Tuesday, November 4, 2008

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്. - ഭാഗം രണ്ട്

സ്ത്രീപീഠനം അവള്‍ക്ക് സംരക്ഷണം നല്‍കേണ്ട വീട്ടിനകത്തുനിന്നുമാകുമ്പോള്‍ സംഗതിയുടെ ഗൌരവം ഏറുന്നു. അതുകൊണ്ടാകണം ‘ഗാര്‍ഹിക പീഠനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം’ - Protection of women from domestic violence Act 2005 - പാസ്സാക്കിയെടുത്തത്. ഈ കേന്ദ്രനിയമം 2006 ഒക്ടോബര്‍ 25 മുതല്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നു.

പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, വര്‍ണ്ണചിത്രം എന്നിവയിലൂടെ സ്ത്രീകളെ നിന്ദ്യമായും, അശ്ലീലകരമായും ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം ഇതിനു മുമ്പേതന്നെ നിലവിലുണ്ട്. അതാണ്
ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം, അഥവാ Indecent Representation of Women (Prohibition) Act 1986.


ഒരു വീട്ടില്‍ താമസിക്കുന്ന രക്തബന്ധത്തില്‍ പെട്ടതോ, വിവാഹബന്ധത്തില്‍ പെട്ടതോ, അല്ലെങ്കില്‍ വിവാഹം മൂലമുള്ള ബന്ധത്തില്‍ പെട്ടതോ, ദത്തു ബന്ധത്തില്‍ പെട്ടതോ ആയ ഒരു സ്ത്രീക്ക് ഗൃഹാന്തരീക്ഷത്തില്‍ ആ ഹൃഹത്തിലെ പ്രായപൂര്‍ത്തിയായ ഏതെങ്കിലും പുരുഷനില്‍ നിന്നും നേരിടുന്ന പീഠനമാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നത്.

(
അപ്പോള്‍ ആ വീട്ടിലെ ജോലിക്കാരിക്കുണ്ടാകുന്ന പീഠനം ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലേ - എന്റെ സംശയമാണേ. . . .!)

കൂട്ടു കുടുമ്പം, സഹോദരി, വിധവ, അമ്മ, അവിവാഹിത ഇങ്ങനെയുള്ള ബന്ധത്തില്‍ വരുന്ന പുരുഷന്റെ കൂടെ താമസിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഈ നിയമം പരിപൂര്‍ണ്ണ സംരക്ഷണം ഉറപ്പ് നല്‍കുന്നു.

ഈ നിയമപ്രകാരം ഗാര്‍ഹികപീഠനം എന്ന വാക്കിന്റെ വിവക്ഷ അധിക്ഷേപിക്കുക അഥവാ ചീത്ത പറയുക, ഇവ ശാരീരികമാവാം ലൈംഗികമാവാം മക്കളില്ലാത്തവള്‍ എന്നു തുടങ്ങിയ വാക്കുകള്‍ കൊണ്ടാവാം, വൈകാരികമാവാം, സാമ്പത്തികമാവാം അഥവാ ഒരു സ്ത്രീയ അവരുടെ ഗൃഹാന്തരീക്ഷത്തില്‍ ഉള്ള പുരുഷന്‍ വൈകാരികമായോ ലൈംഗികമായോ ഏല്‍പ്പിക്കുന്ന ക്ഷതമാണ് ഗാര്‍ഹിക പീഠനം.

കുടുമ്പത്തില്‍ പെട്ട സ്ത്രീകളെ നിരാലമ്പരാക്കി വഴിയിലിറക്കി വിടുന്നതും ആ നിയമം വിലക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ താമസിക്കുന്നതിനുള്ള സംരക്ഷണം ഉറപ്പു വരുത്തുന്നതിനാവശ്യമായ ഉത്തരവു പുറപ്പെടുവിക്കുവാന്‍ മജിസ്ട്രേട്ടുമാരെ നിയമം അധികാരപ്പെടുത്തുന്നു. വളരെ വിശാലമായ അര്‍ത്ഥത്തില്‍ സ്ത്രീകളെ നിന്ദിക്കുന്ന, അധിക്ഷേപിക്കുന്ന, അപമാനിക്കുന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായ എല്ലാ നിന്ദകളേയും തടയുന്ന ഒരു നിയമമാണിത്.

നിയമത്തിനു കീഴില്‍ ഏറ്റവും ചുമതല വഹിക്കുന്ന ആളാണു പ്രൊട്ടക്‍ഷന്‍ ഓഫീസര്‍. ഒരു ജില്ലയില്‍ ഒന്നു വീതം (വനിതയാവുന്നതാണുചിതം) നിയമിക്കപ്പെടുന്ന ഈ ഓഫീസര്‍മാരാണ് ബന്ധപ്പെട്ട മജിസ്ട്രേട്ടിനെ ഗാര്‍ഹിക പീഠനം നടന്നതോ നടക്കാന്‍ സാധ്യതയുള്ളതോ തടയല്‍ ആവശ്യമായതോ ആയ കാര്യങ്ങള്‍ അറിയിക്കേണ്ടത്. മജിസ്ട്രേട്ട് മാരെ സഹായിക്കുകയും, ഗാര്‍ഹികപീഠനത്തിനിരയായവര്‍ക്ക് നീതിയും നിയമ സഹായവും ഉറപ്പുവരുത്തുകയാണ് ഇവരുടെ ചുമതല. രഹസ്യമായ വിജാരണ നടത്തുവാനും വ്യവസ്ഥയുണ്ട്.

