ലോകഭീമന് ന്യൂയോര്‍ക്കില്‍ ഊരുവിലക്ക്
ഏറ്റവും വലിയ ആഗോള സൂപ്പര്‍ മാര്‍ക്കറ്റ് ശ്ര്യംഖലയായ അമേരിക്കയിലെ വാള്‍-മാര്‍ട്ടിന് അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ എത്ര കടകളുണ്ട്? ഒരു ഡസനോ? അമ്പതോ? അതോ നൂറോ?.ലോകത്തിലെ സാമ്പത്തിക തലസ്ഥാനവും വാള്‍സ്‌ട്രീറ്റിന്റെ ഇരിപ്പിടവുമാണ് മുതലാളിത്തത്തെ മടിയിലിരുത്തി ലാളിക്കുന്ന ന്യൂയോര്‍ക്ക് നഗരം. ലോകനഗരങ്ങളില്‍ രണ്ടാമത്തെയും അമേരിക്കയില്‍ ഒന്നാമത്തേയും. സമ്പന്നരുടെ അളകാപുരി. യു.എന്‍. ആസ്ഥാനം. ലോകപ്രശസ്തമായ പല പത്രങ്ങളുടേയും മറ്റു മാധ്യമങ്ങളുടേയും കേന്ദ്രം. 81.4 ലക്ഷം ജനങ്ങളുള്ള വടക്കേ അമേരിക്കയിലെ മഹാനഗരം. അമേരിക്കക്കാരുടെ അഭിമാനമായ സ്റ്റാച്യു ഒഫ് ലിബര്‍ട്ടി ചൂടി നില്‍ക്കുന്ന പരിഷ്കൃത നഗരം. അമേരിക്കയില്‍ മാത്രം 4500 കിടിലന്‍ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുള്ള ലോക റീട്ടെയില്‍ ഭീമന് ന്യൂയോര്‍ക്കില്‍ ഒരു കടപോലുമില്ലെന്ന് കേട്ടാല്‍ എങ്ങനെ വിശ്വസിക്കും. 6782 കൂറ്റന്‍ കടകളും 18 ലക്ഷത്തിലേറെ ജോലിക്കാരും 2007 ജനുവരി 31 ന് അവസ്സാനിച്ച വര്‍ഷത്തില്‍ 16,56,000 കോടി രൂപ വിറ്റുവരവുമായി ആഗോള സാമ്രാജ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന വാള്‍-മാര്‍ട്ട് കോര്‍പ്പറേഷനെ അമേരിക്കന്‍ ഭരണകൂടം ഭയപ്പെടുന്നു. അമേരിക്കയിലെ കൊലകൊമ്പന്മാരായ നേതാക്കള്‍ വാള്‍-മാര്‍ട്ടിനുവേണ്ടി വക്കാലത്തുമായി ന്യൂഡല്‍ഹിയില്‍ വന്ന് ഇന്‍ഡ്യന്‍ നേതാക്കളെക്കാണുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഇറക്കുമതിക്കാരാണ് വാള്‍-മാര്‍ട്ട്. ഓരോ 45 സെക്കന്റിലും ഓരോ കണ്ടെയ്‌നര്‍ ചരക്ക് അമേരിക്കന്‍ തുറമുഖങ്ങളില്‍ വന്നിറങ്ങുന്നു. അമേരിക്കക്കാര്‍ ചിലവിടുന്ന ഓരോ ഡോളറിന്റേയും 10% വീഴുന്നത് വാള്‍-മാര്‍ട്ടിന്റെ പെട്ടിയില്‍.അമേരിക്കയിലെ ഓരോ തിരെഞ്ഞെടുപ്പിലും വീറോടെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമുണ്ട്‌ഃ വാള്‍-മാര്‍ട്ട്. റിപ്പബ്ലിക്കുകളായാലും ഡമോക്രാറ്റുകളായാലും വാള്‍-മാര്‍ട്ടിനെപ്പറ്റി സ്ഥാനാര്‍ത്ഥിയുടെ നിലപാട് അറിയാന്‍ ജനങ്ങള്‍ കാതു കൂര്‍പ്പിക്കുന്നു. വാള്‍-മാര്‍ട്ടിനെപ്പറ്റി ആഴ്ചയില്‍ ഒരു വാര്‍ത്തയെങ്കിലും ഇല്ലാത്ത പത്രങ്ങളോ മറ്റു മാധ്യമങ്ങളോ അമേരിക്കയില്‍ ഇല്ല. സ്വന്തമായി തുറമുഖം, പത്രങ്ങള്‍, ടി.