ക്രിസ്ത്യാനികളും വിവാഹനിയമങ്ങളും
1872 ലെ ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം, തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്തുള്ളവര്‍ക്ക് ബാധകമല്ല. വിവാഹത്തിന്റെ ചടങ്ങുകളും സാധ്യതയും തീരുമാനിക്കുന്നത് കാനോന്‍ അഥവാ പള്ളിനിയമം അനുസരിച്ചാണ്. വേദപ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് സഭാചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. പള്ളിയില്‍ വച്ച് പുരോഹിതനാണ് വിവാഹകര്‍മ്മങ്ങള്‍ നടത്തുന്നത്. പള്ളിയിലെ വിവാഹ രജിസ്റ്റര്‍ വിവാഹം നടന്നു എന്നു കാണിക്കുന്ന പ്രധാനപ്പെട്ട തെളിവാണ്.
ക്രിസ്ത്യാനികള്‍ക്ക് ബാധകമാക്കിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട നിയമമാണ്1869 ലെ വിവാഹമോചന നിയമം. 30-10-2001-ല്‍ നടപ്പില്‍ വന്ന ഭേദഗതികള്‍ നിയമവ്യവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ക്രിസ്ത്യന്‍ വിവാഹം.
ഇന്‍ഡ്യയിലെ ക്രിസ്ത്യാനികള്‍ക്ക് പൊതുവേ ബാധകമായ നിയമമാണ് 1972 ലെ ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം. എന്നാല്‍ തിരുവിതാംകൂര്‍-കൊച്ചി ഭാഗങ്ങളില്‍ അചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ചാണ് പ്രധാനമായും വിവാഹങ്ങള്‍ നടക്കുന്നത്. ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമമനുസരിച്ചാണ് ക്രിസ്ത്യാനികളുടെ വിവാഹം നടക്കുന്നതെങ്കിലും പ്രത്യേക വിവാഹനിയമ പ്രകാരം ഈ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു ഈ നിയമം തടസ്സമല്ല. ഈ നിയമത്തില്‍ വിവാഹം നടത്തികൊടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ പാതിരി, മതശുശൃഷകര്‍ അല്ലെങ്കില്‍ വിവാഹ രജിസ്ട്രാര്‍ എന്നിവരാണ്.
നിയമത്തിന്‍ കീഴില്‍ ലൈസന്‍സ് നല്‍കപ്പെട്ട മതശുശ്രൂഷകന്‍മാര്‍ നടത്തുന്ന വിവാഹം.
മത ശുശ്രൂഷകന്‍ വിവാഹ ശുശ്രൂഷ നടത്തണമെന്ന് എപ്പോഴെങ്കിലും ഉദ്ദേശിച്ചാല്‍ അത്തരം മതശുശ്രൂഷകനു രേഖാമൂലം വിവരത്തിനു നോട്ടീസ് നല്‍കേണ്ടതാണ്. നോട്ടിസില്‍ വിവാഹത്തിനു ഉദ്ദേശിക്കുന്ന വ്യക്തികളുടെ പേര്‍ പൂര്‍ണ്ണമായ വിലാസം രണ്ടുപേരുടേയും താമസസ്ഥലം വിവാഹം നടത്തേണ്ട സ്ഥലം സമയം തുടങ്ങിയ വിശദ വിവരങ്ങള്‍ എഴുതേണ്ടതാണ്.
ഇതില്‍ താമസ സ്ഥലത്തിന്റെ കാര്യം പ്രത്യേകം നിയമം എടുത്തു പറയുന്നുണ്ട്. നോട്ടിസില്‍ പറയുന്ന താമസ സ്ഥലത്ത് ഒരു മാസത്തില്‍ കൂടുതല്‍ താമസിച്ചിട്ടുണ്ടെങ്കില്‍ അവിടെ ഒരുമാസവും അതില്‍ കൂടുതലും എന്ന് പ്രത്യേകം എടുത്തെഴുതണമെന്നാണു നിയമവ്യവസ്ഥ.
