Friday, January 23, 2009

ആരാണ്‍് ഓംബുഡ്സ്മാന്‍

ആരാണ് ഓംബുഡ്സ്മാന്‍ ?. നീതിനിഷേധം അനുഭവിക്കാനിടയാകുന്ന വ്യക്തിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താനും , നിഗമനത്തിലെത്താനും , ആയതിനു പരിഹാര മാര്‍ഗ്ഗം കാണാനും സര്‍ക്കാര്‍ നിയൊഗിക്കുന്ന ഉദ്ദ്യോഗസ്ഥനാണ് ഓംബുഡ്സ്മാന്‍ .

ഇന്‍‌ഡ്യയില്‍ ഓംബുഡ്സ്മാനെ‘ലോക്പാല്‍’ അഥവാ ‘ലോകായുക്ത’ എന്നാണ് സാധാരണ പറയാറ്. 1998 ലാണ് കേരളത്തില്‍ ആദ്യമായി ‘ലോകായുക്തയെ’ സ്ഥാപിക്കുന്നത്.

1) ഓംബുഡ്സ്മാന്‍ :തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങളും ഉദ്ദ്യോഗസ്ഥന്മാരും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നേരിട്ടോ അല്ലാതയോ നിയോഗിച്ചിട്ടുള്ളതും സ്ഥലം മാറ്റപ്പെട്ടതുമായ ഉദ്ദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, ക്രമക്കേടുകള്‍ എന്നിവയെകുറിച്ചുള്ള പരാതികള്‍ നിയമാനുസൃതം അന്വേഷിച്ച്‌ ആവശ്യമായ നടപടികളെടുക്കുകയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാറ്റ്ന്റെ ചുമതല. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഔദ്ദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഉണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, ക്രമക്കേട് എന്നിവ ആരോപിച്ചുകൊണ്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ ഓംബുഡ്സ്മാനു സമര്‍പ്പിക്കാവുന്നതാണ്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിനെതിരയോ, പൊതുജനസേവകനെതിരെയോ, അഴിമതി ആരോപണമോ ദുര്‍ഭരണമോ സര്‍ക്കാരിന്റെ അറിവില്‍ പെടുകയോ അഥവാ ശ്രദ്ധയില്‍ കൊണ്ടുവരികയോ ചെയ്താല്‍ രേഖാമൂലമുള്ള ഉത്തരവു മൂലം സര്‍ക്കാരിനു ആയത്‌ ഓംബുഡ്സ്മാന്റെ പരിഗണനക്കയക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകളെക്കുറിച്ചും ആക്ഷേപങ്ങളെപറ്റിയും സ്വയമേധാ കേസെടുത്ത് അന്വേഷിക്കാനും യുക്തമായ നടപടികള്‍ സ്വീകരിക്കാനും ഓംബുഡ്സ്മാനു അധികാരമുണ്ട്. വെള്ളക്കടലാസിലെഴുതിയ പരാതിയോടൊപ്പം നിശ്ചിത ഫോം കൂടി പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. ഓരോ പരാതിയും അതോടൊപ്പമുള്ള രേഖകളും പരാതിയില്‍ എത്ര എതിര്‍കക്ഷികളുണ്ടോ അത്രയും പകര്‍പ്പുകളോടുകൂടിയായിരിക്കേണ്ടതാണ്. ഓരോ പരാതിയോടൊപ്പവും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ തന്റെ ഉത്തമ വിശ്വാസത്തിലും അറിവിലും പെട്ടിടത്തോളം ശരിയും സത്യവും ആണെന്ന ഒരു പ്രസ്താവന ഉണ്ടായിരിക്കേണ്ടതാണ്. പരാതിക്കാരന്‍ പരാതിയുടെ ഫീസ്സായി 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പരാതിയുടെ അസ്സല്‍ പകര്‍പ്പില്‍ പതിക്കേണ്ടതാണ്. പരാതി സ്വീകരിച്ചതിനുശേഷം പരാതിക്കാരനു പരാതിനമ്പര്‍ അടങ്ങിയ കൈപറ്റ് രശീത് നല്‍കേണ്ടതാണ്. ന്യൂന്നതയുള്ള പരാതികള്‍ ന്യൂന്നതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതിക്കരനു മടക്കി നല്‍കേണ്ടതാണ്. തിരിച്ചുകിട്ടിയ പരാതി 15 ദിവസത്തിനകം വീണ്ടും സമര്‍പ്പിച്ചാല്‍ പുതിയ പരാതിയായി പരിഗണിക്കുന്നതാണ്.

ഓംബുഡ്സ്മാന്റെ (തദ്ദേശ സ്വയംഭരണസ്ഥാപനം) മേല്‍‌വിലാസം ഇതാണ്: Secretary, Ombudsman for Local Self Government Institutions, Barton Hill Bunglow, Kunnukushi.P.O., Thiruvananthapuram.

