കുവാന്‍ ഒരു പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ കഴിയില്ലെന്നു മാത്രമല്ല, നിയമം അങ്ങനെ അനുശാസിക്കുന്നുമില്ലെന്നാണ്‌.

2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന്‌ 120 ദിവസത്തിനകം പൊതു അധികാരികല്‍ അവരുടെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ട കുറേ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌`(വകുപ്പ്‌ 4 (ബി)).

അതില്‍ അഞ്ചാമത്തേത്‌ഃ പ്രവര്‍ത്തന നിര്‍വഹണത്തിനായി ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ നിയന്ത്രണത്തിലോ കൈവശമോ ഉള്ള നിയമങ്ങളും ചട്ടങ്ങളും രേഖകളും ലഘുഗ്രന്ഥങ്ങളും ഏതെല്ലാമെന്ന്‌ പ്രഖ്യാപിക്കുക;

ആറാമത്തേത്‌ഃ അതിന്റെ കൈവശമുള്ളതോ നിയന്ത്രണത്തിലോ ഉള്ളതായ പല വിഭാഗങ്ങിളിലുമുള്ള പ്രമാണങ്ങളെ കുറിച്ചുള്ള ഒരു പ്രസ്താവന.

വകുപ്പ്‌ 2 പ്രകാരം 'വിവരം' എന്നതിനെ നിര്‍വചിച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌:

എന്താണ്‌ വിവരം:-നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന:-
രേഖകള്‍,
പ്രമാണങ്ങള്‍,
കുറിപ്പുകള്‍,
പേപ്പറുകള്‍,
ഈ-മെയിലുകള്‍,
അഭിപ്രയങ്ങള്‍,
ഉപദേശങ്ങള്‍,
പത്രകുറിപ്പുകള്‍,
സര്‍ക്കുലറുകള്‍,
ഉത്തരവുകള്‍,
ലോഗ്‌ബുക്കുകള്‍,
കരാറുകള്‍,
റിപ്പോര്‍ട്ടുകള്‍,
സാമ്പിളുകള്‍,
മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,
ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.

തല്‍ക്കാലം നമ്മുടെ വിഷയത്തിലേക്ക്‌ കടക്കാന്‍ ഇത്രയും മതി.

ഈ നിയമം വഴിയുള്ള വിവരാവകാശം സുഗമമായി ലഭ്യമാക്കുന്നതിലേക്കാണ്‌ മേപ്പടി പട്ടികകള്‍ തരം തിരിച്ച്‌ പ്രസിദ്ധീകരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌. അതായത്‌ നാം ചോദിക്കുന്ന 'വിവരം' മുകളില്‍ പറഞ്ഞ അഞ്ചാമത്തേയോ ആറാമത്തേയോ ഐറ്റത്തിനകത്തുള്ളതായിരിക്കണം എന്നല്ലേ മനസ്സിലാക്കേണ്ടത്‌. ഒരാഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ പറയാത്ത കാര്യങ്ങള്‍ അവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ലല്ലോ.

ഇനി വിഷയത്തിലോട്ട്‌ വരാം. താഴെ എഴുതിയിട്ടൂള്ള തരത്തിലുള്ള ചോദ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചാല്‍ അതു നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണോ എന്നതാണ്‌ ഇവിടുത്തെ കാതലായ പ്രശ്നം.

ചോദ്യംകഴിഞ്ഞ 20 വര്‍ഷക്കാലത്ത്‌ എത്രപേര്‍ ബി.എ. പരീക്ഷ എഴുതി?, അതില്‍ ആണെത്ര? പെണ്ണെത്ര? അവരില്‍ എത്രപേര്‍ക്ക്‌ ഫസ്റ്റ ക്ലാസ്സുണ്ട്‌? എത്രപേര്‍ ജയിച്ചിട്ടും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാതിരുന്നിട്ടുണ്ട്‌?

ചോദ്യംഃ എം.ബി.ബി.എസ്സ്‌. പരീക്ഷക്ക്‌ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ എത്രപേര്‍ അപേക്ഷിച്ചു? അവരുടെ ജാതി തിരിച്ചുള്ള കണക്കെത്ര?

ചോദിച്ചയാളിന്റെ ആവശ്യം, മേല്‍ചോദിച്ചകാര്യങ്ങളെല്ലാം കൂടി ഒരു കാപ്സൂള്‍ പരുവത്തിലാക്കി ഒറ്റപേജ്‌ രൂപത്തില്‍ ഇങ്ങ്‌തന്നാല്‍ ഒരു പേജിനുള്ള രണ്ടു രൂപ അങ്ങു തരും, അപേക്ഷാഫീ പത്തു രൂപാ വേറേ.

ഒന്നാമത്തെ ചോദ്യത്തിലുള്ള വിവരങ്ങളെല്ലാം തന്നെ ഒരു യൂണിവെര്‍സിറ്റിയുടെ ഓഫീസ്സില്‍ കാണാന്‍ സാധ്യതയുണ്ട്‌. പ്രശ്നം അവിടെയല്ല. ആ വിവരങ്ങളെല്ലാം ക്രോഡീകരിച്ച്‌ നാം ചോദിച്ച രീതിയില്‍ തയ്യാറാക്കിയ പ്രമാണങ്ങള്‍ അവിടെയുണ്ടാകുമോ. ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ രേഖയുടെ ഒരു പകര്‍പ്പ്‌ നല്‍കുവാന്‍ യൂണിവേര്‍സിറ്റി ബാധ്യസ്ഥരാണ്‌. ഇല്ലെങ്കിലോ? ആ വിവരങ്ങള്‍ കിടക്കുന്ന ആയിരക്കണക്കിനു ഫയലുകളെയും, രജിസ്റ്ററുകളേയും തപ്പിപ്പിടിച്ച്‌ ആവശ്യപ്പെട്ട പ്രകാരം ഒന്നിച്ചാക്കി നമുക്ക്‌ നല്‍കുവാന്‍ സാധ്യമാണോ? നിയമം അങ്ങനെ നിഷ്‌കര്‍ഷിക്കുന്നുണ്ടോ? ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം.

