Sunday, October 21, 2007

വിവരാവകാശ നിയമം: Public Authority and Public Information Officer

  • വിവരാവകാശ നിയമം: Public Authority and Public Information Officer

    ഏതെങ്കിലും ഒരു 'പൊതു അധികാരിയില്‍' നിക്ഷിപ്തമായിട്ടുള്ള 'വിവരങ്ങള്‍' ഇന്‍ഡ്യന്‍ പൗരനായ ഒരാള്‍ക്ക്‌ 'അറിയാന്‍' ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്ക്‌ - പി.ഐ.ഒ. - 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പൊട്ടിച്ച്‌ ഒരു വെള്ളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി. 2005 ലെ 'വിവരാവകാശ നിയമം' ടി വിവരം ആധികാരികമായിത്തന്നെ നല്‍കണമെന്നനുശാസിക്കുന്നു.

    'പൊതു അധികാരികള്‍' എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ഇവരെയൊക്കെയാണ്‌:-

  • ഭരണഘടനയിലോ, അതിന്റെ കീഴിലോ;
  • പാര്‍ലമന്റ്‌ നിര്‍മ്മിച്ച ഏതെങ്കിലും നിയമത്തിലോ;
  • സംസ്ഥാന നിയമസഭയുടെ ഏതെങ്കിലും നിയമം വഴിയോ;
    ബന്ധപെട്ട സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഉത്തരവിന്‍മേലോ വിജ്ഞാപനം വഴിയോ, നിലവില്‍ വന്നതോ, രൂപീകരിക്കപെട്ടതോ ആയ സ്വയംഭരണമുള്ള അധികാരിയോ, ബോഡിയോ, ഇന്‍സ്റ്റിറ്റൂഷനോ ആണ്‌. ഇവ കൂടാതെ
  • പ്രത്യ്ക്ഷമായോ പരോക്ഷമായോ പ്രസക്തസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന്‌;
    യഥാര്‍ത്ഥത്തില്‍ ധനസഹായം നല്‍കുന്നതോ, നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
  • യതാര്‍ത്ഥത്തില്‍ ധനസഹായം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പെടുന്നു.

    2005 ജൂണ്‍ 15 മുതല്‍ 120 ദിവസ്സത്തിനകം പൊതു അധികാരികള്‍ ചെയ്യേണ്ട്‌ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ ആക്ടിന്റെ വകുപ്പ്‌ 4 ല്‍ വിശദീകരിക്കുന്നുണ്ട്‌.

    എല്ലാ 'പൊതു അധികാരികളും' ഈ നിയമപ്രകാരം അപേക്ഷകര്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമാക്കാന്‍ അവരവരുടെ 'സംസ്ഥാന പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍' മാരെ നിയോഗിക്കേണ്ടതാണ്‌.- ആക്ട്‌ 5(1). 2005 ഒക്ടോബര്‍ 12 മുതല്‍ നിയമം നടപ്പാക്കി 100 ദിവസത്തിനുള്ളില്‍ ഇവരുടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.

    ചുരുക്കത്തില്‍ എല്ലാ സര്‍ക്കാര്‍ ആപ്പീസുകളിലും സ്ഥാപനങ്ങളിലും ഓരോ പി.ഐ.ഒ. വേണം എന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു.

    വിവരാവകാശനിയമത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരമൂര്‍ത്തിയാണ്‌ പി.ഐ.ഒ. എന്ന്‌ ചുരുക്കപേരുള്ള 'പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍'.ഇയാളുടെ പേരും വിശദവിവരങ്ങളും എല്ലാ ഓഫീസ്‌ നോട്ടീസ്‌ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിരിക്കണം.

    ഇദ്ദേഹത്തിന്റെ മുമ്പാകെയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷയുടെ ഒരു സാമ്പിള്‍ സര്‍ക്കാര്‍ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രേഖാമൂലമോ, ഇലക്ട്രോണിക്‌ മാധ്യമം വഴിയോ നിര്‍ദ്ദിഷ്ട ഫീസ്സുള്‍പ്പടെ അപേക്ഷ നല്‍കാം.

    അപേക്ഷകനെ ബന്ധപ്പെടാനാവശ്യമായ വിവരങ്ങളല്ലാതെ അപേക്ഷക്കുള്ള കാരണങ്ങളോ മറ്റേതെങ്കിലും വ്യക്തിപരമായ വിവരങ്ങളോ, വിശദാംശങ്ങളോ ആവശ്യപ്പെടാന്‍ പാടില്ല. എന്താവശ്യത്തിനാണ്‌ അപേക്ഷയിലെ വിവരങ്ങള്‍ തേടുന്നതെന്നും വ്യകതമാക്കേണ്ടതില്ല. പി.ഐ.ഒ. യ്ക്‌ ലഭിച്ച അപേക്ഷയിലുള്ള വിവരം മറ്റൊരാഫീസ്സിലാണെന്ന കാരണത്താലും അപേക്ഷ നിരസ്സിക്കാന്‍ പാടുള്ളതല്ല. ഏത്‌ 'പൊതു അധികാരിയുടെ' അധീനതയിലാണോ വിവരങ്ങള്‍ ഉള്ളത്‌, ബന്ധപ്പെട്ട വിലാസം കണ്ടുപിടിച്ച്‌ അപേക്ഷ അവിടേക്ക്‌ അയച്ചുകൊടുത്ത്‌ 5 ദിവസ്സത്തിനുള്ളില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിച്ചിരിക്കണം.

