Friday, April 6, 2007

റിവേര്‍സ്‌ മോര്‍ട്ട്ഗേജ് - പദ്ധതി - പ്രായമായവര്‍ക്ക്‌ മാത്രം.

ചെറുപ്പക്കാരായ ബൂലോഗര്‍ക്ക്‌ താല്പര്യം കുറവുള്ള ഒരു വിഷയമാണിത്‌.വാര്‍ധക്യകാലം മക്കളോടും പേരക്കുട്ടികളോടുമൊത്ത്‌ സന്തോഷകരമായി പിന്നിട്ടിരുന്ന സുവര്‍ണ്ണകാലം വെറുമൊരു ഓര്‍മ്മയാവുകയാണ്‌. അനാഥാലയങ്ങള്‍ക്കൊപ്പം പഞ്ചനക്ഷത്ര സൗകര്യങളുള്ള വ്രിദ്ധമന്ദിരങ്ങളും ഇവരെ കാത്തിരിക്കുന്നു. ജീവിതത്തിന്റെ സിംഹഭാഗവും അദ്ധ്വാനിച്ച് മക്കളെ നല്ല നിലയിലെത്തിച്ചതും പോരാഞ്ജ് ആര്‍ജ്ജിച്ച സമ്പാദ്യമെല്ലാം അവര്‍ക്കു നല്‍കി അവസാനം തെരുവുകളിലേക്ക്‌ വലിച്ചെറിയപ്പെടുന്ന വ്രിദ്ധര്‍ സമൂഹമനഃസാക്ഷിക്കു മുന്‍പില്‍ ചോദ്യഛിഹ്നമാവുകയാണ്‌. തലചായ്ക്കാന്‍ ഒരു മേല്‍ക്കൂര സ്വന്തമായിട്ടുണ്ടെങ്കില്‍ അതും കൈപ്പിടിയിലൊതുക്കാന്‍ പിന്‍‌തലമുറ കാത്തിരിക്കുന്നു. മക്കളുടെ സം‌രക്ഷണയില്‍ക്കഴിയാമെന്ന ആശയില്‍ ആകെയുള്ള കിടപ്പാടമ്പോലും അവര്‍ക്കെഴുതിക്കൊടുത്ത്‌ ജീവസന്ധാരണത്തിന്‌ മാര്‍ഗ്ഗമില്ലാതെ ഉഴലുന്ന വ്രിദ്ധരുടെ എണ്ണം കൂടിക്കൂടി വരികയാണ്‌. ഇക്കൂട്ടര്‍ക്ക്‌ സ്വന്തം ഭവനം ക്രമമായ വരുമാനം പ്രദാനം ചെയ്യുന്നില്ല. സ്വത്ത്‌ കൈമാറ്റം ചെയ്ത്‌ കിട്ടുന്ന തുക ബാങ്കിലും മറ്റും നിക്ഷേപിക്കാന്‍ അഭിമാനബോധം അനുവദിക്കുന്നുമില്ല. ഇങ്ങനെയുള്ള വന്ദ്യവയോധികര്‍ക്ക്‌ സ്വാന്തനമായെത്തുന്നു 'റിവേര്‍സ്‌ മോര്‍ട്‌ഗേജ്‌' പദ്ധതി. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ സ്വന്തമായുള്ള വീട്‌ പണയപ്പെടുത്തി പ്രതിമാസം ഒരു നിശ്ചിത സംഖ്യ വരുമാനമായി ലഭിക്കാനോ നല്ല സംഖ്യ മറ്റു നിക്ഷേപം നടത്താനുള്ള മൂലധനമായി ലഭിക്കാനോ ഉള്ള പദ്ധതിയാണ്‌ കേന്ദ്രധനമന്ത്രി മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. നാഷണല്‍ ഹൗസ്സിംഗ് ബാങ്ക്‌ (എന്‍.എച്‌.ബി) ഇതിന്റെ നടപടിക്രമങ്ങള്‍ കരട്‌രൂപത്തില്‍ അനുബന്ധ ബാങ്കുകള്‍ക്കും ഹൗസിംഗ്‌ ഫിനാന്‍സ്‌ കമ്പിനികള്‍ക്കും നള്‍കിക്കഴിഞു. വസ്തു പണയപ്പെടുത്തുമ്പോഴുള്ള കമ്പോളവില, ആ തീയതിയില്‍ മുതിര്‍ന്ന പൗരന്റെ പ്രായം എന്നിവ കണക്കിലെടുത്താണ്‌ ഒറ്റപ്രാവശ്യമായിട്ടോ പ്രതിമാസമായിട്ടോ നല്‍കേണ്ട തുക കണക്കാക്കുന്നത്‌. കരട്‌ പദ്ധതിപ്രകാരം ഈ വായ്പതുകയുടെ കൂടിയ കാലാവധി 15 വര്‍ഷമാണ്‌. വീട്ടുടമ വായ്പ തിരിച്ചടക്കേണ്ടതില്ല. എന്നാല്‍ ജീവിതകാലമത്രയും അവിടെ താമസ്സിക്കാനുള്ള അവകാശമുണ്ടായിരിക്കും. വയപാകാലാവധിക്കുള്ളില്‍തന്നെ 3 മുതല്‍ 5 വര്‍ഷം കൂടുമ്പോള്‍ സ്ഥാവരവസ്തുവിന്റെ മൂല്യം പുനര്‍നിര്‍ണ്ണയിക്കപ്പെടും. അതനുസ്സരിച്ച്‌ ഗുണഭോക്താവിനു ലഭിക്കുന്ന വരുമാനത്തിന്റെ തോതിലും മാറ്റമുണ്ടാകും. ഇങ്ങനെ വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഹൗസിംഗ്‌ ഫിനാന്‍സ്‌ കമ്പനികള്‍ക്കും നാഷണല്‍ ഹൗസ്സിംഗ് ബാങ്ക്‌ റിഫൈനാന്‍സ്‌ സൗകര്യവും ഗുണഭോക്താവിന്‌ നിശ്ചിത വരുമാനം ഉറപ്പാക്കാന്‍ ഗ്യാരണ്ടിയും നല്‍കും.
വര്‍ദ്ധക്യ കാലത്ത്‌ ആര്‍ക്കു മുന്നിലും തലകുനിക്കാതെ അതേസമയം ആര്‍ജ്ജിച്ച ആസ്തി അന്യാധിനപ്പെടാനനുവദിക്കാതെ സ്വന്തം വരുമാനമുപയോഗിച്ച്‌ ജീവിക്കാന്‍ രാജ്യത്തെ മുതിര്‍ന്ന പൗരമ്മാര്‍ക്ക്‌ ഇതവസരമുണ്ടാക്കുന്നു. അവരുടെ കാലശേഷം അവകാശികള്‍ക്ക്‌ ബാധ്യത തീര്‍ത്ത്‌ ഈ സ്വത്തുക്കള്‍ കൈവശമാക്കാം. (വേണമെങ്കില്‍).

