Wednesday, October 28, 2009

നിങ്ങളുടേത് റിലയൻസ് മൊബൈലാണോ, മുടിഞ്ഞു നിങ്ങടെ കാര്യം - Reliance Mobile phone

നിങ്ങൾക്ക് വരുന്ന ഓരോ മെസേജും ശ്രദ്ധാപൂർവ്വം വായിച്ച് വേണ്ടവിധം പ്രവ
ർത്തിച്ചില്ലെങ്കിൽ നിങ്ങളുടെ പണപ്പെട്ടി ചോരുന്നത് നിങ്ങൾ പോലും
അറിയാത്ത വിധത്തിലാണ് റിലയൻസ് പ്രവർത്തിക്കുന്നത്. രക്ഷപ്പെടണോ,
വിപണനതന്ത്രങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ മെസേജുകളും വേണ്ടെന്നു
വക്കുവാനുള്ള സംവിധാനം ഒരുക്കുക. *333 വിളിച്ച് ആവശ്യപ്പെട്ടാൽ മതി.

എന്റെ പണം ചോർന്നുകൊണ്ടിരുന്നത് എങ്ങനെയെന്നറിയേണ്ടേ:

സാധാരണഗതിയിൽ എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും അയക്കുന്ന
മെസ്സേജുകൾ മാത്രമേ ഞാൻ വായിക്കാറുള്ളൂ. മറ്റുള്ളവയെല്ലാം സമയം കിട്ടുമ്പോൾ ഒന്നിച്ച് നീക്കിക്കളയും. ഭാഗ്യവശാൽ ഒരു മെസ്സേജ് വായിക്കാനിടയായി:

"Your subsciption for CelFunPack service has been renewed on
2009/11/21 for Rs.30 for 30 days. To unsubscribe SMS Unsub 1149 to
155223(Toll Free) or dial 5630086"

സെൽഫൺപാക് എന്നൊരു സേവനം വേണമെന്നു ഞാൻ ആവശ്യപ്പെട്ടിട്ടേയില്ല. അതെന്താണെന്നു പോലും എനിക്കറിയില്ല. അങ്ങനെയുള്ള ഒരു സേവനം ഒരു മാസത്തേക്കു കൂടി പുതുക്കിയിട്ടുണ്ടെന്നാണു എന്നെ അറിയിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ ഒരു മാസമായി അത്തരം സേവനം ഞാൻ അനുഭവിച്ച് വരികയാണു പോലും. രൂപ 30 അതിനു വേണ്ടി എന്റെ പ്രിപൈഡ് ബാലൻസിൽ നിന്നും നേരത്തേ കുറവു ചെയ്തു കഴിഞ്ഞു. ആ
സേവനം ഒരു മാസത്തേക്കു കൂടി വീണ്ടും ഒരു 30 രൂപ ചെലവിൽ ദീർഘിപ്പിച്ചിരിക്കുന്നു. മേലിൽ അത്തരം സേവനം വേണ്ടെന്നുണ്ടെങ്കിൽ ഒരു മെസ്സേജ് അയക്കുക. അപ്പോൾ ഈ സേവനത്തിനു വേണ്ടി 30+30 രൂപ എന്നിൽ നിന്നും ഈടാക്കിക്കഴിഞ്ഞു.

*333 യിൽ വിളിച്ച് പരാതിപ്പെട്ടു. അപ്പോഴാണു അവർ പറയുന്നത്, ഇതു പോലെയുള്ള മറ്റു നാലു സേവനങ്ങൾ കൂടി ഞാൻ ഉപയോഗപ്പെടുത്തി വരുന്നുണ്ടെന്ന്. ഓരോന്നിനും 30 രൂപ നിരക്കിൽ മാസാമാസം എന്നിൽ നിന്നും കുറവു ചെയ്യുന്നുമുണ്ടെന്ന്‌. ഒരെണ്ണം പോലും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ അങ്ങനെ ചെയ്തിരുന്നതിനുള്ള തെളിവ് തരാൻ അവർക്ക് കഴിയുന്നുമില്ല. അതുകൊണ്ട് മേലിൽ അത്തരം സേവനങ്ങളെ പറ്റിയുള്ള മെസ്സേജുകൾ
വരുന്നതിനെ വിലക്കികൊണ്ടുള്ള നടപടിയെടുക്കാൻ അവർ തയ്യാറായി. (പരാതി
നമ്പർ: 13065716078). പക്ഷേ ആ നടപടി 45 ദിവസത്തിനുള്ളിലേ നടപ്പിൽ വരു.