2) ദേവസ്വം ബോര്‍ഡുകളില്‍ ഓംബുഡ്സ്മാന്‍ കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഓംബുഡ്സ്മാനെ നിയമിച്ചു.

ജസ്റ്റിസ് ആര്‍.ഭാസ്ക്കരനാണ് ഓംബുഡ്സ്മാന്‍.എസ്.പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓംബുഡ്സ്മാനില്‍ ഉണ്ടായിരിക്കും. ദേവസ്വം ബോര്‍ഡുകളുടെ കണക്കുകളും രേഖകളും വിളിച്ചു വരുത്തി പരിശോധിക്കാനും പൊതുജനങ്ങളില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാനും ഓംബുഡ്സ്മാന് അധികാരം ഉണ്ടായിരിക്കും.

ദേവസ്വം ബോര്‍ഡിന്‍റെ അന്യാധീനപ്പെട്ട വസ്തുവകകള്‍ വീണ്ടെടുക്കാനുള്ള അധികാരവും ഓംബുഡ്സ്മാന് ഹൈക്കോടതി നല്‍കി. മൂന്നു വര്‍ഷമാണ് ഓംബുഡ്സ്മാന്‍റെ കാലാവധി. അഴിമതി സംബന്ധിച്ച കേസുകളില്‍ സ്ഥിരം കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി.

3) സഹകരണമേഖലയില്‍ ഓംബുഡ്സ്മാന്‍

സഹകരണ മേഖലയില്‍ ഓംബുഡ്സ്മാനെ നിയമിക്കുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഈ മേഖലയിലെ അഴിമതി കുറയ്ക്കാന്‍ ഓംബുഡ്സ്മാന്‍ സംവിധാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു (18 ജൂലൈ 2008)


4) കേരളാ വിദ്യുഃച്ഛക്തിബോര്‍ഡിന് ഓംബുഡ്സ്മാന്‍

വിദ്യുഃച്ഛക്തി ഓംബുഡ്സ്മാനെ നിയമിച്ചു.
അതിന്റെ കീഴില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്‌ പരാതി പരിഹാര കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനു തീരുമാരമായി (Nov. 9.2007) പരാതിയുള്ളവര്‍ക്ക് അവരുടെ പരാതി പരിഹാര കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. പരിഹാരം തൃപ്തികരമായില്ലെങ്കില്‍ ഓംബുഡ്സ്മാനെ സമീപിക്കാം. പരാതി നല്‍കി 3 മാസത്തിനകം പരിഹാരം കാണേണ്ടതാണ്.

updated on 23rd jan 2009:
----------------------------------
ഓംബുഡ്സ്മാന്റെ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കുന്നതിനു സ്റ്റാമ്പ് ഡ്യൂട്ടിയൊ മറ്റു ഫീസുകളോ ഇല്ല. വക്കീലിനെ ഏര്‍പ്പെടുത്തണമെന്ന് നിര്‍ബന്ധവുമില്ല. ഉപഭോക്താവ് നേരിട്ടോ കാര്യവിവരമുള്ള മറ്റാരെങ്കിലും മുഖാന്തിരമോ കേസ്സ് വാദിക്കാം. വൈദ്യുതി ഉപയോഗിക്കുന്നവരെല്ലാം ഉപഭോക്താവ് എന്ന പദത്തിന്റെ നിര്‍വചനത്തില്‍ പെടും.

പരാതികള്‍ ഫയലില്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ 3 മാസത്തിനകം അവയില്‍ തീര്‍പ്പ് കല്പിക്കണം.

വൈദ്യുതി ബോര്‍ഡ് അടക്കമുള്ള വൈദ്യുതി വിതരണസ്ഥാപനങ്ങള്‍ നിയമാനുസൃതം രൂപീകരിച്ചിട്ടുള്ള ഉപഭോക്തൃപ്രശ്നപരിഹാരവേദികള്‍ (Consumer Grievance Redressal Forum) മുമ്പാകെ തങ്ങളുടെ പരാതി രേഖാമൂലം സമര്‍പ്പിച്ച് അവിടെനിന്നും ലഭിച്ച വിധി ഉപഭോക്താവിനു തൃപ്തികരമല്ലെങ്കില്‍മാത്രമേ ഓംബുഡ്സ്മാനെ സമീപിക്കാന്‍ കഴിയൂ. അതായത് അപ്പീല്‍ പെറ്റീഷനുകള്‍ മാത്രമേ ഓംബുഡ്മാന്റെ മുമ്പാകെ സമര്‍പ്പിക്കാന്‍ ക്ഴിയു എന്നര്‍ത്ഥം.


5) ബാങ്കുകള്‍ക്ക് വേണ്ടിയും ഓംബുഡ്സ്മാന്‍.

റിസര്‍വ്‌ ബാങ്ക് ഒഫ് ഇന്‍ഡ്യാ 2006 മുതല്‍ നിലവില്‍ വരുത്തിയ Banking Ombudsman Scheme അനുസരിച്ച് കേരളത്തിനുവേണ്ടിയും ഒരു ഓംബുഡ്സ്മാനെ നിയമിച്ചിട്ടുണ്ട്.