Buzz ല്‍‌ പിന്തുടരുക

7 comments:

  1. Anonymous said...

    Really a good article. This is a message for the yougesters too, tommorow it can happen to them too.

    Thanks for posting this here.

    see ya

  2. അങ്കിള്‍. said...

    'റിവേര്‍സ്‌ മോര്‍ട്‌ഗേജ്‌' പദ്ധതി. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ സ്വന്തമായുള്ള വീട്‌ പണയപ്പെടുത്തി പ്രതിമാസം ഒരു നിശ്ചിത സംഖ്യ വരുമാനമായി ലഭിക്കാനോ നല്ല സംഖ്യ മറ്റു നിക്ഷേപം നടത്താനുള്ള മൂലധനമായി ലഭിക്കാനോ ഉള്ള പദ്ധതിയാണ്‌ കേന്ദ്രധനമന്ത്രി മുന്നോട്ട്‌ വച്ചിരിക്കുന്നത്‌.

  3. വേണു venu said...

    ഇതൊരു പുതിയ അറിവാണങ്കിള്‍.
    എനിക്കു് ചെല സംശയങ്ങളുണ്ടു്. തല ചായ്ക്കാനൊരിടം അങ്കിളു് പറഞ്ഞ പ്രകാരം ശരിആയെങ്കില്‍ തന്നെ, ഒന്നു് നടക്കാനോ മിണ്ടാനോ ഒക്കാത്ത ആ കാലഘട്ടാത്തില്‍ ആരാല്‍ ശുശ്രൂഷിക്കപ്പെടും.? പര സഹായമില്ലാതെ ഒന്നും ഒക്കാത്ത അവസ്ഥയാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്.