വിവരം (വകുപ്പ്‌ 2 എഫ്‌), പൊതു അധികാരിയുടെ കടമകള്‍ (വകുപ്പ്‌ 4 ബി), വിവരം നല്‍കുന്നതിനു കൊടുക്കേണ്ട ഫീസ്‌(ചട്ടം 4 എ), ഒരാഫീസില്‍ ചെന്ന്‌ അവിടെ ഉള്ള രേഖകള്‍ എന്തെല്ലാമെന്ന്‌ നേരിട്ട്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള പരിശോധനാ ഫീസ്‌(ചട്ടം 4 ഡി) എന്നീ കാര്യങ്ങളെ പറ്റി വിവരാവകാശനിയമവും, അതിന്റെ അടിസ്താനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങളേയും ചേര്‍ത്ത്‌ വായിച്ചപ്പോള്‍ ഉണ്ടായ അഭിപ്രായമാണിത്‌. ഇരുമ്പുലക്കയൊന്നുമല്ല. ആര്‍ക്കും നിഷേധിക്കാം, വേറെ രീതിയില്‍ വ്യാഖ്യാനിക്കാം.

കുറച്ചുകൂടെ വിശദമാക്കട്ടെ. 'വിവരം' എന്നാലെന്തെന്ന്‌ നേരത്തേ നാം കണ്ടു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കേണ്ടതും, ഉണ്ടാക്കുന്നതുമായ രേഖകള്‍ എന്തൊക്കെ ആയിരിക്കുമെന്ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.(120 ദിവസത്തിനുള്ളില്‍). അപേക്ഷാഫീ കൂടാതെ നമുക്ക്‌ നല്‍കുന്ന വിവരങ്ങള്‍ക്ക്‌, ഓരോ പേജിനും 2 രൂപാ നിരക്കില്‍ അധികഫിയും നല്‍കണം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌ ഒരാഫീസ്സില്‍ സൂക്ഷിക്കുന്ന രേഖകളുടെ പകര്‍പ്പല്ലേ ചോദിക്കാനാവു?. അല്ലാതെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ലല്ലോ. ഉത്തരമായിരുന്നെങ്കില്‍ ഓരോ ഉത്തരങ്ങള്‍ക്കും/ ചോദ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീയെ പറ്റിയും പറയുമായിരുന്നു. എന്തൊക്കെ രജിസ്റ്ററുകളുണ്ടെന്ന്‌ നേരിട്ട്‌ പരിശോധിക്കാനും നിയമം അനുവാദം നല്‍കുന്നുണ്ട്‌. അല്ലാതെ നമുക്ക്‌ വേണ്ടുന്ന രീതിയില്‍ വിവരങ്ങളെ കോഡീകരിച്ച്‌ തരാന്‍ തുടങ്ങിയാല്‍ അഫീസുകളില്‍ അതിനുമാത്രമല്ലേ സമയമുണ്ടാകൂ. ഒരാഫീസില്‍ ഉണ്ടാകാവുന്ന പ്രാധമികവിവരങ്ങളുടെ അടിസ്താനത്തില്‍ എത്രയെത്ര തരത്തിലാണ്‌ വിവരങ്ങളെ കോഡീകരിച്ചെടുക്കാവുന്നത്‌. ചോദിക്കുന്നയാളിന്റെ മനോഗതിയനുസരിച്ചിരിക്കും അക്കാര്യങ്ങള്‍.

ഇവിടെ യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചിരിക്കുന്ന വിവരങ്ങളിരിക്കുന്നത്‌ വെവ്വേറെ ഫയലുകളിലും, രജിസ്റ്ററുകളിലുമാണെങ്കില്‍ അതിന്റെയെല്ലാം പേജുകളുടെ പകര്‍പ്പ്‌ തരാന്‍ തയ്യാറാണെന്നും, എല്ലാം കൂടി ആയിരത്തോളം പേജുകള്‍ വരുമെന്നും പറന്‍ഞ്ഞ്‌ 2000 രൂപ ആവശ്യപ്പെട്ടാലോ?. എന്നാലും, നമുക്കാവശ്യമുള്ള രീതിയിലുള്ള വിവരം നമ്മള്‍ തന്നെ കിട്ടിയ രേഖകളില്‍ നിന്നും ക്രോഡീകരിച്ചെടുക്കേണ്ടി വരും.അതുകൊണ്ട്‌ മാതൃഭൂമിപത്രത്തിലെ തൊഴില്‍ വീഥിയില്‍ എഴുതിയ ലേഖനത്തെ കാലിക്കട്ടര്‍ വിമര്‍ശിച്ചതുപോലെ ചെയ്യാന്‍ ഞാനാളല്ല.

ഇനി, കേരളാ ഫാര്‍മരുടെ ആവശ്യം. മേല്‍ വിവരിച്ചതു പോലെ തന്നെയാണിതും. ചോദിച്ച രീതിയിലുള്ള വിവരം റബ്ബര്‍ ബോര്‍ഡില്‍ അതേപടി ഉണ്ടെങ്കില്‍ നല്ലത്‌. ഇല്ലെങ്കില്‍ അതുണ്ടാക്കി തരുമെന്ന്‌ എനിക്കുറപ്പില്ല. പിന്നെ റബ്ബര്‍ ബോര്‍ഡ്‌ ഒരു വാണിജ്യ സ്ഥാപനം പോലെ പ്രവര്‍ത്തിക്കുന്നതാണ്‌. മിക്കവാറും കാര്യങ്ങള്‍ അവിടെ കംപൂട്ടറില്‍ കൂടിയായിരിക്കും നിര്‍വഹിക്കുക. അങ്ങനെയെങ്കില്‍, കേരളാ ഫാര്‍മര്‍ ചോദിച്ചരീതിയിലുള്ള ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കാനുള്ള പ്രോഗ്രാം നിലവിലുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉടനെ ഉണ്ടാക്കാന്‍ കഴിവുള്ള ഐറ്റി പ്രഗല്‍ഭര്‍ ഉണ്ടെങ്കില്‍ കേരളാ ഫാര്‍മര്‍ രക്ഷപെട്ടു.