    അപേക്ഷയില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന കാരണത്താള്‍ മാത്രം അപേക്ഷ്‌ നിരസ്സിക്കാന്‍ പാടുള്ളതല്ല.
    സാധാരണഗതിയില്‍, ആവശ്യപ്പെട്ട രൂപത്തില്‍ തന്നെ വിവരങ്ങള്‍ നല്‍കണം.

    ഇംഗ്ലീഷിലോ, മലയാളത്തിലോ അപേക്ഷ നല്‍കാം. അസിസ്റ്റന്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും അപേക്ഷ സമര്‍പ്ഫിക്കാം. ചെറിയ ഓഫീസ്സുകളില്‍ എ.പി.ഐ.ഒ. മാര്‍ക്കായിരിക്കും ചുമതല. അപേക്ഷ എത്രയും വേഗം പരമാവധി 5 ദിവസ്സത്തിനകം ബന്ധപെട്ട പി.ഐ.ഒ.ന്‌ കൈമാറണം. വിവരം നല്‍കുവാനുള്ള ചുമതല പി.ഐ.ഓ വിനാണ്‌.

    അപേക്ഷക്ക്‌ നിയതമായ ഒരു രൂപം നിയമം നിഷ്‌കര്‍ഷിക്കുന്നില്ല. എന്നാല്‍ താഴപരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം:-

    1.നിങ്ങള്‍ക്ക്‌ എന്ത്‌ വിവരമാണ്‌ വേണ്ടതെന്ന്‌ വ്യക്തമാക്കണം;
    2.അപേക്ഷാഫീസ്‌ നല്‍കിയതിന്റെ തെളിവ്‌;
    3.അപേക്ഷകനുമായി ബന്ധപ്പെടാനുള്ള്‌ വിവരം.

    പൊതു അധികാരി നിര്‍ദ്ദേശിച്ച ഫോറത്തില്‍ അപേക്ഷ നല്‍കിയല്ലാ എന്ന കാരണത്താല്‍ അപേക്ഷ നിരാകരിക്കാനാവില്ല.

    അപേക്ഷ കിട്ടി 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കണമെന്ന്‌ വകുപ്പ്‌ 7(1) നിഷ്‌കര്‍ഷിക്കുന്നു. ഈ സമയത്തിനുള്ളില്‍ നല്‍കാന്‍ കഴിന്‍ഞ്ഞില്ലെങ്കില്‍ പിന്നീട്‌ സൗജന്യമായി നല്‍കേണ്ടി വരും.

    തുടക്കം

    ഞാന്‍ മനസ്സിലാക്കുന്നത്.

    വിവരക്കമ്മിഷന്‍

    ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

    തുടരും.......

Buzz ല്‍‌ പിന്തുടരുക

10 comments:

  1. അങ്കിള്‍. said...

    ഏതെങ്കിലും ഒരു 'പൊതു അധികാരിയില്‍' നിക്ഷിപ്തമായിട്ടുള്ള 'വിവരങ്ങള്‍' ഇന്‍ഡ്യന്‍ പൗരനായ ഒരാള്‍ക്ക്‌ 'അറിയാന്‍' ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്ക്‌ - പി.ഐ.ഒ. - 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പൊട്ടിച്ച്‌ ഒരു വെള്ളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി. 2005 ലെ 'വിവരാവകാശ നിയമം' ടി വിവരം ആധികാരികമായിത്തന്നെ നല്‍കണമെന്നനുശാസിക്കുന്നു,
    അതും 30 ദിവസ്സത്തിനകം.

  2. keralafarmer said...

    ankil: വളരെ ഉപകാരപ്രദമായ അറിവ്‌ ആര്ക്കും ഏതു സമയത്തും പ്രയോജനപ്രദമായത്‌.

  3. അങ്കിള്‍. said...

    ബ്രിട്ടീഷ്‌ കാരുടെ സമയത്തുണ്ടാക്കിയ ഔദ്ദ്യോഗിക രഹസ്യ നിയമം -Official Secret Act- ഇപ്പോഴും നിലവിലുണ്ട്‌. അതു പ്രകാരം ഒരു സര്‍ക്കാരാഫീസ്സിനുള്ളിലുള്ളതെല്ലാം രഹസ്യമെന്ന്‌ ഉദ്ദ്യോഗസ്ഥര്‍ വാദിക്കുന്നു.

    കോടതിയലക്ഷ്യ നിയമം, നിയമ നിര്‍മ്മാണ സഭയുടെ പ്രത്യേക അവകാശം ഇവകള്‍ കൂടി ആകുമ്പോള്‍ ഒരിന്‍ഡ്യന്‍ പൗരന്റെ വായ്‌ മൂടികെട്ടാന്‍ ധാരാളമായി.

