Wednesday, March 18, 2009

പ്രത്യേക വിവാഹ നിയമം - Special Marriage Act 1954

പ്രത്യേക വിവാഹ നിയമം. Special Marriage Act 1954

  • ആമുഖം: ഇന്‍ഡ്യയിലുള്ള ഏതൊരാള്‍ക്കും അല്ലെങ്കില്‍ വിദേശത്തുള്ള ഏതൊരു ഇന്‍ഡ്യന്‍ പൌരനും ഈ നിയമത്തിന്റെ ഗുണഭോക്താവാകാം. വിദേശത്തുള്ള ഇന്‍ഡ്യന്‍ പൌരന്മാര്‍ക്കു വേണ്ടി the bill provides for the appointment of Diplomats and Consular Officers as Marriage Officers for solemnizing and registering marriage between citizens of India in a foreign country.


ജാതിമത വിത്യാസമില്ലാതെ ഇന്‍ഡ്യന്‍ പൌരത്വമുള്ള ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഈ നിയമപ്രകാരം വിവാഹിതരാകാം.

ഈ നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ നിയമിതനായ സബ് രജിസ്ട്രാറാണ്‍ വിവാഹ ഓഫീസര്‍.

നടപടി ക്രമം.
  • വിവഹം നടത്താനുദ്ദേശിക്കുന്നവര്‍ നിശ്ചിതഫാറത്തില്‍ വിവാഹ ഓഫീസര്‍ക്ക അപേക്ഷ കൊടുക്കണം.
  • ഏതെങ്കിലും ഒരാള്‍ നോട്ടീസ് തിയതി തൊട്ട് 30 ദിവസം മുമ്പ് വരെ താമസിച്ചിരുന്ന ജില്ലയിലെ ഓഫീസര്‍ മുമ്പാകെയാണ് നോട്ടീസ് നല്‍കേണ്ടത്.
  • 30 ദിവസത്തിനകം പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാം. എന്നാല്‍ അടിസ്ഥാനമില്ലാത്ത തര്‍ക്കം ഉന്നയിച്ചാല്‍ പിഴ ഈടാക്കും
  • നിയമപരമായി തടസ്സങ്ങളൊന്നും ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ വിവാഹം നടത്താം
  • സബ് രജിസ്ട്രാറുടെ ഓഫീസില്‍ വച്ചോ നിശ്ചിത ഫീസടച്ചാല്‍ മറ്റേതെങ്കിലും സ്ഥലത്തു വച്ചോ കക്ഷികളുടെ താല്പര്യം പോലെ വിവാഹം നടത്താം.
  • എന്നാല്‍ 3 സാക്ഷികളുടെയും രജിസ്ട്രാറുടെയും സാന്നിദ്ധ്യത്തില്‍ പരസ്പരം സ്വീകരിക്കുന്നതായുള്ള പ്രതിജ്ഞ ഏടുക്കേണ്ടതാണ്.
  • വിവാഹ രജിസ്റ്ററില്‍ ഒപ്പു വക്കണം.

ഇതു പ്രകാരം കിട്ടുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഒരു പ്രധാന രേഖയാണ്.

നിബന്ധനകള്‍.
  • വിവാഹ സമയത്ത് പുരുഷനു ജീവിച്ചിരിക്കുന്ന മറ്റൊറു ഭാര്യയോ സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടാകരുത്.
  • വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ മാനസികരോഗിയോ മന്ദബുദ്ധിയോ ആയിരിക്കരുത്.
  • പ്രായപൂര്‍ത്തിയായിരിക്കണം
  • നിയമം നിരോധിച്ചിട്ടുള്ള അടുത്ത രക്തബന്ധം ഉള്ളവരായിരിക്കരുത്.
  • വൈവാഹിക കടമ നിറവേറ്റാന്‍ ക്ഴിയുന്ന വ്യക്തികളായിരിക്കണം.
  • സ്വതന്ത്രമായ സമ്മതം ഉണ്ടായിരിക്കണം.
  • കൂടാതെ തുടര്‍ച്ചയായ ചിത്തഭ്രമം അയോഗ്യതയായി കണക്കാക്കാം
നേരത്തേ വിവാഹം കഴിച്ച വ്യക്തികള്‍ക്കും ഈ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കാവുന്നതാണ്.

ഈ നിയമപ്രകാരവും ദാമ്പത്യബന്ധം പുനഃസ്ഥാപിച്ചു കിട്ടാന്‍ കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്.

വിവാഹമോചനത്തിനുള്ള കാരണം.

  • കക്ഷികളാരെങ്കിലും സ്വമനസ്സാലെ വിവാഹശേഷം മറ്റൊരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക.
  • വ്യഭിചാരം നടത്തുക
  • തുടര്‍ച്ചയായി രണ്ടു വര്‍ഷക്കാലം ഉപേക്ഷിക്കുക
  • ഏഴോ അതിലധികമോ വര്‍ഷ കാലം തടവ് ശിക്ഷക്ക് വിധിക്കുക
  • ക്രൂരമായ പെരുമാറ്റം മാനസ്സികമായ തകരാറ് പകരുന്ന ലൈംഗികരോഗം തുറങ്ങിയവ വിവാഹ മോചനത്തിനുള്ള കാരണങ്ങളാണ്.