പത്താം ക്ലാസ്സും ഗുസ്തിയും കൈമുതലുള്ള യുണിവേര്‍സിറ്റിയിലെ ഗുമസ്തര്‍ക്ക്‌ ഇതു കഴിയുമോയെന്തോ.

ഏതായാലും അധികം പഴക്കമുള്ള നിയമമല്ല. തുടക്കത്തില്‍ നമുക്ക്‌ എന്തും ചോദിച്ചു നോക്കാം. 120 ദിവസത്തിനുള്ളില്‍ പൊതു അധികാരികള്‍ ചെയ്തു വക്കേണ്ടിയിരുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ അവര്‍ കുടുങ്ങിയതു തന്നെ. ഇപ്പോഴെങ്കിലും അക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടി വരും. ഇല്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരുടേയും മുഴുവര്‍ സമയവും പോതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കുന്നതിലേക്ക്‌ വേണ്ടി ചിലവാക്കേണ്ടി വരുമെന്നത്‌ ഒരു സത്യം മാത്രം. പിന്നൊരു കാര്യം: ശമ്പളം കിട്ടണമെങ്കില്‍ ജോലി ചെയ്താല്‍ പോരേ. എന്തു ജോലി ചെയ്യണമെന്ന്‌ നിര്‍ബന്ധിക്കാതിരുന്നാല്‍ മതിയല്ലോ.

കഥയും കവിതയും മാത്രം വായിച്ചു പോകുന്ന ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഈക്കാര്യങ്ങള്‍ കൂടി വായിച്ച്‌ വിശകലനം ചെയ്യാന്‍ തയ്യാറായെങ്കില്‍!!! പൊതുനന്മയെ ഉദ്ദേശിച്ചാണേ.....

ആധാരം:1.Right to Information Act 2005
2.The kerala Right to information (Regulation of fee and cost) Rules 2006

21-02-2008 ല്‍ കൂട്ടിച്ചേര്‍ത്തത്‌:
കേന്ദ്ര മുഖ്യ വിവരകമ്മീഷ്ണറുടെ ഒരു പ്രധാനപ്പെട്ട തീരുമാനം ഉണ്ടായിരിക്കുന്നു. അതടിസ്ഥാനത്തില്‍ ഞാനിട്ട പുതിയ പോസ്റ്റ് ഇവിടെ കാണാം.

Buzz ല്‍‌ പിന്തുടരുക

10 comments:

  1. അങ്കിള്‍. said...

    കഥയും കവിതയും മാത്രം വായിച്ചു പോകുന്ന ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഈക്കാര്യങ്ങള്‍ കൂടി വായിച്ച്‌ വിശകലനം ചെയ്യാന്‍ തയ്യാറായെങ്കില്‍!!! പൊതുനന്മയെ ഉദ്ദേശിച്ചാണേ.....

  2. keralafarmer said...

    അങ്കിളേ,
    സംസ്ഥാനത്തുനിന്ന് വിവരം ലഭിക്കാന്‍ ഏതു കോടതി വരാന്തയിലും കിട്ടുന്ന പത്തു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് മതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിവരം ലഭിക്കാന്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പോര. പകരം ഡി.ഡി ആണെങ്കില്‍ പത്തു രൂപയുടെ ഡി.ഡി എടുക്കാന്‍ മുപ്പതു രൂപ കമ്മീഷന്‍ നല്‍കണം. അപ്പോള്‍ മണിയോര്‍ഡര്‍ ആകും ഉത്തമം. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച വ്യക്തിക്ക് അപേക്ഷിച്ച പ്രകാരം ലഭ്യമല്ല പകരം ലഭ്യമായത് എന്താണ് എന്നെങ്കിലും പറയില്ലെ?
    "2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന്‌ 120 ദിവസത്തിനകം പൊതു അധികാരികള്‍‍ അവരുടെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ട കുറേ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌`(വകുപ്പ്‌ 4 (ബി))."
    മേല്‍പ്പറഞ്ഞത് നടപ്പിലാക്കിയില്ലാത്ത പൊതു അധികാരികള്‍ക്ക് എതിരെ എന്തെങ്കിലും നടപടിയെങ്കിലും വേണ്ടതല്ലെ?

  3. അങ്കിള്‍ said...

    മാരീചന്‍ കാലിക്കട്ടറുടെ പോസ്റ്റില്‍ഇട്ട കമന്റിനുള്ള മറുപടിയാണിത്‌.

    പ്രീയ മാരീചന്‍,

    ഞാന്‍ രണ്ട്‌ ബ്ലോഗ്‌ നടത്തുന്നുണ്ട്‌. ഒന്ന്‌ 'ഉപഭോക്താവ്‌' എന്ന പേരിലും മറ്റേത്‌ 'സര്‍ക്കാര്‍ കാര്യം മുറപോലെ' എന്ന പേരിലും. ഈ രണ്ട്‌ ബ്ലോഗ്ഗ്‌ കളിലേയും ഏതെങ്കിലും ഒരു പോസ്റ്റ്‌ വായിച്ചിട്ടുണ്ടെങ്കില്‍ മാരീചന്‌ എന്നിലുണ്ടായ സംശയം ഉണ്ടാകില്ല.

