Saturday, March 10, 2007

വടക്കോട്ട്‌ തലവെച്ച്‌ ഉറങ്ങരുത്‌: ഒരു ശാസ്ത്രസത്യം.

അന്ന്‌: എടാ മോനേ വടക്കോട്ട്‌ തല വച്ച്‌ ഉറങ്ങാതെ. എത്ര പ്രാവശ്യം പറഞ്ഞു...അമ്മുമ്മയുടെ ഉപദേശം.(ആര്‌ അനുസരിക്കാന്‍...)

ഇന്നു: ഇതൊരു ശാസ്ത്രസത്യം.ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട്‌ തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത സംക്രമണത്തെ (രക്തത്തില്‍ ഇരുംബിന്റെ അംശം ഉള്ളതുകൊണ്ട്‌) പ്രതികൂലമായി ബാധിക്കുന്നു. [like poles repels and opposite poles attracts]. തുടര്‍ച്ചയായി ഇത്‌ സംഭവിച്ചാല്‍ നേരം വെളുത്ത്‌ എഴുന്നേള്‍ക്കുബോള്‍ ഓര്‍മ്മയില്‍ സുക്ഷിച്ചപലതും മറന്നുപോയെന്ന്‌ വരാം.ഉന്മേഷം ഇല്ലാതാകാം.

[ഈയിടക്ക്‌ ഒരു പുസ്തകത്തില്‍ വായിച്ചതാണ്‌ ഞാന്‍.]
ബൂലോകര്‍ ഇതിനോട്‌ യോജിക്കുന്നുണ്ടോ?
അമ്മുമ്മ ഇതൊക്കെ എങ്ങനെയറിഞ്ഞു?

Buzz ല്‍‌ പിന്തുടരുക

22 comments:

  1. Anonymous said...

    പ്പോ വരും ഉമേഷ് തല്ലാന്‍, എവിടെ പ്രൂഫ്?
    അങ്കിളേ ഉമേഷ് എന്ന്‌ സെര്‍ച്ച് ചെയ്ത്‌ പഴയ കമന്റുകളും പോസ്റ്റുകളുമൊക്കെ വായിക്കൂ.

  2. Anonymous said...

    beTakku(mOSam) thalayum vaTakku vekkaruthennaa.. charithramaRiyilla :(
    qw_er_ty

  3. Satheesh said...

    സര്‍, ഇതിപ്പോ വല്യ പുലിവാല്‍ കേസാണ്! :-) ക്രിസ്തുവിനും 500കൊല്ലം മുന്‍പ് ജീവിച്ചിരുന്ന (എന്നു പറയപ്പെടുന്ന :-)) കണ്‍ഫൂഷ്യസ് ഇതേ സംഗതി പറഞ്ഞിട്ടുണ്ട് എന്ന് ചൈനക്കാര്‍ പറയുന്നു. ക്രെഡിറ്റിപ്പം വല്യമ്മക്ക് കൊടുക്കണോ അതോ ചൈനക്കാരന് കൊടുക്കണോ എന്ന കാര്യത്തില്‍ ഒരു സംശയം! :-)
    Jokes apart, ഇത് scientifically proved ആണെന്ന് പലയിടത്തും വായിച്ചിട്ടുണ്ടെങ്കിലും കൃത്യമായ റെഫറന്‍സും സൂചികകളും തരാന്‍ ആര്‍ക്കും പറ്റിയതായിട്ട് എനിക്കറിവില്ല! ഭൂമിയുടെ മാഗ്നെറ്റിക് ഫ്ലെക്സ് ഇത്രേം വലിയ കൊടും പാതകം ചെയ്യുംന്ന് എനിക്ക് തോന്നുന്നുമില്ല!

    എന്തായാലും ഇങ്ങിനെ ഒരു ടോപിക് ഉയര്‍ത്തിക്കൊണ്ടുവന്നതിന് നന്ദി.
    (ബൂലോകത്തിന്റെ സ്വഭാവം വെച്ച് ഇതുപോലുള്ള ചര്‍ച്ചകള്‍ക്ക് ആളുകൂടാന്‍ സാധ്യത കുറവാണ്! :-))

  4. അങ്കിള്‍. said...

    പ്രീയ ഉമേഷ്‌,
    പ്രൂഫ്‌ ഇല്ലെങ്കില്‍ ഉമേഷ്‌ എന്നെ തല്ലാന്‍ വരുമെന്നും, ഉമേഷിന്റെ പഴയ കമന്റുകള്‍ വായിച്ച്‌ നോക്കാനും ഒരു അനോണി എന്നെ ഉപദേശിച്ചിരിക്കുന്നു. സത്യത്തില്‍ ഉമേഷിന്റെ ഇതേപറ്റിയുള്ള കമന്റുകളോ, പോസ്റ്റ്‌കളോ വായിക്കുവാന്‍ അതിയായ ആഗ്രഹമുണ്ട്‌. പക്ഷേ എങ്ങനെ കണ്ടുപിടിക്കും അതെല്ലാം. എനിക്കറിയില്ലല്ലോ. ഉമേഷ്‌ മലയാളം ബ്ലോഗ്‌ എന്ന്‌search ചെയ്ത്‌ നോക്കി. ഫലിച്ചില്ല്. ഉമേഷോ, മറ്റാരെങ്കിലുമോ ഈ അങ്കിളിനെ സഹായിക്കണേ.