വിവാഹം പള്ളിയില്‍ വച്ചാണു നടത്താനുദ്ദേശമെങ്കില്‍ പള്ളിയുടെ ശ്രദ്ദേയമായ ഭാഗങ്ങളിലോ, സ്വകാര്യ താമസ സ്ഥലത്താണ് നടത്താനുദ്ദേശിക്കുന്നതെങ്കില്‍ വിവാഹ രജിസ്ട്രാറുടെ ഓഫീസിലോ നോട്ടിസ് പരസ്യപ്പെടുത്തേണ്ടതാണു. പരസ്യപ്പെടുത്തിക്കഴിഞ്ഞാല്‍ നോട്ടീസും പ്രതിജ്ഞാപത്രവും കിട്ടിയതിനു സ്വന്തം കൈപ്പടയില്‍ ഒരു സാക്ഷ്യപത്രം നല്‍കേണ്ടതുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കി രണ്ടു മാസത്തിനകം വിവാഹം നടത്തിയിരിക്കണം. ഇപ്രകാരം സാക്ഷ്യപത്രം നല്‍കേണ്ടത് ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടു വേണമെന്നും നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നു. അതായത്:
- നോട്ടിസ് കിട്ടി നാലു ദിവസം കഴിയാതെ സാക്ഷ്യപത്രം നല്‍കാവുന്നതല്ല
- മതശുശ്രൂഷകനു ബോധ്യപ്പെട്ട നിയമപരമായ പ്രതിബന്ധങ്ങള്‍ ഒന്നുമില്ലെങ്കിലേ സാക്ഷ്യപത്രം നല്‍കാന്‍ പാടുള്ളൂ.
- അധികാരമുള്ള വ്യക്തി സാക്ഷിപത്രം നല്‍കുന്നത് നിരോധിച്ചിട്ടുണ്ടാകാനും പാടില്ല.
ക്രിസ്ത്യാനികള്‍ തമ്മിലോ ഏതെങ്കിലും ഒരാള്‍ ക്രിസ്ത്യാനിയായതുകൊണ്ടോ നടക്കുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണം.
വിവാഹ രജിസ്ട്രാര്‍.
ഒരു വിവാഹ രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിലോ ഒരു വിവാഹ രജിസ്ട്രാറുടെ ശുശ്രൂഷയിലോ വിവാഹം നടത്തണമെന്നു ഉദ്ദേശിക്കുന്നവരിലൊരാള്‍ വിവാഹം നടത്തണമെന്നു ഉദ്ദേശിക്കുന്നവര്‍ താമസ്സിച്ചിട്ടുള്ള ജില്ലയിലെ ഏതെങ്കിലും ഒരു വിവാഹ രജിസ്ട്രാര്‍ക്ക് രേഖാമൂലം നോട്ടീസ് കൊടുക്കയാണ് വേണ്ടതു. രണ്ടു പേരും വ്യത്യസ്ഥ ജില്ലയിലാണ് താമസമെങ്കില്‍ നോട്ടീസ് ഓരോ ജില്ലയിലേയും വിവാഹ രജിസ്ട്രാര്‍ക്ക് നല്‍കണം. നോട്ടീസില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന രണ്ടുപേരുടേയും കുടുമ്പപ്പേരും പ്രവൃത്തിയും താമസസ്ഥലവും വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലവും മറ്റും വ്യക്തമാക്കിയിരിക്കണം. ഈ നോട്ടിസ് വിവാഹ രജിസ്ട്രാര്‍ പ്രസിദ്ധീകരിക്കും. കൂടാതെ ഈ നോട്ടിസിലെ വിവരങ്ങള്‍ വിവാഹനോട്ടിസ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. നിയമപരമായി മറ്റു തടസ്സങ്ങള്‍ ഇല്ലായെങ്കില്‍ രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച് രണ്ടു മാസത്തിനുള്ളില്‍ വിവാഹം രജിസ്ട്രാരുടെ മുമ്പില്‍ വച്ച് രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ നടത്താവുന്നതാണ്.