    ഇതൊക്കെ നിലവിലിരിക്കെത്തന്നെയാണ്‌ അഴിമതിക്കെതിരായ ഭരണാധികാരികള്‍ക്കെതിരെ പ്രയോഗിക്കാന്‍ കഴിയുന്ന മാരകമായ ആയുധും - വിവരാവകാശ നിയമം നിലവില്‍ വന്നിരിക്കുന്നത്‌. 1923-ലെ ഔദ്ദ്യോഗിക രഹസ്യ നിയമത്തിലോ മറ്റു നിയമത്തിലോ ഈ നിയമത്തിന്‌ വിരുദ്ധമായി എന്തൊക്കെ പ്രസ്ഥാവിച്ചിരുന്നാലും ഈ നിയമത്തിലെ വകുപ്പുകള്‍ക്ക്‌ മുന്‍ഗണനയുണ്ടായിരിക്കും.(വകുപ്പ്‌-22). ഈ നിയമ പ്രകാരമുണ്ടായ യാതൊരുത്തരവു സംബന്ധിച്ച്‌ കേസോ, അപേക്ഷയോ നടപടിയോ ഒരു കോടതിയും സ്വീകരിക്കാനും പാടില്ല.(വകുപ്പ്‌-23). ഇത്രയുമൊക്കെപ്പോരേ ഉരു സധാരണ പൗരന്ന്‌ സാധാരണ നീതി ലഭിക്കാന്‍?

    ഇതിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നത്‌ നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്കാണ്‌. ഈ നിയമത്തെപ്പറ്റി ഏറ്റവും കൂടുതള്‍ അറിവുള്ളതും അവര്‍ക്കാണ്‌. എന്നാലും അവരിപ്പോള്‍ ചെയ്യുന്നതെന്താണ്‌: ഭരണകക്ഷിയിലെ ഗ്രൂപ്പ്‌തര്‍ക്കങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ ഇരുപക്ഷത്തുനിന്നും എതിര്‍പക്ഷത്തിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ നേടിയെടുത്ത്‌ കാര്യങ്ങളെ വീണ്ടും വീണ്ടും വഷളാക്കുന്നു. ലഭിക്കുന്ന വിവരത്തിന്റെ രേഖകളുടെ ആധികാരികതപോലും പരിശോധിക്കാതെ ചാനല്‍ യുദ്ധത്തില്‍ ഇവ ആയുധങ്ങളാവുകയും പിന്നീട്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ മുന്നില്‍ കുറ്റവാളികളായി നില്‍ക്കേണ്ടി വരികയും ചെയ്യുന്നു.

    നിയമവിധേയ മാര്‍ഗ്ഗത്തിലൂടെ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ നിലവില്‍ വന്നിട്ട്‌ രണ്ടുകൊല്ലം കഴിഞ്ഞു. എത്ര പത്രപ്രവര്‍ത്തകര്‍ ഇതിനെ ഫലവത്തായി ഉപയോഗിക്കുന്നു. ആരും ഇല്ലെന്നല്ല. പുതിയ തലമുടയില്‍ പെട്ടവര്‍ക്ക്‌ ഇപ്പോഴും അറിവിന്റെ ഉറവിടം എതിര്‍ഭാഗം ചോര്‍ത്തികൊടുക്കുന്ന വിവരങ്ങളാണ്‌. ഇതു മാറണ്ടേ? മാറ്റിയെടുക്കണ്ടേ?

  4. അങ്കിള്‍. said...

    വിവരാവകാശനിയമവും പത്രപ്രവര്‍ത്തകരും-2

    വിവരാവകാശനിയമമുപയോഗിച്ച്‌ ജാര്‍ഖണ്ഡിലെ ജനകീയമാദ്ധ്യമമായി മാറിയ ചരിത്രമാണ്‌ 'പ്രഭാത്‌ ഖബറി'ന്റേത്‌.

    ജാര്‍ഖണ്ഡിലെ ഗസ്റ്റ്‌ ഹൗസുമായി ബന്ധപ്പെട്ട അഴിമതിയാണ്‌ പത്രങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്നത്‌. 30 എയര്‍കണ്ടീഷന്‍ മുറികളാണ്‌ ഗസ്റ്റ്‌ഹൗസ്സിനുള്ളത്‌. അവിടെ താമസിക്കുന്നവര്‍ നിയമപ്രകാരമുള്ള തുക നല്‍കണം. ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ ചലാന്‍ മുഖേന അടക്കുകയും വേണം. എന്നാല്‍ മുറിക്ക്‌ രണ്ട്‌ നിരക്കുകളാണ്‌ വളരെക്കാലമായി ഈടാക്കിയിരുന്നത്‌. ചിലരില്‍നിന്ന്‌ 300 രൂപയും മറ്റുചിലരില്‍ നിന്ന്‌ 100 രൂപയും പ്രതിദിനം ഈടാക്കിയിരുന്നു. നിയമപ്രകാരം 100 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. 300 രൂപക്ക്‌ നല്‍കിയിരുന്ന രശീതികള്‍ വ്യാജമായിരുന്നുവെന്ന്‌ വെളിവാക്കപ്പെട്ടു.100 രൂപ പ്രതിദിനം ഈടാക്കികൊണ്ട്‌ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവില്‍ ഒടുക്കാതെ ഉദ്ദ്യോഗസ്ഥര്‍ വീതിച്ചെടുക്കുകയായിരുന്നു എന്നത്‌ പുറത്തുവന്നു. ഇകൊള്ള അറിയാമെങ്കിലും തെളിവിന്റെ അഭാവത്തില്‍ പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ തയ്യാറായില്ല.