  5. വേണു venu said...

    അങ്കിളേ.
    http://malayalam.usvishakh.net/blog/archives/203
    ഇതു നോക്കൂ.

  6. Satheesh said...

    ഉമേഷേട്ടന്റെ ബ്ലോഗ് ഇവിടെ url: http://malayalam.usvishakh.net/blog/

  7. കൈയൊപ്പ്‌ said...

    ഭൂമിയുടെ ‘കാന്തിക വലയം’ രക്തത്തിലെ അയോണുകളെ സ്വാധീനിക്കുകയില്ല. ഈ മാഗ്നറ്റിക് ഫീല്‍ഡ് നമ്മളെ ബാധിക്കുകയില്ലെന്നു മാത്രമല്ല, തലച്ചോറും ഹാര്‍ട്ടും വരെ ചെറിയ മാഗ്നറ്റിക് ഫീല്‍ഡ് ഉണ്ടാക്കുന്നുമുണ്ട്. മാഗ്നറ്റോ കാര്‍ഡിയോഗ്രാം വഴി ഇത് അളക്കാന്‍ കഴിയും.

    ഗ്ര്ഹോപകരണ വസ്തുക്കള്‍ വരെ സ്രിഷ്ടിക്കുന്ന മാഗ്നെറ്റിക് ഫീല്‍ഡിലാണു പലപ്പോഴും നമ്മള്‍ കഴിയുന്നത്. ഇലക്ട്രിക് റേസറും മറ്റും ഉദാഹരണങ്ങള്‍. ഡോണി വായിച്ചത് മാഗ്നറ്റോ തെറാപ്പിയെന്ന സ്യൂഡോ സയന്‍സിനെ പിന്തുണക്കുന്ന ഏതെങ്കിലും പുസ്തകമാവാം.

    പരുന്തുകള്‍ക്കും പൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കുമെല്ലാം ഭൂമിയുടെ കാന്തിക വലയം ഉപയോഗിച്ച് ദിശയറിയാന്‍ കഴിയുന്നുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ട്. നമ്മള്‍ക്ക് ഇത് സെന്‍സ് ചെയ്യാന്‍ കഴിയില്ല.

    qw_er_ty

  8. അങ്കിള്‍. said...

    എനിക്കു കിട്ടിയ കമന്റുകളില്‍ രണ്ടെണ്ണം അനോണിമാരുടേതാണ്‌. പക്ഷേ കമന്റ്‌ വായിച്ചാല്‍ അറിയാം അവര്‍ നമ്മുടെ കൂടെയുള്ള ബ്ലോഗര്‍മാര്‍ തന്നെയാണെന്ന്‌. അവരും സതീഷും വേണുവും പറഞ്ഞ ഉമേഷിന്റെ പോസ്റ്റ്‌കള്‍ വായിച്ച്‌ നോക്കി.അപ്പോഴാണ്‌ മനസ്സിലായത്‌ ഉമേഷിന്റെ പോസ്റ്റ്‌കള്‍ വായിച്ച്‌പോയല്‍പോരാ വായിച്ച്‌പഠിക്കുവാനുള്ളതാണെന്ന്‌. ഡെസ്ക്ടോപ്പിലേക്ക്‌ കോപ്പി ചെയ്തിട്ടു. സാവധാനം അതിലോട്ടിറങ്ങണം. പിന്നെയീപ്പറഞ്ഞ പോസ്റ്റിലൊന്നും വടക്കോട്ട്‌ തലവെച്ച്‌ കിടക്കുന്ന കാര്യത്തെപ്പറ്റി കാണുന്നില്ല.

    പിന്നെ കമന്റ്‌ചെയ്ത രണ്ട്‌ പേര്‍ക്ക്‌ ഊരും പേരും എല്ലാം ഉണ്ട്‌. പക്ഷേ, 'കൊരട്ടി' ഉപയോഗിച്ചിട്ടുണ്ട്‌, പിന്‍മൊഴികളില്‍ വരാതിരിക്കാന്‍. ഉമേശാണോ പ്രശ്നം?. ഒട്ടും പേടി വേണ്ട. ഞാന്‍ ഗ്യാരന്റി. അങ്കിള്‍ ബൂലോഗത്തില്‌ പുതിയതാണ്‌. പിന്നെ എന്റെ പ്രായത്തെ മാനിക്കാതിരിക്കുമോ?