  4. Raghavan P K said...

    ഈ വറ്ഷത്തെ ബഡ്ജറ്റിലുള്ള ഒരു നല്ല അംശമാണ് ഈ "റിവേര്‍സ്‌ മോര്‍ട്ട്ഗേജ് പദ്ധതി “ ജോലിയില്‍ നിന്നും വിരമിച്ച പ്രായമായവര്‍ക്ക്‌ സാമ്പത്തീക ഭദ്രത ഇതുമൂലം ഉണ്ടാകുന്നു. സമ്പത്തുകാലത്ത് ഉണ്ടാക്കി വെച്ചാലെ ഇതു കൊണ്ട് രക്ഷയുള്ളൂ.

    ജീവിതത്തിന്റെ സിംഹഭാഗവും അദ്ധ്വാനിച്ച് മക്കളെ നല്ല നിലയിലെത്തിച്ച പിറക് വയസ്സാകുമ്പോള്‍‌ അവസാനം തെരുവുകളിലേക്ക്‌ വലിച്ചെറിയപ്പെടുന്ന സീനിയറ് പ്രജകള്‍ക്ക് ഇത് ഒരു അനുഗ്രഹം തന്നെ.

    ഇന്നത്തെ യുവാക്കന്മാ‍ാറ് നാളത്തെ വൃദ്ധന്മാരാണെന്നത് അവര്‍ മറക്കാതിരിക്കട്ടെ!

  5. myexperimentsandme said...

    പുതിയ, ആശ്വാസം തരുന്ന, അറിവ്.

  6. അങ്കിള്‍. said...

    'റിവേഴ്സ്‌ മോര്‍ട്ഗേജ്‌ ' വായ്പ നാളെ മുതല്‍

    മുതിര്‍ന്ന പൗരന്‍മാര്‍ക്കു സ്വന്തം വീടു പണയം നല്‍കി പണം കണ്ടെത്താന്‍ അവസരമൊരുക്കുന്ന പുതിയ വായ്പ പദ്ധതി എസ്ബിഐ പ്രഖ്യാപിച്ചു. 'എസ്ബിഐ റിവേഴ്സ്‌ മോര്‍ട്ഗേജ്‌ എന്ന വായ്പ നാളെ മുതല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ലഭ്യമാവുമെന്ന്‌ എസ്ബിഐ അധികൃതര്‍ അറിയിച്ചു.

    സ്വന്തം വീട്ടില്‍ താമസിക്കുന്ന 60നു മേല്‍ പ്രായമുള്ളവര്‍ക്കാണ്‌ ഈ പദ്ധതിപ്രകാരം വായ്പ ലഭിക്കുക. വീട്‌ പണയപ്പെടുത്തിയാ ല്‍ ഒറ്റത്തവണയായോ മൂന്നു മാസത്തിലൊരിക്കലോ മാസം തോറുമോ ബാങ്ക്‌ പണം കൈമാറും. പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ കൂടി പേരിലാണു വായ്പ അനുവദിക്കുക; പക്ഷേ പങ്കാളിക്ക്‌ 58 വയസിലേറെ പ്രായമുണ്ടാവണമെന്നു വ്യവസ്ഥയുണ്ട്‌.

    വായ്പ സ്വീകരിക്കുന്നവരുടെ ജീവിതകാലത്തോളം തുക തിരിച്ചടയ്ക്കേണ്ടതില്ല; മാത്രമല്ല വായ്പയെടുത്താലും സ്വന്തം വീട്ടില്‍ താമസം തുടരാനും അനുവാദമുണ്ട്‌. വായ്പയെടുത്തവരുടെ കാലശേഷം നിയമപരമായ അവകാശികള്‍ക്കു ബാങ്കിന്റെ ബാധ്യത ഒഴിവാക്കി വീട്‌ വീണ്ടെടുക്കാം. അല്ലെങ്കില്‍ പണയവസ്‌തു ലേലം ചെയ്‌തു ബാങ്ക്‌ തുക തിരിച്ചുപിടിക്കും.