    ഗസ്റ്റ്‌ ഹൗസ്സിന്റെ വാടകയിനത്തില്‍ എത്രരൂപ ട്രഷറിയില്‍ ഒടുക്കിയെന്ന വിവരം നിയമപ്രകാരം ശേഖരിക്കുകയായിരുന്നു. വിധാന്‍ സഭയിലും കളക്ടറാഫീസ്സിലും പലതവണ അന്വേഷിച്ചിട്ടും 'കോണ്‍ഫിഡന്‍ഷ്യല്‍' എന്നു പറഞ്ഞ്‌ നിരാകരിക്കപ്പെട്ട വിവരമാണ്‌ അവസാനം ലഭിച്ചത്‌. 2002 മുതല്‍ 2005 ഒക്‌ടോബര്‍ വരെ വളരെ ചെറിയ തുക മാത്രമേ ഈ ഇനത്തില്‍ ട്രഷറിയില്‍ ലഭിച്ചിരുന്നുള്ളൂ. 2004 മാര്‍ച്ച്‌ മുതലുള്ള 21 മാസ്സങ്ങള്‍ വെറും 32800 രൂപയാണ്‌ ട്രഷറിയില്‍ ലഭിച്ചത്‌. പ്രതിദിനം ഒരു മുറിക്ക്‌ 300 രൂപ വച്ച്‌ ഈടാക്കിയിട്ടും ഇത്ര ചെറിയ തുക മാത്രമേ സര്‍ക്കാരിന്‌ ലഭിച്ചിട്ടൂള്ളൂ എന്ന വസ്തുത 2005 ഡിസമ്പര്‍ 12-ന്‌ 'പ്രഭാത്‌ഖബര്‍' പത്രം ഒന്നാം പേജില്‍ റിപ്പോര്‍ട്ട്‌ ചെയ്തു. വിവരം ആവശ്യപ്പെട്ടപ്പോള്‍ അത്‌ നിരസ്സിച്ച വിധാന്‍ സഭ യാതൊരു എതിര്‍പ്പുമില്ലാതെയാണത്രെ വാര്‍ത്ത സ്വീകരിച്ചത്‌.

    ജാര്‍ഖണ്ഡ്‌ വിധാന്‍സഭയിലെ ജീവനക്കാരെ നിയമിച്ചതിലും പ്രമോഷന്‍ നല്‍കിയതിലുമുള്ള ക്രമക്കേടിനെ 'പ്രിവിലേജ്‌' ന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ ഭയപ്പെട്ടു. സ്പീക്കറുടെ അധികാരമായാണ്‌ എല്ലാരും ഇതിനെക്കരുതിയത്‌. പൊതുജനങ്ങള്‍ ഈ അഴിമതിക്കെതിരെ സമരം ചെയ്തു. ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. നിയമന നടപടി നിര്‍ത്തിവക്കാന്‍ കോടതി വിധാന്‍സഭക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇതൊന്നും അനുസരിക്കാതെ വന്നപ്പോള്‍, പുറംവാതിലിലൂടെ നിയമനം നേടിയവരെ പുറത്താക്കാന്‍ കോടതി ഉത്തരവിട്ടു. ആയിരക്കണക്കിന്‌ തൊഴില്‍രഹിതരായ യുവാക്കളാണ്‌ അസിസ്റ്റന്റ്‌ എന്ന തസ്തികക്ക്‌ അപേക്ഷിച്ചത്‌. എന്നാല്‍ വെറും 52 പേരെയാണ്‌ ടെസ്റ്റിന്‌ വിളിച്ചത്‌. രഹസ്യമായി നടത്തിയ പരീക്ഷ നിര്‍ത്തിവയ്കാന്‍ കോടതി ഉത്തരവിട്ടു.

    2005 ഒക്‌ടോബര്‍ മാസം ഫോര്‍ത്ത്‌ ഗ്രേഡ്‌ തസ്തികയിലേക്ക്‌ 75 പേരെയാണ്‌ നിയമിച്ചത്‌.അതില്‍ 36 പേരും സ്പീക്കറുടെ നിയോജകമണ്ഠലം ഉള്‍പ്പെടുന്ന പലാമു ജില്ലയില്‍നിന്ന്‌.

    ഈ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നിരാകരിക്കപ്പെട്ടു. തുടര്‍ന്ന്‌ മറ്റു വകുപ്പുകളില്‍ നിന്നും ശേഖരിച്ച വിവരമാണ്‌ പ്രസിദ്ധീകരിച്ചത്‌.അത്‌ പുറത്തുവന്നതോടെ നവമ്പര്‍ 29-ന്‌ എല്ലാ വിവരങ്ങളും അദ്ദേഹം പുറത്തു വിട്ടു. എന്നിട്ട്‌ പറഞ്ഞു :'രഹസ്യം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കും'.

