Showing posts with label ഉപഭോക്താവ്. Show all posts
Showing posts with label ഉപഭോക്താവ്. Show all posts

Tuesday, October 20, 2009

ഫ്ളാറ്റ് നിര്‍മാണം: കരാര്‍ സമയത്ത് സ്റ്റാംപ് ഡ്യൂട്ടി

കെട്ടിട നിര്‍മാണ മേഖലയെ ബാധിക്കുന്ന ചില സുപ്രധാന ഭേദഗതികള്‍ 2007 ഏപ്രില്‍ മുതല്‍ സ്റ്റാംപ് ഡ്യൂട്ടി നിയമത്തില്‍ ഉണ്ടായി.

കേരള സ്റ്റാംപ് ആക്ടിന്റെ പട്ടികയിലാണു സ്റ്റാംപ് ഡ്യൂട്ടി നിരക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ (ഇനം) 5 ലെ (സി) ഇനത്തില്‍ ചേര്‍ത്ത ഭേദഗതി പ്രകാരം സ്ഥാവര ആസ്തികള്‍ നിര്‍മിക്കാനോ, വികസിപ്പിക്കാനോ, വില്‍ക്കുവാനോ കൈമാറ്റം നടത്തുവാനോ പ്രൊമോട്ടര്‍ അഥവാ ഡവലപ്പര്‍ക്ക് അധികാരം നല്‍കുന്ന കരാറിന്മേല്‍ 21 അഥവാ 22 പ്രകാരം കണ്‍വെയന്‍സിന് കൈമാറ്റ പട്ടയത്തിനു നല്‍കുന്ന ഡ്യൂട്ടി നിരക്കില്‍ ആണ് നല്‍കേണ്ടത്. കരാര്‍ പ്രകാരം നിര്‍മിക്കാന്‍ പോകുന്ന വസ്തുവിന്റെ മൂല്യം അഥവാ കണക്ക് ചെലവ് അല്ലെങ്കില്‍ വികസിപ്പിക്കുന്നതിനുള്ള ചെലവ് മൂല്യമായി കണക്കാക്കി സ്റ്റാംപ് ഡ്യൂട്ടി നല്‍കണം.

ഭേദഗതിക്കു മുന്‍പ് ഇത്തരം കരാറുകള്‍ക്കു 50 രൂപയായിരുന്നു സ്റ്റാംപ് ഡ്യൂട്ടി. ഭേദഗതിക്കു ശേഷം വസ്തു ആധാരം ചെയ്യുന്നതിനു ബാധകമായ നിരക്കില്‍
സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. അതായത് മൂന്നാമതൊരാളുടെ ഭൂമിയില്‍ കെട്ടിട സമുച്ചയം പണിയാന്‍ കരാര്‍ തയാറാകുമ്പോള്‍ തന്നെ ബില്‍ഡര്‍ വസ്തുവിന്റെ മൂല്യത്തിനു സ്റ്റാംപ് ഡ്യൂട്ടി നല്‍കണം.

ആര്‍ട്ടിക്കിള്‍ 22 മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഉള്ള വസ്തു ആധാരം ചെയ്യുമ്പോള്‍ നല്‍കേണ്ട സ്റ്റാംപ് ഡ്യൂട്ടി നിരക്കിനെ സംബന്ധിക്കുന്നതാണു ആര്‍ട്ടിക്കിള്‍ 21. പഞ്ചായത്തിലുള്ള വസ്തു ആധാരത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി നിരക്കിനെയും സംബന്ധിക്കുന്നതാണ്.

ആധാരത്തില്‍ കാണിക്കുന്ന വിലയുടെ നിശ്ചിത ശതമാനം ആണ് സ്റ്റാംപ് ഡ്യൂട്ടി (കോര്‍പറേഷനില്‍ 13.5%, മുനിസിപ്പാലിറ്റിയില്‍ 12.5%, പഞ്ചായത്തില്‍ 10%).

2007 ലെ ധനകാര്യ നിയമത്തിലും 21, 21 ആര്‍ട്ടിക്കിളുകളില്‍ ചേര്‍ത്ത ഭേദഗതി പ്രകാരം വസ്തുവിന്റെ അവിഭജിത കൂട്ടവകാശം കൈമാറാനുള്ള കൈമാറ്റ പ്രമാണത്തില്‍ കെട്ടിടം അഥവാ കെട്ടിടത്തിന്റെ ഭാഗം നിര്‍മിക്കാനുള്ള കരാറിനെ കുറിച്ചു പരാമര്‍ശമുണ്ടെങ്കില്‍ കെട്ടിടത്തിന്റെ മൂല്യം കൂടി ഉള്‍പ്പെടുത്തിയുള്ള സംഖ്യയ്ക്കു സ്റ്റാംപ് ഡ്യൂട്ടി നല്‍കണം, കരാറിന്മേല്‍ നല്‍കിയ സ്റ്റാംപ് ഡ്യൂട്ടി പ്രമാണത്തിന്മേല്‍ നല്‍കേണ്ട സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്നും കുറയ്ക്കാം.

