അദ്ധ്യാപക നിയമനത്തിന് അധികാരം ആര്‍ക്ക്?
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസനിയമത്തിലെ ഒരു സുപ്രധാന വകുപ്പാണ് 11 ന്നാമത്തേത്( കേരളാ എഡൂകേഷന്‍ ആക്ട് - 1958). സ്വകാര്യസ്കൂളിലെ അദ്ധ്യാപകരെ ചൂഷണം ചെയ്ത് വന്നിരുന്നത് ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രസ്തുത നിയമം നിലവില്‍ വന്നത്. പ്രതിമാസ ശംബളത്തില്‍ നിന്നും ഒരു ഭാഗം മാനേജ്‌മെന്റ് നിര്‍ബന്ധപൂര്‍വ്വം അദ്ധ്യാപകരില്‍ നിന്നും വാങ്ങി സ്വന്തം കീശയിലാക്കിയിരുന്നു. അതു കഴിഞ്ഞുള്ളത് മാത്രമാണ് അവര്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്. അദ്ധ്യാപകരെ യഥേഷ്ടം നിയമിക്കുന്നതിനും പറഞ്ഞുവിടുന്നതിനും മനേജ്‌മെന്റിനു സാധിക്കുമായിരുന്ന കാലഘട്ടം. ആ ഒരു കാരണം കൊണ്ട് അദ്ധ്യാപകര്‍ അവരുടെ പ്രതിഷേധം ഉള്ളില്‍ ഒതുക്കി കഴിയുകയായിരുന്നു. അദ്ധ്യാപക നിയമനങ്ങള്‍ മാനേജ്‌മെന്റിന്റെ സ്വേച്ഛാധികാരപ്രകാരം നടത്തിയിരുന്നു. ഏറ്റവും നല്ല നിലയില്‍ വിദ്യഭ്യാസം നേടിയവര്‍ക്കു പോലും ജോലി നിഷേധിക്കുന്നത് പതിവ് സംഭവമായിരുന്നു. സര്‍ക്കാരില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപക നിയമനം മാനേജ്‌മെന്റിനു പൂര്‍ണ്ണമായി വിട്ടുകൊടുക്കുന്നത് ശരിയല്ല എന്ന് ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിട്ടാണ് ആ നിയമത്തില്‍ 11- ം വകുപ്പ് ഉള്‍പ്പെടുത്തിയത്. മെറിറ്റിന് യാതൊരു വിലയും കല്‍പിക്കാതെയുള്ള നിയമനങ്ങളും പണം വാങ്ങി നിയമനം നല്‍കുന്നതും ഒരു പരിധിവരെ നിയന്ത്രിക്കുന്ന നിശ്ചയദാര്‍ഢ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു 11-ം വകുപ്പ്.
11-ം വകുപ്പ് പ്രകാരം മാനേജര്‍ക്ക് KPSC തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്നും ഇഷ്ടമുള്ളവരെ അദ്ധ്യാപകരായി നിയമിക്കാം. ഓരോജില്ലയില്‍ നിന്നും അപ്രകാരം PSC ലിസ്റ്റ് തയ്യാറാക്കുമെന്നും അതില്‍ നിന്നും മാനേജര്‍മാര്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് ഈ.എം.എസ്സ്. സര്‍ക്കാരിനെ തുടര്‍ന്നു വന്ന സര്‍ക്കാര്‍ ദൂരെത്തെറിപ്പിച്ചുകളഞ്ഞു. പുതിയ 11-ം വകുപ്പ് പ്രകാരം മാനേജര്‍ക്ക് യോഗ്യതയുള്ള ആരെവേണമെങ്കിലും നിയമിക്കാമെന്നായി. ഒന്നാം റാങ്ക് കിട്ടിയ അപേക്ഷകനെ മൂലക്ക് നിര്‍ത്തി ഏറ്റയും കുറഞ്ഞ യോഗ്യതയുള്ള ആരെയും നിയമിക്കാമെന്ന സ്ഥിതിവിശേഷം. ആക്ടിലെ 9-ം വകുപ്പില്‍ എല്ലാ അദ്ധ്യാപകരുടേയും ശമ്പളം അതാത് സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ മുഖാന്തിരം കൊടുക്കാമെന്ന് വ്യവസ്തയുണ്ട്. 11-ം വകുപ്പില്‍ പറയുന്നതും എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരെ PSC തിരെഞ്ഞെടുക്കുന്ന ജില്ലാലിസ്റ്റില്‍ നിന്നുമാത്രമേ നിയമിക്കാന്‍ പാടുള്ളൂ എന്നാണ്. നിയമനത്തിലെ പ്രസക്ത വകുപ്പുകളില്‍ നിന്നും അദ്ധ്യാപകരുടെ ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നു വ്യക്തമാണ്. 10-ം വകുപ്പ് പ്രകാരം നിശ്ചിത യോഗ്യത നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സുപ്രീം കോടതി ഈ വകുപ്പുകള്‍ തികച്ചും ഭരണഘടനക്ക് അനുസ്യുതമാണെന്ന് വിധിപ്രസ്താവിച്ചിരുന്നതുമാണ്. ശമ്പളം സര്‍ക്കാര്‍ നല്‍കുകയെന്നുള്ള 9-ം വകുപ്പ് നടപ്പാക്കുന്നതിന് ഒരു കാലതാമസവും ഉണ്ടായില്ല. എന്നാല്‍ 11-ം വകുപ്പ് ഭേദഗതി ചെയ്യപ്പെട്ടു. സുപ്രീം കോടതി ശരിവച്ച 11-ം വകുപ്പ് തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് 27-12-1960 -ല്‍ പുതിയ 11-ം വകുപ്പ് നിലവില്‍ വന്നത്. അതനുസരിച്ച് മാനേജര്‍മാര്‍ക്ക് നിയമനങ്ങള്‍ക്ക് സര്‍വ്വസ്വാതന്തൃവും ലഭിച്ചു. 11-ം വകുപ്പ് ഭേദഗതി ചെയ്യുമ്പോള്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. സര്‍ക്കാരില്‍ നിന്നും ശമ്പളം. പക്ഷേ മാനേജര്‍മാര്‍ക്ക് യഥേഷ്ടം നിയമനത്തിനുള്ള അവകാശം. ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്യാപകരുടെ നിയമനം മാനേജരുടെ കൈപ്പിടിയില്‍ ഒതുങ്ങി.
11-ം വകുപ്പ് ആക്ടില്‍ ഉള്‍കൊള്ളിച്ചതു വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ്. പക്ഷേ, എന്തിന് ഈ വകുപ്പുകള്‍ ഭേദഗതി ചെയ്തു എന്നതിനു ഹൈകോടതിയില്‍ സര്‍ക്കാരിനു മറുപടി ഉണ്ടായില്ല. ഭേദഗതി ചെയ്തതിന് എന്തെങ്കിലും കാരണം കാണിക്കുവാന്‍ സര്‍ക്കാരിന് കോടതിയില്‍ സാധിക്കാത്തത് മനഃപ്പ്പ്പൂര്‍വവും ദുരുദ്ദേശപരവുമാണെന്ന് സംശയിച്ചാല്‍ ആര്‍ക്കും കുറ്റം പറയാനാവില്ല. 11-ം വകുപ്പ് ഭേദഗതി ചെയ്തതിന് യാതൊരു കാരണവും നീതീകരണവുമില്ലെന്ന് ഹൈക്കോടതി അസന്ദിഗ്ദമായി റിട്ടപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. പ്രബുദ്ധരായ കേരളജനതയില്‍ നിന്നും ഒരു ഒച്ചാപ്പാടും ഉണ്ടായിട്ടില്ല. വിവിധ രാഷ്ട്രീയകക്ഷികളും അദ്ധ്യാപക സംഘടനകളും ഇങ്ങനെയൊരു സംഭവം ഉള്ളതായിപ്പോലും ഗൗരവപൂര്‍വ്വം പരിഗണിച്ചുകാണുന്നില്ല. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും അര്‍ഹമായവര്‍ക്ക് നിയമനം ലഭിക്കുന്നതിനും 11-ം വകുപ്പ് പുനഃസ്ഥാപിക്കേണ്ടത് ന്യായയുക്തമായ ആവശ്യമാണ്. സരസ്വതീക്ഷേത്രങ്ങളുടെ വിശുദ്ധി അപ്പടെ നിഷേധിക്കുന്ന ഒന്നാണ് കൂടുതല്‍ തുക പറഞ്ഞയാളുടെ പേരില്‍ അതിശ്രേഷ്ഠമായ ഗുരുസ്ഥാനം ഏല്‍പ്പിക്കുന്നത്. തികച്ചും ലജ്ജാകരവും പ്രാകൃതവുമായ ഈ വ്യവസ്ഥിതി മാറ്റുന്നതിനു മുന്‍ 11-ം വകുപ്പ് പുനഃസ്ഥാപിക്കേണ്ടതിന് ഇനിയും കാലതാമസം പാടില്ല.