സ്ത്രീകള്‍ക്ക് പ്രത്യേക കാരണങ്ങള്‍.
  • ഭര്‍ത്താവ് ബലാത്സംഘം പ്രകൃതി വിരുദ്ധ ലൈംഗികബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ബോധ്യപ്പെട്ടാല്‍
  • ഭാര്യക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള അല്ലെങ്കില്‍ ചെലവിനു കൊടുക്കണമെന്നു ഭര്‍ത്താവിനോട് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കോടതിവിധിക്ക് ശേഷം ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലം ദാമ്പത്യം പുനഃസ്ഥാപിക്കാതിരുന്നാല്‍

ഇതു കൂടാതെ ദാമ്പത്യം തകര്‍ന്നുവെന്നു രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടാല്‍ വിവാഹശേഷം ഒരു വര്‍ഷമോ അതില്‍കൂടുതലോ കാലം വേറിട്ട് താമസിച്ചു വരുന്ന ദമ്പതികള്‍ക്ക് ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജ്ജി കോടതിയില്‍ സമര്‍പ്പിക്കാം.

പ്രത്യേക നിയമപ്രകാരം വിവാഹിതരായാല്‍ അവരുടെ വിവാഹം വിവാഹ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാവൂ. എന്നാല്‍ അസാധാരണമായ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനു മുമ്പും ഹര്‍ജികള്‍ പരിഗണിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.

വിവാഹമോചനം നേടുന്ന കക്ഷീകള്‍ക്ക് പുനര്‍വിവാഹം കഴിക്കാന്‍ അവകാശം ഉണ്ട്. ഇതു കോടതി വിധിക്കെതിരെ ഏതെങ്കിലും കക്ഷി അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അപ്പീല്‍ തീരുമാനത്തിനു ശേഷവും അപ്പീല്‍ നല്‍കിയിട്ടില്ലെങ്കില്‍ അപ്പീല്‍ കാലാവധിക്ക ശേഷവും (30 ദിവസം) പുനര്‍വിവാഹം നടത്താവുന്നതാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുമിച്ച് താമസിക്കാന്‍ കഴിയാതെ വന്നാല്‍ കോടതിയുടെ അനുവാദത്തോടെ രണ്ടുപേര്‍ക്കും വേര്‍പ്പെട്ട് താമസിക്കാനുള്ള അവകാശം ഉണ്ട്. ഇതിനായി ഭാര്യക്കോ ഭര്‍ത്താവിനോ കോടതിയില്‍ ഹര്‍ജി നല്‍കാം. വിവാഹമോചനത്തിനുള്ള കാരണം തന്നെയാണ് ഇവിടെയും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കടപ്പാട്: കേരള വനിതാകമ്മീഷനില്‍ നിന്നും ലഭിച്ച രേഖകള്‍.

updated on 3rd Nov.2009:

തിരുവനന്തപുരം: മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി റജിസ്റ്റര്‍ ചെയ്യുന്നതു വിലക്കി റജിസ്ട്രേഷന്‍ ചട്ടങ്ങള്‍ഭേദഗതി ചെയ്തു സര്‍ക്കാര്‍ വിജ്ഞാപനമായി. ഇതോടെ 50 രൂപയുടെ മുദ്രപ്പത്രവും രണ്ടു സാക്ഷികളുമുണ്ടെങ്കില്‍ ആര്‍ക്കും വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന നില മാറും. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമേ ഇനി റജിസ്ട്രാര്‍മാര്‍ക്കു വിവാഹം റജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയൂ.

നേരത്തേതന്നെ 50 രൂപ മുദ്രപ്പത്രത്തിലെ വിവാഹ ഉടമ്പടിക്കു നിയമസാധുതയില്ലായിരുന്നു. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ പൊതുവെ അറിയപ്പെട്ടിരുന്നതു റജിസ്റ്റര്‍ വിവാഹമെന്നായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയാറാക്കുന്ന കരാര്‍ മാത്രമാണിത്. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ട ഭേദഗതി.

ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുതന്നെ വിവാഹക്കരാറുകള്‍ക്കു നിയമ പരിരക്ഷയില്ലെന്ന കാര്യം ബോധ്യമുണ്ടെന്നു വിവാഹിതരാകുന്നവരോട് എഴുതി വാങ്ങണമെന്നു റജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ റജിസ്ട്രാര്‍ ഒാഫിസില്‍ ഇക്കാര്യം കാണിച്ചു 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം.

ഈ നോട്ടീസിനെതിരെ ആരും പരാതി
നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാം. സാധാരണ വിവാഹ ഉടമ്പടികള്‍ പ്രകാരം വിവാഹിതരാകുന്ന പലരും പിന്നീടു വഞ്ചിക്കപ്പെടുന്നതു കണക്കിലെടുത്താണു കോടതി സര്‍ക്കാരിനോടു ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. [Malayala manorama dated 3-11-2009]

Buzz ല്‍‌ പിന്തുടരുക

Tuesday, March 17, 2009

മുസ്ലിം സ്ത്രീയും വിവാഹനിയമങ്ങളും

ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വിവാഹ നിയമങ്ങളെപറ്റി കഴിഞ്ഞ രണ്ടുപോസ്റ്റുകളിലായി വിശദീകരിച്ചു. ഇനിയുള്ളത് മുസ്ലിംങ്ങളുടേതാണ്. അതിനെ പറ്റി ആധികാരിക രേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് ഇനി വേണ്ടത്. ചില പ്രത്യേക കാരണങ്ങളാല്‍ ആ പോസ്റ്റ് വായിക്കുവാനായി ഇങ്ങോട്ട് ക്ഷണിക്കുന്നു.