ഭൂമിയിലെ കൂട്ടവകാശം ആധാരം ചെയ്യുമ്പോള്‍ പ്രമാണത്തില്‍ കാണിക്കുന്ന വിലയ്ക്ക് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാം. കരാറിന് 50 രൂപയുടെ സ്റ്റാംപ് ഡ്യൂട്ടി മാത്രമെ ഉണ്ടായിരുന്നുള്ളു. ഭേദഗതി പ്രകാരം ഭൂമിക്ക് പുറമെ കെട്ടിടത്തിന്റെ മൂല്യത്തിനും കൂടി സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കണം. കരാര്‍ തയാറാകുമ്പോള്‍ തന്നെ സ്റ്റാംപ് ഡ്യൂട്ടി നല്‍കണമെന്ന ധ്വനിയുമുണ്ട്.

ആര്‍ട്ടിക്കിള്‍ 44 ലെ ഭേദഗതിയെ പ്രകാരം പ്രതിഫലത്തിന് സ്ഥാവര വസ്തുക്കള്‍ വില്‍ക്കാന്‍ ബന്ധു അല്ലാത്തയാള്‍ക്കു (പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, സഹോദരന്‍ അഥവാ സഹോദരി ഒഴികെ മറ്റാര്‍ക്കെങ്കിലും) മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോര്‍ണി) നല്‍കിയാല്‍ വസ്തുവിന്റെ വില/എസ്റ്റിമേറ്റിനു പ്രമാണത്തിന്മേല്‍ ആര്‍ട്ടിക്കിള്‍ 21, 22 പ്രകാരം അടയ്ക്കേണ്ട നിരക്കില്‍ സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. ഭേദഗതിക്കു മുന്‍പ് പവര്‍ ഓഫ് അറ്റോര്‍ണി എക്സിക്യുട്ട് ചെയ്യാന്‍ 100 രൂപ സ്റ്റാംപ് ഡ്യൂട്ടി മതിയായിരുന്നു.
കേരള സ്റ്റാംപ് ആക്ടിലെ 2(ഡി) വകുപ്പില്‍ കണ്‍വെയന്‍സിനു നിര്‍വചനമുണ്ട്.

ഈ ഭേദഗതി വര്‍ക്സ് കോണ്‍ട്രാക്ടിനെ ബാധിക്കുന്ന ഒന്നല്ല. ഭൂമിയുടെ അവിഭജിത കൂട്ടവകാശം വാങ്ങി കെട്ടിടം പണിയുകയാണ് എന്നാണു പറയുന്നതെങ്കിലും സംഭവിക്കുന്നത് അങ്ങനെയല്ല. ബില്‍ഡര്‍ കെട്ടിടം പണിതു വാങ്ങുന്നയാള്‍ക്കു തവണയായി വില്‍ക്കുകയാണു ചെയ്യുന്നത്. ഫ്ളാറ്റുകളുടെ കൈമാറ്റത്തിന്മേലുള്ള നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും അതു തടയുവാനാണു ഭേദഗതി കൊണ്ടുവന്നതെന്നുമാണു സര്‍ക്കാര്‍ വാദം.