ബാങ്കുകളുടെ സേവനത്തിലുള്ള പിഴവുകള്‍ക്കെതിരെ പരാതിനല്‍കുവാനുള്ള ഇടമാണിത്. പരാതികള്‍ക്ക് എത്രയും പെട്ടന്ന് തീര്‍പ്പ് കല്‍പ്പിക്കുകയാണ് ലക്ഷ്യം. പരാതിക്കാരന്‍ ആദ്യം ബന്ധപ്പെട്ട ബാങ്കിലാണ് പരാതി നല്‍കേണ്ടത്. ഒരു മാസത്തിനകം തൃപ്തികരമായ നടപടി എടുക്കുന്നില്ലെങ്കില്‍ ഓംബുഡ്സ്മാനെ സമീപിക്കാം. സംശയങ്ങള്‍ക്കുള്ള വിശദീകരണങ്ങള്‍ ഇവിടെനിന്നും ലഭിക്കുന്നതാണ്.

ബാങ്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തുടങ്ങിയ വിവിധ സാമ്പത്തിക സേവനങ്ങള്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിച്ച ഇടപാടുകാര്‍ക്കുള്ള പരാതികള്‍ക്കു പരിഹാരം ഉണ്ടാക്കാന്‍, ബാങ്കിങ് ഒാംബുഡ്സ്മാന്റെ ഓഫിസ് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജനല്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നു.

ബാങ്കിങ്, മറ്റു സാമ്പത്തിക സേവനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ഓംബുഡ്സ്മാന് എഴുതി സമര്‍പ്പിക്കണം. ഇ-മെയിലിലൂടെയും പരാതി നല്‍കാം. പരാതിക്കാരന് ഇടനിലക്കാരില്ലാതെ നേരിട്ടു പരാതി സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നതിന് പ്രത്യേക ഫീസോ, മറ്റു ചെലവുകളോ ഇല്ല. പരാതിയെ സംബന്ധിക്കുന്ന വിശദ വിവരങ്ങളും തെളിവുകളും അടക്കം ചെയ്തിരിക്കണം. പരാതിക്ക് അടിസ്ഥാനമായ കാരണങ്ങള്‍ ഉണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണം.
മിക്കപ്പോഴും പരാതിക്കു വിധേയമായ സ്ഥാപനങ്ങളുമായി സംസാരിച്ച് ഒരു അനുരഞ്ജന പരിഹാരം നല്‍കാനാണ് ഒാംബുഡ്സ്മാന്‍ ആദ്യം ശ്രമിക്കുക. ഇതിനു സാധിക്കാതെ വന്നാല്‍ പരാതിക്ക് അടിസ്ഥാനമായ വിവരങ്ങള്‍, പരിശോധിക്കുകയും, വാദം കേള്‍ക്കുകയും, വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നു.

മിക്കപ്പോഴും പരാതിക്കാരനു സംഭവിച്ചിട്ടുള്ള സാമ്പത്തിക നഷ്ടമാണു പരിഹാരമായിട്ടു നല്‍കുവാന്‍ ബാങ്കുകളോട് ഒാംബുഡ്സ്മാന്‍ വിധിക്കുക. എന്നാല്‍ അര്‍ഹമായ അവസരങ്ങളില്‍ നേരിട്ടുണ്ടായ സാമ്പത്തിക നഷ്ടത്തോടൊപ്പം, പരാതിക്കാരനു പരോക്ഷമായി സംഭവിച്ചിട്ടുള്ള സമയനഷ്ടം, മാനസിക പീഡനം തുടങ്ങിയവയൊക്കെ കണക്കിലെടുത്തു നഷ്ടപരിഹാരം വിധിക്കാറുണ്ട്.

ഓംബുഡ്സ്മാന്റെ വിധി പരാതിക്കാരന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ വിധി നടപ്പിലാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. വിധി സ്വീകാര്യമല്ലെങ്കില്‍ പരാതിക്കാരന് 45 ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കുന്നതിനു സൌകര്യമുണ്ട്.

ബാങ്കിങ് ഓംബുഡ്സ്മാന്റെ മേല്‍വിലാസവും, ഫോണ്‍ നമ്പറും എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും ശാഖകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണമെന്നു റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ ബാങ്കിങ് ഓംബുഡ്സ്മാന്റെ വിലാസം:

ബാങ്കിങ് ഓംബുഡ്സ്മാന്‍ , റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ, തിരുവനന്തപുരം - 695 033, ഫോണ്‍: 0471 2329676, എക്സ്റ്റെന്‍ഷന്‍ ‍: 251, 252, ഫാക്സ്: 0471 2321625. ഇ മെയില്‍:
bothiruvananthapuram@rbi.org.in.