    'പ്രഭാത്‌ഖബര്‍' വിധാന്‍സഭയെ വിടാതെ പിന്‍തുടര്‍ന്ന്‌ വാര്‍ത്തയുടെ പ്രധാന ഉറവിടമാക്കി.

    [കേരള നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക്‌ പണം ചിലവഴിച്ചതില്‍ ക്രമക്കേട്‌ ആരോപിച്ചുകൊണ്ട്‌ 'ദേശാഭിമാനി' ലേഖകന്‍ സുദര്‍ശന്‍ ബാബുവിന്റെ റിപ്പോര്‍ട്ട്‌ പുറത്തു വന്നതോടെയാണ്‌ അന്നത്തെ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ പ്രസ്സ്‌പാസ്സ്‌ നിഷേധിച്ചത്‌]

    അങ്ങനെയൊന്നും ജാര്‍ഖണ്ഡില്‍ നടന്നില്ലാ. ഒരു ദിവസം ഒരു ഉദ്ദ്യോഗസ്ഥന്‌ രണ്ട്‌ പ്രാവശ്യം പ്രൊമോഷന്‍ നല്‍കിയതും മറ്റും വിവരാവകാശകമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന്‌ സ്പീക്കര്‍ക്ക്‌ നല്‍കേണ്ടിവന്ന വിവരങ്ങളാണ്‌. സ്ഥാനക്കയറ്റത്തില്‍ നടന്ന ക്രമക്കേടുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തൂപ്പുകരെപ്പോലും ക്യാഷ്യറും ക്ലാര്‍ക്കുമായി സ്പീക്കര്‍ ഉയര്‍ത്തി.

    നിയമസഭാംഗങ്ങളേയും ഉദ്ദ്യോഗസ്ഥരെയും പത്രപ്രവര്‍ത്തകരേയും സന്തോഷിപ്പിക്കുവാന്‍ നിയമ സഭാസമ്മേളന വേളയില്‍ വിവിധ വകുപ്പുകള്‍ വിലകൂടിയ സമ്മാനങ്ങള്‍ വിതരണം ചെയ്യാറുണ്ട്‌. ഇതില്‍ ഏതാണ്ട്‌ എല്ലാം തന്നെ നിയമവിരുദ്ധമായ സമ്മാനങ്ങളാണെന്ന്‌ അന്വേഷണത്തില്‍ വെളിവായി. ബജറ്റില്‍ ഈ സമ്മാനങ്ങള്‍ക്ക്‌ വക വരുത്തിയിരുന്നില്ല. പിന്നെയെങ്ങനെ സമ്മാനങ്ങള്‍ വന്നു?. കോണ്‍ട്രാക്ടര്‍മാരാണ്‌ ഈ സമ്മാനങ്ങള്‍ പരസ്യമായി ജനപ്രതിനിധികള്‍ക്ക്‌ നല്‍കുന്നതെന്നു ബോദ്ധ്യപ്പെട്ടു. 'പരസ്യമായി നല്‍കുന്ന ഈ കൈക്കൂലി' വാങ്ങാന്‍ ജനപ്രതിനിധികള്‍ തിരക്കു കൂട്ടിയപ്പോള്‍ സി.പി.ഐ.(എം.എല്‍)ന്റെ പ്രതിനിധിയായ പരേതനായ മഹേന്ദ്രസിംഗ്‌ മാത്രം ഒരിക്കലും ഈ സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നില്ല. സമ്മാനങ്ങളുടെ ഉറവിടമെല്ലാം മാദ്ധ്യമങ്ങള്‍ വലിയ പ്രധാന്യം നല്‍കിയത്‌ എം.എല്‍.എ മാരുടെ ഉറക്കത്തെ അലോസരപ്പെടുത്തി. സമ്മാനങ്ങളുടെ വിവരം ചോദിച്ച്‌ ശക്തിപാണ്ഡെ നല്‍കിയ അപേക്ഷ ആദ്യം നിരസിച്ചെങ്കിലും സംസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഇടപെടല്‍ സഹായിച്ചു.

    ജാര്‍ഖണ്ഡ്‌ വിധാന്‍സഭയുടെ പരിസരത്ത്‌ കാന്റീനും കടകളും അനുവദിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ നിയമസഭാ അധികാരികള്‍ നിഷേധിച്ചു. വിവരാവകാശക്കമ്മീഷന്റെ ഇടപെടല്‍ ഇവിടെയും സഹായിച്ചു. നടപടിക്രമങ്ങള്‍ പാലിക്കതെയാണ്‌ കാന്റീനും ഷോപ്പുകളും നല്‍കിയത്‌. ഒരു പൈസപോലും വാടകയോ അഡ്വാന്‍സോ നല്‍കാതെയാണ്‌ കഴിഞ്ഞ 5 വര്‍ഷം ഇവ പ്രവര്‍ത്തിക്കാര്‍ അനുവദിച്ചതെന്നവിവര്‍ം കൂടി വെളിവാക്കപ്പെട്ടു.