പോസ്റ്റ് പൈഡ് സബ്സ്ക്രിബേർസ്സിനു മാസാമാസം ബില്ല് വരുന്നതു കൊണ്ട് വിശദവിവരങ്ങൾ അതിൽ നിന്നും മനസ്സിലാക്കാം. എന്നാൽ പ്രി-പൈഡ്
സബ്സ്ക്രീബേർസിനു അത്തരം അവസരം കിട്ടുന്നില്ല. ബാലൻസ് കൂറഞ്ഞു
എന്നറിയുമ്പോൾ വീണ്ടും റീചാർജ്ജ് ചെയ്യുന്നു. അതു വരെ ചെലവിട്ടത് ഏതെല്ലാം വിധത്തിലെന്നത് പരിശോധിക്കാനുള്ള അവസരമില്ല.

കോടിക്കണക്കിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ ലക്ഷക്കണക്കിനാളുകളെങ്കിലും ഇത്തരം തട്ടിപ്പിനു വിധേയരാകുന്നുണ്ടാകണം.
ഒരു പക്ഷേ കണ്ടു പിടിച്ചാൽ അപ്പോൾ മുതൽ നിർത്തലാക്കികൊടുക്കും. പക്ഷേ
പിടിച്ചെടുത്ത പണം തിരിയെ കിട്ടില്ല. വെറും 30 രൂപയല്ലേ എന്നു ധരിച്ച്
കൂടുതൽ പ്രശ്നമുണ്ടാക്കാനായി സമയം കിട്ടുന്നവർ കുറവ്. ഈ കാര്യങ്ങളെ
ശരിക്കും മുതലെടുത്ത് കോടിക്കണക്കിനു മാസം തോറും റിലയൻസ്
സമ്പാദിക്കുന്നു.

ഉണരൂ,ബ്ലോഗ് വായനക്കാരേ, ഉണരൂ.

Buzz ല്‍‌ പിന്തുടരുക

Tuesday, October 20, 2009

ഫ്ളാറ്റ് നിര്‍മാണം: കരാര്‍ സമയത്ത് സ്റ്റാംപ് ഡ്യൂട്ടി

കെട്ടിട നിര്‍മാണ മേഖലയെ ബാധിക്കുന്ന ചില സുപ്രധാന ഭേദഗതികള്‍ 2007 ഏപ്രില്‍ മുതല്‍ സ്റ്റാംപ് ഡ്യൂട്ടി നിയമത്തില്‍ ഉണ്ടായി.

കേരള സ്റ്റാംപ് ആക്ടിന്റെ പട്ടികയിലാണു സ്റ്റാംപ് ഡ്യൂട്ടി നിരക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ (ഇനം) 5 ലെ (സി) ഇനത്തില്‍ ചേര്‍ത്ത ഭേദഗതി പ്രകാരം സ്ഥാവര ആസ്തികള്‍ നിര്‍മിക്കാനോ, വികസിപ്പിക്കാനോ, വില്‍ക്കുവാനോ കൈമാറ്റം നടത്തുവാനോ പ്രൊമോട്ടര്‍ അഥവാ ഡവലപ്പര്‍ക്ക് അധികാരം നല്‍കുന്ന കരാറിന്മേല്‍ 21 അഥവാ 22 പ്രകാരം കണ്‍വെയന്‍സിന് കൈമാറ്റ പട്ടയത്തിനു നല്‍കുന്ന ഡ്യൂട്ടി നിരക്കില്‍ ആണ് നല്‍കേണ്ടത്. കരാര്‍ പ്രകാരം നിര്‍മിക്കാന്‍ പോകുന്ന വസ്തുവിന്റെ മൂല്യം അഥവാ കണക്ക് ചെലവ് അല്ലെങ്കില്‍ വികസിപ്പിക്കുന്നതിനുള്ള ചെലവ് മൂല്യമായി കണക്കാക്കി സ്റ്റാംപ് ഡ്യൂട്ടി നല്‍കണം.

ഭേദഗതിക്കു മുന്‍പ് ഇത്തരം കരാറുകള്‍ക്കു 50 രൂപയായിരുന്നു സ്റ്റാംപ് ഡ്യൂട്ടി. ഭേദഗതിക്കു ശേഷം വസ്തു ആധാരം ചെയ്യുന്നതിനു ബാധകമായ നിരക്കില്‍
സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. അതായത് മൂന്നാമതൊരാളുടെ ഭൂമിയില്‍ കെട്ടിട സമുച്ചയം പണിയാന്‍ കരാര്‍ തയാറാകുമ്പോള്‍ തന്നെ ബില്‍ഡര്‍ വസ്തുവിന്റെ മൂല്യത്തിനു സ്റ്റാംപ് ഡ്യൂട്ടി നല്‍കണം.