    ഈ പ്രശ്നം ഇതിന്‌ മുന്‍പ്‌ ഇവിടെ ചര്‍ച്ചചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതെവിടെയാണെന്ന് ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകുമല്ലോ? ഒന്നു പറഞ്ഞുതരൂ. ഞാന്‍ പിന്‍ വാങ്ങിയേക്കാം. ആളെകൂട്ടാനുള്ള ശ്രമമല്ലിത്‌.

    ഏഷ്യാനെറ്റ്‌, ACV, അമൃതാടെലിവിഷന്‍ എന്നിവര്‍ അവരുടെ പ്രൈം ടൈമില്‍ തന്നെ പറഞ്ഞുകേട്ടിട്ടുള്ളതാണിത്‌. തെക്കു നിന്നു വടക്കോട്ടൊഴുകുന്ന രക്തത്തിലെ അയോണുകളെ തെക്കുള്ള കാന്തശക്തി പുറകോട്ട്‌വലിക്കൂല്ലേ. ഇത്‌ സത്യമല്ലേ?. അതിന്റെ ശക്തി എത്രത്തോളമുണ്ടാകുമെന്നത്‌ വേറൊരു കാര്യം. ഇതില്‍ സത്യമുണ്ടെന്ന്‌ കണ്ടതുകൊണ്ടാണ്‌ ഞാന്‍ വിശ്വസിച്ചത്‌. എന്റെ വിശ്വാസം ഇരുബൊലക്കയൊന്നുമല്ല. തെറ്റാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞുതന്നാല്‍ എന്റെ വിശ്വാസത്തെ തിരുത്താം.

    അനോണിയായിട്ടും, കൊരട്ടി ഉപയോഗിച്ചും പ്രതികരിച്ചവരോട്‌ വളരെ വളരെ നന്ദി.

  9. സുല്‍ |Sul said...

    അങ്കിള്‍ പറഞ്ഞത്
    “തെക്കു നിന്നു വടക്കോട്ടൊഴുകുന്ന രക്തത്തിലെ അയോണുകളെ തെക്കുള്ള കാന്തശക്തി പുറകോട്ട്‌വലിക്കൂല്ലേ. ഇത്‌ സത്യമല്ലേ?. “

    അതായത് ഭൂമിയുടെ വടക്കേ ഭാഗം ശക്തി ക്ഷയം സംഭവിച്ച് കാന്തശക്തിയൊന്നും ഇല്ലാതെ ചുമ്മാ ഇരിപ്പാണെന്നാണോ?

    അങ്ങിനെയാണെങ്കില്‍ ഉറക്കത്തിനിടയില്‍ കട്ടിലില്‍ നിന്ന് ഊര്‍ന്ന് പോയി ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ പതിക്കാതിരിക്കാന്‍ കഴുത്തിലൊരു കുടുക്കിട്ട് വല്ല ജനലഴിലും കെട്ടിയിടേണ്ടി വരുമല്ലോ അങ്കിളേ?

    -സുല്‍

  10. ഇട്ടിമാളു അഗ്നിമിത്ര said...

    വേണം കിഴക്കോട്ട്, വേണ്ട പടിഞ്ഞാട്ട്
    വേണെങ്കില്‍ തെക്കോട്ട്, പാടില്ല വടക്കോട്ട്

    ഇതെന്റെ വീട്ടില്‍ മൂത്തവര്‍ പറഞ്ഞു കേട്ടിട്ടുള്ളത്..

  11. അങ്കിള്‍. said...

    സുല്ലേ,
    "അതായത് ഭൂമിയുടെ വടക്കേ ഭാഗം ശക്തി ക്ഷയം സംഭവിച്ച് കാന്തശക്തിയൊന്നും ഇല്ലാതെ ചുമ്മാ ഇരിപ്പാണെന്നാണോ?"
    വടക്കുഭാഗത്തും തുല്ല്യശക്തിയുള്ള കാന്തശക്തിയുണ്ടാകും. പക്ഷെ പോളാരിറ്റി മാറിയിരിക്കും.
    തെക്കുനിന്നുള്ള കാന്തശക്തി വടക്കോട്ടൊഴുകുന്ന രക്തത്തിലെ അയോണുകളെ ആകര്‍ഷിക്കുകയില്ല എന്നു സുല്ലിന്‌ പറയാന്‍ കഴിഞ്ഞില്ലല്ലോ? എങ്കിലല്ലേ എനിക്കെന്റെ വിശ്വാസത്തില്‍ നിന്നും പിന്‍ മാറാന്‍ പറ്റൂ.

  12. കുടുംബംകലക്കി said...

    ഭാര്യയുടെ അടികൊണ്ട് തെക്കുവടക്കായി വീഴുമ്പം തല എവിടെയായിരുന്നാലും ദോഷംതന്നെ.

  13. സുല്‍ |Sul said...

