സംസ്ഥാനത്തെ വസ്തു നികുതി പരിഷ്കരിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നു - വിശദ വിവരങ്ങള്‍ (Building Tax revised).
നിലവിലുള്ള വാര്‍ഷിക വാടകയുടെ അടിസ്ഥാനത്തിലുള്ള വസ്തു നികുതി നിര്‍ണ്ണയരീതി തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലും കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം, അതിന്റെ ഉപയോഗ രീതി, നിര്‍മാണത്തിന്റെ തരം, മറ്റു നിര്‍ണ്ണയിക്കപെട്ട ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നു. [ജി.ഒ.(എം.എസ്സ്) നം.166/2007/തസ്വഭവ. തീയതി:23-05-2007).
2007 ലാണ് അടിസ്ഥാന ഉത്തരവ് ഇറക്കിയതെങ്കിലും, പുതിക്കിയ നികുതി നിര്‍ണ്ണയിക്കേണ്ട വിശദനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ഏപ്രില്‍ 2008 ലാണ് ഇറക്കിയത്.
പരിഷ്കരിച്ച രീതി അനുസരിച്ച് ഒരു ചതുരശ്ര മീറ്ററിനു ഒരു നിശ്ചിത നിരക്കില്‍ അടിസ്ഥാന നികുതി നിരക്ക് നിശ്ചയിക്കുന്നു.
കെട്ടിടം സ്ഥിതി ചെയ്യുന്ന സോണ്‍ , കെട്ടിടത്തിലേക്കുള്ള റോഡ് സൌകര്യം , കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം , മേല്‍ക്കൂരയുടേയും തറയുടെയും ചുവരുകളുടെയും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ തരം , കെട്ടിടത്തിന്റെ കാലപ്പഴക്കം , കെട്ടിടത്തിന്റെ ഉപയോഗം എന്നിവ കണക്കിലെടുത്ത് ചില വര്‍ദ്ധനവുകളും ഇളവുകളും നല്‍കി കൃത്യമായി കണക്കു കൂട്ടി നികുതി നിശ്ചയിക്കാന്‍ വീട്ടുടമസ്ഥനു തന്നെ കഴിയുന്നതാണ് പുതിയ നികുതി നിര്‍ണ്ണയ ഘടന.
നികുതി നിര്‍ണ്ണയിക്കുന്നതിനു ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ:-
നിലവിലുള്ള കെട്ടിടങ്ങളെ അവയുടെ ഉപയോഗത്തിന്റെ തരം അനുസരിച്ച്
1. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ,
2.വ്യാവസാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ,
3. കച്ചവടാവശ്യത്തിനും മറ്റു ആവശ്യത്തിനും ഉള്ള കെട്ടിടങ്ങള്‍
എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
ഓരോതരം കെട്ടിടത്തിനും ഗ്രാമ പഞ്ചായത്ത് , മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ വ്യത്യസ്ഥ നിരക്കിലാണ് നികുതി ചുമത്തേണ്ടത്. എന്നാല്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ അടിസ്ഥാന നിരക്കായിരിക്കണം നിശ്ചയിക്കേണ്ടത്.
1. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ :
ഗ്രാമപഞ്ചായത്ത് : 3 മുതല്‍ 8 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 6 മുതല്‍ 15 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 8 മുതല്‍ 20 രൂപ വരെ.
2. വ്യാവസായികാവശ്യത്തിനുള്ള വീടുകള്‍ :
ഗ്രാമപഞ്ചായത്ത് : 6 മുതല്‍ 10 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 12 മുതല്‍ 30 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 16 മുതല്‍ 40 രൂപ വരെ.
3. കച്ചവട ആവശ്യത്തിനുള്ള കെട്ടിടങ്ങളും , മറ്റു ആവശ്യത്തിനുള്ളവയും :
ഗ്രാമപഞ്ചായത്ത് : 12 മുതല്‍ 64 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 24 മുതല്‍ 120 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 32 മുതല്‍ 160 രൂപ വരെ.