അവിഭജിത ഭൂമിയിലെ അവകാശം വില്‍ക്കാനുള്ള കരാറിലുള്ള നിബന്ധനകളിലൊന്നു ബില്‍ഡറെ കെട്ടിട നിര്‍മാണമേല്‍പിക്കണമെന്നുള്ളതാണ് എന്നു കോടതി ചൂണ്ടിക്കാട്ടി. നിര്‍മാണ കരാര്‍ പ്രകാരം കെട്ടിട നിര്‍മാണത്തിന്റെ മുഴുവന്‍ പണവും നല്‍കാതെ ഭൂമിയിലെ കൂട്ടവകാശം റജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അഭിപ്രായത്തില്‍ ബില്‍ഡര്‍ ഒരു കരാര്‍ പണിക്കാരനല്ല എന്നു വ്യക്തമാകുന്നു എന്നു നിരീക്ഷിച്ചു. ബില്‍ഡിങ് പെര്‍മിറ്റ് ബില്‍ഡറാണു വാങ്ങിയത് എന്നതില്‍ നിന്നും കെട്ടിടം നിര്‍മിക്കാനുള്ള ബാധ്യത ബില്‍ഡര്‍ക്കാണെന്നും ബില്‍ഡര്‍ ഒരു വര്‍ക്സ് കോണ്‍ട്രാക്ടര്‍ അല്ല എന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി വീണാ ഹസ്മുഖ് ജയിനിന്റെ കേസില്‍ കെട്ടിടം വില്‍ക്കാനുള്ള കരാറിനും തീരുവ ചുമത്താം എന്നു സ്ഥിരീകരിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. (ബോംബെ സ്റ്റാംപ് ആക്ടില്‍ ഉള്ള വിശദീകരണം അനുസരിച്ചു കരാറിനും കണ്‍വയെന്‍സായി പരിഗണിച്ചു സ്റ്റാംപ് ഡ്യൂട്ടി ചുമത്താം).

സ്റ്റാംപ് ആക്ട് അനുസരിച്ചു കോര്‍പറേഷനില്‍ 8.5%, മുനിസിപ്പാലിറ്റിയില്‍ 8%, പഞ്ചായത്തില്‍ 5% ആണ് സ്റ്റാംപ് ഡ്യൂട്ടി. റജിസ്ട്രേഷന്‍ നടത്തുന്നില്ലാത്തതിനാല്‍ കരാര്‍ ഒപ്പുവയ്ക്കേണ്ട സമയത്ത് 5% സര്‍ചാര്‍ജ് റജിസ്ട്രേഷന്‍ ഫീസും നല്‍കേണ്ടതില്ല. രഹേജ ഡവലപ്മെന്റ് കേസിലെ സുപ്രീം കോടതിവിധി പ്രകാരം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും മുന്‍പുള്ള കരാറുകളെ വര്‍ക്ക്സ് കോണ്‍ട്രാക്ടായി പരിഗണിക്കേണ്ടതാണ്. ബോംബെ സ്റ്റാംപ് ആക്ടില്‍ ഉള്ളതുപോലെ കേരള സ്റ്റാംപ് ആക്ടില്‍ കരാര്‍ കണ്‍വെയന്‍സായി പരിഗണിക്കണമെന്നു വിശദീകരണവും കാണുന്നില്ല.


Buzz ല്‍‌ പിന്തുടരുക

Tuesday, July 14, 2009

ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ എന്തൊക്കെ രേഖകള്‍.

ഡിഗ്രി പഠനം കഴിഞ്ഞ ദിവ്യയ്ക്ക്‌ സ്കോളർഷിപ്പ്‌ തുക കിട്ടിയത്‌ ചെക്കായിട്ടാണ്‌. ചെക്ക്‌ മാറി പണമാക്കണമെങ്കിൽ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കണം. അക്കൗണ്ട്‌ തുറക്കാനായി വീടിനടുത്തുള്ള ബാങ്കിലെത്തി. ബാങ്കിൽ അക്കൗണ്ടുള്ള ആരെങ്കിലും അക്കൗണ്ട്‌ പരിചയപ്പെടുത്തണം. ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം ഉറപ്പുവരുത്തുന്നതിനുമായി വോട്ടേഴ്സ്‌ തിരിച്ചറിയൽ കാർഡ്‌ അല്ലെങ്കിൽ പാസ്പോർട്ടിന്റെ ഫോട്ടോകോപ്പിയും ആവശ്യപ്പെട്ടു. ഇതു രണ്ടും ഇല്ലെങ്കിൽ റേഷൻ കാർഡ്‌, മറ്റ്‌ ഏതെങ്കിലും ഐഡന്റിറ്റി കാർഡ്‌, ടെലിഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ ഏതെങ്കിലും വേണം. ഇതോടൊപ്പം ഫോട്ടോയും. കൂലിത്തൊഴിലാളിയായ അമ്മയോടൊപ്പം താമസിക്കുന്ന ദിവ്യയ്ക്ക്‌ ഇവയൊന്നുമില്ല. മാത്രമല്ല, റേഷൻ കാർഡിൽ പേര്‌ വിട്ടു പോയിരുന്നുതാനും. അവസാനം വാർഡ്‌ മെംബറെകണ്ട്‌ സർട്ടിഫിക്കറ്റ്‌ വാങ്ങിയാണ്‌ അക്കൗണ്ട്‌ തുറന്നു ചെക്ക്‌ മാറി പണമാക്കാൻ സാധിച്ചത്‌.