ആര്‍ട്ടിക്കിള്‍ 22 മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഉള്ള വസ്തു ആധാരം ചെയ്യുമ്പോള്‍ നല്‍കേണ്ട സ്റ്റാംപ് ഡ്യൂട്ടി നിരക്കിനെ സംബന്ധിക്കുന്നതാണു ആര്‍ട്ടിക്കിള്‍ 21. പഞ്ചായത്തിലുള്ള വസ്തു ആധാരത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി നിരക്കിനെയും സംബന്ധിക്കുന്നതാണ്.

ആധാരത്തില്‍ കാണിക്കുന്ന വിലയുടെ നിശ്ചിത ശതമാനം ആണ് സ്റ്റാംപ് ഡ്യൂട്ടി (കോര്‍പറേഷനില്‍ 13.5%, മുനിസിപ്പാലിറ്റിയില്‍ 12.5%, പഞ്ചായത്തില്‍ 10%).

2007 ലെ ധനകാര്യ നിയമത്തിലും 21, 21 ആര്‍ട്ടിക്കിളുകളില്‍ ചേര്‍ത്ത ഭേദഗതി പ്രകാരം വസ്തുവിന്റെ അവിഭജിത കൂട്ടവകാശം കൈമാറാനുള്ള കൈമാറ്റ പ്രമാണത്തില്‍ കെട്ടിടം അഥവാ കെട്ടിടത്തിന്റെ ഭാഗം നിര്‍മിക്കാനുള്ള കരാറിനെ കുറിച്ചു പരാമര്‍ശമുണ്ടെങ്കില്‍ കെട്ടിടത്തിന്റെ മൂല്യം കൂടി ഉള്‍പ്പെടുത്തിയുള്ള സംഖ്യയ്ക്കു സ്റ്റാംപ് ഡ്യൂട്ടി നല്‍കണം, കരാറിന്മേല്‍ നല്‍കിയ സ്റ്റാംപ് ഡ്യൂട്ടി പ്രമാണത്തിന്മേല്‍ നല്‍കേണ്ട സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്നും കുറയ്ക്കാം.

ഭൂമിയിലെ കൂട്ടവകാശം ആധാരം ചെയ്യുമ്പോള്‍ പ്രമാണത്തില്‍ കാണിക്കുന്ന വിലയ്ക്ക് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാം. കരാറിന് 50 രൂപയുടെ സ്റ്റാംപ് ഡ്യൂട്ടി മാത്രമെ ഉണ്ടായിരുന്നുള്ളു. ഭേദഗതി പ്രകാരം ഭൂമിക്ക് പുറമെ കെട്ടിടത്തിന്റെ മൂല്യത്തിനും കൂടി സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കണം. കരാര്‍ തയാറാകുമ്പോള്‍ തന്നെ സ്റ്റാംപ് ഡ്യൂട്ടി നല്‍കണമെന്ന ധ്വനിയുമുണ്ട്.

ആര്‍ട്ടിക്കിള്‍ 44 ലെ ഭേദഗതിയെ പ്രകാരം പ്രതിഫലത്തിന് സ്ഥാവര വസ്തുക്കള്‍ വില്‍ക്കാന്‍ ബന്ധു അല്ലാത്തയാള്‍ക്കു (പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, സഹോദരന്‍ അഥവാ സഹോദരി ഒഴികെ മറ്റാര്‍ക്കെങ്കിലും) മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോര്‍ണി) നല്‍കിയാല്‍ വസ്തുവിന്റെ വില/എസ്റ്റിമേറ്റിനു പ്രമാണത്തിന്മേല്‍ ആര്‍ട്ടിക്കിള്‍ 21, 22 പ്രകാരം അടയ്ക്കേണ്ട നിരക്കില്‍ സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. ഭേദഗതിക്കു മുന്‍പ് പവര്‍ ഓഫ് അറ്റോര്‍ണി എക്സിക്യുട്ട് ചെയ്യാന്‍ 100 രൂപ സ്റ്റാംപ് ഡ്യൂട്ടി മതിയായിരുന്നു.
കേരള സ്റ്റാംപ് ആക്ടിലെ 2(ഡി) വകുപ്പില്‍ കണ്‍വെയന്‍സിനു നിര്‍വചനമുണ്ട്.