എന്നിരുന്നാലും ആദ്യവര്‍ഷം ചതുരശ്ര മീറ്ററിനു യഥാക്രമം 3-5, 6-8, 8-12 രൂപവരെയുള്ള നിരക്കേ നിശ്ചയിക്കാന്‍ പാടുള്ളൂ. മേല്‍ വിവരിച്ച 3 തരത്തിലുള്ള കെട്ടിടങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആരോഗ്യ സ്ഥാപനങ്ങള്‍ , ഓഫീസുകള്‍ , കേരള സര്‍ക്കാര്‍ , കേന്ദ്ര സര്‍ക്കാര്‍ കെട്ടിടങ്ങള്‍ , പൊതു മേഖലാ സ്ഥാപനങ്ങളുടെ
കെട്ടിടങ്ങള്‍ എന്നിവ മറ്റു ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുക. ബാങ്കുകള്‍ , പെട്ടിക്കടകള്‍ , കമ്പ്യൂട്ടര്‍ സെന്ററുകള്‍ , പെട്രോള്‍ ബങ്കുകള്‍ എന്നിവയെല്ലാം കച്ചവടാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ പെടും.
അമൂസ്‌മെന്റ് പാര്‍ക്കുകള്‍ , മൊബൈല്‍ ടൌവ്വറുകള്‍ എന്നിവ പ്രത്യേക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.
തറ വിസ്തീര്‍ണ്ണത്തിനു അടിസ്ഥാന നിരക്കില്‍ നികുതി തിട്ടപ്പെടുത്തിയതിനു ശേഷം ചുവടെ ചേര്‍ത്തിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇളവുകളും വര്‍ദ്ധനവുകളും കണക്കിലെടുത്താണ് വസ്തു നികുതി നിശ്ചയിക്കേണ്ടത്.
കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിനെ പ്രധാന്യം കണക്കിലെടുത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രാഥമിക മേഖല , ദ്വിതീയ മേഖല , തൃദീയ മേഖല എന്നിങ്ങനെ മൂന്നായി തിരിക്കേണ്ടതാണ്. ഇവയ്ക്ക് വസ്തു നികുതി നിര്‍ണ്ണയിക്കുന്നതില്‍ നല്‍കേണ്ട ഇളവുകള്‍ ചുവടെ ചേര്‍ക്കുന്നു:
1. മേഖല അടിസ്ഥാനമാക്കിയുള്ള ഇളവുകള്‍ :
പ്രാഥമിക മേഖല : (ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍ , വിദ്യാഭ്യാസ സ്ഥപനങ്ങള്‍ , കച്ചവടസ്ഥാപനങ്ങള്‍ , മാര്‍ക്കറ്റ് , ബസ്സ്‌സ്റ്റാന്‍ഡ് ,റെയില്‍വേസ്റ്റേഷന്‍ , ആശുപത്രികള്‍ , ഇവ കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നോ അതിലധികമോ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) ---- ഇളവുകള്‍ ഇല്ല.
ദ്വിതീയ മേഖല ( തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രാഥമിക മേഖലയിലേ ചുറ്റുപാടുള്ളതും താരതമ്യേന വികസനമുള്ളതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) -------- 10% ഇളവ്.
തൃദീയ മേഖല (പ്രാഥമിക മേഖലയിലും ദ്വിതീയ മേഖലയിലും ഉള്‍പ്പെടാത്തതും വികസനം തീരെയില്ലാത്തതും അടിസ്ഥാന സൌകര്യങ്ങള്‍ കുറവുള്ളതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) ----- 20% ഇളവ്.
2. റോഡ് സൌകര്യം അടിസ്ഥാനമാക്കിയുള്ള ഇളവുകളും വര്‍ദ്ധനവും:
നാഷണല്‍ ഹൈവേ, സംസ്ഥാന ഹൈവേ എന്നിവയില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍ നിന്നോ പ്രവേശന മാര്‍ഗ്ഗം ഉള്ള കെട്ടിടങ്ങള്‍ = ഇളവ് ഇല്ല + വര്‍ദ്ധനവ് 30%
ജില്ലാ റോഡുകളില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന രണ്ടാംതരം റോഡില്‍ നിന്നോ പ്രവേശന മാര്‍ഗ്ഗം ഉള്ള കെട്ടിടങ്ങള്‍ = ഇളവ് ഇല്ല + വര്‍ദ്ധനവ് 20%
3മുതല്‍ 5 മീറ്ററില്‍ താഴെ വീതിയുള്ളതും കാറുപോകുന്നതും മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തതുമായ റോഡുകളില്‍ നിന്നു പ്രവേശനമാര്‍ഗ്ഗമുള്ള കെട്ടിടങ്ങള്‍=ഇളവ് ഇല്ല + വര്‍ദ്ധനവ് ഇല്ല.