Buzz ല്‍‌ പിന്തുടരുക

Sunday, March 15, 2009

ക്രിസ്ത്യാനികളും വിവാഹനിയമങ്ങളും

1872 ലെ ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം, തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്തുള്ളവര്‍ക്ക് ബാധകമല്ല. വിവാഹത്തിന്റെ ചടങ്ങുകളും സാധ്യതയും തീരുമാനിക്കുന്നത് കാനോന്‍ അഥവാ പള്ളിനിയമം അനുസരിച്ചാണ്. വേദപ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് സഭാചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. പള്ളിയില്‍ വച്ച് പുരോഹിതനാണ് വിവാഹകര്‍മ്മങ്ങള്‍ നടത്തുന്നത്. പള്ളിയിലെ വിവാഹ രജിസ്റ്റര്‍ വിവാഹം നടന്നു എന്നു കാണിക്കുന്ന പ്രധാനപ്പെട്ട തെളിവാണ്.

ക്രിസ്ത്യാനികള്‍ക്ക് ബാധകമാക്കിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട നിയമമാണ്1869 ലെ വിവാഹമോചന നിയമം. 30-10-2001-ല്‍ നടപ്പില്‍ വന്ന ഭേദഗതികള്‍ നിയമവ്യവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ക്രിസ്ത്യന്‍ വിവാഹം.
ഇന്‍ഡ്യയിലെ ക്രിസ്ത്യാനികള്‍ക്ക് പൊതുവേ ബാധകമായ നിയമമാണ് 1972 ലെ ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം. എന്നാല്‍ തിരുവിതാംകൂര്‍-കൊച്ചി ഭാഗങ്ങളില്‍ അചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ചാണ് പ്രധാനമായും വിവാഹങ്ങള്‍ നടക്കുന്നത്. ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമമനുസരിച്ചാണ് ക്രിസ്ത്യാനികളുടെ വിവാഹം നടക്കുന്നതെങ്കിലും പ്രത്യേക വിവാഹനിയമ പ്രകാരം ഈ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു ഈ നിയമം തടസ്സമല്ല. ഈ നിയമത്തില്‍ വിവാഹം നടത്തികൊടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ പാതിരി, മതശുശൃഷകര്‍ അല്ലെങ്കില്‍ വിവാഹ രജിസ്ട്രാര്‍ എന്നിവരാണ്.

നിയമത്തിന്‍ കീഴില്‍ ലൈസന്‍സ് നല്‍കപ്പെട്ട മതശുശ്രൂഷകന്‍‌മാര്‍ നടത്തുന്ന വിവാഹം.
മത ശുശ്രൂഷകന്‍ വിവാഹ ശുശ്രൂഷ നടത്തണമെന്ന് എപ്പോഴെങ്കിലും ഉദ്ദേശിച്ചാല്‍ അത്തരം മതശുശ്രൂഷകനു രേഖാമൂലം വിവരത്തിനു നോട്ടീസ് നല്‍കേണ്ടതാണ്. നോട്ടിസില്‍ വിവാഹത്തിനു ഉദ്ദേശിക്കുന്ന വ്യക്തികളുടെ പേര്‍ പൂര്‍ണ്ണമായ വിലാസം രണ്ടുപേരുടേയും താമസസ്ഥലം വിവാഹം നടത്തേണ്ട സ്ഥലം സമയം തുടങ്ങിയ വിശദ വിവരങ്ങള്‍ എഴുതേണ്ടതാണ്.

ഇതില്‍ താമസ സ്ഥലത്തിന്റെ കാര്യം പ്രത്യേകം നിയമം എടുത്തു പറയുന്നുണ്ട്. നോട്ടിസില്‍ പറയുന്ന താമസ സ്ഥലത്ത് ഒരു മാസത്തില്‍ കൂടുതല്‍ താമസിച്ചിട്ടുണ്ടെങ്കില്‍ അവിടെ ഒരുമാസവും അതില്‍ കൂടുതലും എന്ന് പ്രത്യേകം എടുത്തെഴുതണമെന്നാണു നിയമവ്യവസ്ഥ.

വിവാഹം പള്ളിയില്‍ വച്ചാണു നടത്താനുദ്ദേശമെങ്കില്‍ പള്ളിയുടെ ശ്രദ്ദേയമായ ഭാഗങ്ങളിലോ, സ്വകാര്യ താമസ സ്ഥലത്താണ് നടത്താനുദ്ദേശിക്കുന്നതെങ്കില്‍ വിവാഹ രജിസ്ട്രാറുടെ ഓഫീസിലോ നോട്ടിസ് പരസ്യപ്പെടുത്തേണ്ടതാണു. പരസ്യപ്പെടുത്തിക്കഴിഞ്ഞാല്‍ നോട്ടീസും പ്രതിജ്ഞാപത്രവും കിട്ടിയതിനു സ്വന്തം കൈപ്പടയില്‍ ഒരു സാക്ഷ്യപത്രം നല്‍കേണ്ടതുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കി രണ്ടു മാസത്തിനകം വിവാഹം നടത്തിയിരിക്കണം. ഇപ്രകാരം സാക്ഷ്യപത്രം നല്‍കേണ്ടത് ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടു വേണമെന്നും നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നു. അതായത്:

  • നോട്ടിസ് കിട്ടി നാലു ദിവസം കഴിയാതെ സാക്ഷ്യപത്രം നല്‍കാവുന്നതല്ല
  • മതശുശ്രൂഷകനു ബോധ്യപ്പെട്ട നിയമപരമായ പ്രതിബന്ധങ്ങള്‍ ഒന്നുമില്ലെങ്കിലേ സാക്ഷ്യപത്രം നല്‍കാന്‍ പാടുള്ളൂ.
  • അധികാരമുള്ള വ്യക്തി സാക്ഷിപത്രം നല്‍കുന്നത് നിരോധിച്ചിട്ടുണ്ടാകാനും പാടില്ല.
രജിസ്റ്റര്‍ നടപടികള്‍.
ക്രിസ്ത്യാനികള്‍ തമ്മിലോ ഏതെങ്കിലും ഒരാള്‍ ക്രിസ്ത്യാനിയായതുകൊണ്ടോ നടക്കുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണം.

വിവാഹ രജിസ്ട്രാര്‍.
ഒരു വിവാഹ രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിലോ ഒരു വിവാഹ രജിസ്ട്രാറുടെ ശുശ്രൂഷയിലോ വിവാഹം നടത്തണമെന്നു ഉദ്ദേശിക്കുന്നവരിലൊരാള്‍ വിവാഹം നടത്തണമെന്നു ഉദ്ദേശിക്കുന്നവര്‍ താമസ്സിച്ചിട്ടുള്ള ജില്ലയിലെ ഏതെങ്കിലും ഒരു വിവാഹ രജിസ്ട്രാര്‍ക്ക് രേഖാമൂലം നോട്ടീസ് കൊടുക്കയാണ് വേണ്ടതു. രണ്ടു പേരും വ്യത്യസ്ഥ ജില്ലയിലാണ് താമസമെങ്കില്‍ നോട്ടീസ് ഓരോ ജില്ലയിലേയും വിവാഹ രജിസ്ട്രാര്‍ക്ക് നല്‍കണം. നോട്ടീസില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന രണ്ടുപേരുടേയും കുടുമ്പപ്പേരും പ്രവൃത്തിയും താമസസ്ഥലവും വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലവും മറ്റും വ്യക്തമാക്കിയിരിക്കണം. ഈ നോട്ടിസ് വിവാഹ രജിസ്ട്രാര്‍ പ്രസിദ്ധീകരിക്കും. കൂടാതെ ഈ നോട്ടിസിലെ വിവരങ്ങള്‍ വിവാഹനോട്ടിസ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. നിയമപരമായി മറ്റു തടസ്സങ്ങള്‍ ഇല്ലായെങ്കില്‍ രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച് രണ്ടു മാസത്തിനുള്ളില്‍ വിവാഹം രജിസ്ട്രാരുടെ മുമ്പില്‍ വച്ച് രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ നടത്താവുന്നതാണ്.

വിവാഹം അസാധുവാകുന്നത്.
താഴെപ്പറയുന്ന കാരണങ്ങളാല്‍ ക്രിസ്ത്യന്‍ വിവാഹം പൂര്‍ണ്ണമായും നിയമസാധുതയില്ലാത്തതാണെന്നു കോടതിക്ക് പ്രഖ്യാപിക്കാം:
  • വിവാഹം കഴിക്കുമ്പോഴും ഹര്‍ജി കൊടുക്കുമ്പോഴും എതിര്‍കക്ഷിക്ക് ലൈഗികവേഴ്ചക്ക് കഴിവില്ലാതിരിക്കുക
  • നിയമം വിലക്കു കല്പിച്ചിട്ടുള്ളതും അടുത്ത ബന്ധത്തില്‍ പെട്ടവരുമായുള്ള വിവാഹം.
  • വിവാഹം കഴിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു കക്ഷി ചിത്തഭ്രമമുള്ള ആളോ മന്ദബുദ്ധിയോ ആയിരിക്കുക
  • വിവാഹം കഴിക്കുമ്പോള്‍ ആദ്യവിവാഹം വേര്‍പെടുത്താതിരിക്കുകയും ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുകയും ചെയ്യുക
  • വിവാഹത്തിനുള്ള സമ്മതം ബലമായോ കപടമായോ ആയിരിക്കുക.
വിവാഹമോചനം.
1869 ലെ ഇന്‍ഡ്യന്‍ വിവാഹ മോചന നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകള്‍‍ 2001-ല്‍ ഭേദഗതി ചെയ്തു. ഇതനുസരിച്ച് താഴെപ്പറയുന്ന കാരണങ്ങളാല്‍ ഒരു ക്രിസ്ത്യാനിക്ക് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം.
  • വ്യഭിചാരം ചെയ്യുക
  • മതപരിവര്‍ത്തനം നടത്തുക
  • എതിര്‍കക്ഷിക്ക് ചികിത്സിച്ചാല്‍ മാറാത്ത മാനസിക രോഗമോ, കുഷ്ഠ രോഗമോ, ലൈഗികരോഗമോ ഹര്‍ജി നല്‍കുന്നതിനു തൊട്ടുമുമ്പ് കുറഞ്ഞത് രണ്ടു കൊല്ലം തുടര്‍ച്ചയായി ഉണ്ടായിരിക്കുക.
  • ഏഴു കൊല്ലമായി എതിര്‍കക്ഷിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരിക്കുക
  • ദാമ്പത്യബന്ധം പൂര്‍ത്തീകരിക്കാതിരിക്കുക
  • രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി വിവാഹ ബന്ധം പുനഃ സ്ഥാപിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാതിരിക്കുക
  • മതിയായ കാരണമില്ലാതെ രണ്ടു വര്‍ഷം തുടര്‍ച്ചയായി എതിര്‍കക്ഷി വേര്‍പിരിഞ്ഞ് ജീവിക്കുക
  • ഒരുമിച്ച് ജീവിക്കാ‍നാവാത്ത വിധം എതിര്‍കക്ഷി ക്രൂരമായി പെരുകാറുക
  • കൂടാതെ ബലാത്സംഗം പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവക്ക് തന്നെ വിധേയയായി എന്നാരോപിച്ച് ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഹര്‍ജി സമര്‍പ്പിക്കാം.
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനം.
രണ്ടു വര്‍ഷത്തിനുമേല്‍ ജീവിതപങ്കാളികള്‍ വേര്‍പിരിഞ്ഞു താമസിക്കുകയും വിവാഹബന്ധം വേര്‍പെടുത്താന്‍ രണ്ടുപേരും തീരുമാനിക്കുകയും ചെയ്താ‍ല്‍ ഉഭയസമ്മതപ്രകാരം വിവഹമോചനത്തിനായി കക്ഷികള്‍ക്ക് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാം.