    പോലീസ്‌ വണ്ടിയില്‍ സിമന്റ്‌ കൊണ്ടുപോകുന്നതും ആംബുലന്‍സില്‍ പച്ചക്കറി എത്തിക്കുന്നതുമൊക്കെ സാധാരണയായിരുന്നു. ജാര്‍ഖണ്ഡിലെ സംസ്ഥാന ആരോഗ്യവകുപ്പ്‌ വന്‍തോതില്‍ ആമ്പുലന്‍സ്‌ വാങ്ങിക്കുട്ടിയതിലെ അഴിമതിയിലേക്ക്‌ നീണ്ടു ആംബുലല്‍സിന്റെ പച്ചക്കറിയുമായുള്ള യാത്ര.

    2005 ഡിസമ്പറില്‍ സുനില്‍ ചൗധരിയാണ്‌ ആരോഗ്യവകുപ്പ്‌ വാങ്ങിയ ആംബുലന്‍സിനെകുറിച്ചുള്ള വിവരം ആരാഞ്ഞത്‌. കമ്മീഷന്‍ അടിക്കാന്‍ വേണ്ടി ആവശ്യത്തിലധികം ആംബുലന്‍സുകള്‍ വാങ്ങിയെന്ന വസ്തുത പുറത്തുവന്നു. ആംബുലന്‍സിന്റെ എണ്ണം കൂടിയപ്പോള്‍ അതു പച്ചക്കറി വാങ്ങാന്‍ ഉപയോഗിച്ചു തുടങ്ങിയെന്ന്‌ മനസ്സിലായി. ഏതായാലും ആംബുലന്‍സിന്റെ ഉപയോഗത്തില്‍ ജാഗ്രതപാലിക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കി.

    'ഹിന്ദുസ്ഥാന്‍' പത്രത്തിലെ റാഞ്ചി ലേഖകന്‍ അമരേന്ദ്രകുമാര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. മുന്‍മുഖ്യമന്ത്രി, മുന്‍മന്ത്രിമാര്‍ അവരുടെ പേര്‍സണല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ചിലവഴിച്ച തുകയുടെ വിശദാംശങ്ങളാണ്‌ ആവശ്യപ്പെട്ടത്‌. അപേക്ഷ സര്‍ക്കാര്‍ തള്ളി.

    'എന്ത്‌ വിവരാവകാശനിയമമാണ്‌ സംസ്ഥാനത്ത്‌ നടപ്പിലാക്കിയതെന്ന' ശീര്‍ഷകത്തിലെ വാര്‍ത്ത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. മുന്‍മന്ത്രിമാര്‍ക്കായി ടി.എ. മെഡിക്കല്‍ ചിലവ്‌ ഇനത്തില്‍ ചിലവഴിച്ച തുകപോലും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍. ഉടന്‍ തന്നെ ആവശ്യപെട്ട വിവരം സര്‍ക്കാര്‍ അപേക്ഷകനു നല്‍കി. അതു 'ഹിന്ദുസ്ഥാന്‍' പത്രത്തിലെ ഒന്നാം പേജിലെ മുഖ്യവാര്‍ത്തയായി.

    (കടപ്പാട്‌: ഡി.ബി.ബിനു.)

  5. അങ്കിള്‍. said...

    വിവരാവകാശനിയമവും പത്രപ്രവര്‍ത്തകരും-3

    ഈ കഥ മദ്ധ്യ പ്രദേശില്‍ നിന്നാണ്‌.
    സംസ്ഥനത്തെ അഞ്ച്‌ ജില്ലകളിലെ കുട്ടികള്‍ക്ക്‌ തൊഴില്‍പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി 2004-ല്‍ ആരംഭിച്ചു. ഐ.എല്‍.ഓ യുടെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 32 ലക്ഷം രൂപ കാന്തി ജില്ലക്ക്‌ മാത്രമായി ഈ പദ്ധതിയില്‍ വകയിരുത്തി. വിവരാവകാശനിയമ പ്രകാരം നാഗമണി മോഹന്‍ ഒരപേക്ഷ നല്‍കിയതോടെ പ്രഥമ ആരോഗ്യകിറ്റിലെ അഴിമതി പുറത്തു ചാടി. എത്ര രൂപക്കാണ്‌ കിറ്റ്‌ വാങ്ങിയത്‌. എന്തെല്ലാം ഉപകരണങ്ങള്‍ അതിലുണ്ട്‌. എത്രയെണ്ണമുണ്ട്‌ എന്നെല്ലാം അപേക്ഷയില്‍ അന്വേഷിച്ചിരുന്നു.

    അപേക്ഷ നല്‍കി 17 ദിവസം കഴിഞ്ഞ്‌ കിട്ടിയ മറുപടി നടുക്കുന്നതായിരുന്നു. 35000 രൂപയാണ്‌ ഓരോ കിറ്റിന്റെയും വില. ഈ നിലവാരത്തിലുള്ള കിറ്റിന്‌ പുറം മാര്‍ക്കറ്റില്‍ എന്തുവിലയാണെന്ന്‌ നാഗമണി അന്വേഷിച്ചു. വെറും 970 രൂപ. ഇത്‌ വലിയൊരു കുംഭകോണത്തിന്റെ കഥ പുറത്തുകൊണ്ടുവന്നു. പാവപ്പെട്ട കുട്ടികളില്‍ നിന്നും തട്ടിയെടുത്ത ലക്ഷങ്ങളുടെ അഴിമതികഥയെ കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കേണ്ടിവന്നു.