3മീറ്ററില്‍ താഴെയുള്ള നടപ്പാതകള്‍ ഒഴികെയുള്ള റോഡുകളില്‍ നിന്നു മാത്രം പ്രവേശനമുള്ള കെട്ടിടങ്ങള്‍=ഇളവില്ല + വര്‍ദ്ധനവും ഇല്ല.
നടപ്പാതയില്‍ നിന്നും പ്രവേശനമാര്‍ഗ്ഗമുള്ള കെട്ടിടങ്ങള്‍ = ഇളവ് 15% + വര്‍ദ്ധനവ് ഇല്ല.
പൊതുവഴി ഇല്ലാത്തതും വൈദ്യുതി ലൈന്‍ എത്താത്തതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ = ഇളവ് 30% + വര്‍ദ്ധനവ് ഇല്ല.
3. കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ചുള്ള ഇളവുകളും വര്‍ദ്ധനവും:
30 ചതുരശ്രമീറ്ററിനു താഴെയുള്ള വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ = നികുതിയില്ല + വര്‍ദ്ധനവും ഇല്ല.
75 ചതുരശ്രമീറ്ററിനു താഴെയുള്ള കെട്ടിടങ്ങള്‍ = ഇളവ് 25% + വര്‍ദ്ധനവ് ഇല്ല.
75-125 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ് 10% + വര്‍ദ്ധനവ് ഇല്ല.
125-200 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ് ഇല്ല + വര്‍ദ്ധനവ് ഇല്ല.
200-300 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ് ഇല്ല + വര്‍ദ്ധനവ് 10%.
300 ചതുരശ്രമീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ = ഇളവ് ഇല്ല + വര്‍ദ്ധനവ് 20%.
4.കെട്ടിടത്തിന്റെ മേല്‍ക്കൂര അനുസരിച്ചുള്ള ഇളവ്:
കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ = ഇളവ് ഇല്ല.
മറ്റെല്ലാത്തരം കുറഞ്ഞ മേല്‍ക്കൂരകളുള്ള കെട്ടിടങ്ങള്‍ (ഓടിട്ടത് , പുല്ല് , ഷീറ്റുകള്‍ , ഓല , എന്നിവകൊണ്ട് മേഞ്ഞ കെട്ടിടങ്ങളടക്കം) = ഇളവ് 10%
5.കാലപ്പഴക്കം അനുസരിച്ചുള്ള ഇളവ്:
10വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ = ഇളവ് ഇല്ല.
10-25 വര്‍ഷം വരെ പഴക്കം = ഇളവ് 10%
25 വര്‍ഷങ്ങള്‍ക്ക് മീതെ പഴക്കം = ഇളവ് 20%
6. തറയുടെ ഫിനിഷിംഗ് അനുസരിച്ചുള്ള വര്‍ദ്ധനവ്:
മേല്‍ത്തരം മാര്‍ബിള്‍, ഗ്രനൈറ്റ് , ഗ്ലേസ്‌ഡ് ടൈല്‍സ് , മേല്‍ത്തരം തടി എന്നിവകൊണ്ട് തറ പാകിയ കെട്ടിടങ്ങള്‍= വര്‍ദ്ധനവ് 15%
മൊസൈക്ക് , ടൈല്‍സ് , സാധാരണ തറയോട് എന്നിവകൊണ്ട് പാകിയ തറയുള്ളതോ , സിമെന്റ് തറ , മണ്‍തറ എന്നിവയുള്ളതോ ആയ കെട്ടിടങ്ങള്‍ = വര്‍ദ്ധനവ് ഇല്ല.
7. ചുമരിന്റെ തരം അനുസരിച്ചുള്ള വര്‍ദ്ധനവ്:
മേല്‍ത്തരം തടി , പ്ലൈവുഡ് , മറ്റിനം ചുമര്‍ നിര്‍മ്മാണ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് ആകര്‍ഷകമാക്കിയിട്ടുള്ള മേല്‍ത്തരം ചുമരുകള്‍ = വര്‍ദ്ധനവ് 15%
കേന്ദ്രീകൃതവും അല്ലാതെയുമുള്ള എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങള്‍ = വര്‍ദ്ധനവ് 10%
മണ്ണ് , ഇഷ്ടിക , ഓല , ഷീറ്റ് , എന്നിവ കൊണ്ടുള്ള സാധാരണ ചുമരുകളുള്ളവയും പ്രത്യേകം ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ കെട്ടിടങ്ങള്‍= വര്‍ദ്ധനവ് ഇല്ല.