ഈ ഭേദഗതി വര്‍ക്സ് കോണ്‍ട്രാക്ടിനെ ബാധിക്കുന്ന ഒന്നല്ല. ഭൂമിയുടെ അവിഭജിത കൂട്ടവകാശം വാങ്ങി കെട്ടിടം പണിയുകയാണ് എന്നാണു പറയുന്നതെങ്കിലും സംഭവിക്കുന്നത് അങ്ങനെയല്ല. ബില്‍ഡര്‍ കെട്ടിടം പണിതു വാങ്ങുന്നയാള്‍ക്കു തവണയായി വില്‍ക്കുകയാണു ചെയ്യുന്നത്. ഫ്ളാറ്റുകളുടെ കൈമാറ്റത്തിന്മേലുള്ള നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും അതു തടയുവാനാണു ഭേദഗതി കൊണ്ടുവന്നതെന്നുമാണു സര്‍ക്കാര്‍ വാദം.

അവിഭജിത ഭൂമിയിലെ അവകാശം വില്‍ക്കാനുള്ള കരാറിലുള്ള നിബന്ധനകളിലൊന്നു ബില്‍ഡറെ കെട്ടിട നിര്‍മാണമേല്‍പിക്കണമെന്നുള്ളതാണ് എന്നു കോടതി ചൂണ്ടിക്കാട്ടി. നിര്‍മാണ കരാര്‍ പ്രകാരം കെട്ടിട നിര്‍മാണത്തിന്റെ മുഴുവന്‍ പണവും നല്‍കാതെ ഭൂമിയിലെ കൂട്ടവകാശം റജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അഭിപ്രായത്തില്‍ ബില്‍ഡര്‍ ഒരു കരാര്‍ പണിക്കാരനല്ല എന്നു വ്യക്തമാകുന്നു എന്നു നിരീക്ഷിച്ചു. ബില്‍ഡിങ് പെര്‍മിറ്റ് ബില്‍ഡറാണു വാങ്ങിയത് എന്നതില്‍ നിന്നും കെട്ടിടം നിര്‍മിക്കാനുള്ള ബാധ്യത ബില്‍ഡര്‍ക്കാണെന്നും ബില്‍ഡര്‍ ഒരു വര്‍ക്സ് കോണ്‍ട്രാക്ടര്‍ അല്ല എന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി വീണാ ഹസ്മുഖ് ജയിനിന്റെ കേസില്‍ കെട്ടിടം വില്‍ക്കാനുള്ള കരാറിനും തീരുവ ചുമത്താം എന്നു സ്ഥിരീകരിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. (ബോംബെ സ്റ്റാംപ് ആക്ടില്‍ ഉള്ള വിശദീകരണം അനുസരിച്ചു കരാറിനും കണ്‍വയെന്‍സായി പരിഗണിച്ചു സ്റ്റാംപ് ഡ്യൂട്ടി ചുമത്താം).

സ്റ്റാംപ് ആക്ട് അനുസരിച്ചു കോര്‍പറേഷനില്‍ 8.5%, മുനിസിപ്പാലിറ്റിയില്‍ 8%, പഞ്ചായത്തില്‍ 5% ആണ് സ്റ്റാംപ് ഡ്യൂട്ടി. റജിസ്ട്രേഷന്‍ നടത്തുന്നില്ലാത്തതിനാല്‍ കരാര്‍ ഒപ്പുവയ്ക്കേണ്ട സമയത്ത് 5% സര്‍ചാര്‍ജ് റജിസ്ട്രേഷന്‍ ഫീസും നല്‍കേണ്ടതില്ല. രഹേജ ഡവലപ്മെന്റ് കേസിലെ സുപ്രീം കോടതിവിധി പ്രകാരം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും മുന്‍പുള്ള കരാറുകളെ വര്‍ക്ക്സ് കോണ്‍ട്രാക്ടായി പരിഗണിക്കേണ്ടതാണ്. ബോംബെ സ്റ്റാംപ് ആക്ടില്‍ ഉള്ളതുപോലെ കേരള സ്റ്റാംപ് ആക്ടില്‍ കരാര്‍ കണ്‍വെയന്‍സായി പരിഗണിക്കണമെന്നു വിശദീകരണവും കാണുന്നില്ല.