  6. അങ്കിള്‍. said...

    വിവരാവകാശനിയമവും പത്രപ്രവര്‍ത്തകരും-4

    മദ്യനിരോധനം ഏര്‍പ്പെടുത്തിയതിന്‌ ശേഷം വ്യാജമദ്യത്തിന്റെ വില്‍പനയെ പ്രൊത്സാഹിപ്പിക്കുന്നതിലൂടെ നികുതിയിനത്തില്‍ സര്‍ക്കാരിന്‌ വലിയ നഷ്ടം വരുമെങ്കിലും വ്യാജമദ്യലോബിക്കും അതിനു കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കും വലിയ ലാഭമാണ്‌ ഉണ്ടാകുക. കോടിക്കണക്കിന്‌ രൂപ ഖജനാവിന്‌ നഷ്ടമുണ്ടെന്ന്‌ പൊതുജനങ്ങള്‍ അറിയാതിരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടാതിരിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. ജാര്‍ഖണ്ഡ്‌ നിയമ സഭാംഗമായ വിനോദ്‌സിംങ്ങ്‌ ഇക്കാര്യം ചോദിച്ചുവെങ്കിലും തെറ്റായ വിവരങ്ങളാണ്‌ സഭയില്‍ വച്ച്‌ മന്ത്രി നല്‍കിയത്‌. ധനകാര്യമന്ത്രി ചോദിച്ചിട്ടുപോലും ശരിയായ വിവരങ്ങള്‍ ഉദ്ദ്യോഗസ്ഥര്‍ നല്‍കിയില്ല.

    ദയാനന്ദ്‌ റോയ്‌ എന്ന പത്ര പ്രവര്‍ത്തകന്‍ വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ നേരത്തേ നല്‍കിയ വിവരങ്ങേല്ലാം തെറ്റാണെന്ന്‌ സ്ഥാപിക്കപ്പെട്ടു. 2001-02 ല്‍ 16 കോടി രൂപയാണ്‌ റവന്യൂ ഇനത്തില്‍ സര്‍ക്കാരിന്‌ ലഭിച്ചതെങ്കില്‍ അടുത്തവര്‍ഷം അത്‌ പത്തിലൊന്നായി ചുരുങ്ങി. ജാര്‍ഖണ്ഡിലെ മദ്യപാനികളുടെ എണ്ണം ഒരു വര്‍ഷം കൊണ്ട്‌ പത്തിലൊന്നായി ചുരുങ്ങിയതല്ലെന്ന കാര്യം സര്‍ക്കാരിന്‌ സമ്മതിക്കേണ്ടി വന്നു. 'പ്രഭാത്‌ ഖബറിന്റെ' ഒന്നാം പേജിലെ എക്സ്‌ക്ലൂസ്സിവ്‌ വാര്‍ത്തയായി ഇത്‌ പുറത്തു വന്നു.

    (കടപ്പാട്‌: ഡി.ബി.ബിനു.)

  7. അങ്കിള്‍. said...

    വിവരാവകാശനിയമവും പത്രപ്രവര്‍ത്തകരും-5

    ഡല്‍ഹി ജലബോര്‍ഡ്‌ സ്വകാര്യവല്‍കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പൊളിച്ചതാണ്‌ വിവരാവകാശനിയമത്തിന്റെ മറ്റൊരു വിജയം.

    1998-ല്‍ ഡല്‍ഹി ജലബോര്‍ഡ്‌ സ്വകാര്യവത്‌കരിച്ചുകൊണ്ട്‌ ലോകബാങ്കിന്റെ സഹായം തേടാന്‍ ശ്രമമാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട 4000 പേജ്‌ വരുന്ന രേഖകള്‍ വിവരാവകാശനിയമ പ്രകാരം 'പരിവര്‍ത്തന്റെ' പ്രവര്‍ത്തകര്‍ ശേഖരിച്ചു. ഇത്രയും പേജുകള്‍ ഇവര്‍ വുദഗ്ദരുടെ സഹായത്തോടെ ശ്രദ്ധാപൂര്‍വം പരിശോധിച്ചു. ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്‌ ഈ രേഖകള്‍ പുറത്തുകൊണ്ടുവന്നത്‌. ബഹുരാഷ്ട്രകുത്തക കമ്പനിക്ക്‌ ടെന്‍ഡര്‍ നല്‍കണമെന്ന ലോകബാങ്കിന്റെ നിര്‍ബന്ധം ഉല്‍പ്പെടെയുള്ള തികച്ചും അനുചിതവും ജനവിരുദ്ധവുമായ വ്യവസ്ഥകള്‍ ഡല്‍ഹി സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന വസ്തുത രേഖയിലൂടെ വെളിവായി. ഈ പദ്ധതി നടപ്പിലായാല്‍ കുടിവെള്ളത്തിന്റെ വില നാലിരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള വ്യവസ്ഥയും സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. മാത്രമല്ലാ പൈപ്പ്‌ലൈന്‍ സ്വന്തമായി സ്ഥാപിക്കാമെന്നും ജനങ്ങള്‍ സമ്മതിക്കുന്ന സ്ഥലത്ത്‌ വെള്ളമെത്തിക്കണമെന്നും പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. കുപ്പി വെള്ളം വിലകൊടുത്ത്‌ വാങ്ങി ദൈനംദിന ആവിശ്യത്തിന്‌ ഉപയോഗിക്കാന്‍ കഴിവില്ലാത്ത ദരിദ്രനാരായണന്മാര്‍ക്കെതിരെയുള്ള ഈ വ്യവസ്ഥകളങ്ങീകരിച്ച സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നു. പദ്ധതിയില്‍ നിന്ന്‌ സര്‍ക്കാരിന്‌ പിന്‍മാറേണ്ടിവന്നു. സാധാരണഗതിയില്‍ പത്രങ്ങള്‍ക്ക്‌ ലഭിക്കാന്‍ ഇടയില്ലാത്ത ആധികാരികമായ വിവരമാണ്‌ വിവരാവകാശനിയമപ്രകാരം കിട്ടിയത്‌. പ്രവചനം നടത്തുന്നതിന്‌ പകരം രേഖകള്‍ ഗൗരവത്തോടെ പഠിച്ച്‌ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്റ്റോറികല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ ഈ സംഭവം ബോദ്ധ്യപ്പെടുത്തി. ഈ നിയമം വരുന്നതിനുമുമ്പ്‌ ഇത്‌ അസാദ്ധ്യമായിരുന്നു.