കേരളത്തിലും ലക്ഷദ്വീപിലും പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും സംബന്ധിച്ച പരാതികള്‍ തിരുവനന്തപുരത്തുള്ള ഓംബുഡ്സ്മാനു സമര്‍പ്പിക്കാം

ഇതിനുവേണ്ടി പരാതിക്കാരന്‍ ചിലവൊന്നും വഹിക്കേണ്ടതില്ല.

കേരളത്തിലെ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ മേല്‍‌വിലാസം: Shri E. Madhavan
C/o Reserve Bank of India
Bakery Junction
Thiruvananthapuram-695 033
Tel.No.0471-2332723/0471-2329676
Fax No.0471-2321625

സര്‍ക്കാര്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ ഇതാണ് (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളത്). 1. Ombudsman : Justice. T.K.Chandrasekaradas Telephone No. 2300543/2300541 (Office) 2. Secretary : Smt. S.Sukumarikutty Amma Tele. No. 0471 - 2300542 (Offiice) 3. Administrative Officer : Sri. P.M.Das Tele. No. 0471 - 2300542 (Office) 4. Finance Officer : Smt. Ponnamma Mathew Tele.No. 0471 - 2300542 (Office) ആധാരം: 1. കേരളാ പഞ്ചായത്ത്‌രാജ് നിയമം. 2. ഓംബുഡ്സ്മാന്‍ (പരാതി അന്വേഷണ വിചാരണയും സേവനവ്യവസ്ഥകളും) ചട്ടങ്ങളും.

updated on 22-9-2008

Buzz ല്‍‌ പിന്തുടരുക

Tuesday, January 20, 2009

ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് അപ്പുവിനെ പരിചയപ്പെടുത്തുന്നു.

ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് അതിന്റെ പുതിയതായി തുടങ്ങിയ BLOG SPOT എന്ന പംക്തിയില്‍ ആദ്യമായി അപ്പുവിന്റെ ‘ആദ്യാക്ഷരി’യില്‍ തന്നെ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ മുഴുവന്‍ വായിക്കാം.


About shibu alias appu

Buzz ല്‍‌ പിന്തുടരുക

Saturday, January 10, 2009

സംസ്ഥാനത്തെ വസ്തു നികുതി പരിഷ്കരിച്ച്‌ ഉത്തരവ്‌ ഇറക്കിയിരിക്കുന്നു - വിശദ വിവരങ്ങള്‍ (Building Tax revised).


നിലവിലുള്ള വാര്‍ഷിക വാടകയുടെ അടിസ്ഥാനത്തിലുള്ള വസ്തു നികുതി നിര്‍ണ്ണയരീതി തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലും കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം, അതിന്റെ ഉപയോഗ രീതി, നിര്‍മാണത്തിന്റെ തരം, മറ്റു നിര്‍ണ്ണയിക്കപെട്ട ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരിച്ച്‌ ഉത്തരവ്‌ ഇറക്കിയിരിക്കുന്നു. [ജി.ഒ.(എം.എസ്സ്‌) നം.166/2007/തസ്വഭവ. തീയതി:23-05-2007).

2007 ലാണ് അടിസ്ഥാന ഉത്തരവ്‌ ഇറക്കിയതെങ്കിലും, പുതിക്കിയ നികുതി നിര്‍ണ്ണയിക്കേണ്ട വിശദനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ്‌ ഏപ്രില്‍ 2008 ലാണ് ഇറക്കിയത്‌.

പരിഷ്കരിച്ച രീതി അനുസരിച്ച്‌ ഒരു ചതുരശ്ര മീറ്ററിനു ഒരു നിശ്ചിത നിരക്കില്‍ അടിസ്ഥാന നികുതി നിരക്ക്‌ നിശ്ചയിക്കുന്നു.

കെട്ടിടം സ്ഥിതി ചെയ്യുന്ന സോണ്‍ , കെട്ടിടത്തിലേക്കുള്ള റോഡ്‌ സൌകര്യം , കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം , മേല്‍ക്കൂരയുടേയും തറയുടെയും ചുവരുകളുടെയും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ തരം , കെട്ടിടത്തിന്റെ കാലപ്പഴക്കം , കെട്ടിടത്തിന്റെ ഉപയോഗം എന്നിവ കണക്കിലെടുത്ത്‌ ചില വര്‍ദ്ധനവുകളും ഇളവുകളും നല്‍കി കൃത്യമായി കണക്കു കൂട്ടി നികുതി നിശ്ചയിക്കാന്‍ വീട്ടുടമസ്ഥനു തന്നെ കഴിയുന്നതാണ് പുതിയ നികുതി നിര്‍ണ്ണയ ഘടന.

നികുതി നിര്‍ണ്ണയിക്കുന്നതിനു ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ:-

നിലവിലുള്ള കെട്ടിടങ്ങളെ അവയുടെ ഉപയോഗത്തിന്റെ തരം അനുസരിച്ച്‌

1. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ,
2.വ്യാവസാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ,
3. കച്ചവടാവശ്യത്തിനും മറ്റു ആവശ്യത്തിനും ഉള്ള കെട്ടിടങ്ങള്‍
എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

ഓരോതരം കെട്ടിടത്തിനും ഗ്രാമ പഞ്ചായത്ത്‌ , മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ വ്യത്യസ്ഥ നിരക്കിലാണ് നികുതി ചുമത്തേണ്ടത്‌. എന്നാല്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ അടിസ്ഥാന നിരക്കായിരിക്കണം നിശ്ചയിക്കേണ്ടത്‌.

1. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ :
ഗ്രാമപഞ്ചായത്ത്‌ : 3 മുതല്‍ 8 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 6 മുതല്‍ 15 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 8 മുതല്‍ 20 രൂപ വരെ.

2. വ്യാവസായികാവശ്യത്തിനുള്ള വീടുകള്‍ :
ഗ്രാമപഞ്ചായത്ത്‌ : 6 മുതല്‍ 10 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 12 മുതല്‍ 30 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 16 മുതല്‍ 40 രൂപ വരെ.

3. കച്ചവട ആവശ്യത്തിനുള്ള കെട്ടിടങ്ങളും , മറ്റു ആവശ്യത്തിനുള്ളവയും :
ഗ്രാമപഞ്ചായത്ത്‌ : 12 മുതല്‍ 64 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 24 മുതല്‍ 120 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 32 മുതല്‍ 160 രൂപ വരെ.

എന്നിരുന്നാലും ആദ്യവര്‍ഷം ചതുരശ്ര മീറ്ററിനു യഥാക്രമം 3-5, 6-8, 8-12 രൂപവരെയുള്ള നിരക്കേ നിശ്ചയിക്കാന്‍ പാടുള്ളൂ. മേല്‍ വിവരിച്ച 3 തരത്തിലുള്ള കെട്ടിടങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആരോഗ്യ സ്ഥാപനങ്ങള്‍ , ഓഫീസുകള്‍ , കേരള സര്‍ക്കാര്‍ , കേന്ദ്ര സര്‍ക്കാര്‍ കെട്ടിടങ്ങള്‍ , പൊതു മേഖലാ സ്ഥാപനങ്ങളുടെ
കെട്ടിടങ്ങള്‍ എന്നിവ മറ്റു ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുക. ബാങ്കുകള്‍ , പെട്ടിക്കടകള്‍ , കമ്പ്യൂട്ടര്‍ സെന്ററുകള്‍ , പെട്രോള്‍ ബങ്കുകള്‍ എന്നിവയെല്ലാം കച്ചവടാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ പെടും.

അമൂസ്‌മെന്റ്‌ പാര്‍ക്കുകള്‍ , മൊബൈല്‍ ടൌവ്വറുകള്‍ എന്നിവ പ്രത്യേക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.

തറ വിസ്തീര്‍ണ്ണത്തിനു അടിസ്ഥാന നിരക്കില്‍ നികുതി തിട്ടപ്പെടുത്തിയതിനു ശേഷം ചുവടെ ചേര്‍ത്തിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇളവുകളും വര്‍ദ്ധനവുകളും കണക്കിലെടുത്താണ് വസ്തു നികുതി നിശ്ചയിക്കേണ്ടത്‌.


കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിനെ പ്രധാന്യം കണക്കിലെടുത്ത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രാഥമിക മേഖല , ദ്വിതീയ മേഖല , തൃദീയ മേഖല എന്നിങ്ങനെ മൂന്നായി തിരിക്കേണ്ടതാണ്. ഇവയ്ക്ക്‌ വസ്തു നികുതി നിര്‍ണ്ണയിക്കുന്നതില്‍ നല്‍കേണ്ട ഇളവുകള്‍ ചുവടെ ചേര്‍ക്കുന്നു:

1. മേഖല അടിസ്ഥാനമാക്കിയുള്ള ഇളവുകള്‍ :
പ്രാഥമിക മേഖല : (ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍ , വിദ്യാഭ്യാസ സ്ഥപനങ്ങള്‍ , കച്ചവടസ്ഥാപനങ്ങള്‍ , മാര്‍ക്കറ്റ്‌ , ബസ്സ്‌സ്റ്റാന്‍ഡ്‌ ,റെയില്‍‌വേസ്റ്റേഷന്‍ , ആശുപത്രികള്‍ , ഇവ കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നോ അതിലധികമോ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) ---- ഇളവുകള്‍ ഇല്ല.

ദ്വിതീയ മേഖല ( തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രാഥമിക മേഖലയിലേ ചുറ്റുപാടുള്ളതും താരതമ്യേന വികസനമുള്ളതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) -------- 10% ഇളവ്‌.

തൃദീയ മേഖല (പ്രാഥമിക മേഖലയിലും ദ്വിതീയ മേഖലയിലും ഉള്‍പ്പെടാത്തതും വികസനം തീരെയില്ലാത്തതും അടിസ്ഥാന സൌകര്യങ്ങള്‍ കുറവുള്ളതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) ----- 20% ഇളവ്‌.