    എന്റെ അങ്കിളേ,

    ഇതെന്ത് ചോദ്യം? ആ കമെന്റില്‍ തന്നെയില്ലേ അങ്കിളിന്റെ ചോദ്യത്തിനുള്ള ഉത്തരം? മനസ്സിലായില്ലെങ്കില്‍ പറയാം.

    ഉത്തരധ്രുവത്തിന് കാന്തശക്തി ഉണ്ട് എന്നു സമ്മതിച്ചല്ലോ. പൊളാരിറ്റി മാറിയിരിക്കും എന്നു മാത്രം. അതും ഓക്കെ.

    ഇനി എന്റെ ചോദ്യം
    “തെക്കുനിന്നുള്ള കാന്തശക്തി വടക്കോട്ടൊഴുകുന്ന രക്തത്തിലെ അയോണുകളെ ആകര്‍ഷിക്കുകയില്ല എന്നു സുല്ലിന്‌ പറയാന്‍ കഴിഞ്ഞില്ലല്ലോ?“ എന്നു അങ്കിള്‍ പറഞ്ഞില്ലേ. അപ്പോള്‍, ഭൂമിയുടെ ഉത്തരധ്രുവത്തില്‍ ഉല്‍ഭൂതമാകുന്ന പൊളാരിറ്റി മാറിയ കാന്ത ശക്തിക്ക്, നമ്മുടെ ശരീരത്തിലൂടെ ചീറിപ്പായുന്ന രക്തത്തിലെ അയോണുകള്‍ കയ്ക്കുമോ? പുളിക്കുമോ? മധുരിക്കുമൊ?

    കയ്ക്കേം പുളിക്കെം ഇല്ലെങ്കി ഈ കാന്തശക്തിക്ക് ഇപ്പറപ്പെട്ട അയോണുകളെ വടക്കോട്ടു ആകര്‍ഷിക്കാമല്ലോ. .‘. (അതായത്) ഭൂമിയുടെ ദക്ഷിണ ഉത്തര ധ്രുവങ്ങളില്‍ നിന്നുള്ള കാന്തിക ശക്തി തുല്യമെന്നിരിക്കെ, അയോണുകളെ രണ്ടിടത്തേക്കും ആകര്‍ഷിക്കുമെന്നിരിക്കെ, രണ്ടു ധ്രുവങ്ങളിലേയും വിളി കേള്‍ക്കാതെ അയോണ്‍ അയോണിന്റെ പാട്ടിനു പോകും. അത്രേയുള്ളു.ഏത്......

    -സുല്‍

  14. Suraj said...

    അങ്കിളേ,

    ഒരു സുഹൃത്ത് കാട്ടിത്തന്നതാണ് ഈ പഴയ പോസ്റ്റ് .

    ഇതേ വിഷയത്തില്‍ വന്ന ഈ പോസ്റ്റില്‍ ഈയുള്ളവന്‍ എഴുതിയ കമന്റുകളില്‍നിന്ന് ഇവിടെ പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ എടുത്തെഴുതുന്നു-


    മനുഷ്യശരീരത്തിലെ ജലതന്മാത്രകളും, ഒരു പാട് ion-കളും diamagnetic ആണ് എന്നത് ഒരു ശാസ്ത്ര സത്യം. എന്നുവച്ച് മനുഷ്യശരീരത്തിലൂടെ നാം സാധാരണ കാണുന്ന കാന്തങ്ങളിലേതു പോലുള്ള ഒരു കാന്തിക വലയം കടന്നു പോകുന്നുവെന്നൊക്കെ പറഞ്ഞാല്‍ അത് വിവരക്കേടാണ്.

    ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യന്റെ ശരീരത്തിലുണ്ടെന്നു പറയുന്ന ഈ കാന്തികതയും തമ്മിലെന്തോ പ്രതിപ്രവര്‍ത്തനമുണ്ടെന്നും അതു കൊണ്ടാണ് ‘വടക്കോട്ട് തലവച്ചു കിടക്കരുത്’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്നുമൊക്കെയുള്ള സ്റ്റുപ്പിഡ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് ശാസ്ത്രീയം എന്ന പേരില്‍!
    ഇതിന്റെ അടിസ്ഥാനത്തില്‍ മാഗ്നെറ്റോ തെറാപ്പി എന്നൊരു ചികിത്സാരീതി പോലുമുണ്ട്! ഇടയ്ക്കിടെ ടെലി ബ്രാന്റ് ഷോയിലും മറ്റും ഇതുപോലുള്ള കാന്ത-മാല, കാന്ത-ബെല്‍റ്റ് തുടങ്ങിയ ആനവിഡ്ഢിത്തങ്ങളും കാണാം.(സായിപ്പും അന്ധവിശ്വാസത്തില്‍ ഒട്ടും മോശമല്ലല്ലോ!!)