തിരിച്ചറിയൽ രേഖകൾ കർശനമാക്കിയ ശേഷം ഇത്തരത്തിൽ പലർക്കും ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാൻ വരുന്ന പ്രയാസങ്ങൾ റിസർവ്വ്‌ ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഒരു വർഷം 1,00,000 രൂപയിൽ താഴെ മാത്രം വരവു വരുന്നതും ഒറ്റത്തവണ നീക്കിയിരിപ്പു തുക 50,000 രൂപയിൽ കൂടുതലുമാകാത്ത സാധാരണ നോ-ഫ്രിൽ സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ടുകൾ തുടങ്ങാൻ ഇനി ഫോട്ടോയും ഇടപാടുകാരൻ നൽകുന്ന സത്യവാങ്മൂലവും മതിയെന്നു റിസർവ്വ്‌ ബാങ്ക്‌ ഒ​‍ാഫ്‌ ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നു.

ഇത്തരം അക്കൗണ്ടുകളിൽ ചെക്ക്‌ ബുക്ക്‌ ലഭിക്കില്ല. ബാങ്കിൽ നേരിട്ടു ഹാജരായി വിത്ഡ്രാവൽ ഫോം ഉപയോഗിച്ചു പണം പിൻവലിക്കണം. ഏറ്റവും കുറഞ്ഞ തുക അക്കൗണ്ടിൽ ബാക്കി നിർത്തിയിരിക്കണമെന്ന നിബന്ധനയുമില്ല. ഒ​‍ാരോ അർധവർഷവും 25ൽ കൂടുതൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.

സാധാരണ സേവിംഗ്സ്‌ ബാങ്കിൽ ലഭിക്കുന്ന പലിശനിരക്ക്‌ ഇത്തരം അക്കൗണ്ടുകളിലും ലഭിക്കും. ചുരുക്കം ചില ബാങ്കുകൾ ഇത്തരം അക്കൗണ്ടുകളിൽ ഡെബിറ്റ്‌ കാർഡ്‌ നൽകുന്നുമുണ്ട്‌. ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ടുകളിൽ ബാക്കിനിൽക്കുന്ന തുക 50,000 ൽ കൂടുകയോ, ആകെ ഒരു വർഷം അട? തുക 1,00,000 ൽ കവിയുകയോ ചെയ്‌താൽ സാധാരണ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ബാങ്കുകൾക്ക്‌ ആവശ്യപ്പെടാം.

അച്ഛനമ്മമാരോടൊത്തു ജീവിക്കുന്ന മക്കൾ, മുതിർന്ന മക്കളോടൊപ്പം താമസിക്കുന്ന അച്ഛനമ്മമാർ തുടങ്ങിയവർക്ക്‌, സ്വന്തം പേരിൽ ഇലക്ട്രിസിറ്റി, ടെലിഫോൺ തുടങ്ങിയവ ഇല്ലാത്തതിനാൽ സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാൻ അഡ്രസ്സ് പ്രൂഫ്‌ നൽകാൻ പ്രയാസം അനുഭവപ്പെടാറുണ്ട്‌. അക്കൗണ്ട്‌ തുറക്കേണ്ട വ്യക്‌തി തന്റെ കൂടെയാണ്‌ സ്ഥിരമായി താമസിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്ന അടുത്ത ബന്ധുവിന്റെ കത്തും അവരുടെ തിരിച്ചറിയൽ രേഖകളും ഹാജരാക്കി ഇനി സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം. ഇപ്പോൾ താമസിക്കുന്ന അഡ്രസിൽ അക്കൗണ്ട്‌ തുടങ്ങേണ്ട വ്യക്‌തിക്കു ലഭിച്ച തപാൽ ഉരുപ്പടികളും അധിക രേഖകളായി ബാങ്കുകൾക്കു സ്വീകരിക്കാം.

ആന്റി മണി ലോൻഡറിങ്‌ അഥവാ പണം വെള്ളപൂശൽ തടയൽ നിയമപ്രകാരമാണ്‌ ബാങ്കുകൾ അക്കൗണ്ട്‌ തുറക്കാനായി തിരച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നത്‌. അനധികൃത പണത്തിന്റെ ഉറവിടം, പണമിടപാടുകാരന്റെ വിവരങ്ങൾ, പണം സ്വീകരിക്കുന്നവരുടെ വിവരങ്ങൾ ഇവയൊക്കെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതും ഇത്തരം പണം സാധാരണ രീതിയിൽ സാമ്പത്തിക രംഗത്ത്‌ അനധികൃതമായ രീതിയിൽ വിനിയോഗിക്കുന്നതും തടയുന്നതിനാണ്‌ ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം തിരിച്ചറിയുന്നതിനും ബാങ്കുകൾ രേഖകൾ ആവശ്യപ്പെടുന്നത്‌.

