Sunday, March 8, 2009

പീഢനം, പീഢനം, ഗാര്‍ഹിക പീഢനം.

ഗാര്‍ഹിക പീഢനം - പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധക്ക്.

സ്വന്തം ഗൃഹത്തിലോ അല്ലാതെ താമസിക്കുന്ന ഗൃഹത്തിലോ ഉള്ള വ്യക്തിയുടെ പ്രവൃത്തി, കര്‍മ്മം, പെരുമാറ്റം എന്നിവ ഗാര്‍ഹിക പീഢനമായി കണക്കാക്കുന്നത് താഴപറയും വിധമായിരിക്കും.

  • സ്ത്രീയ ശാരീരികമോ മാനസികമോ ആയി മുറിവേല്പിക്കുക
  • വേദനിപ്പിക്കുക
  • അവളുടെ ആരോഗ്യത്തേയോ അവയവത്തേയോ അപകടത്തിലാക്കുകയോ ലൈഗികമായോ വാചികമായോ വൈകാരികമായോ സാമ്പത്തികമായോ പീഢിപ്പിക്കുക
  • സ്ത്രീധനത്തിനു വേണ്ടിയോ സ്വത്തിനു വേണ്ടിയോ സ്ത്രീയേയോ അവരുടെ വേണ്ടപ്പെട്ടവരെയോ നിയമവിരുദ്ധമായി പീഢിപ്പിക്കുക
  • സ്ത്രീകള്‍ക്ക് ഭീഷണിയായി തോന്നാവുന്ന വിധത്തില്‍ പെരുമാറുക
ഇതൊന്നും ഞാന്‍ പറയുന്നതല്ല. ഭാരത സര്‍ക്കാര്‍ 2005 ല്‍ പാസ്സാക്കിയ ‘പ്രൊട്ടക്ഷന്‍ ഒഫ് വിമെന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട്’ എന്ന നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്.

ശാരീരിക പീഢനം.
  • സ്ത്രീക്ക് ശാരീരിക വേദനയോ ഉപദ്രവമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും
  • ജീവനു അപകടമുണ്ടാക്കുന്ന എന്തും
  • ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും
  • അതിക്രമം ഉണ്ടാകുന്നത്
  • അതിക്രമ ഭീഷണിയും ബലപ്രയോഗവും സൃഷ്ടിക്കുന്നത്.
ലൈംഗിക പീഢനം.
  • ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം
  • അപമാനിക്കല്‍
  • സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തുന്ന ഏതൊരു പ്രവൃത്തിയും
വൈകാരിക പീഢനം.
  • അപമാനിക്കല്‍
  • അധിക്ഷേപിക്കല്‍
  • നാണം കെടുത്തല്‍
  • കുഞ്ഞില്ലാത്തതിന്റെ / ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍
  • സ്ത്രീക്ക് താല്പര്യമുള്ള വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുമെന്നു ആവര്‍ത്തിച്ചുള്ള ഭീഷണി
സാമ്പത്തിക പീഢനം.
  • ആവശ്യത്തിനു പണം നല്‍കാതിരിക്കുക
  • അര്‍ഹതയുള്ളതും അവകാശപ്പെട്ടതുമായ സ്വത്തും പണവും നഷ്ടപ്പെടുത്തുക
  • അവശ്യവസ്തുക്കള്‍ ( ആഹാരം വസ്ത്രം മരുന്നു ) നല്‍കാതിരിക്കുക
  • ഓഹരികളോ ബോണ്ടുകളോ ജാമ്യപത്രങ്ങളൊ ദ്രവ്യങ്ങളോ അന്യാധീനപ്പെടുത്തുക
  • അധികാരമുള്ള ഏതുതരം സാമ്പത്തിക ഉറവിടവും സൌകര്യവും ലഭ്യമാക്കുന്നതിനു തടസ്സമുണ്ടാക്കുക
  • തൊഴില്‍ ചെയ്യാന്‍ അനുവധിക്കാതിരിക്കുക
  • വരുമാനം അന്യാധീനപ്പെടുത്തുക
  • സ്വന്തം വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക
നിയമം നല്‍കുന്ന പരിരക്ഷ.
ഗാര്‍ഹിക പീഢനം അനുഭവിക്കുന്ന സ്ത്രീക്ക് നേരിട്ടോ അല്ലാതയോ സാമൂഹ്യക്ഷേമ വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന സംരക്ഷണ ഉദ്ദ്യോഗസ്ഥനു വിവരം നല്‍കാം. സംരക്ഷണ ഉദ്ദ്യോഗസ്ഥന്‍ മജിസ്ട്രേട്ടിനു റിപ്പോര്‍ട്ട് നല്‍കുകയും ആവശ്യമെങ്കില്‍ സംരക്ഷണ ഉത്തരവിനുള്ള അപേക്ഷ തയ്യാറാക്കി നല്‍കുകയും ചെയ്യും. നിയമ സയായം ആവശ്യമെങ്കില്‍ 1987 ലെ ലീഗല്‍ സര്‍വ്വീസ്സസ് അതോറിട്ടി ആക്ട് പ്രകാരം നിയമസഹായം ലഭ്യമാക്കാനും സംരക്ഷണ ഉദ്ദ്യോഗസ്ഥര്‍ സഹായിക്കും. താമസസൌകര്യം അംഗീകരിക്കപ്പെട്ട അഭയമന്ദിരത്തില്‍ ഏര്‍പ്പാടാക്കുകയും ആവശ്യമെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യും.