വി., ബാങ്ക്, റീയല്‍ എസ്റ്റേറ്റ്, ലോറി സര്‍വീസ്സ്, വിമാനക്കമ്പനി തുടങ്ങി സാമ്പത്തിക ശക്തിക്കു വേണ്ടിയുള്ള എല്ലാ കണ്ണിയുറപ്പുമുള്ള വാള്‍-മാര്‍ട്ടിനെ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കാണാനില്ല.വാള്‍മാര്‍ട്ട് ന്യൂയോര്‍ക്ക് സിറ്റിയെ കൈവിട്ടതല്ല. ന്യൂയോര്‍ക്ക് നഗരത്തിന്റെ കവാടം വാള്‍-മാര്‍ട്ടിനെതിരെ കൊട്ടിയടച്ചതാണ്. വാള്‍-മാര്‍ട്ടിനെ ന്യൂയോര്‍ക്കില്‍ പ്രവേശിപ്പിക്കാന്‍ ആ നഗരവാസികള്‍ക്ക് മനസ്സില്ല. അമേരിക്കയിലെ വരണ്ടുണങ്ങിയ തെക്കന്‍ സ്റ്റേറ്റായ ആര്‍ക്കന്‍സോയിലെ റോജേഴ്‌സില്‍ 1962-ല്‍ സാം വാള്‍ട്ടന്‍ എന്ന മുന്‍പട്ടാളക്കാരന്‍ ആരംഭിച്ച ലാഭക്കടയാണ് 1969-ല്‍ വാള്‍-മാര്‍ട്ടെന്ന പേരില്‍ കമ്പനിയായി റജിസ്റ്റര്‍ചെയ്ത് വിപുലമാക്കിയത്. സ്റ്റേറ്റ് വിട്ട് കച്ചവടം വ്യാപിപ്പിക്കാന്‍ തുടങ്ങിയത് 1977-ല്‍ മിഷിഗണിലും ഇല്ലിന്യോയിലുമുണ്ടായിരുന്ന 16 കടകളുടെ ഒരു ശ്രിംഖല സ്വന്തമാക്കിക്കൊണ്ടായിരുന്നു. തുടര്‍ന്ന് അതിവേഗമായി വളര്‍ച്ച. പ്രത്യേകിച്ച് അമേരിക്കയുടെ വടക്കന്‍ സ്റ്റേറ്റുകളിലേക്ക് 20 വര്‍ഷം കൊണ്ട് വാള്‍-മാര്‍ട്ട് അന്തരാഷ്ട്രകമ്പനിയെന്ന പേരു സമ്പാദിച്ച് 1991-ല്‍ മെക്സിക്കോവില്‍ ആദ്യത്തെ കട തുടങ്ങി. പിറ്റേ വര്‍ഷം സാം വാള്‍ട്ടന്‍ അന്തരിച്ചെങ്കിലും വാള്‍-മാര്‍ട്ട് വ്യാപാര ശ്രിംഖല എതിരാളികളെ വളരെ പിന്നിലാക്കി അമേരിക്കയിലെ 50 സ്റ്റേറ്റുകളിലും പന്തലിച്ചു. അന്ന് അമേരിക്കന്‍ സ്റ്റേറ്റുകള്‍ ഒന്നൊന്നായി കീഴടക്കിയുള്ള യാത്രയില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിലും തുറന്നു, സൂപ്പര്‍ മാര്‍ക്കറ്റുകള്‍. തലസ്ഥാനമായ ന്യുയോര്‍ക്ക് നഗരം പിടിക്കാനുള്ള യാത്രയാണ് വഴിമുട്ടിയത്. പലചരക്കുകള്‍ ഏറ്റവും വിലകുറച്ച് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന പുതിയൊരു വ്യാപാരതന്ത്രമാണ് സാം വാള്‍ട്ടന്‍ തുടങ്ങിവച്ചത്. ഇതിന് എല്ലാ രംഗത്തും പിശുക്ക് കൂടിയേ തീരു.