ഇടപാടുകാരുടെ തിരി?ച്ചറിയൽ സംബന്ധിച്ചു‌ അനുവർത്തിച്ചുപോരുന്ന നടപടിക്രമങ്ങൾ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരടക്കം, യഥാർഥ ഇടപാടുകാർക്കു ബുദ്ധിമുട്ട്‌ ഉണ്ടാക്കില്ലെന്നു ബാങ്കുകൾ ഉറപ്പുവരുത്തണം. ബാങ്കിന്‌ യുക്‌തമെന്നു തോന്നുന്ന ഏതു രേഖകളും സ്വീകരിച്ചു കുഴപ്പക്കാരല്ലെന്നു ബോധ്യപ്പെട്ട ഇടപാടുകാർ അക്കൗണ്ട്‌ തുറക്കുന്നതിനു റിസർവ്വ്‌ ബാങ്ക്‌ എതിരല്ല.

കടപ്പാട്: മലയാള മനോരമ പത്രം. 12-7-2009

Buzz ല്‍‌ പിന്തുടരുക

Tuesday, November 4, 2008

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്. - ഭാഗം രണ്ട്

സ്ത്രീപീഠനം അവള്‍ക്ക് സംരക്ഷണം നല്‍കേണ്ട വീട്ടിനകത്തുനിന്നുമാകുമ്പോള്‍ സംഗതിയുടെ ഗൌരവം ഏറുന്നു. അതുകൊണ്ടാകണം ‘ഗാര്‍ഹിക പീഠനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം’ - Protection of women from domestic violence Act 2005 - പാസ്സാക്കിയെടുത്തത്. ഈ കേന്ദ്രനിയമം 2006 ഒക്ടോബര്‍ 25 മുതല്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നു.

പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, വര്‍ണ്ണചിത്രം എന്നിവയിലൂടെ സ്ത്രീകളെ നിന്ദ്യമായും, അശ്ലീലകരമായും ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം ഇതിനു മുമ്പേതന്നെ നിലവിലുണ്ട്. അതാണ്
ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം, അഥവാ Indecent Representation of Women (Prohibition) Act 1986.


ഒരു വീട്ടില്‍ താമസിക്കുന്ന രക്തബന്ധത്തില്‍ പെട്ടതോ, വിവാഹബന്ധത്തില്‍ പെട്ടതോ, അല്ലെങ്കില്‍ വിവാഹം മൂലമുള്ള ബന്ധത്തില്‍ പെട്ടതോ, ദത്തു ബന്ധത്തില്‍ പെട്ടതോ ആയ ഒരു സ്ത്രീക്ക് ഗൃഹാന്തരീക്ഷത്തില്‍ ആ ഹൃഹത്തിലെ പ്രായപൂര്‍ത്തിയായ ഏതെങ്കിലും പുരുഷനില്‍ നിന്നും നേരിടുന്ന പീഠനമാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നത്.

(
അപ്പോള്‍ ആ വീട്ടിലെ ജോലിക്കാരിക്കുണ്ടാകുന്ന പീഠനം ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലേ - എന്റെ സംശയമാണേ. . . .!)

കൂട്ടു കുടുമ്പം, സഹോദരി, വിധവ, അമ്മ, അവിവാഹിത ഇങ്ങനെയുള്ള ബന്ധത്തില്‍ വരുന്ന പുരുഷന്റെ കൂടെ താമസിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഈ നിയമം പരിപൂര്‍ണ്ണ സംരക്ഷണം ഉറപ്പ് നല്‍കുന്നു.

ഈ നിയമപ്രകാരം ഗാര്‍ഹികപീഠനം എന്ന വാക്കിന്റെ വിവക്ഷ അധിക്ഷേപിക്കുക അഥവാ ചീത്ത പറയുക, ഇവ ശാരീരികമാവാം ലൈംഗികമാവാം മക്കളില്ലാത്തവള്‍ എന്നു തുടങ്ങിയ വാക്കുകള്‍ കൊണ്ടാവാം, വൈകാരികമാവാം, സാമ്പത്തികമാവാം അഥവാ ഒരു സ്ത്രീയ അവരുടെ ഗൃഹാന്തരീക്ഷത്തില്‍ ഉള്ള പുരുഷന്‍ വൈകാരികമായോ ലൈംഗികമായോ ഏല്‍പ്പിക്കുന്ന ക്ഷതമാണ് ഗാര്‍ഹിക പീഠനം.