2. റോഡ് സൌകര്യം അടിസ്ഥാനമാക്കിയുള്ള ഇളവുകളും വര്‍ദ്ധനവും:
നാഷണല്‍ ഹൈവേ, സംസ്ഥാന ഹൈവേ എന്നിവയില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍ നിന്നോ പ്രവേശന മാര്‍ഗ്ഗം ഉള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 30%

ജില്ലാ റോഡുകളില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന രണ്ടാംതരം റോഡില്‍ നിന്നോ പ്രവേശന മാര്‍ഗ്ഗം ഉള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 20%

3മുതല്‍ 5 മീറ്ററില്‍ താഴെ വീതിയുള്ളതും കാറുപോകുന്നതും മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തതുമായ റോഡുകളില്‍ നിന്നു പ്രവേശനമാര്‍ഗ്ഗമുള്ള കെട്ടിടങ്ങള്‍=ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ ഇല്ല.

3മീറ്ററില്‍ താഴെയുള്ള നടപ്പാതകള്‍ ഒഴികെയുള്ള റോഡുകളില്‍ നിന്നു മാത്രം പ്രവേശനമുള്ള കെട്ടിടങ്ങള്‍=ഇളവില്ല + വര്‍ദ്ധനവും ഇല്ല.

നടപ്പാതയില്‍ നിന്നും പ്രവേശനമാര്‍ഗ്ഗമുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ 15% + വര്‍ദ്ധനവ്‌ ഇല്ല.
പൊതുവഴി ഇല്ലാത്തതും വൈദ്യുതി ലൈന്‍ എത്താത്തതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ = ഇളവ്‌ 30% + വര്‍ദ്ധനവ്‌ ഇല്ല.


3. കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ചുള്ള ഇളവുകളും വര്‍ദ്ധനവും:

30 ചതുരശ്രമീറ്ററിനു താഴെയുള്ള വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ = നികുതിയില്ല + വര്‍ദ്ധനവും ഇല്ല.
75 ചതുരശ്രമീറ്ററിനു താഴെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ 25% + വര്‍ദ്ധനവ്‌ ഇല്ല.
75-125 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ 10% + വര്‍ദ്ധനവ്‌ ഇല്ല.
125-200 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ ഇല്ല.
200-300 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 10%.
300 ചതുരശ്രമീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 20%.

4.കെട്ടിടത്തിന്റെ മേല്‍ക്കൂര അനുസരിച്ചുള്ള ഇളവ്‌:
കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല.
മറ്റെല്ലാത്തരം കുറഞ്ഞ മേല്‍ക്കൂരകളുള്ള കെട്ടിടങ്ങള്‍ (ഓടിട്ടത്‌ , പുല്ല്‌ , ഷീറ്റുകള്‍ , ഓല , എന്നിവകൊണ്ട്‌ മേഞ്ഞ കെട്ടിടങ്ങളടക്കം) = ഇളവ്‌ 10%

5.കാലപ്പഴക്കം അനുസരിച്ചുള്ള ഇളവ്‌:
10വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല.
10-25 വര്‍ഷം വരെ പഴക്കം = ഇളവ്‌ 10%
25 വര്‍ഷങ്ങള്‍ക്ക്‌ മീതെ പഴക്കം = ഇളവ്‌ 20%

6. തറയുടെ ഫിനിഷിംഗ് അനുസരിച്ചുള്ള വര്‍ദ്ധനവ്‌:
മേല്‍ത്തരം മാര്‍ബിള്‍, ഗ്രനൈറ്റ്‌ , ഗ്ലേസ്‌ഡ്‌ ടൈല്‍‌സ്‌ , മേല്‍ത്തരം തടി എന്നിവകൊണ്ട്‌ തറ പാകിയ കെട്ടിടങ്ങള്‍= വര്‍ദ്ധനവ്‌ 15%


മൊസൈക്ക്‌ , ടൈല്‍‌സ്‌ , സാധാരണ തറയോട്‌ എന്നിവകൊണ്ട് പാകിയ തറയുള്ളതോ , സിമെന്റ് തറ , മണ്‍‌തറ എന്നിവയുള്ളതോ ആയ കെട്ടിടങ്ങള്‍ = വര്‍ദ്ധനവ്‌ ഇല്ല.


7. ചുമരിന്റെ തരം അനുസരിച്ചുള്ള വര്‍ദ്ധനവ്‌:
മേല്‍ത്തരം തടി , പ്ലൈവുഡ് , മറ്റിനം ചുമര്‍ നിര്‍മ്മാണ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയിട്ടുള്ള മേല്‍ത്തരം ചുമരുകള്‍ = വര്‍ദ്ധനവ്‌ 15%

കേന്ദ്രീകൃതവും അല്ലാതെയുമുള്ള എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങള്‍ = വര്‍ദ്ധനവ്‌ 10%


മണ്ണ്‌ , ഇഷ്ടിക , ഓല , ഷീറ്റ് , എന്നിവ കൊണ്ടുള്ള സാധാരണ ചുമരുകളുള്ളവയും പ്രത്യേകം ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ കെട്ടിടങ്ങള്‍= വര്‍ദ്ധനവ്‌ ഇല്ല.