ദാമ്പത്യധര്‍മ്മ പുനഃസ്ഥാപനം.
വിവാഹപങ്കാളിയുമായി ഒരുമിച്ച് താമസിക്കാനും ലൈംഗികബന്ധത്തിലേര്‍പ്പെടാനുമുള്ള ഒരു വ്യക്തിയുടെ അവകാശം വിവാഹബന്ധത്തിലെ മൌലികമായ അവകാശമാണ്. ഈ സഹവാസത്തിനു ഏതെങ്കിലും ഒരു കക്ഷി തയ്യാറാവാതെ വന്നാല്‍ സഹവാസം നിഷേധിക്കപ്പെടുന്നയാളിനു സഹവാസം പുനഃസ്ഥാപിച്ച് കിട്ടുന്നതിനു സഹവാസം നിഷേധിച്ചയാളിനെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമം പറയുന്നു.

വേര്‍പെട്ടു ജീവിക്കല്‍.
ചില പ്രത്യേക സാഹചര്യത്തില്‍ ഭാര്യയും ഭര്‍ത്താവും വേര്‍പ്പെട്ടു ജീവിക്കുന്നതിനു വേണ്ടിയും കോടതിയെ സമീപിക്കാം. ഇതു പൂര്‍ണ്ണമായും വിവാഹമോചനമല്ല. എന്നാല്‍ വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ തന്നെയാണ് ഇവിടെയും അടിസ്ഥാനമാക്കിയിരിക്കുന്നത്.

ജീവനാംശം.
ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായി ജീവനാംശനിയമമില്ല.

ക്രിമിനല്‍ നടപടിക്രമം 125-ം വകുപ്പ് പ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്യേണ്ടത്. ഇതു കുടുമ്പ കോടതിയുള്ള ജില്ലയില്‍ കുടുമ്പകോടതിയിലും അല്ലാത്ത സ്ഥലങ്ങളില്‍ ഒന്നാംക്ലാ‍സ്സ് മജിസ്ട്രേട്ട് കോടതിയിലുമാണ് ഫയല്‍ ചെയ്യേണ്ടത്.

125-ം വകുപ്പ് പ്രകാരം എല്ലാ മതവിഭാഗക്കാര്‍ക്കും പൊതുവായിട്ടുള്ളതാണ്.

ഈ വകുപ്പനുസരിച്ച് ദീര്‍ഘകാ‍ലം ഭാര്യഭര്‍ത്താക്കന്മാരായി ജീവിതം കഴിച്ചവരേയും അവര്‍ ഏതെങ്കിലും നിയമമനുസരിച്ച് വിവാഹിതരല്ലെങ്കില്‍ കൂടിയും ജീവനാംശം നല്‍കുന്ന കാര്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി കരുതണമെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. വിവാഹമോചനം നേടിയ ഭാര്യക്കും നിയമാനുസൃതമല്ലാതെയുള്ള മക്കള്‍ക്കും ജീവനാംശത്തിനു അര്‍ഹതയുണ്ട്.

ജീവിതകാലം മുഴുവനും ഭര്‍ത്താവില്‍ നിന്നും ഭാര്യക്ക് ജീവനാംശം അവകാശപ്പെടാം.

എന്നാല്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കാനും ദാമ്പത്യധര്‍മ്മം നിര്‍വഹിക്കാനും ഭാര്യ തയ്യാറാകണം. എന്നാല്‍ മാറി നില്‍ക്കാനുള്ള മതിയായ കാരണം ഉണ്ടെങ്കില്‍ ജീവനാംശത്തിനു അര്‍ഹതയുണ്ട്.

കോടതി ചെലവിനു വിധിച്ച തുക കാലാനുസൃതമായി അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിതസ്ഥിതികള്‍ പരിഗണിച്ച് മാറ്റം വരുത്താന്‍ കോടതിക്കധികാരമുണ്ട്.