കുടുമ്പത്തില്‍ പെട്ട സ്ത്രീകളെ നിരാലമ്പരാക്കി വഴിയിലിറക്കി വിടുന്നതും ആ നിയമം വിലക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ താമസിക്കുന്നതിനുള്ള സംരക്ഷണം ഉറപ്പു വരുത്തുന്നതിനാവശ്യമായ ഉത്തരവു പുറപ്പെടുവിക്കുവാന്‍ മജിസ്ട്രേട്ടുമാരെ നിയമം അധികാരപ്പെടുത്തുന്നു. വളരെ വിശാലമായ അര്‍ത്ഥത്തില്‍ സ്ത്രീകളെ നിന്ദിക്കുന്ന, അധിക്ഷേപിക്കുന്ന, അപമാനിക്കുന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായ എല്ലാ നിന്ദകളേയും തടയുന്ന ഒരു നിയമമാണിത്.

നിയമത്തിനു കീഴില്‍ ഏറ്റവും ചുമതല വഹിക്കുന്ന ആളാണു പ്രൊട്ടക്‍ഷന്‍ ഓഫീസര്‍. ഒരു ജില്ലയില്‍ ഒന്നു വീതം (വനിതയാവുന്നതാണുചിതം) നിയമിക്കപ്പെടുന്ന ഈ ഓഫീസര്‍മാരാണ് ബന്ധപ്പെട്ട മജിസ്ട്രേട്ടിനെ ഗാര്‍ഹിക പീഠനം നടന്നതോ നടക്കാന്‍ സാധ്യതയുള്ളതോ തടയല്‍ ആവശ്യമായതോ ആയ കാര്യങ്ങള്‍ അറിയിക്കേണ്ടത്. മജിസ്ട്രേട്ട് മാരെ സഹായിക്കുകയും, ഗാര്‍ഹികപീഠനത്തിനിരയായവര്‍ക്ക് നീതിയും നിയമ സഹായവും ഉറപ്പുവരുത്തുകയാണ് ഇവരുടെ ചുമതല. രഹസ്യമായ വിജാരണ നടത്തുവാനും വ്യവസ്ഥയുണ്ട്.

മറ്റൊരു പ്രധാന വ്യവസ്ഥ വാസസ്ഥലത്തിനുള്ള അവകാശമാണ്. നിയമപരമായ അവകാശം ഇല്ലെങ്കില്‍ കൂടി ഗൃഹാന്തരീക്ഷത്തില്‍ താമസിച്ചിരുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുന്നതിനു നിര്‍ദ്ദേശം നല്‍കുവാന്‍ ഈ നിയമം മജിസ്ട്രേട്ടിനു അധികാരം നല്‍കുന്നു. പരാതിക്കാരിയെ ഫോണിലൂടെയോ, ജോലിസ്ഥലത്തോ, കുട്ടികളുടെ സ്കൂളിലോ പോയി ശല്യപ്പെടുത്തുന്നതിനെതിരെയും വിലക്കുകള്‍ പ്രഖ്യാപിക്കാം.

ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കഴിയുന്ന സമയത്തുള്ള സ്വത്തുക്കളോ ബാങ്ക് ലോക്കറോ മറ്റു ആസ്തികളോ അന്യാധീനപ്പെടുത്തുന്നത് തടയാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ആക്രമിക്കപ്പെടുവാനുള്ള സാധ്യതകള്‍ തടയുവാനും മുന്‍ കരുതലെടുക്കുവാനും ഈ നിയമം സഹായിക്കുന്നു.

ചുരുക്കത്തില്‍ നമ്മുടെ രാജ്യത്ത് പുതുതായി കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പുനിയമം പോലെയാണിതും. ശരിക്ക് നടപ്പിലാക്കുകയാണെങ്കില്‍ തൊഴിലുറപ്പുനിയമം രാജ്യത്തെ പട്ടിണി ഇല്ലാതാക്കാന്‍ കെല്പുള്ളതാണ്. അതു പോലെ ഈ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ ധാരാളം മതി. പക്ഷേ ഇതു രണ്ടും നടപ്പില്ലെന്നു മാത്രം.!!!