    മാഗ്നെറ്റിക് ആയ ഒരു വസ്തുവിന്റെ തന്മാത്രാതലത്തില്‍ closed ആയ current loop-കള്‍ ഉണ്ട്. ഇത് ആ തന്മാത്രകളിലെ ആറ്റങ്ങളില്‍ ചലിക്കുന്ന ഇലക്ട്രോണുകളാല്‍ ഉണ്ടാകുന്നതാണ്. ഓരൊ കറണ്ട് ലൂപ്പിനും അതിന്റേതെന്നു പറയാവുന്ന ഒരു മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റ് (magnetic dipole moment) ഉണ്ട്.

    ഒരു സ്ഥായിയായ magnetic dipole moment ഉള്ള വസ്തുവിലാണ് ഫെറോമാഗ്നെറ്റിസം കാണുന്നത്.ഫെറോമാഗ്നെറ്റ് എന്നാല്‍ സ്വയമേവ കാന്തമാകാന്‍ കഴിവുള്ള വസ്തുക്കള്‍. ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളാല്‍ ഉണ്ടാക്കുന്ന ഫെറോമാഗ്നെറ്റുകളിലെ ion-കള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇവയ്ക്ക് Pauli-യുടെ exclusion principle വച്ചു നോക്കുമ്പോള്‍ ജോഡിയില്ലാത്ത ഇലക്ട്രോണുകള്‍ (unpaired electrons) ഉണ്ണ്ടെന്നു കാണാം. ഉദാഹരണത്തിന് കാന്തിക ഇരുമ്പിന്റെ രണ്ട് 'ഒറ്റയാന്‍' ഇലക്ട്രോണുകളെ ഓര്‍ക്കുക. ഇരുമ്പിന്റ്റെയും അതുപോലുള്ള ഫെറോമാഗ്നെറ്റിക് (സ്വയമേവ കാന്തമായ) വസ്തുക്കളുടെയും സകല മാഗ്നെറ്റിക് കളികളും ഈ ഒറ്റയാന്‍ ഇലക്ട്രോണുകളുടെ magnetic dipole moment-നെ ആശ്രയിച്ചാണിരിക്കുന്നത്. കാന്തമായ ഒരു കഷ്ണം ഇരുമ്പിലെ ശതകോടിക്കണക്കിനു ആറ്റങ്ങളിലെ ജോഡിയില്ലാ-ഇലക്ട്രോണുകള്‍ തങ്ങളില്‍ ഉള്ള ഒരു self-aligning പാരസ്പര്യമാണ് കാന്തത്തെ കാന്തമാകുന്നത്. ഇത്തരത്തില്‍ സ്വയമേവ align ചെയ്ത് magnetic domain-കള്‍ ഉണ്ടാകാനൊന്നുമുള്ള കപ്പാസിറ്റി ശരീരത്തില്‍ ചിതറിക്കിടന്ന് ഒഴുകുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ ഒരു ion-നുമില്ല !

    ഒന്നാമത് , ശരീരത്തിലെ ഇരുമ്പ് ഫെറോമാഗ്നെറ്റിക് അല്ല ...! ശരാശരി മനുഷ്യശരീരത്തില്‍ ആകപ്പടെ ഉള്ളത് 4 ഗ്രാം ഇരുമ്പാണ് ! ഹ ഹ ഹ!

    ഹീമോഗ്ലോബിനും ഹീമോസിഡറിനും ഫെറിറ്റിനുമൊക്കെയായി ശരീരത്തില്‍ കാണുന്ന ഈ ഇരുമ്പ് ഏറിയ കൂറും പാരാമാഗ്നെറ്റിക് ആണ്. ഒരുകഷ്ണം ഇരുമ്പ് മാഗ്നെറ്റ് ആകുമ്പോള്‍ അതിലെ മുഴുവന്‍ ജോഡിയില്ലാ-ഇലക്ട്രോണുകളുടെയും axis-കള്‍ പുറമേ നിന്നും കൊടുക്കുന്ന ഫീല്‍ഡിന്റെ അതേ ദിശയിലാകുന്നു. ഇതിനെ മാഗ്നെറ്റിക് സാച്ചുറേഷന്‍ എന്നു ലളിതമായി പറയാം. പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ മാഗ്നെറ്റിക് സാച്ചുറേഷനിലെത്തുമ്പോഴേ ഫെറോമാഗ്നെറ്റുകളെപ്പോലെ സ്വയം കാന്തിക ശേഷിയുള്ളതായി മാറൂ.. ശരീരത്തിലെ ഇരുമ്പോ മറ്റു ലോഹങ്ങളുടെയോ തന്മാത്രകളോ ചാര്‍ജ്ജുള്ള അയോണുകളോ ഒന്നും ദുര്‍ബലമായ ഒരു കാന്തിക ഫീല്‍ഡ് ഉളവാക്കാന്‍ പോലുമുള്ള alignment ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

    കാരണം :

    1) ശരീരത്തിലെ അയോണുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഏറിയപങ്കും സഞ്ചരിക്കുന്നത്.