റോജേഴ്‌സിലെ ആദ്യത്തെ സ്റ്റോര്‍ സാംവാള്‍ട്ടന്‍ തുടങ്ങുന്നത് 60-കളില്‍ കൃഷിപ്പണികൊണ്ട് കുടുംബം പുലര്‍ത്താന്‍ ദണ്‌ഡിക്കുന്ന ആര്‍ക്കന്‍സോയിലെ കര്‍ഷകസ്ത്രീകളെ നിസ്സാരകൂലിക്ക് ജോലിക്ക് വച്ചുകൊണ്ടായിരുന്നു. തുച്ഛമെങ്കിലും ഈ അധിക വരുമാനം പട്ടിണികാലത്ത് അവര്‍ക്ക് ആശ്വാസമായി. ചരക്ക് വിലകുറച്ച് വില്‍ക്കണമെങ്കില്‍ വളരെക്കുറഞ്ഞ വിലക്ക് സംഭരിക്കണം. ശമ്പളവും മറ്റു ചിലവുകളും കുറയണം. ഇതു രണ്ടും കര്‍ക്കശമാക്കിയതുകൊണ്ട് മാത്രം അതിവേഗ വളര്‍ച്ച സാധ്യമാവില്ലല്ലോ?. വികസനത്തിന് തടസ്സമായ നിയമങ്ങളേയും സാമാന്യനീതിയേയും ധാര്‍മ്മികതെയെയും തത്വങ്ങളെയും മറികടന്നുകൊണ്ടല്ലാതെ ഇന്നീക്കാണുന്ന സാമ്രാജ്യം കെട്ടിയുയര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്ന് വാള്‍-മാര്‍ട്ടിന്റെ ചരിത്രം തെളിയിക്കുന്നു. അമേരിക്കയിലെ സാമാന്യ ജനങ്ങള്‍ അതുകൊണ്ടുതന്നെ വാള്‍-മാര്‍ട്ടിനെ എന്നും സംശയത്തോടെ കാണുന്നു. വെറുക്കുന്നു. വാള്‍-മാര്‍ട്ടിന്റെ വളര്‍ച്ചയുടെ വഴി അമേരിക്കയുടെ സംസ്കാരത്തിനും ജീവിതശൈലിക്കും നിരക്കുന്നതല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഓരോ വാള്‍-മാര്‍ട്ട് കട വരുമ്പോഴും തകരുന്നത് അതത്‌ദേശത്തിന്റെ സംബദ്‌വ്യവസ്ഥയും സ്വച്ഛതയും തൊഴിലും പരിസ്ഥിതിയും പൈതൃകങ്ങളുമാണെന്ന് അവര്‍ മനസ്സിലാക്കി. വാള്‍-മാര്‍ട്ടില്‍ നിന്നുള്ള മോചനമാണ് ഇന്നു ഭൂരിപക്ഷം അമേരിക്കക്കാരന്റേയും സ്വപ്നം. വാള്‍-മാര്‍ട്ട് കടകളിലെ വിലക്കുറവിന് ഇന്ന് അമേരിക്കക്കാര്‍ കൊടുക്കേണ്ടിവരുന്ന വില അതിഭീമമാണ്. സര്‍ക്കാര്‍ താങ്ങേണ്ടി വരുന്ന ചിലവ് കണക്കറ്റ കോടികളും.എല്ലാ സ്റ്റേറ്റ്‌കളിലും വാള്‍-മാര്‍ട്ട് വിരുദ്ധ ജനകീയ പ്രസ്ഥാങ്ങള്‍ സജീവമാണ്. വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, കോളേജ് അദ്ധ്യാപകര്‍, കന്യാസ്ത്രികള്‍, വനിതാപ്രസ്ഥാങ്ങള്‍, ബുദ്ധിജീവികള്‍, സിനിമാസംവിധായകര്‍, ഗായകര്‍, മത-രാഷ്ട്രിയ നേതാക്കള്‍ തുടങ്ങി എല്ലാരംഗത്തുനിന്നുമുള്ളവര്‍ അണിചേര്‍ന്നിരിക്കുന്നു. വാള്‍-മാര്‍ട്ടിന്റെ ഓഹരിയുടമകള്‍ വാര്‍ഷികയോഗങ്ങളില്‍ കമ്പനിയുടെ മനുഷ്യാവകാശധ്വംസനത്തെ ചോദ്യം ചെയ്യുന്നു. ആര്‍ക്കന്‍സോ യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആ ദിവസം യോഗംകൂടി കമ്പനിയിലെ തൊഴിലാളിവിരുദ്ധ നടപടിയില്‍ പ്രതിഷേധിക്കുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോടതിക്കേസ്സുകളുള്ള കോര്‍പ്പറേഷനെന്ന പേരും വാള്‍-മാര്‍ട്ടിന് ചാര്‍ത്തിക്കിട്ടി.