72 മണിക്കൂറിനുള്ളില്‍ i-Pill കഴിച്ചാല്‍ ഗര്‍ഭധാരണം ഒഴിവാക്കാം - പുതിയ പരസ്യം
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുഷ്ടിമൈഥുന സുഖം അനുഭവിച്ചിട്ടുണ്ടോയെന്നു് അദ്ധ്യാപകന്‍ / അദ്ധ്യാപിക തന്റെ വിധ്യാര്‍ത്ഥികളോട് ചോദിക്കുന്ന ഭാഗം നമ്മുടെ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. ശക്തമായ എതിര്‍പ്പ് കാരണം ആ ഭാഗം വേണ്ടെന്നു വക്കുകയായിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തിനു പകരം കൌമാര വിദ്യാഭ്യാസമെന്നു പേരു മാറ്റുകയും ചെയ്തു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ ഒരു പരസ്യം കഴിഞ്ഞ 2-3 ദിവസമായി ടി.വി യില്‍ കാണിച്ചു വരുന്നു.
ഒരമ്മയും മകളുമായുള്ള ടെലിഫോണ്‍ സംഭാഷണമാണ രംഗമാണ് പരസ്യത്തിന്റെ തുടക്കം.
“ഒരു പ്രൊട്ടക്‍ഷനുമില്ലാതയോ?” , അമ്മയുടെ ഉല്‍കണ്ഠയോടെയുള്ള ചോദ്യത്തോടെ സംഭാഷണം തുടങ്ങുന്നു. പിന്നെയുള്ളത് ആ അമ്മയുടെ ഉപദേശമാണ്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുപോയെങ്കില്‍ 72 മണിക്കൂറിനകം i-Pill എന്ന ഗുളിക കഴിച്ച് ഗര്‍ഭധാരണം ഒഴിവാക്കാന്‍ ടെലിഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നതാണ് അവസാന രംഗം.
ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിലല്ല, മറിച്ച് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഒന്നും അവലംബിക്കാത്തതിലാണ് ആ അമ്മയുടെ ഉല്‍ക്കണ്ഠയെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രീകരണം. അതില്‍ നിന്നും മനസ്സിലാക്കേണ്ടത് മകള്‍ ഏതോ പിക്നിക് സ്ഥലത്തു നിന്നായിരിക്കണം അമ്മയെ ഫോണ്‍ ചെയ്തതെന്നാണ്. കല്യാണം കഴിഞ്ഞ മകളോടാണു് സംസാരിക്കുന്നതെന്ന സൂചന ഒന്നും തന്നെ ആ പരസ്യത്തില്‍ കാണിക്കുന്നില്ല.
പ്രകടിപ്പിക്കുന്ന ആകാംക്ഷയില്‍ നിന്നും, സ്വന്തം മകളെയാണ് ഉപദേശിക്കുന്നതെന്നു വ്യക്തം.
ഈ പരസ്യം കാണുന്നവരില്‍ വിവാഹം കഴിയാത്ത കൌമാരപ്രായക്കാരായ കുട്ടികളും ഉണ്ടാകുമെന്നതില്‍ സംശയമില്ല. അവരില്‍ ചിലരെങ്കിലും ഈ ഗുളിക സംരക്ഷണം നല്‍കുമെന്നു കരുതി അനാശാസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്നു ഉറപ്പിക്കാന്‍ കഴിയുമോ?
അങ്ങനെയെങ്കില്‍ ഈ പരസ്യം ഗുണത്തെക്കാള്‍ കൂടുതല്‍ ദൂഷ്യം ചെയ്യാന്‍ സാധ്യതയില്ലേ.? എന്തു പറയുന്നു?