വിവാഹം അസാധുവാകുന്നത്.
താഴെപ്പറയുന്ന കാരണങ്ങളാല്‍ ക്രിസ്ത്യന്‍ വിവാഹം പൂര്‍ണ്ണമായും നിയമസാധുതയില്ലാത്തതാണെന്നു കോടതിക്ക് പ്രഖ്യാപിക്കാം:
- വിവാഹം കഴിക്കുമ്പോഴും ഹര്‍ജി കൊടുക്കുമ്പോഴും എതിര്‍കക്ഷിക്ക് ലൈഗികവേഴ്ചക്ക് കഴിവില്ലാതിരിക്കുക
- നിയമം വിലക്കു കല്പിച്ചിട്ടുള്ളതും അടുത്ത ബന്ധത്തില്‍ പെട്ടവരുമായുള്ള വിവാഹം.
- വിവാഹം കഴിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു കക്ഷി ചിത്തഭ്രമമുള്ള ആളോ മന്ദബുദ്ധിയോ ആയിരിക്കുക
- വിവാഹം കഴിക്കുമ്പോള്‍ ആദ്യവിവാഹം വേര്‍പെടുത്താതിരിക്കുകയും ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുകയും ചെയ്യുക
- വിവാഹത്തിനുള്ള സമ്മതം ബലമായോ കപടമായോ ആയിരിക്കുക.
1869 ലെ ഇന്‍ഡ്യന്‍ വിവാഹ മോചന നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകള്‍ 2001-ല്‍ ഭേദഗതി ചെയ്തു. ഇതനുസരിച്ച് താഴെപ്പറയുന്ന കാരണങ്ങളാല്‍ ഒരു ക്രിസ്ത്യാനിക്ക് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം.
- വ്യഭിചാരം ചെയ്യുക
- മതപരിവര്‍ത്തനം നടത്തുക
- എതിര്‍കക്ഷിക്ക് ചികിത്സിച്ചാല്‍ മാറാത്ത മാനസിക രോഗമോ, കുഷ്ഠ രോഗമോ, ലൈഗികരോഗമോ ഹര്‍ജി നല്‍കുന്നതിനു തൊട്ടുമുമ്പ് കുറഞ്ഞത് രണ്ടു കൊല്ലം തുടര്‍ച്ചയായി ഉണ്ടായിരിക്കുക.
- ഏഴു കൊല്ലമായി എതിര്‍കക്ഷിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരിക്കുക
- ദാമ്പത്യബന്ധം പൂര്‍ത്തീകരിക്കാതിരിക്കുക
- രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി വിവാഹ ബന്ധം പുനഃ സ്ഥാപിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാതിരിക്കുക
- മതിയായ കാരണമില്ലാതെ രണ്ടു വര്‍ഷം തുടര്‍ച്ചയായി എതിര്‍കക്ഷി വേര്‍പിരിഞ്ഞ് ജീവിക്കുക
- ഒരുമിച്ച് ജീവിക്കാനാവാത്ത വിധം എതിര്‍കക്ഷി ക്രൂരമായി പെരുകാറുക
- കൂടാതെ ബലാത്സംഗം പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവക്ക് തന്നെ വിധേയയായി എന്നാരോപിച്ച് ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഹര്‍ജി സമര്‍പ്പിക്കാം.
രണ്ടു വര്‍ഷത്തിനുമേല്‍ ജീവിതപങ്കാളികള്‍ വേര്‍പിരിഞ്ഞു താമസിക്കുകയും വിവാഹബന്ധം വേര്‍പെടുത്താന്‍ രണ്ടുപേരും തീരുമാനിക്കുകയും ചെയ്താല്‍ ഉഭയസമ്മതപ്രകാരം വിവഹമോചനത്തിനായി കക്ഷികള്‍ക്ക് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാം.
ദാമ്പത്യധര്‍മ്മ പുനഃസ്ഥാപനം.