ഇനിയും നമ്മുടെ സ്ത്രീകള്‍ക്ക് സംരക്ഷണമില്ലെങ്കില്‍ കുറ്റം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Buzz ല്‍‌ പിന്തുടരുക

Monday, October 27, 2008

72 മണിക്കൂറിനുള്ളില്‍ i-Pill കഴിച്ചാല്‍ ഗര്‍ഭധാരണം ഒഴിവാക്കാം - പുതിയ പരസ്യം

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുഷ്ടിമൈഥുന സുഖം അനുഭവിച്ചിട്ടുണ്ടോയെന്നു് അദ്ധ്യാപകന്‍ / അദ്ധ്യാപിക തന്റെ വിധ്യാര്‍ത്ഥികളോട് ചോദിക്കുന്ന ഭാഗം നമ്മുടെ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. ശക്തമായ എതിര്‍പ്പ് കാരണം ആ ഭാഗം വേണ്ടെന്നു വക്കുകയായിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തിനു പകരം കൌമാര വിദ്യാഭ്യാസമെന്നു പേരു മാറ്റുകയും ചെയ്തു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ ഒരു പരസ്യം കഴിഞ്ഞ 2-3 ദിവസമായി ടി.വി യില്‍ കാണിച്ചു വരുന്നു.

ഒരമ്മയും മകളുമായുള്ള ടെലിഫോണ്‍ സംഭാഷണമാണ രംഗമാണ് പരസ്യത്തിന്റെ തുടക്കം.
ഒരു പ്രൊട്ടക്‍ഷനുമില്ലാതയോ?” , അമ്മയുടെ ഉല്‍കണ്ഠയോടെയുള്ള ചോദ്യത്തോടെ സംഭാഷണം തുടങ്ങുന്നു. പിന്നെയുള്ളത് ആ അമ്മയുടെ ഉപദേശമാണ്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുപോയെങ്കില്‍ 72 മണിക്കൂറിനകം i-Pill എന്ന ഗുളിക കഴിച്ച് ഗര്‍ഭധാരണം ഒഴിവാക്കാന്‍ ടെലിഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നതാണ് അവസാന രംഗം.

ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിലല്ല, മറിച്ച് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഒന്നും അവലംബിക്കാത്തതിലാണ് ആ അമ്മയുടെ ഉല്‍ക്കണ്ഠയെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രീകരണം. അതില്‍ നിന്നും മനസ്സിലാക്കേണ്ടത് മകള്‍ ഏതോ പിക്നിക് സ്ഥലത്തു നിന്നായിരിക്കണം അമ്മയെ ഫോണ്‍ ചെയ്തതെന്നാണ്. കല്യാണം കഴിഞ്ഞ മകളോടാണു് സംസാരിക്കുന്നതെന്ന സൂചന ഒന്നും തന്നെ ആ പരസ്യത്തില്‍ കാണിക്കുന്നില്ല.

പ്രകടിപ്പിക്കുന്ന ആകാംക്ഷയില്‍ നിന്നും, സ്വന്തം മകളെയാണ് ഉപദേശിക്കുന്നതെന്നു വ്യക്തം.

ഈ പരസ്യം കാണുന്നവരില്‍ വിവാഹം കഴിയാത്ത കൌമാരപ്രായക്കാരായ കുട്ടികളും ഉണ്ടാകുമെന്നതില്‍ സംശയമില്ല. അവരില്‍ ചിലരെങ്കിലും ഈ ഗുളിക സംരക്ഷണം നല്‍കുമെന്നു കരുതി അനാശാസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്നു ഉറപ്പിക്കാന്‍ കഴിയുമോ?

അങ്ങനെയെങ്കില്‍ ഈ പരസ്യം ഗുണത്തെക്കാള്‍ കൂടുതല്‍ ദൂഷ്യം ചെയ്യാന്‍ സാധ്യതയില്ലേ.? എന്തു പറയുന്നു?

Buzz ല്‍‌ പിന്തുടരുക

Friday, September 19, 2008

അളവുതൂക്കനിയമവും ഉപഭോക്താക്കളും (Legal metrology)

നാം വാങ്ങുന്ന നിത്യോപയോഗ സാധനങ്ങള്‍ തൂക്കി വാങ്ങുന്നതാവാം. നേരത്തേതന്നെ തൂക്കി കഴിഞ്ഞ്‌ പാക്കറ്റിലാക്കി കഴിഞ്ഞതാവാം. പെട്ടിയോടെ വാങ്ങുന്നതുമാവാം. ഏതായാലും ഇതിനെല്ലാം അളവുതൂക്ക നിയമം ബാധകമാണ്.