Buzz ല്‍‌ പിന്തുടരുക

Thursday, October 8, 2009

സ്വർണ്ണക്കടയിൽ തട്ടിപ്പ് - ശ്രദ്ധിക്കുക

പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ പകരം കൊടുത്ത് പുതിയവ വാങ്ങുമ്പോള്‍ നാം തട്ടിപ്പിനു വിധേയരാകുന്നുണ്ട്. എല്ലാ കടക്കാരും ഏതാണ്ട് ഒരേ രീതിയിലുള്ള തട്ടിപ്പാണു നടത്തുന്നതു കൊണ്ട് ഏതെങ്കിലും കടക്കാരന്‍റെ പേര് പ്രത്യേകം എടുത്തു പറയുന്നില്ല. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയിലുണ്ടായ എന്‍റെ അനുഭവം താഴെ കുറിക്കുന്നു.

ഈ കടയില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങളെല്ലാം 916 ശുദ്ധി ഉള്ളതും ബിസ് മാര്‍ക്ക്‌ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. പകരം കൊടുക്കുന്ന പഴയ ആഭരണത്തിനു വിലയിടുന്നത് ആ ആഭരണങ്ങളുടെ ശുദ്ധിക്കനുസരിച്ചാണ്. ശുദ്ധി അളക്കുന്നതിനുള്ള യന്ത്രം നമുക്ക് കാണത്തക്കവിധത്തില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാകും. ഈ യന്ത്രത്തോട് ബന്ധിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി കാണിക്കുന്ന ഒരു ഡിസ്പ്ലേ യൂണിറ്റ് നമുക്ക് അഭിമുഖമായിട്ടായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. യന്ത്രത്തിനെ ഒരു കമ്പ്യൂട്ടറിനോടും ബന്ധിപ്പിച്ചിരിക്കും. കമ്പ്യൂട്ടറിന്‍റെ ഡിസ്പ്ലേ യൂണിറ്റ് നമുക്കഭിമുഖമായിട്ടായിരിക്കില്ല ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പ്രദർശിപ്പിക്കുന്നതൊന്നും നമുക്ക് കാണാന്‍ കഴിയില്ല. നമുക്ക്, സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി അറിഞ്ഞാല്‍ മതിയല്ലോ, അതെങ്ങനെ കമ്പ്യൂട്ടറില്‍ കൂടി കണ്ടെത്തുന്നു എന്നത് നമ്മുടെ വിഷയമല്ലാത്തതു കൊണ്ടാകാം, അങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. അപ്പം തിന്നാല്‍ പോരേ, കുഴിയെണ്ണണോ?

പരിശോധിക്കേണ്ട സ്വര്‍ണ്ണം, നമുക്ക് കാണുന്ന വിധത്തില്‍ പരിശോധനാ യന്ത്രത്തില്‍ (കണ്ണാടിക്കൂട്) വക്കുന്നു. എന്നിട്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഒന്നു രണ്ടു മിനിട്ട് കഴിഞ്ഞ് കമ്പ്യൂട്ടറിന്‍റെ കീബോര്‍ഡില്‍ ഏതോ ഒരു കീ അമർത്തുമ്പോള്‍ ആ സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റില്‍ കൂടി വ്യക്തമായി കാണാന്‍ കഴിയുന്നു. നാം വാങ്ങിയ സ്വര്‍ണമാണ് ആ യന്ത്രത്തില്‍ വച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും 916 എന്നായിരിക്കും പരിശുദ്ധി. സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തിനു അന്നത്തെ വിപണിവിലയില്‍ വില്പനവില കണക്കാക്കുന്നു.

ഇനി നാം പകരം കൊടുക്കുന്ന പഴയ സ്വർണ്ണവും അതേപോലെ യന്ത്രത്തിന്റെ കണ്ണാടിക്കൂട്ടിൽ പ്രതിഷ്ടിച്ച് കഴിഞ്ഞശേഷം കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നു. ഒന്നു രണ്ടു മിനിട്ട് കഴിയുമ്പോൾ കീബോർഡിൽ ഏതോ ഒരു കീ അമർത്തുമ്പോൾ ആ സ്വർണ്ണത്തിന്റെ പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റിൽ കാണപ്പെടുന്നു. 99% വും 916 ൽ കുറവായിരിക്കും പരിശുദ്ധി.