കോടതി പുറപ്പെടുവിക്കുന്ന വിധി നടപ്പിലാക്കി കിട്ടാന്‍ എതിര്‍കക്ഷി വിസമ്മതിക്കുന്ന പക്ഷം എതിര്‍കക്ഷിയുടെ സ്വത്ത് കണ്ടുകെട്ടാനും ജയിലിലടക്കാനും അധികാരം കോടതിക്കുണ്ട്.

ഇപ്രകാരം വിധിക്കുന്ന തുക ഈടാക്കി കിട്ടാന്‍ ഒരു വര്‍ഷത്തിനകം തന്നെ കോടതി മുഖാന്തിരം ആവശ്യപ്പെട്ടില്ലയെങ്കില്‍ പ്രസ്തുതകാലയളവിലുള്ള തുക ഹര്‍ജിക്കാരിക്ക് നഷ്ടമാകും.

കക്ഷിയുടെ ധനസ്ഥിതിയും ജീവിതനിലവാരവും മറ്റും പരിഗണിച്ചാണ് കോടതി ചെലവിനുള്ള തുക നിശ്ചയിക്കുന്നത്.

വിധിയുടെ പകര്‍പ്പ് ഹര്‍ജികാരിക്ക് കോടതിയില്‍ നിന്നും സൌജന്യമായി ലഭിക്കും.
-----------------------------------------------------------------------------------------------
ആധാരം: മേല്‍ വിവരിച്ചതെല്ലാം കേരളാ വനിതാ കമ്മിഷനില്‍ നിന്നും ആധികാരികമായി ലഭിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ്.
------------------------------------------------------------------------------------------------
29-2-2008 നു ശേഷം കേരളത്തിലെ വിവാഹ നിയമങ്ങള്‍ക്ക് ഒരു പ്രധാന വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. സീമ Vs അശ്വനികുമാര്‍ എന്ന കേസില്‍ 14-2-2006 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായത്തിനെ അടിസ്ഥാനമാക്കി നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ 2008 ഫെബ്രുവരി 29 നു ഒരു അസാധാരണ ഗസറ്റായി കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2008. പ്രസിദ്ധീകരിച്ചു. ഇതിന്റെ പ്രത്യേകത ഈ ചട്ടങ്ങള്‍ എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നുള്ളതാണു.

29-2-2008 നു ശേഷം വിവാഹിതരാകുന്ന ഏതൊരു കേരളിയനും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ മ്റ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളിന്‍ കീഴില്‍ ചെയ്യേണ്ടതല്ലാത്തതും , അപ്രകാരമുള്ള വിവാഹങ്ങള്‍ അതതു സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. എന്നു മാത്രമല്ല മറ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങള്‍ അപ്രകാരമുള്ള സ്റ്റട്ട്യൂട്ടറി വ്യവസ്ഥകളിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്ന തീയതിക്കു മുമ്പ് നടന്നിട്ടുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതാണ്.[ചട്ടം 6]

ഇതിന്‍ പ്രകാരം Marriage Offiers ഇല്ല. പകരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പ്രധാന ചുമതല [ചട്ടം 3].

ജനന മരണ രജിസ്ട്രാര്‍ അവരുടെ അധികാരിതയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കുന്നതാണ്. ചുരുക്കത്തില്‍ നമ്മുടെ പഞ്ചായത്ത് ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് [ചട്ടം 5].

വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ രണ്ടു സെറ്റ് ഫോട്ടോ സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ രണ്ട് സെറ്റ് ഫോട്ടോ സഹിതം 45 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കേണ്ടതാണ് [ചട്ടം 9(1)]

മതാചാരപ്രകാരം നടന്ന സംഗതിയില്‍ ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്‍കുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വിവാഹം നടന്നത് തെളിയിക്കാനുള്ള ഒരു രേഖയാകാവുന്നതാണ് [ചട്ടം 9(3)].

വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയതിനു ശേഷം രജിസ്റ്റര്‍ ചെയ്യാവുന്നതാണ് [ചട്ടം 9(4)].

ഒരു വര്‍ഷത്തിനു ശേഷ മുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയുംനല്‍കിയതിനു ശേഷം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ [ചട്ടം 10].

ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഈ ചട്ടങ്ങള്‍ പ്രകാരമോ മറ്റേതെങ്കിലും സ്റ്റട്ട്യൂട്ടറി വ്യ്‌വസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതെങ്കിലും അധികാരസ്ഥാനം നല്‍കുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സര്‍ക്കാര്‍ യാതൊരു ആവശ്യത്തിനും സ്വീകരിക്കുന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നടന്ന വിവാഹങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമാവുന്നതല്ല [ചട്ടം 15].

ആധാരം: ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെല്ലാം ആധികാരികമായ ലിങ്ക് നല്‍കിയിട്ടുണ്ട്.