    2) ഇവയെ കൃത്യമായ ഒരു ദിശയിലേക്ക് കൂട്ടമായി ആട്ടിത്തെളിച്ചുകൊണ്ടുപോകാനോ ഒരു ഫീല്‍ഡ് സൃഷ്ടിക്കാനോ ഒന്നും നമ്മുടെ രക്തത്തിനോ മറ്റു സ്രവങള്‍ക്കോ കഴിവില്ല.

    3) ശരീരത്തിലെ കോശാന്തര്‍ഭാഗങ്ങളിലായാലും രക്തത്തിലായാലുമെല്ലാം, തെര്‍മല്‍ ചലനം (thermal motion) കാരണം അയോണുകളും തന്മാത്രകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ തെര്‍മല്‍ ചലനത്തെ ആദ്യം അടക്കിയാല്‍ മാത്രമേ തന്മാത്രകള്‍ക്ക് സ്വസ്ഥമായി മേല്‍പ്പറഞ്ഞപോലെ ഒന്ന് align ചെയ്ത് മാഗ്നെറ്റിക് ഡൊമെയിനുകള്‍ സൃഷ്ടിക്കാനും മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ടാക്കാനും കഴിയൂ. നമ്മുടെ തെര്‍മല്‍ ചലനത്തെ പൂര്‍ണ്ണമായി അടക്കണമെങ്കില്‍ മനുഷ്യശരീരത്തെ പൂജ്യം ഡിഗ്രി സെന്റീഗ്രേഡിലും വളരെ താഴേക്ക് താപനില താഴ്ത്തണം. ലബോറട്ടറി കണ്ടീഷനുകളില്‍ പോലും വളരെ ശ്രമകരമാണ് ഇതെന്നിരിക്കെ ജീവനോടെയുള്ള ഒരു ശരീരത്തില്‍ ഇങ്ങനെ ഡൊമെയിനുകളെ ഉണ്ടാക്കുന്നതെങ്ങനെ ?

    ആറ്റങ്ങളുടെ മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റിന്റെ ആയിരക്കണക്കിനിരട്ടി ദുര്‍ബലമായ മറ്റൊരു magnetic moment കാണിക്കുന്നുണ്ട് അവയുടെ ന്യൂക്ലിയസുകള്‍. ഇത് പ്രോട്ടോണുകളാല്‍ ഉളവാകുന്നതാണ്. ശരീരത്തിലെ ജലതന്മാത്രകളിലെ ഈ പ്രോട്ടോണുകള്‍ക്ക് അതിശക്തമായ ( പലപ്പൊഴും 1.5 Tesla-ക്കു മേല്‍ വരുമേ ഇത് ) മാഗ്നെറ്റിക് ഫീല്‍ഡിനുള്ളില്‍ ഉണ്ടാകുന്ന alignment വ്യതിയാനവും ഫീല്‍ഡ് മാ‍റുമ്പോഴുള്ള ഉര്‍ജ്ജ വ്യതിയാനവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ടാണ് നമ്മുടെ MRI scan യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തിലെ ചുവന്ന കോശങ്ങളിലെ ഓക്സിജന്‍ വാഹകരായ ഹീമോഗ്ലോബിന്‍ തന്മാത്രകള്‍ നിരോക്സീകരിക്കപ്പെട്ട അവസ്ഥയില്‍ പാരാമാഗ്നെറ്റിക്കും, ഓക്സിജനെ വഹിക്കുമ്പോള്‍ ഡയാമാഗ്നെറ്റിക്കുമാണ്. ഈ തത്വമുപയോഗപ്പെടുത്തിക്കൊണ്ടാണ് നമ്മള്‍ എം.ആര്‍.ഐ. സ്കാനുകള്‍ ഉപയോഗിച്ച് തലച്ചോറിലെ രക്തയോട്ടത്തിന്റെ ചിത്രമെടുക്കുന്നത്. ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡ് ഏതാണ്ട് 0.00006 Tesla ആണെങ്കില്‍ ഒരു എം.അര്‍.ഐ സ്കാന്‍ ഉളവാകുന്നത് ഇതിന്റെ പതിനായിരം മടങ്ങിലേറെ വരും. ഇ പോസ്റ്റിലും പല കമന്റുകളിലും പറയും പോലെ മനുഷ്യശരീരത്തിന് സ്വന്തമായി ഒരു കാന്തിക ഫീല്‍ഡ് ഉണ്ടെങ്കില്‍ ഒരു എം.ആര്‍.ഐ സ്കാനെടുക്കൊമ്പോഴേക്ക് രോഗി പൊട്ടിത്തെറിച്ചു കഷ്ണം കഷ്ണമാകണമല്ലോ !!

  15. അനില്‍ശ്രീ... said...