    വിവരാവകാശ നിയമത്തെ പറ്റി അഞ്ചോളം പോസ്റ്റുകളാണ്‌ ഞാന്‍ അവിടെ കൊട്ടുത്തിട്ടുള്ളത്‌. അത്തില്‍ വിവരാവകാശ നിയമത്തിന്റെ ഏതാണ്ട്‌ എല്ലാ കാര്യങ്ങളെ പറ്റിയും പ്രദിപാദിക്കുകയും ചെയ്തിട്ടുണ്ട്‌. ആ നിലക്ക്‌ വിവരാവകാശ നിയമത്തെ ബാധിക്കുന്ന ഒരു പോസ്റ്റ്‌ വായിച്ചപ്പോള്‍ ഈ നിയമത്തെ പറ്റി ആദ്യമേ പോസ്റ്റിട്ട ഒരാളെന്ന നിലക്ക്‌ എന്റെ അഭിപ്രായവും പറയേണ്ടതല്ലേ എന്നു വിചാരിച്ചാണ്‌ ഞനീ പോസ്റ്റിട്ടത്‌. അതു ആര്‍ക്കൊക്കെ ഇഷ്ടപ്പെടും, ഇഷ്ടപ്പെടൂല്ലാ എന്നോന്നും ഞാന്‍ നോക്കീല്ല, നോക്കാറും ഇല്ല.

    അങ്കിള്‍ എന്ന ബ്ലോഗറെ ഒരധികാരിക്കും വിലക്കെടുക്കാന്‍ കഴിയില്ലെന്ന്‌ മാരീചന്‌ ഉറപ്പു നല്‍കുന്നു. ചിലര്‍ പൊതുജനസേവനം(രാഷ്ട്രീയം) ജീവനമാര്‍ഗ്ഗമായി തിരന്‍ഞ്ഞെടുക്കുന്നതുപോലെ ഞാന്‍ ജീവനമാര്‍ഗ്ഗമായി തെരന്‍ഞ്ഞെടുത്തത്‌ സര്‍ക്കാര്‍ സേവനമായിപോയി. അതിലെനിക്കഭിമാനമേ ഉള്ളൂ. ഇപ്പോള്‍ റിട്ടയറും ചെയ്തു. ഒരു ഉദ്ദ്യോഗസ്ഥന്റെ മുകളിലല്ലേ ജനപ്രതിനിധികളും, മന്ത്രിമാരും?. തിരുവനന്തപുരത്ത്‌ എവിടെത്തിരിഞ്ഞാലും അവരെയല്ലേ കാണാനും കഴിയുക. ഏതെങ്കിലും ഒരാളെ പിടിച്ച്‌ എന്നെ ഒന്നു സ്വാധീനിക്കാന്‍ മാരീചന്‌ ശ്രമിച്ചുനോക്കാവുന്നതേയുള്ളൂ. നടക്കുമോയെന്നറിയാനായിട്ട്‌. ഏതൊരു യൂണിവേര്‍സിറ്റിയിലെ ഉദ്ദ്യോഗസ്ഥരെക്കാളും ഇവര്‍ക്ക്‌ അതിന്‌ കഴിയേണ്ടതല്ലേ.?

    ദയവുചെയ്ത്‌ അത്തരത്തിലെന്നെ കാണരുതെന്നപേക്ഷ.

    കഴിന്‍ഞ്ഞ 25 കൊല്ലത്തിനിപ്പുറം ഒരു മാസം പോലും മാതൃഭൂമി പത്രം ഞാന്‍ സബ്‌സ്ക്രൈബ്‌ ചെയ്തിട്ടില്ല. അതുമായി ബന്ധപ്പെട്ട ആരെയും നേരിട്ടെനിക്കറിയുകയും ഇല്ല.

    മാരീചന്‍ ഈ നിയമത്തെ പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തങ്ങളുടെ സാമാന്യ ബുദ്ധിക്ക്‌ നിരക്കുന്നതായിരിക്കാം ഇല്ലെന്ന്‌ ഞാന്‍ പരയുന്നില്ല.

    ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞതൊന്നും എന്റെ സാമാന്യ ബുദ്ധിയില്‍ തോന്നിയതല്ല. നേരേമറിച്ച്‌, വിവരാവകാശ നിയമം വായിച്ച്‌ ആ വായനയില്‍ നിന്നും ഉടലെടുത്ത തോന്നലുകളാണ്‌. വായനക്കാരും അങ്ങനെ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ്‌ വിവരാവകാശനിയമവും, ചട്ടങ്ങളും ഇന്റര്‍നെറ്റില്‍ എവിടെയുണ്ടെന്ന്‌ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നത്‌. ആ നിയമത്തിലെ വകുപ്പ്‌ 2(f) ല്‍ എന്താണ്‌ 'വിവരം' എന്ന്‌ നിര്‍വചിച്ചിട്ടുണ്ട്‌.(മുകളില്‍ പോസ്റ്റില്‍ നോക്കിയാലും മതി) മാരീചന്റെ മനസ്സില്‍ കാണുന്നതെല്ലാം വിവരാവകാശനിയമമനുസരിച്ച്‌ 'വിവരം' ആകുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. വകുപ്പ്‌ 2(f) ല്‍ എവിടെയാണ്‌ പല സ്ഥലങ്ങളില്‍ നിന്നും ക്രോഡീകരിച്ച്‌ എടുത്തു കൊടുക്കുന്നതും 'വിവരം' എന്ന്‌ പറയുന്നത്‌. ഏതെങ്കിലും ആവശ്യങ്ങള്‍ക്ക്‌ വേണ്ടി പലയിടത്തും കിടക്കുന്ന വിവരങ്ങളെ ക്രോഡികരിച്ചു ഒരു പ്രമാണമാക്കി വെച്ചിട്ടുണ്ടെങ്കില്‍, ആ പ്രമാണത്തിനെ വിവരം എന്നു പറയാം. പക്ഷേ അപ്രകാരം ഒരു പ്രമാണം ഉണ്ടാക്കിയിട്ടില്ലെങ്കിലോ? എന്റെ അഭിപ്രായത്തില്‍, അത്തരത്തിലൊരു വിവരം കിട്ടാന്‍ സാധ്യതയില്ലെന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