11-ം വകുപ്പ് ഗളഹസ്തം ചെയ്യപ്പെട്ടതോടെ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്‌മെന്റിന്റെ ഇഷ്ടാനുസരണമുള്ള നിയമനങ്ങള്‍ ആഘോഷ പൂര്‍വ്വം നടക്കുകയാണ്. വിദ്യാഭ്യാസ നിലവാരം താഴ്‌ന്നു പോകുന്നതിനിടവരുത്തിയെന്നുള്ളത് തര്‍ക്കമില്ലാത്ത സംഗതിയാണ്. വിദ്യാര്‍ത്ഥികള്‍ സ്വകാര്യട്യൂഷന് പോകുന്നതിനു പ്രധാനകാരണം അവര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്നും ശരിയായ പഠനം നിര്‍വ്വഹിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. വിദ്യാലയങ്ങളില്‍ പ്രഗല്‍ഭരായ അദ്ധ്യാപകരുണ്ടെങ്കില്‍ പോലും വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആത്മാര്‍ത്ഥമായി പഠിപ്പിക്കുന്നതില്‍ വിമുഖത കാട്ടുന്നു. ഇതിനെല്ലാം അറുതിവരുത്തേണ്ടതിന്റെ ആവശ്യകത കേരളഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഡബ്ല്യു.എ.278/95 ല്‍ സുപ്രധാനവിധിന്യായത്തിലൂടെ ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രസ്തുത കേസില്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം മനേജരുടെ അദ്ധ്യാപകരെ നിയമിക്കാനുള്ള അധികാരം സംരക്ഷിക്കപ്പെട്ടതാണെന്നുള്ള വാദം ഉണ്ടായി. ഹൈകോടതി 11-ം വകുപ്പ് ആര്‍ട്ടിക്കില്‍ 30(1) ന്റെ ലംഘനമല്ലേന്നുള്ള സുപ്രീം കോടതിയുടെ വിധി ആശ്രയിച്ചു കേരളവിദ്യാഭ്യാസ നിയമം വിശകലനം ചെയ്തുകൊണ്ടുള്ള കേസിലാണ് സുപ്രീം കോടതി അപ്രകാരം പറഞ്ഞിരുന്നത്. വിദ്യാഭ്യാസം എല്ലാപേര്‍ക്കും ശരിയായ വിധത്തില്‍ യാതൊരു ചൂഷണവുമില്ലാതെ ലഭിക്കേണ്ടതും അത് സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയുമാണ്. ആക്ടിലെ 9(1) വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതും എയ്‌ഡഡ് സ്കൂളിലെ അദ്ധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്നാണ്. 9(3) വകുപ്പ് പ്രകാരം മാനേജര്‍ക്ക് സര്‍ക്കാരില്‍നിന്നും മനസ്സിലാക്കേണ്ടത് ഇത്രയെല്ലാം ആനുകൂല്ല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും മാനേജ്‌മെന്റിനു ലഭിക്കുമ്പോള്‍ അദ്ധ്യാപകനിയമനം ഏറ്റവും സുതാര്യവും അഴിമതി രഹിതവുമായിരിക്കണമെന്നാണ്. ഈ കാര്യം അടിവരയിട്ട് കേരളഹൈകോടതി മേല്‍പ്പറഞ്ഞകേസ്സില്‍ വിധി പ്രസ്താവിച്ചിട്ടുള്ളതുമാണ്. 11-ം വകുപ്പ് ഭേദഗതിചെയ്തതുമൂലം കോഴ കൊടുത്ത് ഉദ്യോഗം ലഭിക്കുന്നത് പ്രഗല്‍ഭര്‍ ഒഴിവാക്കപ്പെടുന്നതിനും അതിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ നിലവാരം താഴുന്നതിനും ഇടയാക്കുന്ന കാര്യവും പ്രസക്തമാണ്. ഹൈകോടതി മേല്‍പറഞ്ഞവിധിയില്‍ സര്‍ക്കാര്‍ 11-ം വകുപ്പ്‌ഭേദഗതി ചെയ്തതിന് യതൊരു ന്യായീകരണവും കാണിച്ചിട്ടില്ലന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. 11-ം വകുപ്പ് എടുത്തുകളഞ്ഞതിന് യതൊരു ന്യായീകരണവുമില്ലെന്ന് വിധിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള എയ്ഡഡ്` സ്കൂള്‍സ്(2002-03)=7282
വിദ്യാര്‍ത്ഥികള്‍ (2002-03)=30,28,989
അദ്ധ്യാപകര്‍ (2002-03)=1,08,949
ആധാരംഃ 1. റിട്ടഃജസ്റ്റിസ്സ് എം.എം.പരീദ്‌പിള്ള യുടെ ഒരു ലേഖനം.
2.www.kerala.gov.in/dept_geneducation/statistics2004.htm
17 comments:
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസനിയമത്തിലെ ഒരു സുപ്രധാന വകുപ്പാണ് 11 ന്നാമത്തേത്( കേരളാ എഡൂകേഷന്‍ ആക്ട് - 1958). സ്വകാര്യസ്കൂളിലെ അദ്ധ്യാപകരെ ചൂഷണം ചെയ്ത് വന്നിരുന്നത് ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രസ്തുത നിയമം നിലവില്‍ വന്നത്.
ഈ വകുപ്പ് ഈ.എം.എസ്സ്. സര്‍ക്കാരിനെ തുടര്‍ന്നു വന്ന സര്‍ക്കാര്‍ ദൂരെത്തെറിപ്പിച്ചുകളഞ്ഞു. പുതിയ 11-ം വകുപ്പ് പ്രകാരം മാനേജര്‍ക്ക് യോഗ്യതയുള്ള ആരെവേണമെങ്കിലും നിയമിക്കാമെന്നായി.
നിയമനത്തിലെ പ്രസക്ത വകുപ്പുകളില്‍ നിന്നും അദ്ധ്യാപകരുടെ ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നു വ്യക്തമാണ്.
ഈ തിന്മ കാണാതെ ‘പാവപ്പെട്ട‘ സ്വാശ്രയക്കാരുടെ മേക്കിട്ട് കേറിയിട്ടെന്തുകാര്യം?
ഒരു എയ്ഡഡ് സ്കൂള്‍ രക്തസാക്ഷി.
അങ്കിളേ
മലയാളികളു പ്രബുദ്ധരായ ഒരു ജനതയാണെന്ന് ഞാനും എവിടൊക്കെയോ പറഞ്ഞിരുന്നു എന്നാണു തോന്നുന്നത്.
തെറ്റു സമ്മതിയ്ക്കേണ്ടി വരുമെന്നാണു കാലം കഴിയുന്തോറും തോന്നുന്നത്.