    ഇത്തരം കാര്യങ്ങളില്‍ ഒന്നും വിശ്വാസം ഇല്ലാത്ത ഒരാളാണ് ഞാന്‍. എങ്കിലും ഇതിലെ ശാസ്ത്രീയത ഒന്നും നോക്കാതെ പറയട്ടെ. രണ്ടു വര്‍ഷമായി (അറിഞ്ഞു കൊണ്ടല്ലെങ്കിലും) ഞാന്‍ കിടക്കുന്നത് വടക്കോട്ട് തല വച്ചാണ്. എഴുനേല്‍ക്കുന്നത് ഇടത്തോട്ടും. കാരണം ഒറ്റമുറിയില്‍ മുറിയില്‍ കട്ടിലിടാന്‍ പറ്റിയ ഇടം അതു മാത്രമാണ്. അതിനി മാറ്റണമെങ്കില്‍ അലമാരികളും മേശയും എല്ലാം മാറ്റി പ്രതിഷ്ടിക്കണം. ഇങ്ങനെ കീടന്നതു കൊണ്ട് എനിക്കോ എന്റെ ഭാര്യക്കോ കുട്ടിക്കോ എന്തെങ്കിലും കാന്തിക മാറ്റം വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുണ്ട്, സ്ഥായിയായ അസുഖങ്ങള്‍ ഒന്നും ഇതു വരെ കാണപ്പെട്ടിട്ടില്ല. ഇനി ദീര്‍ഘകാലത്തിനു ശേഷമാണോ എന്തെങ്കിലും സംഭവിക്കുക എന്നറിയില്ല.

  16. കുഞ്ഞന്‍ said...

    അനിശ്രീ...

    ഇത്രയും നാള്‍ ചെയ്ത തെറ്റിന്(വടക്കോട്ട് തലവച്ച് കിടക്കുന്നത്) അടുത്തമാസം മുതല്‍ കുഴപ്പം അനുഭവപ്പെട്ടുതുടങ്ങും. ആദ്യം ശരീരമാകെ ചൂട് അനുഭവപ്പെടും പിന്നെ പിന്നെ രോമങ്ങള്‍ കൊഴിയാന്‍ തുടങ്ങും ..ഇനി ബാക്കി കാര്യങ്ങള്‍ കൂടിഎഴുതിയാല്‍ അനിലിന് ആധി പിടിക്കും. ഇതിന് പ്രതിവിധിയുണ്ട് സൂര്യനുദിക്കുന്നതിനു മുമ്പ് വീടിന്റെ കിഴക്ക് വശത്തു നില്‍ക്കുന്ന പഴങ്ങള്‍ ഉള്ള ഒരു മരത്തിന്റെ ചുറ്റും 113 പ്രാവിശ്യം ഇടതുവശത്തുനിന്നും വലത്തുവശത്തേക്ക് പ്രദിക്ഷണം ചെയ്യണം. അങ്ങിനെ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍, വാച്ച് , ആഭരണങ്ങള്‍ എന്നിവ ധരിക്കുകയൊ കൈവശം ഉണ്ടാകുകയൊ അരുത്..! ഇങ്ങിനെ പ്രദിക്ഷണം ചെയ്തുവന്നിട്ട് കിഴക്കോട്ടേക്ക് തലവച്ച് കിടന്നുറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉറക്കം വന്നില്ലെങ്കില്‍ കുഴഞ്ഞതു തന്നെ..

    അങ്കിളെ ക്ഷമിക്കണെ..ചുമ്മാ

  17. Suraj said...

    അനില്‍ ശ്രീ ജീ,
    :))
    പോത്തുകാലപ്പന്റെ കൃപാകടാക്ഷമുള്ള ഒരു സര്‍വ രോഗനിവാരിണി യന്ത്രം വാങ്ങി ഉപയോഗിക്കൂ....എല്ലാം ശുഭമാവും...ആ വടക്കോട്ടു തിരിഞ്ഞുകിടക്കുന്ന കട്ടിലും പുരയിടം തന്നെയും ഉടനേ ഇല്ലാതാവും... വഴിയാധാരമായിക്കഴിഞ്ഞാല്‍ പിന്നെ ഇതേക്കുറിച്ച് ആരും വ്യാധിപൂണ്ട് നടക്കാറില്ലല്ലോ. ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങുന്ന ഭിക്ഷക്കാര്‍ സാക്ഷ്യം!

  18. അനില്‍ശ്രീ... said...

    എന്റെ കുഞ്ഞാ ഈ പറഞ്ഞ 'പഴങ്ങള്‍ ഉള്ള മരം' ഫ്ലാറ്റിന്റെ ഏഴയല്‍‌വക്കങ്ങളില്‍ പോലുമില്ല....

    പിന്നെ കട്ടില്‍ തിരിച്ചിടാമെന്ന് വച്ചാല്‍ എ.സി യുടെ കാറ്റ് തലയില്‍ തന്നെ അടിക്കും.. സോ ...നോ രക്ഷ..