8.ഉപയോഗത്തിനനുസരിച്ചുള്ള വര്‍ദ്ധനവ്‌:
സ്വന്ത ആവശ്യത്തിനു ഉപയോഗിക്കുന്നു = വര്‍ദ്ധനവ്‌ ഇല്ല.
വാടകയ്ക്ക്‌ കൊടുത്തിരിക്കുന്നു ( Pay homes ഉള്‍പ്പെടെ) = വര്‍ദ്ധനവ്‌ 50%
റിസോര്‍ട്ടുകള്‍ , സ്റ്റാര്‍ ഹോട്ടലുകള്‍ , മാസ്സേജ്‌ പാര്‍ലറുകള്‍ എന്നിവ = വര്‍ദ്ധനവ്‌ 75%
-----------------------------------------------------------------------------
അപ്പോള്‍ മേല്പറഞ്ഞതാണ്‍ പുതിക്കിയ ഉത്തരവിലെ വിശദാംശങ്ങള്‍. സ്വന്തവീടുള്ള നാമോരോരുത്തരും ആ വീടിന്റെ അടിസ്ഥാന നികുതി കണക്കാക്കിയതിനു ശേഷം അതില്‍ നിന്നും ഇളവുകള്‍ കിഴിച്ച്‌ വര്‍ദ്ധനവ് കൂട്ടിയാല്‍ നാമൊടുക്കേണ്ട കെട്ടിടനികുതി എത്രയെന്ന്‌ കണക്കാക്കാം. സ്വയംഭരണസ്ഥാപനത്തില്‍ നിന്നും കിട്ടുന്ന ഒരു പ്രത്യേക ഫാറത്തില്‍ ആ തുക എത്രയെന്ന് സ്വയം പ്രഖ്യാപിക്കണം.

update on 10th Jan 2009.

ടെറസിനു മേല്‍ക്കൂരയിട്ട ഭാഗത്തിനു കെട്ടിട നികുതി ബാധകമല്ല : ഹൈക്കോടതി

വീടുകളുടെ ടെറസിനു മുകളില്‍ അടച്ചുകെട്ടില്ലാതെ മേല്‍ക്കൂരയിട്ട ഭാഗത്തിനു കെട്ടിട നികുതി ബാധകമല്ലെന്നു ഹൈക്കോടതി. താമസത്തിന് ഉപയോഗിക്കുന്ന മുഖ്യ കെട്ടിടത്തോടു ചേര്‍ന്നുള്ള അനുബന്ധ ഭാഗങ്ങള്‍ മാത്രമേ നികുതി നിര്‍ണയത്തിനുള്ള പ്ളിന്ത് ഏരിയയില്‍ ഉള്‍പ്പെടുത്താനാകൂ.

കെട്ടിടത്തിനു സംരക്ഷണത്തിനൊപ്പം അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും ഇത്തരം മേല്‍ക്കൂരകള്‍ സഹായകമായതിനാല്‍ അവ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സെന്റീവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി. ടെറസിനു മേല്‍ക്കൂരയിട്ട ഭാഗം പ്ളിന്ത് ഏരിയയുടെ ഭാഗമാണെന്നു വ്യക്തമാക്കി 2003 ഡിസംബര്‍ അഞ്ചിനു സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അസാധുവാക്കിക്കൊണ്ടാണു കോടതി നടപടി.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പൂര്‍ണമായോ ഭാഗികമായോ ഇഷ്ടിക, ഭിത്തി, ഗ്രില്‍, തടി തുടങ്ങിയവ ഉപയോഗിച്ചു മറയ്ക്കുകയോ അടച്ചു കെട്ടുകയോ ചെയ്താല്‍ അതു റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഭാഗമാകുമെന്നതിനാല്‍ അതു കെട്ടിട നികുതി/ആഡംബര നികുതി നിര്‍ണയത്തിനു പരിഗണിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.

കേരള കെട്ടിട നികുതി നിയമത്തിന്റെ 5, 6 വകുപ്പുകള്‍ക്കു നിയമ വ്യാഖ്യാനം നല്‍കിക്കൊണ്ടാണു കോടതി ഉത്തരവ്. ചെരിഞ്ഞ മേല്‍ക്കൂരകള്‍ ഇടുന്നതു സാധാരണ ഗതിയില്‍ കെട്ടിടങ്ങളെ സംരക്ഷിക്കാനാണ്. താമസത്തിനുള്ള വീടുകളുടെ അടിസ്ഥാനം സ്വകാര്യതയാണ്.
ഇതിനായി ഇഷ്ടികയോ ഗ്രില്ലോ ഷട്ടറോ ഏതെങ്കിലുമുപയോഗിച്ചുള്ള അടച്ചുകെട്ട് ഉപയോഗിക്കാറുണ്ട്. ഇതില്‍ നിന്നു വിഭിന്നമായി മേല്‍ക്കൂര മാത്രമുള്ള തുറസായ സ്ഥലം താമസാവശ്യത്തിനുള്ള കെട്ടിടത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ല.