    ക്രോഡീകരിച്ച വിവരം ഉണ്ടോ, ഇല്ലയോ എന്ന്‌ അപേക്ഷകന്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ പ്രമാണങ്ങളുടെ പ്രസിദ്ധീകരിച്ച ലിസ്റ്റ്‌ പരിശോധിക്കാന്‍ നിയമം അധികാരം നല്‍കുന്നുണ്ട്‌. അപ്രകാരം പരിശോധിക്കുന്ന ആദ്യത്തെ മണിക്കൂറിന്‌ ഫീസ്സ്‌ ഒന്നും നല്‍കേണ്ട. ശേഷമുള്ള ഓരോ അരമണിക്കൂറുകള്‍ക്കും പത്തു രൂപ വച്ച്‌ നല്‍കണം. പരിശോധനയില്‍ നമുക്കാവശ്യമുള്ള പ്രമാണം ഉണ്ടെന്ന്‌ കണ്ടാല്‍ രക്ഷപെട്ടു. എന്നാല്‍ എന്തെല്ലാം പ്രമാണങ്ങളാണ്‌ ഓരോ ഓഫീസിലും സൂക്ഷിച്ചിട്ട്ള്ളത്‌ എന്ന്‌ തയ്യാറാക്കി വച്ചു കാണാന്‍ തരമില്ല. അവിടെയാണ്‌ ഈ ഉദ്ദ്യോഗസ്ഥര്‍ ആപ്പിലായിരിക്കുന്നതും, ചോദിച്ചിരിക്കുന്ന വിവരം ഇവിടെയില്ലായെന്ന്‌ പറയാണ്‍ മടിക്കുന്നതും.

    താലൂക്കാഫീസിലെ ഒരു പരാതിയിന്മേല്‍ ഉണ്ടായ തീര്‍പ്പെന്തന്ന്‌ ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും കിട്ടും. കാരണം ആ വിവരം ഒരു ഫയലിലെ ഒരു പേജില്‍ തന്നെ ഉണ്ടാകും. എന്നാല്‍ ഒരു താലൂക്കാപ്പീസ്സില്‍ കഴിഞ്ഞ 6 മാസ്സത്തിലെടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയെന്ന്‌ ചോദിച്ചാല്‍ മാരീചന്റെ അഭിപ്രായമെന്താണ്‌.ഞാനാണ്‌ ആഫീസറെങ്കില്‍ പറയുന്നതിങ്ങനെയായിരിക്കൂം:

    ഒന്‍പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊന്‍പത്‌ കേസുകല്‍ തീരുമാനിക്കപെട്ടിട്ടുണ്ട്‌. ഓരോ കേസ്‌ ഫയലിന്റേയും അവസാനത്തെ പേജില്‍ തീരുമാനം എഴുതിവെച്ചിട്ടുണ്ട്‌. ഒരു പേജിന്‌ 2 രൂപ വെച്ച്‌ 19,798 രൂപ അടുത്തുള്ള ട്രെഷറിയില്‍ അടച്ച്‌ രസീതുമായി വന്ന്‌ വിവരം കൊണ്ടു പോയ്ക്കോണം. അല്ലാതെ എന്തു ചെയ്യണമെന്നാണ്‌ മാരീചന്റെ ബുദ്ധിയില്‍ ഉദിക്കുന്നത്‌. ഈ പതിനായിരം പേജുകളുടേയും ഫോട്ടോസ്റ്റാറ്റുകളെടുത്തുകൊടുക്കുവാന്‍ ആളെ നിയമിക്കണമെന്നാണോ?

    ഞാനീപ്പറഞ്ഞ practical difificulties കണക്കിലെടുക്കാതെ നിയമക്കമ്മീഷനോ, കോടതിയോ ഒരു തീരുമാനമെടുക്കുമെന്ന്‌ മാരീചന്‌ തോന്നുന്നുണ്ടോ?.

    എല്ലാ സര്‍ക്കാര്‍ ജീവനക്കാരനും അവരവരുടെ കൂടുംബത്തില്‍ ആകെ ഉള്ളവരുടെ എണ്ണം മേലധികാരികള്‍ക്ക്‌ നള്‍കണമെന്ന്‌ സര്‍വീസ്സ്‌ ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ട്‌. ഒരു നല്ല വെളുപ്പാന്‍ കാലത്ത്‌ മാരീചന്‌ തോന്നുന്നു, കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്കും കൂടി 5 വയസ്സില്‍ താഴെ പ്രായ മുള്ള എത്ര കൂട്ടികള്‍ ഉണ്ടെന്നറിയണം. ഉത്തരംഃ 5 വയസ്സില്‍ താഴയുള്ള ആകെ കുട്ടികളുടെ എണ്ണം= XXXXXX. ഒറ്റ വരിയേ ആവശ്യമുള്ളൂ. പത്തു രൂപ അപേക്ഷാഫീയും, ഒരു പേജ്‌ വിവരത്തിനുള്ള 2 രൂപയും സര്‍ക്കാരിലെ പൊതുഭരണ വകുപ്പിലോട്ടടച്ചാല്‍ ഈ വിവരം താങ്കള്‍ക്ക്‌ 30 ദിവസത്തിനകം കിട്ടുമെന്ന്‌ തോന്നുന്നുണ്ടോ?.