മാനേജര്‍മാര്‍ നിയമനാവകാശം വാങ്ങി ലുട്ടു ലൊടുക് അദ്ദ്യാപകരെ നിയമിച്ച് ഇവിടുത്തെ സ്കൂള്‍ വിദ്യാഭ്യാസത്തെ അപമൃതിപ്പെടുത്തി എന്ന്.
കഴിഞ്ഞില്ല അങ്കിളേ ഇവിടുത്തെ പ്രൊഫഷനല്‍ വിദ്യാഭ്യാസവും അതേവകുപ്പിന്റെ (30)ഞണിന്‍-മേല്‍ കളി കളിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പാവപ്പെട്ട സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കക്കാരേക്കുറിച്ചിവിടാരെങ്കിലും പറഞ്ഞാല്‍ ഉടനെ ഒരാരോപണം റോക്കറ്റു പോലെ വന്നു മുന്നില്‍ ചാടും;റാങ്കുകാരെ ആ സ്റ്റാന്‍-ഡേഡില്ലാത്തവര്‍ അവഗണിച്ചേ എന്ന്.
ഇതിപ്പോ അങ്കിളു പറയുന്നു പി എസ്. സി റാങ്കുകാരെ മാറ്റിക്കളഞ്ഞിട്ട്, മൂലേലു നിക്കുന്നവനു നിയമനം കിട്ടുമെന്ന്, മാനേജുമെന്റു സ്കൂളീല്‍.
ഇതൊന്നും ആരും അറിയുന്നില്ലേ?
ഇതൊക്കെ അറിയാവുന്നവരും ഇതിന്റെ പങ്കു പ്റ്റുന്നവരും ധാരാളമുള്ളപ്പോള്‍ ഒരു നിയമം വരട്ടെ നിയമനം പി.എസ്.സി വഴിയാക്കുമെന്ന്. മാനേജ്‌മെന്റ് സ്കൂളുകളൊക്കെ അപ്പോള്‍ അറ്റച്ച് പൂട്ടും.
മാവേലി,
തെറ്റിദ്ധരിക്കരുതേ. മാവേലിയുടെ താഴെകൊടുത്തിരിക്കുന്ന രണ്ട് പാരഗ്രാഫ് കൊണ്ട് താങ്കളുടെ ഉദ്ദേശം കുറച്ചുകൂടെ വ്യക്തമാക്കാമോ?.
"മാനേജര്‍മാര്‍ നിയമനാവകാശം വാങ്ങി ലുട്ടു ലൊടുക് അദ്ദ്യാപകരെ നിയമിച്ച് ഇവിടുത്തെ സ്കൂള്‍ വിദ്യാഭ്യാസത്തെ അപമൃതിപ്പെടുത്തി എന്ന്."
"ഇതിപ്പോ അങ്കിളു പറയുന്നു പി എസ്. സി റാങ്കുകാരെ മാറ്റിക്കളഞ്ഞിട്ട്, മൂലേലു നിക്കുന്നവനു നിയമനം കിട്ടുമെന്ന്, മാനേജുമെന്റു സ്കൂളീല്‍."
പൊതുഖജനാവില്‍ നിന്നും ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന് ഒരധികാരവുമില്ലെന്നുള്ളതാണ് എന്റെ പോസ്റ്റിലെ പ്രധാന പോയിന്റ്. എന്തുകൊണ്ട്, എങ്ങനെ അതില്ലാതായി എന്ന ചരിത്രവും ഇക്കൂട്ടത്തില്‍ പറഞ്ഞുവെന്ന്‌മാത്രം.
ഒരു പരീക്ഷണം
ഇത്രയും ഇന്ററെസ്റ്റിങ്ങ് ആയ ഒരു
ബ്ലോഗു ആദ്യമായാണു വായിക്കുന്നത്.
തുടര്ച്ചയായി എഴുതുമെല്ലോ. It was sent to my blog as a reference material;but got it published like this. Therefore, it has been removed. This is the MOST AUTHENTIC ARTICLE ON THE SUBJECT. WHY DONT YOU SEND THIS TO VARTHAMANAM AS A FEED-BACK?
ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് എയിഡഡ് സ്കൂള്‍ അധ്യാപകരുടെ സംരക്ഷണം കുടി നോക്കാന്‍ ബാധ്യതയുണ്ടെന്ന് സഹകരണമന്ത്രി സുധാകരന്‍ പ്രസ്താവിച്ചിരിക്കുന്നു. ഇത് ഞാന്‍ കേട്ടത് ഇന്ന് രാവിലെ (1-10-2007) തിരുവനന്തപുരം എഫ്.എം. റേഡിയോയില്‍ കൂടെയുള്ള ഒന്‍പത് മണി വാര്‍ത്തയിലാണ്. പത്രങ്ങള്‍ മുഴുവന്‍ പരതി. കണ്ടില്ല. ദൃശ്യ്യമാധ്യമങ്ങളിലും ഇന്നലെ കേട്ടില്ല.
വിദ്യാഭ്യാസമന്ത്രിക്ക് ഇതിലൊന്നും പറയാനില്ലേ? സംരക്ഷണത്തില്‍ മാത്രമേ താല്പര്യമുള്ളോ? അവരുടേ നിയമനത്തില്‍ സര്‍ക്കാരിനൊട്ടും താല്പര്യം ഇല്ലേ?
എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനം: ഹര്‍ജി അനുവദിച്ചില്ല
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനം പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചില്ല. ഈ ആവശ്യം സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്ന് ഇതേ ആവശ്യമുന്നയിച്ചുള്ള മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് 2000ല്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് കെ.ടി. ശങ്കരനുമുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഈ നടപടി. ഇക്കാര്യംസംബന്ധിച്ച് നേരത്തെ ഡിവിഷന്‍ബെഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴത്തെ ഹര്‍ജികള്‍ പരിഗണിക്കുന്നില്ലെന്നുകാണിച്ചാണ് അവ തീര്‍പ്പാക്കിയിട്ടുള്ളത്.
അധ്യാപകനിയമനം പിഎസ്‌സിക്ക് വിടണമെന്നും എയ്ഡഡ് സ്കൂള്‍മാനേജ്‌മെന്റിന് അധ്യാപകനിയമനത്തിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സമതാ ലോ സൊസൈറ്റിയുടേതുള്‍പ്പെടെ രണ്ട് ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്ക്ക്‌വിട്ടത്. ഇതേ ആവശ്യങ്ങള്‍ നേരത്തെ ഡിവിഷന്‍ബെഞ്ച് വിശദമായി കേട്ടതാണെന്ന് ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെട്ടു (മതൃഭൂമി:09-10-2007).
സ്വകാര്യ സ്കൂള്‍- കോളജ് നിയമനം പിഎസ്സി വഴി വേണം:
തിരുവനന്തപുരം: സ്വകാര്യ സ്കൂള്‍, കോളജ് നിയമനങ്ങള്‍ പിഎസ്സിക്കു വിടണമെന്നു കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ഫിലിപും ജനറല്‍ സെക്രട്ടറി എ.കെ. ചന്ദ്രനും ആവശ്യപ്പെട്ടു. ഒരുവര്‍ഷം 15,000 പേരെയാണു മാനേജ്മെന്റുകള്‍ തന്നിഷ്ട പ്രകാരം നിയമിക്കുന്നത്. 1000 കോടി രൂപയെങ്കിലും ഈയിനത്തില്‍ കൈമറിയുന്നുണ്ട്. ശമ്പളം കൊടുക്കാന്‍ സര്‍ക്കാരും കോഴ വാങ്ങാന്‍ മാനേജ്മെന്റും എന്നതാണു സ്ഥിതി. വിദ്യാഭ്യാസ നിയമത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി കെഎസ്ടിഎ സംസ്ഥാനതല വാഹനജാഥകള്‍ നടത്തും. എ.കെ. ചന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ 19നു 4.30നു നെടുമങ്ങാട്ട് മന്ത്രി എം. വിജയകുമാറും ജോണ്‍ ഫിലിപ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 19നു മൂന്നു മണിക്കു കാസര്‍കോട്ട് മന്ത്രി കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഇരുയാത്രകളും 28നു തൃശൂരില്‍ ഒത്തുചേരും. അന്ന് അധ്യാപക സംഗമവുമുണ്ടാകും.(മനോരമ: 15-11-2007))
23-11-2007 പത്രവാര്‍ത്തകള്‍.
കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ പരിഷ്കരണ നിര്‍ദേശങ്ങളടക്കം വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ മാറ്റങ്ങള്‍ക്കെതിരെ ഒരുമിച്ചു നീങ്ങാന്‍ ക്രൈസ്തവ സഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും തീരുമാനിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തുചേര്‍ന്ന എന്‍എസ്എസ് നേതാക്കളുടെയും വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടെയും സംയുക്തയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
വിദ്യാഭ്യാസ നിയമ പരിഷ്കരണത്തിന്റെ പേരില്‍ മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം ഉള്‍പ്പെടെയുള്ളവ കയ്യടക്കുന്നതിനും സ്കൂളുകളുടെ ഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈപ്പിടിയിലൊതുക്കി രാഷ്ട്രീയക്കാരുടെ വേദിയാക്കി മാറ്റുന്നതിനുമുള്ള സര്‍ക്കാര്‍നീക്കം നീതിയല്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി. എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം അതതു മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ടതാണ്. നിയമനാധികാരവും അക്കാദമിക ഭരണ - തലങ്ങളിലെ നിയന്ത്രണവും ഇന്നുള്ളപോലെ തന്നെ തുടരണം.
പ്രക്ഷോഭങ്ങളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സര്‍ക്കാര്‍ അവരുടെ നിലപാടും തീരുമാനവും പ്രഖ്യാപിച്ചശേഷം മാത്രമേ അതേക്കുറിച്ച് ആലോചിക്കൂ എന്നും യോഗശേഷം ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവാ, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ എന്നിവര്‍ പറഞ്ഞു.
ഇൌ കൂട്ടായ്മ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഭാവി പരിപാടികള്‍ രൂപീകരിക്കാനും മുന്നോട്ടു കൊണ്ടുപോകാനും പി.കെ നാരായണപ്പണിക്കര്‍, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ ചെയര്‍മാന്മാരും ബിഷപ് തോമസ് സാമുവല്‍, ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായി സമിതിയും രൂപീകരിച്ചു. എംഇഎസ് അടക്കമുള്ള സമാനചിന്താഗതിക്കാരുമായി ആശയ വിനിമയം നടത്തും.എസ്എന്‍ഡിപി നേതാക്കള്‍ സര്‍ക്കാര്‍ നയത്തെ അനുകൂലിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അവരുടെ ലക്ഷ്യം വേറെയാണെന്ന് എന്‍എസ്എസ് അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
കുറച്ചു സ്കൂളുകളേ അവര്‍ക്കുള്ളൂ. നിയമനം പിഎസ്സിക്കു വിടുമ്പോള്‍ കിട്ടുന്ന 14 ശതമാനം സംവരണത്തിലാണ് അവരുടെ നോട്ടം. സംവരണ സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്.
സര്‍ക്കാര്‍ ലക്ഷ്യം ഭിന്നിപ്പിച്ചു തകര്‍ക്കല്‍: എന്‍എസ്എസ് - ക്രൈസ്തവ സഭായോഗം
കോട്ടയം: വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ ഉറച്ചുനിന്നിട്ടുള്ള മത സംഘടനകളെയും സമുദായ സംഘടനകളെയും ഭിന്നിപ്പിച്ചു തകര്‍ക്കുക എന്ന ലക്ഷ്യമാണു സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലുള്ളതെന്നു പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് - ക്രൈസ്തവ സഭായോഗം വിലയിരുത്തി.
ഈശ്വര വിശ്വാസത്തിലും മതസൌഹാര്‍ദത്തിലും അധിഷ്ഠിതമായ സംസ്കാരത്തെ തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍. സമൂഹനന്മ ലക്ഷ്യമാക്കി ഭാരിച്ച ചെലവു വഹിച്ചു ഭൂമി വാങ്ങി കെട്ടിടങ്ങളും മറ്റു സൌകര്യങ്ങളുമൊരുക്കി വിദ്യാലയങ്ങള്‍ ആരംഭിച്ച മാനേജ്മെന്റുകള്‍ക്ക് അതിലൊന്നും യാതൊരു അവകാശവുമില്ല എന്നു വരുത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ആദ്യകാലം മുതല്‍ മത - സമുദായ സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും വ്യക്തികളും സ്വകാര്യമേഖലയില്‍ വഹിച്ചിട്ടുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാവുന്നതല്ലെന്ന് ഇന്നലത്തെ യോഗത്തിന്റെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാരിനു മാത്രമായി കഴിയാതിരുന്ന കാര്യങ്ങള്‍ തങ്ങളുടെ ബാധ്യതയായി സ്വയം ഏറ്റെടുത്തവരാണ് അത്തരം സംഘടനകളും വ്യക്തികളും.
അവര്‍ ആയിരക്കണക്കിനു വിദ്യാലയങ്ങള്‍ ആരംഭിച്ചതു സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല. വിദ്യാഭ്യാസരംഗത്തെ സാമൂഹിക പുരോഗതിയായിരുന്നു ലക്ഷ്യം. ഫീസ് പിരിവ് ഒഴിവാക്കാനും അധ്യാപകരുടെ ശമ്പള പരിഷ്കാരംപോലുള്ളവ നടപ്പാക്കാനും വേണ്ടിയാണു സര്‍ക്കാരുമായി കരാറുണ്ടാക്കി ഇൌ സ്ഥാപനങ്ങള്‍ എയ്ഡഡ് സ്ഥാപനങ്ങളായി മാറിയത്. ഇത്തരം വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്കു ശമ്പളം കൊടുത്തതുകൊണ്ടോ നാമമാത്രമായ വാര്‍ഷിക മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചതുകൊണ്ടോ അവയുടെ പ്രവര്‍ത്തനം പൂര്‍ണമാകുന്നില്ല.
കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥാവര - ജംഗമ സ്വത്തുക്കളും അവയുടെ ഭാരിച്ച തുടര്‍ ചെലവുകളും മാനേജ്മെന്റുകളുടെ ഭാരിച്ച ചുമതലയാണിപ്പോഴും. സമൂഹ നന്മ ലക്ഷ്യമാക്കി ഭൂമിയുടെ ഭാരിച്ച ചെലവു വഹിച്ചു കെട്ടിടങ്ങളും മറ്റു സൌകര്യങ്ങളും ഒരുക്കി വിദ്യാലയങ്ങള്‍ തുടങ്ങിയ മാനേജ്മെന്റുകള്‍ക്ക് അതിലൊന്നും ഒരവകാശവുമില്ല എന്നു വരുത്തിത്തീര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമം - പ്രസ്താവനയില്‍ പറയുന്നു.