8.ഉപയോഗത്തിനനുസരിച്ചുള്ള വര്‍ദ്ധനവ്:
സ്വന്ത ആവശ്യത്തിനു ഉപയോഗിക്കുന്നു = വര്‍ദ്ധനവ് ഇല്ല.
വാടകയ്ക്ക് കൊടുത്തിരിക്കുന്നു ( Pay homes ഉള്‍പ്പെടെ) = വര്‍ദ്ധനവ് 50%
റിസോര്‍ട്ടുകള്‍ , സ്റ്റാര്‍ ഹോട്ടലുകള്‍ , മാസ്സേജ് പാര്‍ലറുകള്‍ എന്നിവ = വര്‍ദ്ധനവ് 75%
-----------------------------------------------------------------------------
അപ്പോള്‍ മേല്പറഞ്ഞതാണ്‍ പുതിക്കിയ ഉത്തരവിലെ വിശദാംശങ്ങള്‍. സ്വന്തവീടുള്ള നാമോരോരുത്തരും ആ വീടിന്റെ അടിസ്ഥാന നികുതി കണക്കാക്കിയതിനു ശേഷം അതില്‍ നിന്നും ഇളവുകള്‍ കിഴിച്ച് വര്‍ദ്ധനവ് കൂട്ടിയാല്‍ നാമൊടുക്കേണ്ട കെട്ടിടനികുതി എത്രയെന്ന് കണക്കാക്കാം. സ്വയംഭരണസ്ഥാപനത്തില്‍ നിന്നും കിട്ടുന്ന ഒരു പ്രത്യേക ഫാറത്തില്‍ ആ തുക എത്രയെന്ന് സ്വയം പ്രഖ്യാപിക്കണം.
update on 10th Jan 2009.
ടെറസിനു മേല്‍ക്കൂരയിട്ട ഭാഗത്തിനു കെട്ടിട നികുതി ബാധകമല്ല : ഹൈക്കോടതി
വീടുകളുടെ ടെറസിനു മുകളില്‍ അടച്ചുകെട്ടില്ലാതെ മേല്‍ക്കൂരയിട്ട ഭാഗത്തിനു കെട്ടിട നികുതി ബാധകമല്ലെന്നു ഹൈക്കോടതി. താമസത്തിന് ഉപയോഗിക്കുന്ന മുഖ്യ കെട്ടിടത്തോടു ചേര്‍ന്നുള്ള അനുബന്ധ ഭാഗങ്ങള്‍ മാത്രമേ നികുതി നിര്‍ണയത്തിനുള്ള പ്ളിന്ത് ഏരിയയില്‍ ഉള്‍പ്പെടുത്താനാകൂ.
കെട്ടിടത്തിനു സംരക്ഷണത്തിനൊപ്പം അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും ഇത്തരം മേല്‍ക്കൂരകള്‍ സഹായകമായതിനാല്‍ അവ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സെന്റീവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി. ടെറസിനു മേല്‍ക്കൂരയിട്ട ഭാഗം പ്ളിന്ത് ഏരിയയുടെ ഭാഗമാണെന്നു വ്യക്തമാക്കി 2003 ഡിസംബര്‍ അഞ്ചിനു സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അസാധുവാക്കിക്കൊണ്ടാണു കോടതി നടപടി.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പൂര്‍ണമായോ ഭാഗികമായോ ഇഷ്ടിക, ഭിത്തി, ഗ്രില്‍, തടി തുടങ്ങിയവ ഉപയോഗിച്ചു മറയ്ക്കുകയോ അടച്ചു കെട്ടുകയോ ചെയ്താല്‍ അതു റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഭാഗമാകുമെന്നതിനാല്‍ അതു കെട്ടിട നികുതി/ആഡംബര നികുതി നിര്‍ണയത്തിനു പരിഗണിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.