മറ്റൊരു പ്രധാന വ്യവസ്ഥ വാസസ്ഥലത്തിനുള്ള അവകാശമാണ്. നിയമപരമായ അവകാശം ഇല്ലെങ്കില്‍ കൂടി ഗൃഹാന്തരീക്ഷത്തില്‍ താമസിച്ചിരുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുന്നതിനു നിര്‍ദ്ദേശം നല്‍കുവാന്‍ ഈ നിയമം മജിസ്ട്രേട്ടിനു അധികാരം നല്‍കുന്നു. പരാതിക്കാരിയെ ഫോണിലൂടെയോ, ജോലിസ്ഥലത്തോ, കുട്ടികളുടെ സ്കൂളിലോ പോയി ശല്യപ്പെടുത്തുന്നതിനെതിരെയും വിലക്കുകള്‍ പ്രഖ്യാപിക്കാം.

ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കഴിയുന്ന സമയത്തുള്ള സ്വത്തുക്കളോ ബാങ്ക് ലോക്കറോ മറ്റു ആസ്തികളോ അന്യാധീനപ്പെടുത്തുന്നത് തടയാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ആക്രമിക്കപ്പെടുവാനുള്ള സാധ്യതകള്‍ തടയുവാനും മുന്‍ കരുതലെടുക്കുവാനും ഈ നിയമം സഹായിക്കുന്നു.

ചുരുക്കത്തില്‍ നമ്മുടെ രാജ്യത്ത് പുതുതായി കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പുനിയമം പോലെയാണിതും. ശരിക്ക് നടപ്പിലാക്കുകയാണെങ്കില്‍ തൊഴിലുറപ്പുനിയമം രാജ്യത്തെ പട്ടിണി ഇല്ലാതാക്കാന്‍ കെല്പുള്ളതാണ്. അതു പോലെ ഈ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ ധാരാളം മതി. പക്ഷേ ഇതു രണ്ടും നടപ്പില്ലെന്നു മാത്രം.!!!

ഇനിയും നമ്മുടെ സ്ത്രീകള്‍ക്ക് സംരക്ഷണമില്ലെങ്കില്‍ കുറ്റം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Buzz ല്‍‌ പിന്തുടരുക

6 comments:

  1. Pongummoodan said...

    അങ്കിളേ, എന്റെ പോസ്റ്റ് ഇതിൽ പെടുമോ?
    ഞാൻ പെടുമോ? :)

  2. വിദുരര്‍ said...

    മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന്‌ വേണ്ടി ഒരു തള്ള്‌
    (ചില നിയമങ്ങള്‍ അങ്ങിനെയാവാം)

  3. അനില്‍@ബ്ലോഗ് // anil said...

    അങ്കിളെ,
    സമയം പോലെ ഇതൊന്നു നോക്കൂ

  4. അനില്‍@ബ്ലോഗ് // anil said...

    അങ്കിളേ,
    വായിച്ചതിനു നന്ദി.

    നമ്മുടെ നിയമങ്ങള്‍ക്ക് എപ്പോഴും രണ്ടു മുഖങ്ങളാണ്. ഈ പറയുന്ന ഘോര വര്‍ത്തമാനങ്ങളൊക്കെ വല്ല പാവത്തുങ്ങളും പ്രതിസ്ഥാനത്തു വരുമ്പോഴേ ഉള്ളൂ.

    നിയമങ്ങളുടെ അഭാവമല്ല, മറിച്ച് അതു നടപ്പാക്കേണ്ട മെഷിനറിയുടെ തുരുമ്പാണ് നമ്മുടെ നാടിന്റെ ശാപം.

  5. ബഷീർ said...

    വിശദമായി പിന്നെ വായിച്ച്‌ കമന്റിടാം. ഇപ്പോള്‍ ജസ്റ്റ്‌ ട്രാക്കിംഗ്‌

  6. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    അനില്‍ പറഞ്ഞതുപോലെ നിയമമൊക്കെ വല്ല പാവത്താന്മാരുടെയും നെഞ്ചത്ത് കയറാനല്ലെ.

    സ്ത്രീകളെ വച്ച് നിന്ദ്യവും അശ്ലീലവുമായ രിതിയില്‍ പരസ്യങ്ങളും മറ്റ് കലാപരിപാടികളും എടുക്കുന്നത്, അതിലഭിനയിക്കുന്ന സ്ത്രീകള്‍ അറിയാതെയല്ലല്ലോ? അപ്പോള്‍ പിന്നെ അതിലഭിനയിക്കുന്ന സ്ത്രീയെ ഒന്നാം പ്രതി തന്നെയാക്കണം.