കടപ്പാട്- മനോരമ
എയ്ഡഡ് സ്കൂള്‍ നിയമനം എന്‍എസ്എസ്സും ക്രൈസ്തവസഭകളും യോജിച്ചുനീങ്ങും
ചങ്ങനാശ്ശേരി: മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം കൈയടക്കാനും സ്കൂള്‍ഭരണം രാഷ്ട്രീയക്കാരുടെ വരുതിയിലാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് യോജിച്ചുള്ള ചെറുത്തുനില്പിന് എന്‍എസ്എസ്സും വിവിധ ക്രൈസ്തവസഭകളും കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭച്ചര്‍ച്ചകള്‍ക്ക്, പെരുന്ന എന്‍എസ്എസ് ആസ്ഥാനമന്ദിരം വ്യാഴാഴ്ച വേദിയായി.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതവും ഏകപക്ഷീയവുമാണെന്ന് യോഗം വിലയിരുത്തി. ഇത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ എന്നും ഉറച്ചുനിന്നിട്ടുള്ള മത_സമുദായ സംഘടനകളെ ഭിന്നിപ്പിച്ച് തകര്‍ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എയ്ഡഡ് സ്കൂളുകളിലെ നിയമനാധികാരം മാനേജുമെന്റുകള്‍ക്കാണ്. സമൂഹ നന്മയ്ക്കായി ഭൂമിയും കെട്ടിടവും മറ്റുസൌകര്യങ്ങളും ഒരുക്കി, വിദ്യാലയം ആരംഭിച്ച മാനേജ്മെന്റുകള്‍ക്ക് അതിലൊന്നും അവകാശമില്ലെന്നുവരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ നീക്കത്തിനെതിരെ, സമാനചിന്താഗതിക്കാരായ മാനേജുമെന്റുകളേയും ഉള്‍പ്പെടുത്തി ശക്തമായ നിലപാടു കൈക്കൊള്ളാനും ധാരണയായി. എന്‍എസ്എസ്സിനെ പ്രതിനിധീകരിച്ച്ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍, അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍നായര്‍, ട്രഷറര്‍ പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ക്രൈസ്തവസഭകളുടെ പ്രതിനിധികളായി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി പൌലോസ് മാര്‍ പക്കോമിയോസ്, ലത്തീന്‍ കത്തോലിക്കാസഭാ പ്രതിനിധി കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്‍, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് തിമോത്തിയോസ്, സിഎസ്ഐ മധ്യകേരള മഹായിടവകയിലെ ബിഷപ്പ് തോമസ് സാമുവല്‍, കോട്ടയം രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ക്നാനായ യാക്കോബായ സഭ ചിങ്ങവനം സഹായമെത്രാന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. കെ.എം.മാമ്മന്‍, പാലാ രൂപതാ വികാരി ജനറല്‍ ഫാ.ഫിലിപ്പ് ഞരളയ്ക്കാട്ട്, ജോസഫ് എം.പുതുശ്ശേരി എംഎല്‍എ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇതിനുമുമ്പും ഒന്നിച്ചുനീങ്ങിയ ചരിത്രമാണ് എന്‍എസ്എസ്സിനും ക്രൈസ്തവസഭകള്‍ക്കും ഉള്ളതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. എയ്ഡഡ് മേഖലയിലെ നിയമനാധികാരം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ എസ്എന്‍ഡിപി യോഗം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് കൂടുതല്‍ ലാഭം പ്രതീക്ഷിച്ചാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എണ്ണത്തില്‍ കുറവായ സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തശേഷം 14 ശതമാനം സംവരണത്തിലൂടെ എല്ലാസ്ഥാപനങ്ങളിലും കയറിപ്പറ്റാനുള്ള ശ്രമമാണവര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ മുസ്ലിം മാനേജുമെന്റുകളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.
രാഷ്ട്രീയമില്ലെന്ന് നേതൃത്വം
ചങ്ങനാശ്ശേരി: സര്‍ക്കാരിന്റെ തെറ്റായവിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ യോജിച്ച് പോരാടുകയെന്ന ലക്ഷ്യമാണ് എന്‍എസ്എസ്_ക്രൈസ്തവസഭാ നേതൃചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും ഇരുനേതൃത്വവും അറിയിച്ചു. കേരളകോണ്‍ഗ്രസ്സുകാരനായ കല്ലൂപ്പാറ എംഎല്‍എ ജോസഫ് എം.പുതുശ്ശേരി പെരുന്നയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അദ്ദേഹം ഓര്‍ത്തഡോക്സ് സഭാ പ്രതിനിധിയായാണ് വന്നതെന്ന് സഭാ വക്താക്കള്‍ അറിയിച്ചു.
കടപ്പാട്- മാതൃഭൂമി
വീണ്ടും പടയൊരുക്കം
തിരുവനന്തപുരം : വിദ്യാഭ്യാസ പരിഷ്കരണശ്രമങ്ങളുടെ മറപിടിച്ച് ഗവണ്‍മെന്റിനെതിരെ വീണ്ടുമൊരു വിമോചനസമരത്തിന് അണിയറയില്‍ പരിശ്രമം തുടങ്ങി.
ഇന്നലെ ചങ്ങനാശ്ശേരിയില്‍ പത്ത് ക്രൈസ്തവസഭകളും എന്‍. എസ്. എസ്സും സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് പൊതുവേദി രൂപീകരിച്ചത് ഈ ലക്ഷ്യത്തോടെയാണെന്നാണ് നിഗമനം.
എയ്ഡഡ് സ്കൂളിലെ അദ്ധ്യാപക നിയമനം പി.എസ്.സി ലിസ്റ്റില്‍ നിന്നാകണമെന്ന് കെ.ഇ.ആര്‍ പരിഷ്കരണ സമിതിയുടെ മുന്‍പാകെ വന്ന നിര്‍ദ്ദേശമാണ് പ്രകോപനമുണ്ടാക്കിയിരിക്കുന്നത്. സമിതി സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ നല്കിയിട്ടില്ല. സമിതിയുടെ റിപ്പോര്‍ട്ടും അന്തിമമായിട്ടില്ല. എന്നാല്‍, ഇതുസംബന്ധിച്ച് സമിതിയില്‍ സജീവമായ ചര്‍ച്ച നടക്കുകയുണ്ടായി. അപ്പോഴേക്കും ഉയര്‍ന്നിരിക്കുകയാണ്, സംയുക്ത പ്രക്ഷോഭത്തിന്റെ കേളികൊട്ട്.
എയ്ഡഡ് സ്കൂള്‍ അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നത് പുതിയ നിര്‍ദ്ദേശമൊന്നുമല്ല. 1957ല്‍ ആദ്യ ഇ.എം.എസ് ഗവണ്‍മെന്റിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസനിയമത്തിലെ കോളിളക്കമുണ്ടാക്കിയ പതിനൊന്നാം വകുപ്പാണ് ഇത്. ഈ വകുപ്പിന് പുറമെ അന്ന് രണ്ടു വകുപ്പുകള്‍ കൂടി വിവാദം സൃഷ്ടിച്ചിരുന്നു. വിദ്യാലയങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്കുന്ന 14-ാം വകുപ്പും അദ്ധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്കാനുള്ള 9-ാം വകുപ്പും. പിന്നീട് സുപ്രീംകോടതി 14-ാം വകുപ്പില്‍ ഭേദഗതി വരുത്തിയെങ്കിലും നിയമനം പി.എസ്.സിക്ക് വിടണമെന്ന പതിനൊന്നാം വകുപ്പിന്മേല്‍ സ്പര്‍ശിച്ചില്ല. എന്നാല്‍, പിന്നീടു വന്ന ഗവണ്‍മെന്റുകള്‍ ഈ വകുപ്പ് മരവിപ്പിച്ചു.
അതേ വകുപ്പ് വീണ്ടും ചര്‍ച്ചയ്ക്കെത്തിയതോടെയാണ് വിമോചനസമരം പുനരുജ്ജീവിപ്പിക്കാനാവുമോ എന്ന് നോക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേരത്തേ രണ്ടുതവണ വിമോചനസമരനീക്കമുണ്ടായെങ്കിലും പാളിപ്പോയിരുന്നു. സ്വാശ്രയ നിയമത്തിന്റെ പേരിലായിരുന്നു ആദ്യം. അങ്കമാലിയിലെ കല്ലറയ്ക്ക് മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും അതെങ്ങുമെത്തിയില്ല. മത്തായി ചാക്കോയുടെ ശവമടക്ക് വിവാദവുമായി ബന്ധപ്പെട്ടാണ് രണ്ടാം നീക്കമുണ്ടായത്. പുരോഹിതന്മാരെയും വിശ്വാസികളെയും രംഗത്തിറക്കിയെങ്കിലും ക്രിസ്തീയ സമൂഹത്തിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉണ്ടായതോടെ അതും കെട്ടടങ്ങി.