    വീണ്ടും ഞാന്‍ പറയുന്നു, ഞാനീപ്പറയുന്നതൊക്കെ, നിയമം വായിച്ചപ്പോള്‍ എനിക്കു തോന്നിയതാണ്. വിവരക്കമ്മീഷനോ, ഒരു കോടതിയോ മറ്റൊരു വിധത്തില്‍ തീരുമാനിച്ചാല്‍ എനിക്ക്‌ സന്തോഷമേ ഉള്ളൂ. യാതൊരു അഭിമാനക്ഷയവും സംഭവിക്കില്ല.

    എന്റെ പോസ്റ്റില്‍ പറഞ്ഞതു പോലെ, ഇതൊരു പുതിയ നിയമമാണ്‌. പലതും കല്ലും പതിരും തിരിയാനുണ്ട്‌. അതൊന്ന്‌ ഉറക്കെ ചിന്തിച്ചു പോയാല്‍, കല്ലെറിയരുതേ....

  4. അങ്കിള്‍ said...

    വിവരാവകാശനിയമ പ്രകാരം തന്ത്രിയുടെ നഗ്ന ചിത്രം ലഭിക്കുമോ?

    ശബരിമല മുന്‍‌തന്ത്രി കണ്ഠരര് മോഹനനരേയും ഒരു സ്ത്രീയേയും ചേര്‍ത്ത്‌ നിര്‍ത്തിയുള്ള നഗ്നഫോട്ടോയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ അനുവദിക്കാമോ?

    കൊച്ചിയിലെ മട്ടാഞ്ചേരി സ്വദേശിയാണ് എറണാകുളം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. കേസ്സിന്റെ അന്വേഷണത്തില്‍ കണ്ടെടുത്ത ഫിലിം റോള്‍ ഡവലപ്പ്‌ ചെയ്തപ്പോള്‍ ആറ്‌ ചിത്രങ്ങളാണ് കിട്ടിയത്‌. പോലീസിനു ശോഭാ ജോണ്‍ നല്‍കിയ മൊഴി, ശാന്ത നല്‍കിയ മൊഴി എന്നിവയുടെ പകര്‍പ്പും ആവശ്യപ്പെട്ടിട്ടുണ്ട്‌. വിവരാവകാശ നിയമത്തിലെ വകുപ്പ്‌ 8(എച്ച്‌) പ്രകാരം കുറ്റവാളികളുടെ വിചാരണയോ അറസ്റ്റിനേയോ അന്വേഷണ പ്രക്രീയക്കോ തടസ്സം വരുത്തുന്ന വിവരങ്ങള്‍ നല്‍കണെമന്നില്ല. മാത്രമല്ല അശ്ലീലമായ ചിത്രങ്ങള്‍ കൈമാറുന്നത്‌ ഇന്‍ഡ്യന്‍ ശിക്ഷാനിയമമനുസരിച്ച്‌ ശിക്ഷാര്‍ഹവുമാണ്.

  5. അങ്കിള്‍ said...

    മാരീചന്റെ മറുപടി ഇവിടെ കാണാം

  6. Anonymous said...

    അവിടെ കമന്റ് ഡിസേബിളായതോണ്ട് ഇവ്ടെ കെടക്കട്ടെ:

    “ഇപ്പോഴും ഒരുപാടുപേര്‍ മറുമൊഴി ഉപയോഗിക്കുന്നു. ഒരുപാടുപ്പേര്‍ എന്നു പറയുമ്പോള്‍ മെജോരിറ്റി“


    ഇപ്പോഴും ഒരുപാട് പേര്‍ പത്രമാസികകള്‍ വായിക്കുന്നു, ഒരുപാട് പേര്‍ എന്ന് പറയുമ്പോള്‍ മെജോരിറ്റി. അതു കാരണം ബ്ലോഗ് എന്നുള്ളത് പറയരുത് എന്ന് പറയാന്‍ സാധിക്കില്ലല്ലോ സുഹൃത്തേ? അങ്കിള്‍ കാണിക്കുന്ന പക്ഷപാതം (factual error also) സിബുവിനു ചൂണ്ടിക്കാട്ടാ‍ന്‍ എന്തുകൊണ്ടും യോഗ്യതയുണ്ട്. വിക്കിയില്‍ ആര്‍ക്കും എഡിറ്റ് ചെയ്യാമല്ലോ. അങ്ങിനെ തോന്നുന്നുണ്ടെങ്കില്‍ അവിടെ പോയി എഡിറ്റ് ചെയ്യണം സുഹൃത്തേ അല്ലാതെ സിബുവിന്റേതല്ല വിക്കി.

    പുതിയ ബ്ലോഗേര്‍സ് വായനാലിസ്റ്റ് ഉപയോഗിക്കാന്‍ മണ്ടന്മാരാണെന്ന് കരുതുന്നത് അങ്കിളാണ്, സിബുവല്ല. ചാറ്റ് ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ ബ്ലോഗിലേക്ക് ലോഗിന്‍ ചെയ്യാന്‍ അറിയാമെങ്കില്‍ വാ‍യനാ ലിസ്റ്റും ഉപയോഗിക്കാന്‍ സാധിക്കും. അത് അവര്‍ക്ക് വിവരമുണ്ടാവില്ല എന്ന് അങ്കിളിനു എങ്ങിനെ കരുതാം?

    അങ്കിളിനു എതിരായി വരുമ്പോള്‍ വിവാദമെന്നും മത്സരമെന്നും അങ്കിള്‍ പറയുന്നത് ശരി എന്ന് പറയുമ്പോള്‍ ചര്‍ച്ചയെന്നും പറയുന്നത് തമാശ തന്നെ.

  7. അങ്കിള്‍ said...