സേവന ദാതാവ്.
1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരവും 1956 ലെ കമ്പനി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത സേവന ദാതാക്കളായി പ്രവര്‍ത്തിക്കാം. ഇവരെ സംരക്ഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് തുല്യമായി കണക്കാക്കാം.

കോടതി നല്‍കുന്ന ഉത്തരവുകള്‍ .
  • നഷ്ടപരിഹാരം. പ്രതി ചെയ്ത ഗാര്‍ഹികാതിക്രമത്തെ തുടര്‍ന്നുണ്ടായ പരിക്കിനോ നഷ്ടങ്ങള്‍ക്കോ ഉള്ളത്
  • കൌണ്‍സിലറുടെ സേവനം. മജിസ്ട്രേട്ടിനു പ്രതിയോടോ, പരാതിക്കാരനോടോ കൂട്ടായോ ഒറ്റയായോ കൌണ്‍സിലിംഗിനു പോകാന്‍ നിര്‍ദ്ദേശിക്കാം.
  • വിചാരണ നടപടികളുടെ രഹസ്യ സ്വഭാവം. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിചാരണ നടപടികള്‍ രഹസ്യമായി നടത്താന്‍ തീരുമാനിക്കാം.
  • താമസത്തിനുള്ള അവകാശം. പരാതിക്കാരിക്കു താമസിക്കുന്ന വീട്ടില്‍ അധികാരവും അവകാശവും ഉണ്ടങ്കിലും ഇല്ലെങ്കിലും ആ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടായിരിക്കും. പ്രതി അവരെ ഒഴിപ്പിക്കാനോ ഇറക്കിവിടാനോ പാടുള്ളതല്ല.
സംരക്ഷണ ഉത്തരവ്.
  • പ്രതി ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹികാതിക്രമം നടത്തുന്നതില്‍ നിന്നും
  • പരാതിക്കാരി ജോലിചെയ്യുന്ന സ്ഥലം പഠിക്കുന്ന സ്ഥലം സാധാരണ വരാനിടയുള്ള സ്ഥലം എന്നിവിടങ്ങളില്‍ പ്രതി പ്രവേശിക്കാതിരിക്കാനും
  • പരാതിക്കാരിയുമായി പ്രതി ഏതെങ്കിലും വിധത്തിലുള്ള ആശയ വിനിമയം നടത്തുന്നത് തടഞ്ഞുകൊണ്ടും
  • ബാങ്ക് അക്കൌണ്ട് സ്ത്രീധനം മറ്റു സ്വത്തുക്കള്‍ എന്നിവ പ്രതി മജിസ്ട്രേട്ടിന്റെ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയുന്നതിനും
  • പരാതിക്കാരിയുടെ ബന്ധുക്കളേയോ മറ്റു വ്യക്തികളേയോ ആശ്രിതരേയോ പ്രതി ആക്രമിക്കുന്നത് തടയുന്നതിനും
താമസ സൌകര്യത്തിനുള്ള ഉത്തരവ്.
  • ഒരുമിച്ച് താമസിക്കുന്ന വീട്ടിലെ താമസത്തിനു പരാതിക്കാരിയെ തടയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നത് വിലക്കുക
  • ആ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രതിയോട് ആവശ്യപ്പെടുക
  • ആ വീട്ടില്‍ പ്രതിയോ അയാളുടെ മറ്റേതെങ്കിലും ബന്ധുവോ പ്രവേശിക്കുന്നതിനു തടയുക
  • വീട് പ്രതി അന്യാധീനപ്പെടുത്തുകയോ ഇല്ലാതാക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നത് തടയുക.
സേവനങ്ങള്‍ക്കും സംശയങ്ങള്‍ക്കും :
കേരള വനിതാ കമ്മീഷന്‍, വാന്‍‌റോസ് ജംഗ്ഷന്‍, തിരുവനന്തപുരം -34.
ഫോണ്‍: 0471 2322590, 2320509, 2337589, 2339878
Website: www.keralawomenscommission.gov.in
Email: keralawomenscommission@yahoo.co.in