അടച്ചു കെട്ടിയ മേല്‍ക്കൂര പലേടത്തും കളികള്‍ക്കും മറ്റു വിനോദാവശ്യങ്ങള്‍ക്കും തുണി ഉണക്കാനും മറ്റും ഉപയോഗിക്കുന്നതാണ്. ചൂടും വെയിലും മഴയും ഏല്‍ക്കാതെ കെട്ടിടം സംരക്ഷിക്കാനും മഴവെള്ള സംഭരണം ലക്ഷ്യമിട്ടും പലരും വീടിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്യാറുണ്ട്.

ടെറസിനു മേലെയുള്ള മേല്‍ക്കൂര കെട്ടിടത്തിന്റെ ചൂടു നിയന്ത്രിക്കുന്നതിനാല്‍ എയര്‍ കണ്ടിഷനിങ് ഒഴിവാക്കാനാകും. മഴയിലും വെയിലിലും നിന്നു സംരക്ഷണം നല്‍കുന്നതു കെട്ടിടത്തിന്റെ ആയുസും കാലാവധിയും കൂട്ടാനും അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും സഹായകമാണ്. മാത്രമല്ല, കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ പകല്‍നേരങ്ങളില്‍ ആഗിരണം ചെയ്യുന്ന ചൂട് രാത്രിയില്‍ പുറന്തള്ളുന്നത് അന്തരീക്ഷ താപനത്തിനു കാരണമാകുമെന്നതിനാല്‍ ഇതിനു തടയിടാന്‍ ശ്രമം നടത്തുന്നവര്‍ക്കു പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രോത്സാഹനം നല്‍കുകയാണു വേണ്ടത്.

കൂര്‍ക്കഞ്ചേരി സ്വദേശി കെ. പത്മനാഭന്‍ സമര്‍പ്പിച്ചതുള്‍പ്പെടെ നാലു ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്. മേല്‍ക്കൂരയ്ക്ക് ആസ്ബെസ്റ്റോസ്, ടൈല്‍, ഫൈബര്‍, ഷീറ്റ്, ലോഹം തുടങ്ങി എന്തു തന്നെ ഉപയോഗിച്ചാലും മഴയിലും വെയിലിലും നിന്നു കെട്ടിടത്തെ സംരക്ഷിക്കുകയെന്നതാണു ലക്ഷ്യമെന്നു ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. ടെറസിനു മീതെയുള്ള മേല്‍ക്കൂര കൂടി നികുതി നിര്‍ണയത്തിനു പരിഗണിക്കുന്നതിനാല്‍ കെട്ടിടത്തിന് ആഡംബര നികുതി നല്‍കേണ്ടി വരുന്നുവെന്നും ഹര്‍ജിക്കാര്‍ ആക്ഷേപമുന്നയിച്ചു.

എന്നാല്‍, തര്‍ക്ക വിഷയമായ കെട്ടിടങ്ങളില്‍ പരിശോധനയ്ക്കു ശേഷം ടെറസിനു മീതെയുള്ള മേല്‍ക്കൂര ഒഴിവാക്കി പ്ളിന്ത് ഏരിയ കണക്കാക്കാന്‍ കോടതി നിര്‍ദേശിച്ചു. [മലയാള മനോരമ: 10th Jan. 2009]

Buzz ല്‍‌ പിന്തുടരുക

Sunday, January 4, 2009

ചെന്നൈയില്‍ ബസ്സ് സഞ്ചാരം എങ്ങനെ എളുപ്പമാക്കാം

എനിക്ക് ഈ-മെയില്‍ വഴി കിട്ടിയ ഒരു ലിങ്കാണിത്. ചെന്നൈയില്‍ എവിടെയെങ്കിലും യാത്രചെയ്യാന്‍ ബസ്സ് നമ്പര്‍ കണ്ടുപിടിക്കാനൊരു എളുപ്പമാര്‍ഗ്ഗം. ഈ ലിങ്കിലോട്ട് പോകൂ. എവിടെ നിന്നും എവിടേക്ക് പോകണമെന്ന് ടൈപ്പ് ചെയ്താല്‍ പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സുകളുടെ നമ്പരുകള്‍ തെളിഞ്ഞു വരും. ആ ബസ്സുകളുടെ നമ്പരില്‍ ക്ലിക്കിയാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ നിര്‍ത്തുന്ന സ്റ്റേഷനുകളുടെ പേരും തരും. താല്പര്യമുള്ളവര്‍ ശ്രമിച്ചുനോക്കൂ. എന്റെ ശ്രമം ഇവിടെ കാണാം:
1)







2)

നമുക്ക് ഇങ്ങനെയൊരു സോഫ്റ്റ്വെയര്‍ തയ്യാറാക്കാന്‍ എന്തോക്കെ കടമ്പകള്‍ കടക്കണം?.

Buzz ല്‍‌ പിന്തുടരുക