തൂക്കിത്തരുവാനുപയോഗിക്കുന്ന പടികള്‍ അളവുതൂക്ക വകുപ്പിന്റെ മുദ്ര ഉള്ളതായിരിക്കണം. ആ മുദ്രയില്‍ അളവുതൂക്കവകുപ്പിന്റെ അടയാളം കാണണം. ഏത് വര്‍ഷമാണ് മുദ്ര കുത്തിയതെന്ന് കാണിക്കണം. ഇതു കൂടാതെ വര്‍ഷത്തിന്റെ ഏത് ക്വാര്‍ട്ടറില്‍ ആണ് മുദ്രകുത്തിയതെന്നും കാണണം. വര്‍ഷത്തെ A,B,C,D എന്നീ നാലു ക്വാര്‍ട്ടറുകളായി തിരിച്ച് ബന്ധപ്പെട്ട അക്ഷരമായിരിക്കും ഉണ്ടായിരിക്കുക. ഇത്രയും കാര്യങ്ങള്‍ ഉള്‍പ്പെടുന്ന മുദ്ര വര്‍ഷം തോറും ഉപയോഗിക്കുന്ന പടികളില്‍ പതിപ്പിക്കേണ്ടതാണ്. ഈ മുദ്ര ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് ഉപഭോക്താവിന്റെ ആവശ്യവും അവകാശവുമാണ്.

പാക്കറ്റുകളില്‍ ഉള്ള സാധനങ്ങളാണ് വാങ്ങുന്നതെങ്കില്‍, വില്‍ക്കുന്ന സാധനത്തിന്റെ MRP യും തൂക്കവും പാക്കറ്റില്‍ പ്രിന്റ്‌ ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. അതില്‍ അപാകത ഉണ്ടെങ്കില്‍ അളവു തൂക്ക വകുപ്പിനോട് പരാതി പ്പെടാം.

സാധനങ്ങള്‍ വില്‍ക്കുന്നത് പെട്ടിക്കുള്ളീലാക്കിയാണെങ്കില്‍, ആ സാധനങ്ങളുടെ customer care & service dept. ന്റെ പൂര്‍ണ്ണ മേല്‍‌വിലാസവും ഫോണ്‍ നമ്പരും പെട്ടിക്കു പുറത്ത് രേഖപ്പെടുത്തിയിരിക്കണം.

വിലനിലവാരപ്പട്ടിക എല്ലാ വില്പനശാലകളിലും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു അളവുതൂക്ക നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടില്ല. അതിനാല്‍ വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന പരാതി അളവുതൂക്ക വകുപ്പ് സ്വീകരിക്കുന്നതല്ല. എന്നാല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലനിലവാരപ്പട്ടികയില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ തീര്‍ച്ചയായും അളവുതൂക്ക വകുപ്പിനു ഇടപെടാം, നടപടിയെടുക്കാം.

സൂപ്പര്‍ മാര്‍ക്കറ്റ്, മാര്‍ജ്ജിന്‍ഫ്രീ മാര്‍ക്കറ്റുകള്‍ മുതലായ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ സൌകര്യത്തിനും ഉപയോഗത്തിനും വേണ്ടി ഒരു പ്രത്യേക Electronic Weighing Machine സൌകര്യപ്രദമായ സ്ഥലത്ത് സ്ഥാപിച്ചിരിക്കേണ്ടതാണ്.

തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് ഈ വകുപ്പിന്റെ ആസ്ഥാനം. പരാതികള്‍ സ്വീകരിക്കുവാര്‍ അവിടെ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. പരാതികള്‍ ഈ സെല്ലിലേക്ക് നേരിട്ട് അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: 0471 2303821

ഇതു കൂടാതെ എല്ലാ ജില്ലകളിലും ഫ്ലൈയിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്താണെങ്കില്‍ അവരെ ഈ 0471 2448752 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ഇതാണ് അളവുതൂക്കവകുപ്പിന്റെ വെബ്ബ് അഡ്രസ്സ്. എല്ലാ ജില്ലകളിലേയും ഇതിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ അവിടുണ്ട്. കൂടാതെ, അവിടെയുള്ള, ഭൂമിയുടെ അളവു നിര്‍ണ്ണയിക്കുന്ന ഹെക്ടരിനെ ഏക്കറാക്കാനും തിരിച്ചുമുള്ള ടേബില്‍ വളരെ പ്രയോജനപ്രദം. അടി, ഇഞ്ച് എന്നിവയെ മീറ്റര്‍ ആക്കുവാനും തിരിച്ചും ചെയ്യുവാനുള്ള ഒരു ടേബിളും ഡിപ്പാര്‍ട്ട്മെന്റ് അവിടെ ഒരുക്കിയിട്ടുണ്ട്.

Buzz ല്‍‌ പിന്തുടരുക