Buzz ല്‍‌ പിന്തുടരുക

7 comments:

  1. ജിജ സുബ്രഹ്മണ്യൻ said...

    ഇത്രേം വിശദമായ വിവരത്തിനു ഒത്തിരി നന്ദി .പക്ഷേ പലപ്പോഴും നിയമം പ്രാവർത്തികമാകാറില്ല.അല്ലെങ്കിൽ പീഡനത്തിനെതിരെ നമ്മുടെ സ്ത്രീകൾ പ്രതികരിക്കാറില്ല.സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഇപ്പോളൂം ആവശ്യത്തിനു ഭക്ഷണം പോലും വീട്ടിൽ ലഭിക്കാതിരിക്കുന്ന ഒരാളേ എനിക്ക് നേരിട്ടറിയാം.പ്രതികരിക്കാൻ പറയുമ്പോൾ അവർ പറയുന്ന പല്ലവി പിന്നീടും ഞാൻ ഈ വീട്ടിൽ തന്നെ അല്ലേ കഴിയേണ്ടത് എന്നാണ്!!

  2. Pheonix said...

    Dear Friend,
    This Law may be one of the most misusing Laws in India like TADA, POTA etc.. I agree there is a lot of unfortunate incidents of Women Harrassments, but at the same time a small group of females misuse this Law for their personal sattisfaction. Am also a victim of this Law but escaped narrowly.

  3. അങ്കിള്‍ said...

    ഈ നിയമത്തെ മിസ്-യൂസ്സ് ചെയ്യുന്നവരില്ലാ എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ ഇതു കൊണ്ട് പ്രയോജനപ്പെടുന്നവര്‍ വളരെയധികമാണ്.

    അല്ലെങ്കില്‍, ഏതു നിയമത്തേയാണ് ദുരുപയോഗപ്പെടുത്താതിരിക്കുന്നത്?

  4. പാവപ്പെട്ടവൻ said...

    ഈ വക കാര്യങ്ങള്‍ വല്ലതും സ്ത്രീകള്‍ നമ്മളോടു ചെയ്താല്‍ കുറ്റം ഒന്നും ഇല്ലല്ലോ .അത് മാത്രം അറിഞ്ഞാല്‍ മതി .

  5. Kvartha Test said...

    എന്‍റെ റബ്ബേ..., ഇനി സ്ത്രീകളെ നോക്കില്ല, കാണില്ല, സംസാരിക്കില്ല. പേടിയാവ്ണൂ ...

    നിയമം നല്ലതുതന്നെ, അതോടൊപ്പം ഏറ്റവും എളുപ്പത്തില്‍ മിസ്‌യൂസ് ചെയ്യപ്പെടാവുന്നതുമാണ്. പുരുഷന് എന്തു പറയാനുണ്ടെന്ന് കേള്‍ക്കേണ്ട ആവശ്യം കൂടിയുണ്ടാവില്ല ഈ നിയമത്തിന്.

    ഇതുപോലെ പുരുഷപീഡനം തടയാനും എന്തെങ്കിലും നിയമം ഉണ്ടോ? (സീരിയസ്‌ലി)

  6. chithrakaran ചിത്രകാരന്‍ said...

    കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുക ഈ നിയമങ്ങളിലാണെന്നത് പരിതാപകരം തന്നെ !!!
    നിയമങ്ങള്‍ സ്ത്രീകളെപ്പോലെയാണ്.
    കാശും കുനിഷ്ടു ബുദ്ധിയും സ്വാര്‍ത്ഥതയുമുള്ളവര്‍ക്ക് അതിനെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.
    പ്രായോഗിക ബുദ്ധിമാത്രമേ നമ്മേ രക്ഷിക്കു !

  7. കിരണ്‍ തോമസ് തോമ്പില്‍ said...

    ഇന്ന് മെട്രോവാര്‍ത്ത എന്ന പത്രത്തില്‍ കണ്ട വാര്‍ത്ത ഇവിടെ പ്രസക്തമെന്ന് കരുതുന്നു

    കുടുംബങ്ങളെ മുറിക്കാന്‍ അഭിഭാഷക ലോബി


    ഗാര്‍ഹിക പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു. കുടുംബ കോടതികള്‍ കേന്ദ്രീകരിച്ചു നടക്കുന്ന നിയമ ലംഘനത്തിനു പിന്നില്‍ ചില അഭിഭാഷകരും അവരുടെ ഏജന്റുമാരുമാണ്‌.
    നിയമത്തിന്റെ മറവില്‍ പുരുഷന്മാരെ പീഡിപ്പിച്ചു നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്ന അഭിഭാഷകലോബിയും രംഗത്തുണ്ട്‌.
    ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നിസാര പ്രശ്നങ്ങള്‍ പെരുപ്പിച്ചു കോടതിക്കു മുമ്പിലെത്തിക്കുന്നത്‌ തിരുവനന്തപുരത്തും കൊച്ചിയിലുമാണ്‌ ഏറെ.
    കുടുംബ കോടതിയില്‍ കൗണ്‍സിലിങ്ങിലൂടെ തീര്‍ക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ കൊണ്ടെത്തിക്കുന്നു.
    കുടുംബവഴക്കുകള്‍ ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വന്നപ്പോള്‍ ഒരു വര്‍ഷം കൊണ്ട്‌ കേസുകള്‍ ഒന്നര ഇരട്ടി വര്‍ധിച്ചു.
    2007ല്‍ 1059 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത്‌ 2008 ല്‍ 2548 ആയി. മിക്ക കേസുകളിലും ഭര്‍ത്താവിന്റെ മദ്യപാനമാണു പ്രധാന പ്രശ്നം. 25നും 30നും മധ്യേ പ്രായമുള്ള സ്ത്രീകളുടേതാണു പരാതികള്‍ ഏറെയും.
    2008ല്‍ ഏറ്റവും കൂടുതല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌ തിരുവനന്തപുരം ജില്ലയിലാണ്‌. 407. രണ്ടാം സ്ഥാനം ആലപ്പുഴയ്ക്ക്‌. 380. മറ്റു ജില്ലകളുടെ കണക്കുകള്‍. കൊല്ലം-261, പത്തനംതിട്ട - 96, കോട്ടയം 84, എറണാകുളം 321, തൃശൂര്‍ 89, പാലക്കാട്‌ 151, മലപ്പുറം - 127, കോഴിക്കോട്‌ - 212, വയനാട്‌ - 245, കണ്ണൂര്‍ - 76, കാസര്‍ഗോഡ്‌ - 61.
    കേസുകളില്‍ മിക്കതും കോടതിക്കു പുറത്തുവച്ച്‌ പരസ്പര ചര്‍ച്ചകളിലൂടെ തീര്‍ക്കാവുന്നതാണെങ്കിലും വിവാഹ ബ ന്ധം വേര്‍പെടുത്തി നഷ്ടപരിഹാരവും കൂടി വാങ്ങിക്കൊടുത്ത ശേഷമേ അഭിഭാഷകലോബി പിന്തിരിയാറുള്ളൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ ചില സാമൂഹ്യ സംഘടനകള്‍ ത യാറെടുക്കുകയാണ്‌.


    കാലം മാറി കഥമാറി പുരുഷന്റെ കാര്യം കട്ടപ്പൊക