    (കടപ്പാട്‌: ഡി.ബി.ബിനു.)

  8. അങ്കിള്‍. said...

    വിവരാവകാശനിയമവും പത്രപ്രവര്‍ത്തകരും-6

    രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജെര്‍മനിയില്‍ ഒരു രഹസ്യ ജയില്‍ ബ്രിട്ടണ്‌ സ്ഥാപിച്ചുവെന്നും അവിടെവച്ച്‌ നാസികളെ മൃഗീയമായി രണ്ടുവര്‍ഷത്തോളം പീഠിപ്പിച്ചിരുന്നൂവെന്നും 'ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. സ്‌കോട്ട്‌ലന്റ്‌യാര്‍ഡ്‌ പോലീസിലെ ഇന്‍സ്‌പെക്ടര്‍ ടോംഹാവേര്‍ഡ്‌ ബ്രിട്ടീഷ്‌ വിദേശകാര്യവകുപ്പില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ ഫയല്‍ വിവരാവകാശനിയമമുള്ളതു കൊണ്ടാണ്‌ 'ഗാര്‍ഡിയന്‍' എന്ന പത്രത്തിന്‌ പുറത്തുകൊണ്ടുവരാന്‍ പറ്റിയത്‌.

    (കടപ്പാട്‌: ഡി.ബി.ബിനു.)

  9. അങ്കിള്‍. said...

    വിവരാവകാശനിയമവും പത്രപ്രവര്‍ത്തകരും-7

    റെയില്‍വേ ബജറ്റിലെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവന്ന 2006 ഫെബ്രുവരി 25-ന്‌ ഇന്‍ഡ്യന്‍ എക്സ്‌പ്രസ്സ്‌ റിപ്പോര്‍ട്ട്‌ വിവരാവകാശനിയമത്തിലെ വിജയഗാഥയായി. നേരത്തേ പ്രഖ്യാപിച്ചിരുന്ന 47 കോടിയുടെ പദ്ധതികള്‍പോലും ഇപ്പോഴും നടപ്പാക്കിയിട്ടില്ല എന്ന വസ്തുതയാണ്‌ ഇന്‍ഡ്യന്‍ എക്സ്‌പ്രസ്സ്‌ റിപ്പോര്‍ട്ടര്‍ റീത്തു സരിന്‍ വിവരാവകാശനിയമപ്രകാരം പുറത്തുകൊണ്ടു വന്നത്‌.

    (കടപ്പാട്‌: ഡി.ബി.ബിനു.)

  10. അങ്കിള്‍ said...

    ജനപ്രതിനിധി- വിവരാവകാശ നിയമത്തിലില്ല.
    തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ (എം.പി, എം.എൽ.എ, പഞ്ചായത്തംഗങ്ങൾ) ‘വ്യക്തി’ എന്ന നിലയിൽ വിവരാവകാശനിയമത്തിൻ കീഴിൽ വരികയില്ലെന്നു സെണ്ട്രൽ ഇൻഫർമേഷൻ കമ്മിഷൻ ഡിവിഷൻ ബഞ്ച് വിധിച്ചു. പക്ഷേ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ അവരുൾപ്പെടുന്ന സമിതികളിൽ നിന്നു (പാർലമെന്റ്, നിയമസഭ, പഞ്ചായത്ത്) അറിയാനാകും. ജനപ്രതിനിധികളെ സ്വന്തം നിലയിൽ പൊതു സ്ഥാപനങ്ങളായി പരിഗണിക്കാനാവില്ലെന്നു കമ്മിഷൻ വിലയിരുത്തി.[മനോരമ 6-12-2009]