    കേരളാ ഫാര്‍മര്‍ RTI നിയമപ്രകാരം റബ്ബര്‍ ബോര്‍ഡിനോട്‌ ചോദിച്ച കാര്യങ്ങള്‍ക്ക്‌ റബ്ബര്‍ ബോര്‍ഡ്‌ നല്‍കിയ മറുപടിയുടെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു:-

    ************“the details sought by you are not compiled in the format specified in the application. Date of export, though may not be fully available, are recorded in registers only and such pages run hundreds of pages for a year. So we have collected month wise details. Furnishing the details in the format specified by you involves lot of additional work which disproprotionately divert the resorces of the office and so cannot be considered“*************
    [Ref.No: 41/2/07-08/PUB/RTI-56 8 February 2008]

    ഞാന്‍ പോസ്റ്റില്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചിരിക്കുന്നു.

    ഇനിയൊരു പോംവഴിയുള്ളത്‌ റബ്ബര്‍ ബോര്‍ഡിന്റെ മേലധികാരികളിലാരെങ്കിലും കേരളാ ഫാര്‍മര്‍ ചോദിച്ച വിവരങ്ങള്‍ ചോദിക്കുകയാണെങ്കില്‍ റബ്ബര്‍ ബോര്‍ഡ്‌ അതു നല്‍കാന്‍ തയ്യാറാകും. അതു കഴിഞ്ഞ്‌ അപ്രകാരം മേലധികാരികള്‍ക്ക്‌ നല്‍കിയ വിവരത്തിനെ ഒരു കോപിക്ക്‌ വേണ്ടി അപേക്ഷിച്ചാല്‍ അവര്‍ക്ക്‌ നിഷേധിക്കാന്‍ കഴിയില്ല.

  8. അങ്കിള്‍ said...

    ഇന്നത്തെ മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത താഴെ കൊടുക്കുന്നു:-
    **************************
    കോഴിക്കോട് ഐഐഎമ്മിന് എതിരായ പരാതിക്കാരനു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിമര്‍ശനം

    കോഴിക്കോട് ഐഐഎമ്മിനെതിരെ പരാതിയുമായെത്തിയ വിദ്യാര്‍ഥിക്കു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിമര്‍ശനം. സ്ഥാപനത്തിലെ ഒരു വിസിറ്റിങ് അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയമേത്, അദ്ദേഹത്തിന്റെ സ്ഥിരം ജോലിയെന്ത്, സ്ഥാപനത്തിന്റെ ഫണ്ടിങ് എങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ 48 മണിക്കൂറിനകം വിവരം നല്‍കണമെന്നാവശ്യപ്പെട്ടു സമീപിച്ച ഡല്‍ഹി സ്വദേശി രവികുമാറിന്റെ നടപടി വിചിത്രമാണെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.വിവരം തേടുന്നയാളിന്റെയോ മറ്റാരുടെയെങ്കിലുമോ ജീവനോ സ്വാതന്ത്യ്രത്തിനോ ഭീഷണിയുള്ളപ്പോഴാണു 48 മണിക്കൂറിനകം വിവരം തേടേണ്ടത്.

    നിര്‍ദിഷ്ട സമയത്തിനകം വിവരം ലഭിക്കാതെ വന്നപ്പോള്‍ സ്ഥാപനത്തിലെ തന്നെ ഉന്നതസമിതിയെ പരാതിക്കാരന്‍ സമീപിച്ചില്ല. സ്ഥാപനത്തെ അപമാനിക്കാനും അനാവശ്യ സമ്മര്‍ദത്തിലകപ്പെടുത്താനുമാണു പരാതിക്കാരന്റെ ശ്രമമെന്നു കമ്മിഷണര്‍ ഒ.പി. കേസരിവാള്‍ നിരീക്ഷിച്ചു. വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു 34 അപേക്ഷകളാണു പിജി ഡിപ്ലോമ വിദ്യാര്‍ഥിയായ രവികുമാര്‍ സമര്‍പ്പിച്ചിരുന്നത്.
    **************************

    കുറ്പ്പ്‌ 1:നിയമത്തിലെ വകുപ്പ്‌ 7(1) പ്രകാരം 30 ദിവസത്തിനകം നിര്‍ദ്ദിഷ്ട ഫീസ്സ്‌ വാങ്ങി വിവരങ്ങള്‍ നല്‍കിയാല്‍ മതി.

    കുറിപ്പ്‌ 2: നിയമത്തിലെ വകുപ്പ്‌ 8(ജെ) പ്രകാരം: വ്യക്തിപരമായ വിവരങ്ങളെ സംബന്ധിക്കുന്നതോ ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതോ ആയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്‌ ഒഴിവാക്കിയിരിക്കുന്നു.

    വിവരാവകാശത്തിന്റെ ബാലപാഠം പോലും നോക്കാതെയാണീ വിദ്ദ്യാര്‍ത്ഥി പ്രവര്‍ത്തിച്ചിരിക്കുന്നത്‌.

  9. അങ്കിള്‍ said...

    ഇന്നത്തെ (1-4-2008) മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയാണ് താഴെ കൊടുക്കുന്നത്.്

    ********************************
    വിവരാവകാശ നിയമത്തിന് സെക്രട്ടേറിയറ്റില്‍നിന്നുതന്നെ തടയണ

    വിവരം നിഷേധിച്ചുകൊണ്ട് വിവരാവകാശ നിയമത്തിന് സെക്രട്ടേറിയറ്റില്‍നിന്നുതന്നെ തടയണ. ധനകാര്യവകുപ്പാണ് വിവരാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനംചെയ്ത് വകുപ്പിനു കീഴിലുള്ള ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗത്തെക്കുറിച്ച് ആരാഞ്ഞ വിവരങ്ങള്‍ നല്‍കാതിരുന്നത്.