Buzz ല്‍‌ പിന്തുടരുക

Wednesday, March 11, 2009

വരന്‍ /വധു പ്രവാസിയാണോ? ഇതെല്ലാം ശ്രദ്ധിക്കണം

ചതിവില്‍ കൂടെ വിവാഹബന്ധത്തിലേര്‍പ്പെട്ടു പോകുന്നവരുടെ

അനുഭവങ്ങള്‍ :

  • വിദേശത്തേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് തന്നെ വധു ഉപേക്ഷിക്കപ്പെടുന്നു. ചുരുങ്ങിയ കാലത്തെ മധുവിധുവിനു ശേഷം യാത്രാടിക്കറ്റ് വൈകാതെ അയച്ചു തരാം എന്ന വാഗ്ദാനവുമായി വരന്‍ മടങ്ങിപ്പോകുന്നു. അയാള്‍ പിന്നീടൊരിക്കലും അവളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല.
  • വിവാഹിതയായ സ്ത്രീ വിദേശത്ത് എത്തുന്നു. അവിടുത്തെ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് ഇല്ലെന്ന അവള്‍ തിരിച്ചറിയുന്നു.
  • വിവാഹിതയായ സ്ത്രീ വിദേശത്തേക്ക് പോകുന്നു. പക്ഷേ ഒരു വര്‍ഷത്തിനു ശേഷം മടങ്ങിപ്പോരാന്‍ നിര്‍ബന്ധിതയാകുന്നു. തന്റെ കുഞ്ഞിനെ ഒപ്പം കൊണ്ടുപോരാന്‍ അനുവദിക്കപ്പെടുന്നില്ല.
  • ക്രൂരമായ മര്‍ദ്ദനത്തിനു വിധേയയാക്കുക. പീഢിപ്പിക്കപ്പെടുക. മാനസികമായും ശാരീരികമായും ചൂഷണവിധേയയാക്കുക. പോഷകാഹാരം ലഭ്യമാക്കാതിരിക്കുക. മുറിയില്‍ അടക്കപ്പെടുക. മറ്റു പലതരം അപമാനങ്ങള്‍ സഹിക്കുക എന്നിവക്കായി മാത്രം വിവാഹിതയായ സ്ത്രീ വിദേശ രാജ്യത്ത് എത്തുന്നു.
  • ഇനിപ്പറയുന്ന ഏതെങ്കിലും ഒരെണ്ണത്തിന്റെ കാര്യത്തിലോ, എല്ലാത്തിന്റേയും കാര്യത്തിലോ, ഭര്‍ത്താവ് തെറ്റായ വിവരങ്ങള്‍ നല്‍കിയിരിക്കുന്നതെന്നു വിവാഹിതക്ക് ബോധ്യം വരുന്നു; വിവാഹത്തിനു സമ്മതിപ്പിക്കാന്‍ വേണ്ടി തന്റെ ജോലി, ഇമിഗ്രേഷന്‍ സ്ഥിതി, വരുമാനം, സ്വത്ത്, വിവാഹസ്ഥിതി, മറ്റു ഭൌതികകാര്യങ്ങള്‍.
  • വിവാഹത്തിനു മുമ്പും ശേഷവും സ്ത്രീധനമായി വന്‍‌തുക നല്‍കാന്‍ വധുവും അവളുടെ മാതാപിതാക്കളും നിര്‍ബന്ധിതരാക്കപ്പെടുന്നു. വിദേശത്ത് ജോലി ചെയ്യാന്‍ അവള്‍ നിര്‍ബന്ധിതയാകുകയും അതില്‍ നിന്നുള്ള വരുമാനം മുഴുവനും അവളുടെ ഭര്‍ത്താവ് തട്ടിയെടുക്കുകയും ചെയ്യുന്നു.
  • താന്‍ വിവാഹം കഴിച്ച പ്രവാസി നേരത്തേ തന്നെ വിവാഹിതനാണെന്നും മറ്റൊരു സ്ത്രീയുമൊത്ത് അയാള്‍ ജീവിക്കുകയാണെന്നും വിവാഹശേഷം വധു മനസ്സിലാക്കുന്നു.
  • വിദേശ രാജ്യത്ത് വച്ച് ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ വിവാഹമോചനത്തിന്റെ എക്സ്-പാര്‍ട്ടി വിധി ഭര്‍ത്താവ് നേടുന്നു.
  • ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗമില്ലാതെയും ആരും സഹായത്തിനില്ലാതെയും വിദേശരാജ്യത്ത് ഉപേക്ഷിക്കപ്പെടുക. അല്ലെങ്കില്‍ രക്ഷിക്കപ്പെട്ട് വിസപോലും ഇല്ലാതെ ആ രാജ്യത്ത് കഴിയാന്‍ നിര്‍ബന്ധിതയാകുക.
  • ജീവനാംശം ലഭിക്കാനോ, വിവാഹ മോചനത്തിനോ സ്ത്രീ കോടതിയ സമീപിക്കുകയും കോടതിയുടെ അധികാരപരിധി, നോട്ടീസ് അല്ലെങ്കില്‍ വിധി നടപ്പാക്കി കിട്ടല്‍ എന്നിവയില്‍ നിരന്തരം തടസ്സങ്ങള്‍ നേരിടുക.
  • വിവാഹത്തിനു മുമ്പ് തന്നെ വിദേശരാജ്യത്തേക്ക് ചെല്ലാന്‍ പ്രതിശ്രുത വധു പ്രേരിപ്പിക്കപെടുകയും വിദേശത്ത് വച്ച് വിവാഹം നടത്തുകയും ചെയ്യുക. ഇന്‍ഡ്യയിലെ കോടതികള്‍ക്ക് അവിടെ പരിമിതമായ നിയമാധികാരങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് വൈകാതെ അവള്‍ തിരിച്ചറിയുന്നു.