    വീടു വയ്ക്കുമ്പോള്‍ എന്റെ തന്നെ പ്ലാന്‍ ആയിരിക്കും പണിയുന്നത്... വാസ്തുശാസ്ത്രം നോക്കാന്‍ ഉദ്ദേശിക്കാത്തതിനാല്‍ അവിടെയും ഇതൊക്കെ ചെയ്യേണ്ടി വരുമോ?

    ഓഫിന് മാപ്പ്

  19. Anonymous said...

    ശ്രീ ഉപഭോക്താവ്, വടക്കോട്ട് തല വച്ച് ഉറങ്ങരുത് എന്ന് “അമ്മുമ്മ ” പറഞ്ഞ സ്ഥിതിക്ക് അത് ശരിയായിരിക്കണം. ഇനി “അമ്മൂമ്മ” ശാസ്ത്രം നിങ്ങളെ പോലെ വിശ്വസിക്കാത്ത തല തെറിച്ച പിള്ളേര്‍ അത് അനുസരിക്കുന്നില്ലാ എന്നുണ്ടെങ്കില്‍, “കലി കാലം ” എന്ന് കരുതി ആശ്വസിക്കാ..., ഇത്തിരി സംഭാരം കുടിയ്ക്കാ...ഇല്ലായ്ച്ചാല്‍ നാലും കൂട്ടി ഒന്ന് മുറുക്ക്വാ. ന്ന്ട്ട്.. നീട്ടി ഒന്ന് തുപ്പ്വാ...ന്ന്ട്ടും അടങണില്ല്യാച്ചാല്‍ ഒരു മുള്ളു മുരുക്കുമ്മെ അങ്ങട് തുണീല്ല്യാണ്ട് കേറാ... സുഖാ‍വും. സംശ്ശില്ല്യാ‍..

  20. Calvin H said...

    സൂരജ് അണ്ണാ കലക്കി.....

    സൂര്യഗ്രഹണം വരുമ്പോല്‍ പത്തലെടുത്ത് അടിക്കുന്നതിന്റെ പുറകിലുള്ള ശാസ്ത്രവും ബ്ലോഗില്‍ പ്രതീക്ഷിക്കാം വരും നാളുകളില്‍

  21. Umesh::ഉമേഷ് said...

    എന്റെ പഴയ ഒരു കമന്റു കണ്ടുപിടിക്കാൻ ഗൂഗിളിൽ സേർച്ചു ചെയ്തപ്പോഴാണു് ഇതു കണ്ടതു്. ഇതു വരെ കണ്ടിരുന്നില്ല. അങ്കിൾ പണ്ടു വിളിച്ചതു രണ്ടു കൊല്ലത്തോളം കാണാഞ്ഞതിൽ ക്ഷമിക്കുക.

    സൂരജ് പറഞ്ഞതു പോലെ ഇതിൽ യാതൊരു ശാസ്ത്രീയതയുമില്ല.

    ഇനി ഞാനൊന്നു ചോദിക്കട്ടേ:

    വടക്കോട്ടും പടിഞ്ഞാട്ടും തല വെയ്ക്കരുതെന്നും തെക്കോട്ടും കിഴക്കോട്ടും ആവാം എന്നും ആണല്ലോ പഴയ വിശ്വാസം. വടക്കു തെക്കു് അങ്കിൽ പറഞ്ഞതു് അംഗീകരിച്ചു എന്നിരിക്കട്ടേ. കിഴക്കുപടിഞ്ഞാറു് കിടക്കുന്നതിൽ ഏതു കാന്തമാണു വില്ലൻ?

    രാവിലെ ഉണരുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ നോക്കണമെന്നുള്ള വാസ്തുവിദ്യ-അന്ധവിശ്വാസവും വലത്തോട്ടു തിരിഞ്ഞേ രാവിലെ എഴുനേൽക്കാവൂ എന്ന മറ്റൊരു അന്ധവിശ്വാസത്തിന്റെയും പരിണിതഫലമാണു് ഈ വിശ്വാസം. തെക്കോട്ടോ കിഴക്കോട്ടോ തല വെച്ചെങ്കിലേ വലത്തോട്ടു തിരിഞ്ഞാൽ കിഴക്കോ വടക്കോ ആവൂ. ശാസ്ത്രത്തിന്റെ എന്തോ കോണു പറഞ്ഞു സാധാരണജനത്തിനെ വഴി തെറ്റിക്കുന്ന ഏതോ സാമദ്രോഹികൾ അതിനെ കാന്തവുമായി ബന്ധിപ്പിച്ചു. അത്രമാത്രം.

  22. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

    ഗള്‍ഫിലെ കമ്പാര്ടുമെന്റ്റ് മുറിയില്‍ ഞങ്ങള്‍ എട്ടു പേര്‍ കട്ടിലില്‍ കിടക്കുമ്പോള്‍ വടക്കേത് തെക്കേത്‌ ?

    ഇസ്മയില്‍ കുറുംപടി