വിവാഹപങ്കാളിയുമായി ഒരുമിച്ച് താമസിക്കാനും ലൈംഗികബന്ധത്തിലേര്‍പ്പെടാനുമുള്ള ഒരു വ്യക്തിയുടെ അവകാശം വിവാഹബന്ധത്തിലെ മൌലികമായ അവകാശമാണ്. ഈ സഹവാസത്തിനു ഏതെങ്കിലും ഒരു കക്ഷി തയ്യാറാവാതെ വന്നാല്‍ സഹവാസം നിഷേധിക്കപ്പെടുന്നയാളിനു സഹവാസം പുനഃസ്ഥാപിച്ച് കിട്ടുന്നതിനു സഹവാസം നിഷേധിച്ചയാളിനെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമം പറയുന്നു.
വേര്‍പെട്ടു ജീവിക്കല്‍.
ചില പ്രത്യേക സാഹചര്യത്തില്‍ ഭാര്യയും ഭര്‍ത്താവും വേര്‍പ്പെട്ടു ജീവിക്കുന്നതിനു വേണ്ടിയും കോടതിയെ സമീപിക്കാം. ഇതു പൂര്‍ണ്ണമായും വിവാഹമോചനമല്ല. എന്നാല്‍ വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ തന്നെയാണ് ഇവിടെയും അടിസ്ഥാനമാക്കിയിരിക്കുന്നത്.
ജീവനാംശം.
ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായി ജീവനാംശനിയമമില്ല.
ക്രിമിനല്‍ നടപടിക്രമം 125-ം വകുപ്പ് പ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്യേണ്ടത്. ഇതു കുടുമ്പ കോടതിയുള്ള ജില്ലയില്‍ കുടുമ്പകോടതിയിലും അല്ലാത്ത സ്ഥലങ്ങളില്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലുമാണ് ഫയല്‍ ചെയ്യേണ്ടത്.
125-ം വകുപ്പ് പ്രകാരം എല്ലാ മതവിഭാഗക്കാര്‍ക്കും പൊതുവായിട്ടുള്ളതാണ്.
ഈ വകുപ്പനുസരിച്ച് ദീര്‍ഘകാലം ഭാര്യഭര്‍ത്താക്കന്മാരായി ജീവിതം കഴിച്ചവരേയും അവര്‍ ഏതെങ്കിലും നിയമമനുസരിച്ച് വിവാഹിതരല്ലെങ്കില്‍ കൂടിയും ജീവനാംശം നല്‍കുന്ന കാര്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി കരുതണമെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. വിവാഹമോചനം നേടിയ ഭാര്യക്കും നിയമാനുസൃതമല്ലാതെയുള്ള മക്കള്‍ക്കും ജീവനാംശത്തിനു അര്‍ഹതയുണ്ട്.
ജീവിതകാലം മുഴുവനും ഭര്‍ത്താവില്‍ നിന്നും ഭാര്യക്ക് ജീവനാംശം അവകാശപ്പെടാം.
എന്നാല്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കാനും ദാമ്പത്യധര്‍മ്മം നിര്‍വഹിക്കാനും ഭാര്യ തയ്യാറാകണം. എന്നാല്‍ മാറി നില്‍ക്കാനുള്ള മതിയായ കാരണം ഉണ്ടെങ്കില്‍ ജീവനാംശത്തിനു അര്‍ഹതയുണ്ട്.
കോടതി ചെലവിനു വിധിച്ച തുക കാലാനുസൃതമായി അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിതസ്ഥിതികള്‍ പരിഗണിച്ച് മാറ്റം വരുത്താന്‍ കോടതിക്കധികാരമുണ്ട്.
കോടതി പുറപ്പെടുവിക്കുന്ന വിധി നടപ്പിലാക്കി കിട്ടാന്‍ എതിര്‍കക്ഷി വിസമ്മതിക്കുന്ന പക്ഷം എതിര്‍കക്ഷിയുടെ സ്വത്ത് കണ്ടുകെട്ടാനും ജയിലിലടക്കാനും അധികാരം കോടതിക്കുണ്ട്.