കേരള കെട്ടിട നികുതി നിയമത്തിന്റെ 5, 6 വകുപ്പുകള്‍ക്കു നിയമ വ്യാഖ്യാനം നല്‍കിക്കൊണ്ടാണു കോടതി ഉത്തരവ്. ചെരിഞ്ഞ മേല്‍ക്കൂരകള്‍ ഇടുന്നതു സാധാരണ ഗതിയില്‍ കെട്ടിടങ്ങളെ സംരക്ഷിക്കാനാണ്. താമസത്തിനുള്ള വീടുകളുടെ അടിസ്ഥാനം സ്വകാര്യതയാണ്.
ഇതിനായി ഇഷ്ടികയോ ഗ്രില്ലോ ഷട്ടറോ ഏതെങ്കിലുമുപയോഗിച്ചുള്ള അടച്ചുകെട്ട് ഉപയോഗിക്കാറുണ്ട്. ഇതില്‍ നിന്നു വിഭിന്നമായി മേല്‍ക്കൂര മാത്രമുള്ള തുറസായ സ്ഥലം താമസാവശ്യത്തിനുള്ള കെട്ടിടത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ല.
അടച്ചു കെട്ടിയ മേല്‍ക്കൂര പലേടത്തും കളികള്‍ക്കും മറ്റു വിനോദാവശ്യങ്ങള്‍ക്കും തുണി ഉണക്കാനും മറ്റും ഉപയോഗിക്കുന്നതാണ്. ചൂടും വെയിലും മഴയും ഏല്‍ക്കാതെ കെട്ടിടം സംരക്ഷിക്കാനും മഴവെള്ള സംഭരണം ലക്ഷ്യമിട്ടും പലരും വീടിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്യാറുണ്ട്.
ടെറസിനു മേലെയുള്ള മേല്‍ക്കൂര കെട്ടിടത്തിന്റെ ചൂടു നിയന്ത്രിക്കുന്നതിനാല്‍ എയര്‍ കണ്ടിഷനിങ് ഒഴിവാക്കാനാകും. മഴയിലും വെയിലിലും നിന്നു സംരക്ഷണം നല്‍കുന്നതു കെട്ടിടത്തിന്റെ ആയുസും കാലാവധിയും കൂട്ടാനും അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും സഹായകമാണ്. മാത്രമല്ല, കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ പകല്‍നേരങ്ങളില്‍ ആഗിരണം ചെയ്യുന്ന ചൂട് രാത്രിയില്‍ പുറന്തള്ളുന്നത് അന്തരീക്ഷ താപനത്തിനു കാരണമാകുമെന്നതിനാല്‍ ഇതിനു തടയിടാന്‍ ശ്രമം നടത്തുന്നവര്‍ക്കു പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രോത്സാഹനം നല്‍കുകയാണു വേണ്ടത്.
കൂര്‍ക്കഞ്ചേരി സ്വദേശി കെ. പത്മനാഭന്‍ സമര്‍പ്പിച്ചതുള്‍പ്പെടെ നാലു ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്. മേല്‍ക്കൂരയ്ക്ക് ആസ്ബെസ്റ്റോസ്, ടൈല്‍, ഫൈബര്‍, ഷീറ്റ്, ലോഹം തുടങ്ങി എന്തു തന്നെ ഉപയോഗിച്ചാലും മഴയിലും വെയിലിലും നിന്നു കെട്ടിടത്തെ സംരക്ഷിക്കുകയെന്നതാണു ലക്ഷ്യമെന്നു ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. ടെറസിനു മീതെയുള്ള മേല്‍ക്കൂര കൂടി നികുതി നിര്‍ണയത്തിനു പരിഗണിക്കുന്നതിനാല്‍ കെട്ടിടത്തിന് ആഡംബര നികുതി നല്‍കേണ്ടി വരുന്നുവെന്നും ഹര്‍ജിക്കാര്‍ ആക്ഷേപമുന്നയിച്ചു.
എന്നാല്‍, തര്‍ക്ക വിഷയമായ കെട്ടിടങ്ങളില്‍ പരിശോധനയ്ക്കു ശേഷം ടെറസിനു മീതെയുള്ള മേല്‍ക്കൂര ഒഴിവാക്കി പ്ളിന്ത് ഏരിയ കണക്കാക്കാന്‍ കോടതി നിര്‍ദേശിച്ചു. [മലയാള മനോരമ: 10th Jan. 2009]