    2006_07, 2007_08 എന്നീ സാമ്പത്തികവര്‍ഷങ്ങളില്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം നടത്തിയ പരിശോധനകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ യാത്രപ്പടിയെപ്പറ്റിയുമുള്ള വിവരങ്ങളാണ് ചോദിച്ചിരുന്നത്. ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് മാത്രമെ വിവരങ്ങള്‍ ശേഖരിക്കാനാവൂയെന്നാണ് ധനകാര്യവകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. രാജപ്പന്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നത്. അത് പൊതുതാത്പര്യത്തിന് യോജിക്കാത്തതാണെന്നും പറയുന്നുണ്ട്. വിവരാവകാശ നിയമം സെക്ഷന്‍ 7(9) പ്രകാരമാണ് വിവരങ്ങള്‍ നിഷേധിച്ചത്.

    ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം പരിശോധന നടത്തുന്നത് മുന്‍കൂര്‍ അനുമതിയോടെയാണോ? എന്ന ഒറ്റവാക്കില്‍ ഉത്തരം നല്‍കാവുന്ന വിവരംപോലും മറച്ചുവെച്ചു. ഇന്‍സ്പെക്ഷന്‍ വിഭാഗത്തില്‍ അനുവദിക്കപ്പെട്ട തസ്തികകള്‍ എത്രയെന്നും ഇപ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ എത്രയെന്നും അറിയണമെങ്കില്‍ ധനകാര്യവകുപ്പിലെ അനേകം ഫയലുകള്‍ പരിശോധിക്കണമെന്നാണ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറയുന്നത്. ഇതിന് ഏറെ മനുഷ്യാധ്വാനം വേണമെന്നും ചൂണ്ടിക്കാട്ടുന്നു.

    ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ ആകെ യാത്രപ്പടി, യാത്രപ്പടി കൈപ്പറ്റിയിട്ടും നല്‍കാനുള്ള റിപ്പോര്‍ട്ടുകള്‍, ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്, ബന്ധപ്പെട്ട വകുപ്പിന് നല്‍കാനുള്ള സമയപരിധി, ഇത് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയൊ ടീമിനെതിരെയൊ സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ചൊന്നും വിവരം നല്‍കിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞ് ഇന്‍സ്പെക്ഷന്‍ വിഭാഗം തുടര്‍നടപടി കൈക്കൊള്ളാത്ത എത്ര ഫയലുകള്‍ ഉണ്ടെന്നും ധനകാര്യവകുപ്പിന് കണക്കില്ല.

    സര്‍ക്കാര്‍ ഓഫീസുകളിലെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുന്ന ധനകാര്യവകുപ്പുതന്നെ സ്വ?ം കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നില്ലെന്നാണ് മറുപടിയില്‍നിന്ന് വ്യക്തമാകുന്നത്.

    മാത്രമല്ല, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടി വിവരാവകാശ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിക്കുന്നതുമാണ്. അപേക്ഷ നിരസിക്കുന്ന സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള കാലാവധി, അപ്പലേറ്റ് അധികാരിയുടെ വിശദാംശങ്ങള്‍ എന്നിവ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ധനകാര്യവകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ ഇത് പാലിച്ചിട്ടില്ല.
    *****************************

    കുറിപ്പ്‌. 1.വിവരാവകാശനിയമ പ്രകാരം വിവരങ്ങള്‍ നല്‍കുന്നതെങ്ങനെ പൊതുജന താല്പര്യത്തിനെതിരാവും?
    2. ചോദിച്ചിരിക്കുന്ന വിവരങ്ങളെല്ലാം തന്നെ ധന വകുപ്പില്‍ നിന്നു തന്നെ ശേഖരിക്കാവുന്നതേയുള്ളൂ. മറ്റെങ്ങും പോകണ്ട.
    3.ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്‍സ്പെക്ഷന്‍ വിംഗിന്റെ കാര്യങ്ങളാണ് ചോദിച്ചിരിക്കുന്നത്‌. ചോദിച്ച കാര്യങ്ങളെല്ലാം തന്ന ഒരു ഭരണാധികാരി അറിയേണ്ട കാര്യങ്ങളാണ്. ഇന്‍സ്പെക്ഷന്‍ വിങിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ ഈ വിവരങ്ങളില്ലാതെ ധനവകുപ്പിനു എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും. ആരും ചോദിച്ചില്ലെങ്കിലും ഈ വിവരങ്ങല്‍ ക്രോഡീകരിച്ച്‌ വക്കേണ്ടതാണ്.

    ഇക്കാരണങ്ങളാല്‍ തീര്‍ച്ചയായും അപ്പീല്‍ പോയാല്‍ കിട്ടാവുന്നതേയുള്ളൂ ഈ വിവരങ്ങള്‍ മുഴുവനും.

  10. Anonymous said...

    മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശനിയമ പ്രകാരം അറിയാൻ കഴിയുമൊ?

    ഇന്നു (9-9-2009) ഈ ചോദ്യത്തിനു മുഖ്യമന്ത്രി ശ്രീ.അച്ചുതാനന്ദൻ നിയമ സഭയിൽ മറുപടി നൽകി. ലാവ്‌ലിൻ കേസിലെ മന്ത്രിസഭാ തീരുമാനന്നങ്ങൾ വിവരാവകാശ നിയമപ്രകാരം പിണറായി വിജയനു കൈമാറിയതിൽ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ലഭിച്ച വിവരങ്ങൾ പിണറായി വിജയൻ സുപ്രിം കോടതിയിൽ സമർപ്പിച്ച തന്റെ അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു.

    അതിനെതിരെ പ്രതിപക്ഷ നേതാക്കൾ ഇന്നത്തെ നിയമസ്ഭാ സമ്മേളനത്തിൽ പ്രശ്നങ്ങൾ ഉന്നയിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തു. നിയമ സഭാ തിരുമാനങ്ങൾ വിവരാവകാശ നിയമത്തിനതീതമാണെന്നാണു പ്രതിപക്ഷം വാദിച്ചത്.