    സ്ഥിര നിരക്കിലാണ്‌ ഈ വിഭാഗം വായ്പകള്‍ക്കു പലിശ; 10.75% ആണ്‌ ഇപ്പോഴത്തെ വാര്‍ഷിക പലിശ നിരക്ക്‌.(മലയാള മനോരമ:11-10-2007)

  7. അങ്കിള്‍ said...

    റിവേഴ്സ്‌ മോര്‍ട്ട്ഗേജ്‌!

    കഴിഞ്ഞ കേന്ദ്രബജറ്റില്‍ പളനിയപ്പന്‍ ചിദംബരം ഇമ്മാതിരി മക്കള്‍ക്കിട്ടൊരു ആപ്പ്‌ വച്ചതാണിത്‌. ബാങ്കുകള്‍ ചിദംബരത്തിന്റെ ആപ്പ്‌ നടപ്പാക്കിത്തുടങ്ങിയതോടെയാണ്‌ വയസായ മൂപ്പീന്നിനും (മൂപ്പത്യാര്‍ക്കും) ലേശം പവറൊക്കെ വന്നത്‌.

    മക്കളെ ആപ്പിലാക്കുന്ന റിവേഴ്സ്‌ മോര്‍ട്ട്ഗേജ്‌ എന്താണെന്നു പറയാം. വായ്പയെടുത്ത്‌ വയ്ക്കുന്ന വീട്‌ ബാങ്കിന്‌ പണയംവച്ച്‌ (മോര്‍ട്ട്ഗേജ്‌ ) തവണയായി അടച്ചു തീര്‍ത്തതിനു ശേഷം സ്വന്തമാക്കുന്നതാണ്‌ നമുക്കറിയാവുന്ന പരിപാടി. ഇത്തരം ലോണ്‍ നേരേ തിരിച്ചിട്ടതാണ്‌ റിവേഴ്സ്‌ മോര്‍ട്ട്ഗേജ്‌ ലോണ്‍. ബാങ്ക്‌ ഭാഷയില്‍ ആര്‍എംഎല്‍.

    വീട്‌ വയ്ക്കാന്‍ വായ്പയെടുക്കണമെങ്കില്‍ വരുമാനം വേണം. ഇതിനു വരുമാനം വേണ്ട, വീടുണ്ടായാല്‍ മതി. ഭവനവായ്പ തിരിച്ചയ്ക്കുന്നതനുസരിച്ച്‌ ബാധ്യത കുറഞ്ഞു വരും. റിവേഴ്സ്‌ മോര്‍ട്ട്ഗേജില്‍ കാലം കഴിയുന്തോറും ബാധ്യത കൂടി വരും.

    സ്വന്തമായി വീടോ ഫ്‌ളാറ്റോ ഉണ്ടെന്നു കരുതുക. വയസ്‌ 60 തികഞ്ഞോ? ഭാര്യയ്ക്ക്‌ കുറഞ്ഞ പ്രായപരിധി പല ബാങ്കിനും പലതാണ്‌. (53 വയസ്‌ മുതല്‍ 58 വരെ) രണ്ടും ഒത്തിട്ടുണ്ടെങ്കില്‍ വീട്‌ ബാങ്കിന്‌ കൊടുക്കാം. വീടിന്റെ മൂല്യം ബാങ്ക്‌ കണക്കാക്കും. എന്നിട്ടതിന്റെ 90% തുക (അണ്‍ലോക്കബിള്‍ തുക) വായ്പ തരും.

    തുക ഒന്നിച്ചു വേണ്ട പകരം മാസം തോറും പെന്‍ഷന്‍ പോലെ വേണോ? 15-20 വര്‍ഷം വരെ വാങ്ങാം. 10 വര്‍ഷത്തേക്കാണെങ്കില്‍ ഓരോ ലക്ഷം രൂപയ്ക്കും എസ്ബിഐ 468 രൂപ വീതം തരും. 10 ലക്ഷം അണ്‍ലോക്കബിള്‍ തുകയുള്ള വീടിന്‌ മാസം 4680 രൂപ കിട്ടും. വയസുകാലത്ത്‌ ആഘോഷമായി പുട്ടടിക്കാം.