വാള്‍-മാര്‍ട്ട് വിഴുങ്ങിയ പതിനായിരക്കണക്കിന് ചെറുകടകളില്‍ മിച്ചമുള്ളവയുടെ സ്വതന്ത്ര ദേശിയകൂട്ടായ്മകള്‍ അമേരിക്കയിലുടനീളം പ്രവര്‍ത്തിക്കുന്നു. വാള്‍-മാര്‍ട്ടിന് അമേരിക്കയില്‍ ഒരിടത്തും എതിര്‍പ്പുകള്‍ കൂടാതെ ഇന്ന് കട തുറക്കാനാവില്ല. 2006 ഒക്ടോബറിലെ കണക്കനുസരിച്ച് 309 പ്രദേശങ്ങളില്‍ കടകള്‍ തുടങ്ങാനുള്ള നീക്കത്തെ അതിശക്ക്തമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. കോസ്റ്റ്‌കോ, ടാര്‍ജറ്റ്, ഹോംഡിപ്പോ, ജെ.സി.പെനി തുടങ്ങി മറ്റു വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള കടുത്ത മത്സരവും ഒന്നിനൊന്ന് ശക്തമായികൊണ്ടിരിക്കുന്നു. ജനകീയ കൂട്ടായ്മകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മൂലം നാട്ടില്‍ ഇനി കടകള്‍ തുറക്കുക എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഏഷ്യയെയും ലാറ്റിന്‍ അമേരിക്കയേയും ലക്ഷ്യമിട്ട് നീക്കം തുടങ്ങിയത്. ഇംഗ്ലണ്ടിലൊഴികെ മറ്റൊരു യൂറോപ്യന്‍ രാജ്യത്തും വാള്‍-മാര്‍ട്ട് എന്തുകൊണ്ട് കടകള്‍ കെട്ടുന്നില്ല?. ഇംഗ്ലണ്ടിള്‍ 'അസ്‌ദ' എന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുമായി ചേര്‍ന്നാണ് കച്ചവടം. ഇംഗ്ലണ്ടില്‍ ഒന്നാമനായ 'ടെസ്‌കോ'യെ തുരത്താന്‍ എല്ലാ ഉപായങ്ങളും പയറ്റിനോക്കുന്നുണ്ട്. പക്ഷേ ഫലിക്കുന്നില്ല. (ഇംഗ്ല്ണ്ടില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെ എം.പി. മാര്‍ വരെ രംഗത്തുണ്ട്). വിശാല യൂറോപ്പില്‍ വാള്‍-മാര്‍ട്ടിന് കടന്ന്‌ചെല്ലാന്‍ കഴിഞ്ഞ ഏകരാജ്യമാണ് ജര്‍മ്മനി. 1998 ല്‍ ജെര്‍മ്മനിയില്‍ പ്രവേശിച്ച് 85 കടകള്‍ തുറന്ന കമ്പനിക്ക് 9 വര്‍ഷം കഴിഞ്ഞിട്ടും ജര്‍മ്മനിയുടെ മനസ്സറിയാനോ കച്ചവടം ലാഭകരമാക്കാനോ കഴിയാതെ 2006 ജൂലൈയില്‍ എതിരാളിയായ 'മെട്രോ'യ്‌ക്ക് 4800 കോടി രൂപ നഷ്ടത്തില്‍ കടകളത്രയും വിറ്റ് ജര്‍മ്മനി വിടേണ്ടിവന്നു. ഏഷ്യന്‍ ഭൂഖണ്ഡം പിടിച്ചടക്കാനുള്ള തുടക്കമായി തെക്കന്‍ കൊറിയയില്‍ വന്‍ കടകള്‍ തുറന്ന വാള്‍-മാര്‍ട്ടിന് അവിടെയും കിട്ടി തിരിച്ചടി. തുറന്ന 16 സൂപ്പര്‍ മാര്‍ക്കറ്റുകളും നാട്ടുകാരുടെ വ്യാപാരശൃംഖലക്ക് വിറ്റ് 2006 മേയില്‍ കൊറിയയില്‍ നിന്നും കെട്ടുകെട്ടേണ്ടിവന്നു.