എന്നാല്‍, ഇത്തവണ എന്‍.എസ്. എസ്സിന്റെ പിന്തുണകൂടി ആര്‍ജിക്കാന്‍ വിമോചനസമര നീക്കക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം എസ്. എന്‍.ഡി.പി യോഗം മറുഭാഗത്താണ്. അദ്ധ്യാപകര്‍ക്ക് ശമ്പളവും വിദ്യാലയങ്ങളുടെ മെയിന്റനന്‍സിനുള്ള പണവും സര്‍ക്കാര്‍ നല്കുമ്പോള്‍ പി. എസ്.സി തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്ന് എന്തുകൊണ്ട് നിയമനം നടത്തിക്കൂടാ എന്നാണ് മറുപക്ഷത്തിന്റെ ചോദ്യം.
കെ.ഇ.ആര്‍. പരിഷ്കരണസമിതിയില്‍ നിന്ന് പ്രതിപക്ഷ പ്രതിനിധി കെ. വിക്രമന്‍ നായര്‍ ഇന്നലെ രാജിവച്ചത് പ്രശ്നത്തിന് രാഷ്ട്രീയമാനം നല്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിക്രമന്‍ നായര്‍ രാജിവച്ചത്.
ചങ്ങനാശ്ശേരിയില്‍ ക്രൈസ്തവ സഭകളെയും എന്‍. എസ്. എസ്സിനെയും യോജിപ്പിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ മാണി ഗ്രൂപ്പ് നേതാവ് ജോസഫ് എം. പുതുശ്ശേരിയാണ്.
ഇടതുസര്‍ക്കാരിനെതിരെ നേരത്തേ നടന്ന സമരനീക്കങ്ങള്‍ക്ക് നേതൃത്വംനല്കിയ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തിലാണ് ഇപ്പോഴത്തെ നീക്കത്തിന്റെയും പ്രേരകശക്തി. പവ്വത്തില്‍ ഇപ്പോള്‍ റോമിലാണ്.
എന്‍.എസ്.എസ്സും ക്രൈസ്തവ സഭകളും സംയുക്ത പ്രക്ഷോഭത്തിന്
ചങ്ങനാശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത പ്രക്ഷോഭം നടത്താന്‍ ക്രൈസ്തവ സഭകളും എന്‍.എസ്.എസ്സും പൊതുവേദി രൂപീകരിച്ചു. വിദ്യാഭ്യാസ നിയമ പരിഷ്കരണത്തിന് പിന്നില്‍ സര്‍ക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്ന് പൊതുവേദി ആരോപിച്ചിട്ടുണ്ട്.
സംയുക്ത നീക്കത്തിന് പൊതുവേദി രൂപീകരിക്കാന്‍ ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാര്‍ ഇന്നലെ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തുകയായിരുന്നു. പൊതുവേദിയുടെ ചെയര്‍മാന്‍മാരായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പ്പണിക്കരെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെയും തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍.എസ്.എസ് അസി. സെക്രട്ടറി ജി. സുകുമാരന്‍ നായരും സി.എസ്.ഐ മദ്ധ്യ കേരള മഹാ ഇടവക ബിഷപ്പ് റവ. തോമസ് സാമുവലുമാണ് സെക്രട്ടറിമാര്‍.
വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവേദിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവേദി ആരോപിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ ഇല്ലാതെ ഉറച്ചു നിന്നിട്ടുള്ള മതസംഘടനകളെയും സമുദായ സംഘടനകളെയും ഭിന്നിപ്പിച്ച് തകര്‍ക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസനയം എന്നൊക്കെ വഴി തെറ്റിയിട്ടുണ്ടോ അന്നൊക്കെ എന്‍.എസ്.എസ് പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ആയതിനാലാണ് ഇത്തരമൊരു പൊതുവേദിക്ക് മുന്‍കൈ എടുത്തതെന്നും നാരായണപ്പണിക്കരും സുകുമാരന്‍ നായരും പറഞ്ഞു.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളെ എസ്.എന്‍.ഡി.പി യോഗം മാത്രമേ സ്വാഗതം ചെയ്തിട്ടുള്ളൂ. സര്‍ക്കാരിന് ഏകപക്ഷീയമായ ലക്ഷ്യമാണുള്ളത്. സംവരണ സംവിധാനത്തിലൂടെ ചില സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമം. എസ്.എന്‍.ഡി.പിക്ക് കച്ചവട സമീപനമാണ്. കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ. പുതിയ നിയമം വന്നാല്‍ 14 ശതമാനം സംവരണത്തിലൂടെ കൂടുതല്‍ അവസരങ്ങള്‍ സ്വന്തമാക്കാമെന്ന ലക്ഷ്യവും എസ്. എന്‍.ഡി.പിക്ക് ഉണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
കടപ്പാട്- കേരളകൗമുദി
കെഇആര്‍ പരിഷ്കരണം അട്ടിമറിക്കാന്‍ ഗൂഢ നീക്കം
തിരു: കാലഹരണപ്പെട്ട കേരള വിദ്യാഭ്യാസചട്ടം പരിഷ്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് ചില മാധ്യമങ്ങള്‍ കെഇആര്‍ പരിഷ്കരണത്തിനെതിരെ രംഗത്തിറങ്ങി. കരട് റിപ്പോര്‍ട്ട് അംഗീകരിക്കുമ്പോള്‍ സ്കൂള്‍ മാനേജര്‍മാര്‍ക്ക് അധികാരത്തില്‍ കുറവ് വരുമെന്നാണ് മലയാളമനോരമയുടെ കണ്ടെത്തല്‍. എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള നീക്കമാണ് ഈ പ്രചാരണത്തിനു പിന്നില്‍.
വിദ്യാഭ്യാസം വികേന്ദ്രീകരിക്കുകയെന്ന ദേശീയതലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ പരിഷ്കരണനടപടികള്‍. ഇത് കേരളത്തില്‍മാത്രം നടപ്പാക്കുന്നു എന്ന മട്ടിലാണ് ചില മാധ്യമങ്ങളുടെ പ്രചാരവേല. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പ മൊയ്ലി ചെയര്‍മാനായ കമ്മിറ്റി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം വികേന്ദ്രീകരണം നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ സാധ്യതകള്‍ പഠിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിന് അവസരമൊരുക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ. വീകേന്ദ്രീകൃതവികസനത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഭരണഘടനാ ഭേദഗതിയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലും മാറ്റം വരുന്നത്.
അധ്യയനദിനങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയാണ് പല മാധ്യമങ്ങളും ഉയര്‍ത്തുന്നത്. അധ്യയനദിനങ്ങള്‍ കുറയുന്നുവെന്നു പറയുകയും ഒപ്പം ഇതിനെ എതിര്‍ക്കുകയുംചെയ്യുന്ന തലതിരിഞ്ഞ നിലപാടിലാണവര്‍. ഏറ്റവും ചുരുങ്ങിയത് 220 പ്രവൃത്തിദിനങ്ങളെങ്കിലും വേണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ വിട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസവകുപ്പില്‍ ഡിഇഒ, എഇഒ തസ്തികകള്‍ ഇല്ലാതാവുന്നുവെന്നാണ്് മറ്റൊരു ആശങ്ക. 36 ഡിഇഒമാരും 161 എഇഒമാരുമാണ് സംസ്ഥാനത്തുള്ളത്. വികേന്ദ്രീകൃതമായി വരുമ്പോള്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയല്ലാതെ കുറവ് വരുന്നില്ല. മാത്രമല്ല ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകള്‍ക്കായും എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ളാസുകള്‍ക്കായും ഓരോ അഡീഷണല്‍ ഡിപിഐമാര്‍ക്ക് ഭേദഗതിയുടെ കരടില്‍ നിര്‍ദേശമുള്ളതായി അറിയുന്നു. ബ്ളോക്ക്തല വിദ്യാഭ്യാസ ഓഫീസര്‍ എന്ന തസ്തികയും ഇതിലുണ്ട്. ഫലത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ കുറവ് വരുന്നില്ല.