    അങ്ങനെ വായ്പാ കാലാവധി കഴിഞ്ഞാലോ? വീട്ടില്‍ നിന്ന്‌ ഇറങ്ങേണ്ടി വരില്ല. മുകളില്‍ നിന്നു വീസ വരുംവരെ താമസിക്കാം. ദമ്പതികളില്‍ ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ മരിക്കും വരെയും താമസിക്കാം. രണ്ടുപേരും സ്വര്‍ഗാരോഹണം ചെയ്‌താല്‍ അനന്തരാവകാശിക്ക്‌ വീട്‌ വേണമെങ്കില്‍ മുതലും പലിശയും തിരിച്ചടയ്ക്കണം. (അതാണ്‌ മക്കള്‍ക്ക്‌ ആപ്പാകുന്നത്‌.) അല്ലെങ്കില്‍ ബാങ്ക്‌ വീട്‌ ലേലത്തില്‍ വിറ്റിട്ട്‌ മുതലും പലിശയും കഴിഞ്ഞു ബാക്കി വല്ലതുമുണ്ടെങ്കില്‍ കൊടുക്കും.

    പക്ഷേ ചില ഉടക്കുകളുണ്ട്‌. പരമ്പരാഗത സ്വത്തായി കിട്ടിയ വീടാണെങ്കില്‍ പറ്റില്ല. സ്വത്തായി കിട്ടിയ ഭൂമിയില്‍ വച്ച വീടിനും പറ്റില്ല. വീട്‌ സ്വയം സ്ഥലം വാങ്ങി വച്ചതോ വാങ്ങിയതോ ആയിരിക്കണം. വീട്‌ വാടകയ്ക്കു കൊടുത്തതാവരുത്‌. വീട്‌ ബാങ്കിനു കൊടുത്തിട്ട്‌ വേറേ പോയി താമസിക്കാനും പറ്റില്ല. എല്ലാ ബാങ്കും ഈ ഏര്‍പ്പാട്‌ തുടങ്ങിയിട്ടുമില്ല. എസ്ബിഐ, സെന്‍ട്രല്‍ ബാങ്ക്‌, പഞ്ചാബ്‌ നാഷനല്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, ദിവാന്‍ ഹൗസിംഗ്‌...

    ഒക്ടോബറില്‍ എസ്ബിഐ ഈ പദ്ധതി തുടങ്ങിയ ശേഷം 54 പേര്‍ കേരളത്തില്‍ ഇങ്ങനെ വീട്‌ ബാങ്കിനു കൊടുത്ത്‌ കാശ്‌ വാങ്ങിയിട്ടുണ്ട്‌. ഇവരില്‍ ഭൂരിപക്ഷവും അപ്പര്‍മിഡില്‍ക്ലാസ്‌ ആള്‍ക്കാരാണ്‌. മക്കള്‍ അന്യനാട്ടിലോ വിദേശത്തോ ആയിരിക്കാം. ചെലവിന്‌ പെന്‍ഷനോ മറ്റോ തികയുന്നില്ലായിരിക്കാം. അല്ലെങ്കില്‍ മൂപ്പീന്നിന്‌ വയസുകാലത്ത്‌ 10 ലക്ഷം രൂപയുടെ കാറ്‌ വേണമെന്നോ മറ്റോ തോന്നിയിരിക്കാം.

    ചിദംബരം ഇക്കൊല്ലത്തെ ബജറ്റിലും ഇതുപോലെ വല്ല ആപ്പും വയ്ക്കുന്നുണ്ടോന്നറിയില്ല. ഇലക്ഷന്‍ ബജറ്റാണെന്നു കരുതി ഒരുപാട്‌ സോപ്പൊന്നും പ്രതീക്ഷിക്കരുതെന്ന്‌ നേരത്തേ പറഞ്ഞിരിക്കയാണ്‌.

    ഒടുവില്‍ കിട്ടിയത്‌: കേരളത്തില്‍ ഒരു വീടിന്‌ 1.9 കോടി രൂപ വരെ ഈ വകുപ്പില്‍ ലോണ്‍ കൊടുത്തിട്ടുണ്ട്‌. വായ്പത്തുക കൊണ്ട്‌ വേറേ സ്ഥലം വാങ്ങാനാണത്രെ.
    [മനോരമ: 18-02-2008]