സുസംഘടിതമായ ജനകീയ പ്രസ്ഥാനമാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് വര്‍ഷങ്ങളായി വാള്‍-മാര്‍ട്ടിനെ അകറ്റിനിര്‍ത്തുന്നത്. നഗരത്തില്‍ കടതുടങ്ങാന്‍ നടത്തുന്ന ഏത് നീക്കത്തേയും മണത്തറിയാന്‍ 'വാള്‍-മാര്‍ട്ട് ഫ്രീ ന്യൂയോര്‍ക്ക്' എന്ന പ്രസ്ഥാനത്തിലെ സ്ത്രീകള്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ 24 മണിക്കൂറും ഊഴമിട്ട് നഗരത്തിന് കാവലാണ്. പുതിയതായി ആരെങ്കിലും സ്ഥലമോ കെട്ടിടമോ വിലയ്ക്കോ വാടകയ്ക്കോ വാങ്ങിയാല്‍, അതിനു നീക്കം നടത്തിയാല്‍, ഇവര്‍ മണത്തറിയും. വാള്‍-മാര്‍ട്ടാണ് പിന്നിലെങ്കില്‍ അതു ഉടന്‍ തുരത്തും. വാള്‍-മാര്‍ട്ട് പല വേഷങ്ങളില്‍ പല കാലത്തും നൂണ്ട് കയറാന്‍ നടത്തിയ സര്‍വ്വശ്രമങ്ങളും വിഭലമാക്കപ്പെട്ടു. മറ്റു സൂപ്പര്‍മാര്‍ക്കറ്റ്‌കളോട് അവിടെ ഇത്രകണ്ട് എതിര്‍പ്പില്ല. വാള്‍-മാര്‍ട്ടിനെപ്പോലെ കളങ്കപ്പെട്ട് ജനവിദ്വേഷം സമ്പാദിക്കാത്തതാവാം കാരണം. വാള്‍-മാര്‍ട്ട് കട തുടങ്ങുന്ന സ്ഥലങ്ങളിലെല്ലാം ചെറുകടകള്‍ പൂട്ടിപ്പോവുക പതിവാണ്. പതിനായിരക്കണക്കിന് കടകളാണ് അമേരിക്കയില്‍ നിന്നുപോയത്. ന്യൂയോര്‍ക്കിലെ ഊരുവിലക്ക് വാള്‍-മാര്‍ട്ടിന് നഷ്ടമാക്കിയത് വലിയൊരു വിപണിയാണ്. 18 ലക്ഷത്തിലേറെ ജനങ്ങളുടെ വിശാല വിപണി. അതുമാത്രമല്ല അധികാര-സാമ്പത്തിക കേന്ദ്രങ്ങളുടെ സാമീപ്യവും അസാധ്യമാക്കി. കമ്പനിയുടെ പ്രതിച്ഛായ മിനുക്കിയെടുക്കാന്‍ പി.ആര്‍. പ്രവര്‍ത്തനവും ലോബിയിങ്ങും ഊര്‍ജ്ജിതമാക്കികൊണ്ടിരിക്കാന്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു താവളം അനിവാര്യമാണ്. നഗരത്തില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും നഗരവാസികള്‍ക്ക് മിനിട്ടുകള്‍ കൊണ്ട് ചെന്നെത്താവുന്ന പ്രാന്തങ്ങളിലെ വൈറ്റ്‌പ്ലൈയിന്‍സ്, കിയോണി, വെസ്റ്റ് ചെസ്റ്റര്‍ എന്നിവിടങ്ങളില്‍ വന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് നഗരപ്രവേശനത്തിന് കാലം കാക്കുകയാണ് ഇന്‍ഡ്യയുടെ രക്ഷകനാകുവാന്‍ പോകുന്ന വാള്‍-മാര്‍ട്ട്.
(കേരളാ കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഗവേഷണവിഭാഗമായ ഐ.സി.ആര്‍.റ്റി ക്ക്‌വേണ്ടി വൈക്കം മധു തയ്യാറാക്കിയ റിപ്പോര്‍ട്ട്)