ഇതിൽ തട്ടിപ്പുണ്ടെന്നു പറയാൻ കാരണങ്ങൾ:
1. പരിശുദ്ധി കാണിക്കാനുള്ള കമ്പ്യൂട്ടർ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ, അതു പ്രോസസ്സ് ചെയ്തു തുടങ്ങും. അതു കഴിഞ്ഞാൽ അതിന്റെ ഫലം സ്വയം ഡിസ്പ്ലേ യൂണിറ്റിൽ കൂടി കാണിക്കേണ്ടതല്ലേ? എന്തിനു ഒരു കീ അമർത്തുമ്പോൾ മാത്രം പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റിൽ പ്രത്യക്ഷപ്പെടുന്നു?

2.പുതിയ സ്വർണ്ണവും പഴയ സ്വർണ്ണവും പരിശോധനക്കുള്ള പ്രോസസ്സ് കഴിയുമ്പോൾ കടക്കാർ പ്രസ്സ് ചെയ്യുന്നത് ഒരേകീ ആണെന്ന് ഉറപ്പുവരുത്താൻ കഴിയുന്നില്ല. ആവശ്യാനുസരണം പല കീകൾ പ്രസ്സ് ചെയ്താൽ പല തരത്തിലുള്ള ഫലം ദൃശ്യമാകാനുള്ള സംവിധാനം സോഫ്റ്റ്വെയറിൽ വരുത്തിയിട്ടില്ലാ എന്നു എങ്ങനെ ഉറപ്പാക്കും.

സ്വർണ്ണത്തിന്റെ പരിശുദ്ധി ഡിസ്പ്ലേ ചെയ്യുന്നതിനുമുമ്പ് കമ്പ്യൂട്ടർ കീബോർഡിൽ പ്രസ്സ് ചെയ്യുന്നതെന്തിനെന്നന്ന്വേഷിച്ചപ്പോൾ, അതാവശ്യമാണെന്നും, എല്ലാ കടക്കാരും ഇങ്ങനെ തന്നെയാണു പരിശുദ്ധി കണ്ടു പിടിക്കുന്നതെന്നും മറുപടി.

സ്വർണ്ണത്തിന്റെ പരിശുദ്ധി 916 അല്ലെങ്കിൽ അതനുസരിച്ച് വളരെയധികം വില കുറച്ചേ കടക്കാർ എടുക്കൂ. പരിശുദ്ധമായ സ്വർണ്ണമാണെന്നു കരുതി വാങ്ങിയ പഴയ കടക്കാരനെ ശപിച്ചുകൊണ്ട് വളരെ വിലകുറച്ചാണെങ്കിലും പകരം കൊടുത്ത് പുതിയ ആഭരണം വാങ്ങുന്നു.

ഇതിൽ തട്ടിപ്പുണ്ടെന്നു ന്യായമായും ഞാൻ സംശയിക്കുന്നു. വായനക്കാർക്കു വേണ്ടി ഇതിവിടെ വിളിച്ചു പറയുന്നു.

ഇന്നത്തെ (ഒക്ടോബർ 8, 2009) മനോരമയിൽ വന്ന ഒരു പരസ്യം നോക്കുക:

ഈ പരസ്യപ്രകാരം ‘ആഭരണങ്ങൾക്ക് വിലപറയുന്ന’ തിരുവനന്തപുരത്തെ കല്ല്യാൺ ജൂവല്ലറിക്ക് വെരിഫിക്കേഷൻ മെഷീൻ ഇല്ലന്നാണോ മനസ്സിലാക്കേണ്ടത്.


update on 11-9-2009.

ഇന്നത്തെ മനോരമയിൽ (11-9-2009), കല്യാൺ ജൂവലേർസ്സിന്റേതായി ഒരു പരസ്യം വന്നിരിക്കുന്നു. അതിൻ പ്രകാരം അവർക്കും സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്ന ഉപകരണം ഉണ്ടെന്നവകാശപ്പെട്ടിരിക്കുന്നു.

ഉപകരണം ഉണ്ടായാൽ മാത്രം പോര. ഉപഭോക്താക്കളെ കളിപ്പിക്കാതെ എല്ലാരും അതുപയോഗിച്ച് കാണിക്കുകയും വേണം. അവിടെ യാണു പ്രശ്നം. സംശയം ജനിപ്പിക്കുന്ന വിധത്തിലാണു ഒരു കടക്കാരൻ എന്നെ ഉപയോഗിച്ച് കാണിച്ചത്. അതുപോലെ തന്നെയാണു എല്ലാരും എന്ന ന്യായീകരണവും.


Buzz ല്‍‌ പിന്തുടരുക