കെഇആര്‍ പരിഷ്കരണം
റിപ്പോര്‍ട്ടിനുമുമ്പ് പ്രതിഷേധമെന്തിന്: മന്ത്രി
തിരു: കെഇആര്‍ പരിഷ്കരണസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിനുമുമ്പ് കമ്മിറ്റിയിലെ ചര്‍ച്ചയെക്കുറിച്ച് കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തിലുള്ള പ്രതികരണം അകാലത്തിലുള്ളതാണെന്ന് മന്ത്രി എം എ ബേബി പറഞ്ഞു. കമ്മിറ്റിയുടെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. റിപ്പോര്‍ട്ട് ഇനിയും സര്‍ക്കാരിന് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാല്‍ എല്‍ഡിഎഫ് ചര്‍ച്ചചെയ്യും. അതിനുശേഷം എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരടക്കം ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കിയേ നടപ്പാക്കൂ. എന്നാല്‍ കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ച മാധ്യമങ്ങള്‍വഴി അറിഞ്ഞ് അതിനോട് ചില മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചുകണ്ടു. ഇത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും അനവസരത്തിലുള്ളതാണ്.
കെഇആര്‍ പരിഷ്കരണസമിതിയില്‍നിന്ന് രാജിവയ്ക്കുന്നതിനുപകരം വിയോജിപ്പുകള്‍ കമ്മിറ്റിയില്‍ ഉന്നയിക്കുകയും കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു ജിഎസ്ടിയു പ്രതിനിധിക്ക് അഭികാമ്യം. രാജിവാര്‍ത്ത മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ് അറിഞ്ഞത്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ സര്‍ക്കാരിനോട് എന്തെങ്കിലും പരാതി ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിയമനാധികാരം കൈയടക്കുന്നെന്ന്
എന്‍എസ്എസും ബിഷപ്പുമാരും
ചങ്ങനാശേരി: വിദ്യാഭ്യാസ നിയമ പരിഷ്ക്കാരത്തിന്റെ (കെഇആര്‍) പേരില്‍ മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം കൈയടക്കാന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നീക്കം നടത്തുകയാണെന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാരുടെയും എന്‍എസ്എസ് ഭാരവാഹികളുടെയും സംയുക്തയോഗം കുറ്റപ്പെടുത്തി.
ഇതിനെ എസ്എന്‍ഡിപി എതിര്‍ക്കാത്തത് അവര്‍ക്കിത് ലാഭ കച്ചവടമാകുന്നതുകൊണ്ടാണെന്നും ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിനുശേഷം നേതാക്കള്‍ പറഞ്ഞു.
എയ്ഡഡ് മേഖലയില്‍ നാമമാത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമുള്ള എസ്എന്‍ഡിപിക്ക് പരിഷ്കരണം നടപ്പിലാക്കുന്നതോടെ മറ്റ് സമുദായങ്ങളുടെ ബഹുഭൂരിപക്ഷം വരുന്ന സ്കൂള്‍, കോളേജുകളില്‍ ലഭ്യമായ 14 ശതമാനം സംവരണ മാനദണ്ഡമുപയോഗിച്ച് നിയമനങ്ങള്‍ ലഭിക്കും.
സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തുടര്‍നടപടി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം, അക്കാദമിക് ഭരണതലങ്ങളിലുള്ള നിയന്ത്രണം എന്നിവ ഇപ്പോഴത്തേതുപോലെ തുടരണമെന്നും സംയുക്ത പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപണിക്കര്‍, ട്രഷറര്‍ പി എന്‍ നരേന്ദ്രനാഥന്‍നായര്‍, അസിസ്റ്റന്റ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിവിധ ക്രൈസ്തവസഭ മേലധ്യക്ഷന്‍മാരായ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവാ, ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പൌലോസ് മാര്‍ പക്കോമിയോസ്, ബിഷപ്പ് സ്റ്റാന്‍ലിറോമന്‍, തോമസ് മാര്‍ തീമോത്തിയോസ്, ബിഷപ്പ് തോമസ് ശാമുവല്‍, ആര്‍ച്ച്ബിഷപ്പ് മാത്യു മൂലക്കാട്ടില്‍, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, റവ. കെ എം മാമ്മന്‍, മോണ്‍. ഫിലിപ്പ് ഞെരളക്കാട്ട്, ജോസഫ് പുതുശേരി എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
പടപ്പുറപ്പാടിനു പിന്നില്‍ യുഡിഎഫ്
ചങ്ങനാശേരി: വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെയും എന്‍എസ്എസ് നേതാക്കളുടെയും ‘പടപ്പുറപ്പാടി’ന് യുഡിഎഫ് സ്പോണ്‍സര്‍ഷിപ്പ്
കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ ജോസഫ് എം പുതുശേരിയാണ് ഇതിനായി രംഗത്തുണ്ടായിരുന്നത്. സംയുക്തയോഗം നടന്ന വ്യാഴാഴ്ച രാവിലെ 10ന് തന്നെ എംഎല്‍എ എന്‍എസ്എസ് ആസ്ഥാനത്തെത്തി. എന്‍എസ്എസ് നേതാക്കളുമായി അല്‍പനേരത്തെ കുശലാന്വേഷണത്തിനൊടുവില്‍ പുറത്തിറങ്ങി. വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരെ ഫോണില്‍ വിളിച്ചു. ഇതിനിടയില്‍ യോഗ തീരുമാനം സംബന്ധിച്ച പത്രക്കുറിപ്പ് തയ്യാറാക്കുന്ന ചുമതലയും പുതുശേരി ഏറ്റെടുത്തു. ബിഷപ്പുമാരെ സ്വീകരിച്ച് എന്‍എസ്എസ് ഓഫീസില്‍ കൊണ്ടിരുത്തുന്ന ഉത്തരവാദിത്വവും
കടപ്പാട്: ദേശാഭിമാനി.
ഏയ്ഡഡ് സ്കൂളുകള്‍ ഒരു വര്‍ഷം പറ്റുന്നത് 2000 കോടി
തിരുവനന്തപുരം : ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് 2000 കോടിയോളം രൂപയാണ് ഒരോ വര്‍ഷവും സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍ക്കായി ചെലവഴിക്കുന്നത്.
എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ചെലവിടുന്ന കോടികള്‍ ഇതിനുപുറമേയാണ്.
പൊതു ഖജനാവില്‍നിന്നുള്ള ശമ്പളം നല്‍കുമ്പോള്‍ നിയമനവും പൊതുലിസ്റ്റില്‍നിന്ന് വേണമെന്ന ലളിതമായ ചിന്താഗതിയാണ് എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍. എല്ലാവരുടെയും പണം ഏതെങ്കിലും ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ചെലവിടുന്നതില്‍ എന്ത് യുക്തിയെന്നാണ് ചോദ്യം.
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ സ്കൂള്‍ അദ്ധ്യാപകരില്‍ 107047 പേര്‍ എയ്ഡഡ് സ്കൂളുകളിലാണ്. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ ഏതാണ്ട് ഇതിന്റെ പകുതിയേ വരൂ. സംസ്ഥാനത്തെ മൊത്തം സര്‍ക്കാര്‍ ജീവനക്കാരില്‍ നാലിലൊന്നോളം എയ്ഡ ഡ് മേഖലയിലാണ്.
ഓരോ മാനേജ്മെന്റും നിയമനാധികാരത്തിനു വേണ്ടി വാദിക്കുന്നത് സ്വസമുദായങ്ങളുടെ പേരിലാണെങ്കിലും സാധാരണക്കാര്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ല. മെരിറ്റ് നോക്കിയല്ല നിയമനം. ഏത് മാനേജ്മെന്റായാലും ലക്ഷങ്ങള്‍ നല്‍കിയാലേ നിയമനം ലഭിക്കൂവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സാധാരണക്കാര്‍ക്ക് നോക്കിനില്‍ക്കാനേ കഴിയൂ.
