സേവിംഗ്സ് ബാങ്ക് അക്കൌണ്ട് - പുതിയ പലിശക്രമം
റിസര്‍വ് ബാങ്കിന്റെ പുതിയ നയപ്രകാരം രാജ്യത്തെ 30 കോടിയിലേറെ വരുന്ന സേവിംഗ്സ് ബാങ്ക് (SB account) അക്കൌണ്ട് ഉടമകള്‍ക്ക് ദിവസ ബാക്കിയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കാന്‍ പോകുന്നു.
ഓരോരുത്തരുടേയും 10 മുതല്‍ അവസാന തീയതി വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ അക്കൌണ്ടിലുള്ള ഏറ്റവും കുറഞ്ഞ തുകക്കാണ് ഇപ്പോള്‍ അക്കൌണ്ട് ഉടമകള്‍ക്ക് പലിശ നല്‍കുന്നത്. അതു തന്നെ മാസം തോറും അക്കൌണ്ടില്‍ വരവു വക്കാറില്ല. മാസാടിസ്ഥാനത്തില്‍ കണക്കാക്കുന്ന പലിശ ആറു മാസം കൂടുമ്പോള്‍ മാത്രമാണ് അക്കൌണ്ടില്‍ വരവു വക്കുന്നത്.
അക്കൌണ്ടിലെ അതതുദിവസത്തെ നീക്കിയിരിപ്പിനു പലിശ കണക്കാക്കണമെന്ന നയപ്രഖ്യാപനത്തിലെ നിര്‍ദ്ദേശം 2010 ഏപ്രില്‍ ഒന്നിനു നടപ്പില്‍ വരും. [വാര്‍ത്ത: മലയാള മനോരമ 22-04-2009 ]
update
----------
ഉദാഹരണത്തിന്, ജനുവരി മാസം ഒന്നാം തീയതി അക്കൌണ്ടില്‍ 20,000 രൂപ ശമ്പളമായി വരവു വയ്ക്കുന്നു. അഞ്ചാം തീയതി വീട്ടുചെലവുകള്‍ക്കും മറ്റുമായി 14,000 രൂപ പിന്‍വലിച്ചു. സുഹൃത്ത് കടം വാങ്ങിയ വകയില്‍ തിരിച്ചു നല്‍കിയ 5000 രൂപ 12-ാം തീയതി അക്കൌണ്ടില്‍ തിരിച്ചടച്ചു. ഇൌ അക്കൌണ്ടില്‍ 28-ാം തീയതി വായ്പയില്‍ തിരിച്ചടയ്ക്കാനുള്ള 5000 രൂപ അക്കൌണ്ടില്‍ നിന്നു കിഴിവു ചെയ്തു. ഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയില്‍ 3.5 ശതമാനം പലിശ കണക്കു കൂട്ടിയാല്‍ ജനുവരി മാസം ലഭിക്കുന്ന പലിശ 18 രൂപയായിരിക്കും. 10-ാം തീയതിക്കും 31-ാം തീയതിക്കും ഇടയില്‍ അക്കൌണ്ടില്‍ ബാക്കി നില്‍ക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയായ 6000 രൂപയ്ക്ക് മാത്രം പലിശ ലഭിക്കും. അതും അക്കൌണ്ടില്‍ വരവു വയ്ക്കുന്നത് അടുത്ത ഏപ്രില്‍ മാസത്തില്‍ മാത്രം.
എന്നാല്‍ വരാന്‍ പോകുന്ന പുതിയ രീതിയില്‍ ഒാരോ ദിവസത്തിലും ബാക്കി നില്‍ക്കുന്ന തുകയ്ക്കും പലിശ ലഭിക്കും. ഒാരോ ദിവസവും ബാക്കി നിര്‍ത്തിയ തുക എത്ര ദിവസം നിന്നോ, അത്രയും പലിശ കണക്കു കൂട്ടാം. ഇതേ ഉദാഹരണത്തില്‍, പുതിയ രീതിയില്‍ പലിശ കണക്കു കൂട്ടിയാല്‍ 165 രൂപ ലഭിക്കും.
വ്യക്തികള്‍ക്കുള്ള സാധാരണ ബാങ്ക് നിക്ഷേപങ്ങളില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നത് സേവിങ്സ് ബാങ്ക് അക്കൌണ്ടിലാണ്. മൂന്നു മുതല്‍ 3.5 വരെ ശതമാനം മാത്രമാണ് വാര്‍ഷിക പലിശ നിരക്ക്. മിക്ക ബാങ്കുകളും ഒാരോ മൂന്നു മാസത്തിലും ശരാശരി ഒരു കുറഞ്ഞ തുക അക്കൌണ്ടില്‍ ബാക്കി നില്‍ക്കണമെന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. ഒാരോ ദിവസവും ബാക്കി നില്‍ക്കുന്ന തുക കൂട്ടി, 90 കൊണ്ടു ഭാഗിച്ചെടുക്കുന്ന തുകയാണ് ആവറേജ് ക്വാര്‍ട്ടേര്‍ലി ബാലന്‍സ്. ഇത് ഒാരോ ബാങ്കിനും ശാഖകള്‍ക്കും വ്യത്യസ്തമായ തുകകള്‍ ആയിരിക്കും. നിഷ്കര്‍ഷിച്ചിട്ടുള്ള തുകയില്‍ കുറഞ്ഞാല്‍ പിഴ ഇൌടാക്കും. എന്നാല്‍ ഇതു പരിപാലിച്ച് തുക ഇട്ടിരുന്നാല്‍ പലിശ നിരക്കില്‍ മാറ്റമില്ല. ഇതേ തുക സ്ഥിര നിക്ഷേപമായി ഇട്ടാല്‍ ഇതിന്റെ ഇരട്ടിയിലധികം പലിശ ലഭിക്കും.
സാധാരണക്കാരുടെ അക്കൌണ്ടായ സേവിങ്സ് ബാങ്കില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിന്റെ ആദ്യ പടിയായി പലിശ കണക്കു കൂട്ടുന്ന രീതിയിലുണ്ടാകുന്ന മാറ്റത്തെ കണക്കാക്കാം. അടുത്തതായി എല്ലാ മാസവും പലിശ കണക്കു കൂട്ടി അക്കൌണ്ടില്‍ വരവു വച്ചു നല്‍കുന്നതിനുള്ള പരിഷ്കാരം വരുമെന്നു കരുതാം. അതിനടുത്ത പടിയായി ആവറേജ് ക്വാര്‍ട്ടേര്‍ലി ബാലന്‍സ് തുക അക്കൌണ്ടില്‍ ബാക്കി നിര്‍ത്തുന്നവര്‍ക്ക്, ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്ന പലിശ നിരക്കും ബാധകമാകുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ മാത്രമേ സാധാരണക്കാരുടെ അക്കൌണ്ടായ സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ ഇന്നു നിലനില്‍ക്കുന്ന അപാകതകള്‍ക്ക് പരിഹാരമാകൂ.[Malayala Manorama dated 18-5-2009]