ഇപ്രകാരം വിധിക്കുന്ന തുക ഈടാക്കി കിട്ടാന്‍ ഒരു വര്‍ഷത്തിനകം തന്നെ കോടതി മുഖാന്തിരം ആവശ്യപ്പെട്ടില്ലയെങ്കില്‍ പ്രസ്തുതകാലയളവിലുള്ള തുക ഹര്‍ജിക്കാരിക്ക് നഷ്ടമാകും.
കക്ഷിയുടെ ധനസ്ഥിതിയും ജീവിതനിലവാരവും മറ്റും പരിഗണിച്ചാണ് കോടതി ചെലവിനുള്ള തുക നിശ്ചയിക്കുന്നത്.
വിധിയുടെ പകര്‍പ്പ് ഹര്‍ജികാരിക്ക് കോടതിയില്‍ നിന്നും സൌജന്യമായി ലഭിക്കും.
-----------------------------------------------------------------------------------------------
ആധാരം: മേല്‍ വിവരിച്ചതെല്ലാം കേരളാ വനിതാ കമ്മിഷനില്‍ നിന്നും ആധികാരികമായി ലഭിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ്.
------------------------------------------------------------------------------------------------
29-2-2008 നു ശേഷം കേരളത്തിലെ വിവാഹ നിയമങ്ങള്‍ക്ക് ഒരു പ്രധാന വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. സീമ Vs അശ്വനികുമാര്‍ എന്ന കേസില്‍ 14-2-2006 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായത്തിനെ അടിസ്ഥാനമാക്കി നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ 2008 ഫെബ്രുവരി 29 നു ഒരു അസാധാരണ ഗസറ്റായി കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2008. പ്രസിദ്ധീകരിച്ചു. ഇതിന്റെ പ്രത്യേകത ഈ ചട്ടങ്ങള്‍ എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നുള്ളതാണു.
29-2-2008 നു ശേഷം വിവാഹിതരാകുന്ന ഏതൊരു കേരളിയനും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ മ്റ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളിന്‍ കീഴില്‍ ചെയ്യേണ്ടതല്ലാത്തതും , അപ്രകാരമുള്ള വിവാഹങ്ങള്‍ അതതു സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. എന്നു മാത്രമല്ല മറ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങള്‍ അപ്രകാരമുള്ള സ്റ്റട്ട്യൂട്ടറി വ്യവസ്ഥകളിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്ന തീയതിക്കു മുമ്പ് നടന്നിട്ടുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതാണ്.[ചട്ടം 6]
ഇതിന്‍ പ്രകാരം Marriage Offiers ഇല്ല. പകരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പ്രധാന ചുമതല [ചട്ടം 3].
ജനന മരണ രജിസ്ട്രാര്‍ അവരുടെ അധികാരിതയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കുന്നതാണ്. ചുരുക്കത്തില്‍ നമ്മുടെ പഞ്ചായത്ത് ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് [ചട്ടം 5].
വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ രണ്ടു സെറ്റ് ഫോട്ടോ സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ രണ്ട് സെറ്റ് ഫോട്ടോ സഹിതം 45 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കേണ്ടതാണ് [ചട്ടം 9(1)]
മതാചാരപ്രകാരം നടന്ന സംഗതിയില്‍ ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്‍കുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വിവാഹം നടന്നത് തെളിയിക്കാനുള്ള ഒരു രേഖയാകാവുന്നതാണ് [ചട്ടം 9(3)].
വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയതിനു ശേഷം രജിസ്റ്റര്‍ ചെയ്യാവുന്നതാണ് [ചട്ടം 9(4)].
ഒരു വര്‍ഷത്തിനു ശേഷ മുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയുംനല്‍കിയതിനു ശേഷം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ [ചട്ടം 10].
ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഈ ചട്ടങ്ങള്‍ പ്രകാരമോ മറ്റേതെങ്കിലും സ്റ്റട്ട്യൂട്ടറി വ്യ്‌വസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതെങ്കിലും അധികാരസ്ഥാനം നല്‍കുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സര്‍ക്കാര്‍ യാതൊരു ആവശ്യത്തിനും സ്വീകരിക്കുന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നടന്ന വിവാഹങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമാവുന്നതല്ല [ചട്ടം 15].
ആധാരം: ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെല്ലാം ആധികാരികമായ ലിങ്ക് നല്‍കിയിട്ടുണ്ട്. Buzz ല്‍ പിന്തുടരുക
4 comments:
ഈ പോസ്റ്റ് ഒരു ഹിന്ദുവിന്റേതാണെങ്കിലും, ഇതിലെ വാചകങ്ങള്‍ ഒന്നും എന്റേതല്ല. ആധികാരികമായി ലഭിച്ച രേഖകളിലുള്ളതാണ്.
വേണ്ടതിനെല്ലാം ആധികാരികമായ ലിങ്കും കൊടുത്തിട്ടുണ്ട്. വായനക്കാര്‍ അവരുടെ അനുഭവവും അറിവും പങ്കുവക്കുമെന്നു പ്രതീക്ഷിക്കുന്നു.
അങ്കിള്‍,
ഇത്തരം വിവരങ്ങള്‍ നല്‍കുന്നതിന് നന്ദി. എന്‍.ആര്‍.ഐ.ക്കാര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ഇത്തരം വിവരങ്ങള്‍ ഉപകാരപ്രദമാണ്.
പഞ്ചായത്തുകളില്‍ ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ മലയാളത്തിലാണ് നല്‍കുന്നത് എന്ന് വായിക്കുവാനിടയായി. വിദേശ രാജ്യങ്ങളില്‍ പോകുവാന്‍ മലയാളത്തില്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തര്‍ജ്ജമ ചെയ്യേണ്ടതായി വരുമല്ലോ. വാര്‍ത്തകളില്‍ കണ്ടത് അങ്ങിനെ തര്‍ജ്ജമ ചെയ്യുമ്പോള്‍ പല തെറ്റുകള്‍ കടന്നു വരുന്നു എന്നാണ്. എന്നാല്‍ താങ്കള്‍ നല്‍കിയ കേരള ഗസറ്റിന്റെ ലിങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്ലീഷിലും കൊടുത്തിട്ടുണ്ട്. അപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കാവുന്നതല്ലേയുള്ളൂ!!!
മതാചാരപ്രകാരം നടന്ന സംഗതിയില്‍ ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്‍കുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വിവാഹം നടന്നത് തെളിയിക്കാനുള്ള ഒരു രേഖയാകാവുന്നതാണ് [ചട്ടം 9(3)].
Does it means 'marriage certificate from religious institution is not compulsory' ?? I think an affidevit from Gazzeted Officer/ MLA /Panchayath Member is enough as proof of marrige. Is it right?? Please reply to jossyvarkey@yahoo.com, please...
ക്രൈസ്തവരുടെ വിവാഹമോചനം: വ്യവസ്ഥ ഇളവ് ചെയ്തു
കൊച്ചി: ക്രൈസ്തവരുടെ വിവാഹമോചനത്തിന് ദമ്പതികള്‍ രണ്ടുവര്‍ഷം പിരിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഉഭയസമ്മതപ്രകാരമുള്ള വിവാഹ മോചനത്തിന് ഒരു വര്‍ഷം മാത്രം ദമ്പതികള്‍ വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
വിവാഹമോചന നിയമത്തിലെ 10 എ വകുപ്പാണ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. ഇതര മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ വ്യവസ്ഥയില്ലാത്താതിനാല്‍ ക്രൈസ്തവര്‍ക്ക് മാത്രമായി ഇത് നിലനിര്‍ത്തേണ്ടതില്ലെന്നും തുല്യതാ അവകാശങ്ങളുടെ ലംഘനമാണ് നിയമത്തിലെ വ്യവസ്ഥയെന്നും നീരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. {maathrubhumi dt.25-2-2010]
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..