നിയമനം പി.എസ്.സിക്ക് വിടുന്നതിനെ ഒരു വിഭാഗം മാനേജ്മെന്റുകള്‍ എതിര്‍ക്കുന്നത് കോടികള്‍ നഷ്ടമാകുമെന്നതിനാലാണ്.
എയ്ഡഡ് മേഖലയില്‍ പ്രൈമറി വിഭാഗത്തില്‍ 71004 അദ്ധ്യാപകരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 35943 അദ്ധ്യാപകരുമുണ്ട്. ഓരോ വര്‍ഷവും ആയിരക്കണക്കിന് അദ്ധ്യാപകരാണ് വിരമിക്കുന്നത്. ഒഴിവുകള്‍ മാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം നികത്താം.
പ്രൈമറി അദ്ധ്യാപക നിയമനത്തിന് മൂന്നു ലക്ഷം മുതല്‍ അഞ്ചുലക്ഷംവരെയും ഹൈസ്കൂള്‍ അദ്ധ്യാപക നിയമനത്തിന് അഞ്ചുലക്ഷം മുതല്‍ എട്ടുലക്ഷം വരെയുമാണ് മിക്ക മാനേജ്മെന്റുകളും കോഴയായി വാങ്ങുന്നത്. എത്ര സാധാരണക്കാര്‍ക്ക് കഴിയും ഇങ്ങനെ ലക്ഷങ്ങള്‍ നല്‍കാന്‍. ലക്ഷങ്ങള്‍ക്ക് പുറമേ പലപ്പോഴും മാനേജ്മെന്റില്‍ സ്വാധീനവും വേണം. എങ്കിലേ നിയമനം ലഭിക്കൂ.
പൊതു ഖജനാവിലെ പണമാണ് പറ്റുന്നതെങ്കിലും ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ള സംവരണതത്വങ്ങള്‍ എയ്ഡഡ് മേഖലയ്ക്ക് ബാധകമേയല്ല.
സര്‍ക്കാര്‍ സ്കൂളിലെ 56059 അദ്ധ്യാപകരില്‍ 8.5 ശതമാനം പട്ടികജാതിക്കാരാണ്. പട്ടികവര്‍ഗ്ഗക്കാരുമുണ്ട്, ഒരുശതമാനത്തോളം. എന്നാല്‍, ഒരുലക്ഷത്തിലേറെ അദ്ധ്യാപകരുള്ള എയ്ഡഡ് മേഖലയില്‍ പട്ടികജാതിക്കാരുടെ എണ്ണം 298 മാത്രമാണ്. പട്ടികവര്‍ഗ്ഗക്കാര്‍ 58 പേരേയുള്ളൂ.
ഓരോ സമുദായത്തിനും എത്ര എയ്ഡഡ് സ്കൂളുകള്‍ വീതമുണ്ടെന്ന കണക്ക് ലഭ്യമല്ല. ഇങ്ങനെ ഒരു കണക്കെടുപ്പ് എന്തുകൊണ്ടോ അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. വിദ്യാഭ്യാസച്ചട്ട പരിഷ്കരണസമിതിക്കുപോലും ഇതുവരെ ഈ കണക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, ക്രൈസ്തവ വിഭാഗങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ എയ്ഡഡ് സ്കൂളുകളുള്ളതെന്ന് കരുതപ്പെടുന്നു.
കടപ്പാട്-കേരളകൗമുദി
ഇതിന്റെ പിന്നിലൊക്കെയുള്ള വിഷയം, വിദ്യാഭ്യാസത്തിന്റെയും ഒരു ചരക്കു വല്‍ക്കരണമല്ലേ അങ്കിള്‍... ഈ രാഷ്റ്റീയം വച്ചു പുലര്‍ത്തുന്നിടത്തോളം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമായിരിക്കും.. എങ്കിലും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ നമുക്കും കഴിയില്ലല്ലൊ..
അധ്യാപക നിയമനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം: സുപ്രീംകോടതി
അധ്യാപക നിയമനകാര്യത്തില്‍ വ്യവസ്ഥകള്‍ നിശ്ചയിച്ച് നിയമം കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് എല്ലാ സ്വാതന്ത്യ്രവുമുണ്ടെന്ന് സുപ്രീംകോടതി. അതേപോലെ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനും അംഗീകാരം എടുത്തുകളയാനും സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. സര്‍ക്കാരെടുക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഒരു ഉത്തരവിനെത്തുടര്‍ന്ന് ജോലി നഷ്ടമായ അധ്യാപിക സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ എച്ച് കെ സേമ, മാര്‍ക്കണ്ഡേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അധ്യാപക നിയമനകാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്‍സിടിഇക്ക് നിശ്ചയിക്കുന്ന മാനദണ്ഡങ്ങളേക്കാള്‍ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തിനാണ് അധികാരം. എന്‍സിടിഇക്ക് ഇത് മറികടക്കാനാവില്ല- കോടതി പറഞ്ഞു.
കേരളത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകനിയമനം പിഎസ്സി ലിസ്റ്റില്‍നിന്ന് വേണമെന്ന് കെഇആര്‍ പരിഷ്കരണ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍ സുപ്രീംകോടതി വിധിക്ക് ഏറെ പ്രസക്തിയുണ്ട്. [ദേശാഭിമാനി 14-2-2008]
ഇത്തരം ശബ്ദമാണ് നമുക്കാവശ്യം
പ്രതികരണശേഷിയില്ലാത്തവരായി വളരുന്നവര്‍ ഇത്തരം സ്ഥിതിവിശേഷങ്ങള്‍ക്ക് കാരണമാകും...
കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത്
അഭിപ്രായങ്ങള്‍ക്ക് ശക്തികൂട്ടണം...
ഈ വിഷയം പരിഗണിക്കനമെന്നാവശ്യപ്പെട്ട് ഒരു നിവേദനം വിദ്യാഭ്യാസമന്ത്രിക്ക് നല്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ.
നാട് നന്നാവണമെന്ന് സര്‍ക്കാരിനുണ്ടെങ്കില്‍ ഇത് നടപ്പിലാക്കാവുന്നതേയുള്ളൂ. കാന്തപുരത്തിന്റെ വോട്ട് ബാങ്കാണ് ഇവിടെ പ്രശ്നം. അതുകൊണ്ട് സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നു തന്നെ തോന്നുന്നില്ല. പിന്നൊരു വഴിയുള്ളത്, ഈ ലോക്സഭ ഇലക്ഷന്‍ കഴിഞ്ഞു ഇതു നടപ്പിലാക്കുക. അടുത്ത നിയമസഭ ഇലക്ഷന് ഏതായാലും ഇടതുപക്ഷത്തിനു പ്രതീക്ഷ വേണ്ട. 5 വര്‍ഷം കഴുമ്പോഴേക്കും സ്ഥിതിഗതികള്‍ മാറിക്കൊള്ളും.
പ്രീയ റോബി,
നിയമനാധികാരം മാനേജ്മെന്റില്‍ നിന്നും എടുക്കാന്‍ ഉദ്ദേശമില്ലെന്ന് കഴിഞ്ഞയാഴ്ചകൂടി നമ്മുടെ ബഹുഃ വിദ്യ:മന്ത്രി വിശദീകരിക്കയുണ്ടായി. മാനേജ്മെന്റുമായി ചേര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷം ഭരണത്തില്‍ വന്നാല്‍ പ്രതീക്ഷയുണ്ടെന്നാണോ റോബി പറഞ്ഞു വരുന്നത്.
പാഠപുസ്തക വിവാദത്തിനു പകരം, നിയമനാധികാരം സര്‍ക്കാരിലോട്ട് മാറ്റിയ വിവാദമായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..