മുന്‍‌കരുതലുകള്‍ :
  • മകളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണ്. വിവാഹകാര്യത്തില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കരുത്.
  • വിവാഹം ഉറപ്പിക്കുന്നതിനു മുമ്പ് പ്രവാസി വരന്റെ പൂര്‍വ്വ ചരിത്രം പരിശോധിക്കുക
  • വിദേശത്തുള്ളവരുമായി നടത്താനുദ്ദേശിക്കുന്ന വിവാഹകാര്യങ്ങള്‍ ടെലഫോണ്‍ വഴിയോ ഈ-മെയില്‍ മുഖേനയോ തീരുമാനം എടുക്കരുത്.
  • നിങ്ങളുടെ മകളുടെ വിവാഹം വിദേശത്ത് വച്ച് നടത്താന്‍ ഏതെങ്കിലും ബ്യൂറോ, ഏജന്റ്, ദല്ലാള്‍ അഥവാ ഇടനിലക്കാരനെ കണ്ണടച്ച് വിശ്വസിക്കരുത്.
  • വിവാഹം വഴി മറ്റൊരു രാജ്യത്ത് കുടിയേറി പാര്‍ക്കാനോ ഗ്രീന്‍ കാര്‍ഡ് നേടാനോ ഉള്ള വാഗ്ദാനങ്ങള്‍ക്ക് ഇരയാകരുത്.
  • കാര്യങ്ങള്‍ രഹസ്യമായി തീരുമാനിക്കരുത്. വിവാഹാലോചനയെപറ്റി പരസ്യമാക്കുന്നത് സുഹൃത്തുക്കളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും പരമപ്രധാനമായ വിവരങ്ങള്‍ നേടാനായേക്കും. അങ്ങനെയല്ലെങ്കില്‍ അവ ഒരിക്കലും നേടാന്‍ കഴിയില്ല.
  • എപ്പോഴും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഒപ്പം ഇന്‍ഡ്യയില്‍ വച്ച് മതാചാരപ്രകാരമുള്ള വിവാഹം നടത്തി വിവാഹത്തിനു മതിയായ പരസ്യം നല്‍കാനാവശ്യമായ ഫോട്ടോ തുടങ്ങിയ തെളിവുകള്‍ കരുതുക.
  • വരന്റെ വിവാഹ സ്ഥിതി , ജോലി, പദവി, ശമ്പളം, തൊഴിലുടമ, ഇമിഗ്രേഷന്‍ സ്ഥിതി, വിസയുടെ തരം, ജീവിത പങ്കാളിയെ വിദേശത്ത് കൊണ്ടു പോകാനുള്ള അര്‍ഹത , കുടുമ്പ പശ്ചാത്തലം, കുടുമ്പത്തിന്റെ തരം, കുറ്റകൃത്യചരിത്രം എന്നിവയെപറ്റി മുഴുവന്‍ വിവരങ്ങളും നേടുക.
  • അടിയന്തിര സാഹചര്യം നേരിട്ടാല്‍ സഹായത്തിനു എമ്പസ്സികളുടെ വിലാസവും ഫോണ്‍ നമ്പരും ഹെല്പ് ലൈനുകള്‍ ബന്ധുക്കളുടെ വിവരങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ മകള്‍ക്ക് നല്‍കുക.
  • പാസ്പോര്‍ട്ട്/വിസ നിങ്ങളുടെ പക്കല്‍ തന്നെ സൂക്ഷിക്കുകയും എപ്പോഴും പാസ്പോര്‍ട്ട്/വിസ എന്നിവയുടെ ഒരു കോപ്പി കരുതുകയും ചെയ്യുക.
  • ഒരു കാരണവശാലും എന്തെങ്കിലും വ്യാജ രേഖകളിലോ വ്യാജ ഇടപാടുകളിലോ ഒപ്പ് വയ്ക്കാന്‍ സമ്മതിക്കരുത്.
  • വിസയ്ക്കും ആവശ്യമായ മറ്റു നടപടിക്രമങ്ങള്‍ക്കും ആവശ്യമായ രേഖകള്‍ സ്വയം തയ്യാറാക്കി സമര്‍പ്പിക്കുകയും അത് ഭര്‍ത്താവിനെ കൊണ്ട് ചെയ്യിക്കാതിരിക്കുകയും ചെയ്യുക. എല്ലാ ഒറിജിനല്‍ രേഖകളും നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.
വിദേശ രാജ്യങ്ങളില്‍ സാമൂഹിക സമ്മര്‍ദ്ദം തീരെ കുറവാണ്. ഭര്‍ത്താവ് ഭാര്യയെ സ്പോണ്‍സര്‍ ചെയ്യാത്ത് പക്ഷം വിസ ലഭിക്കുക അത്ര എളുപ്പമല്ല. ഒന്നല്ലെങ്കില്‍ മറ്റൊരുകാരണം പറഞ്ഞ് ഭര്‍ത്താവിനു ഭാര്യയെ അവളുടെ നാട്ടില്‍തന്നെ ഉപേക്ഷിക്കാന്‍ കഴിയും. അതേ സമയം മിക്കപ്പോഴും അവളുടെ പണമുപയോഗിച്ച് അയാള്‍ക്ക് സ്വന്തമായി വിഹരിക്കാനും കഴിയും. അതിനാല്‍ ജാഗ്രതൈ.

കടപ്പാട്: www.moia.gov.in

[പുരുഷന്മാരുടെ ശ്രദ്ധക്ക്: നിങ്ങളുടെ മകള്‍ക്ക് വിവാഹപ്രായമെത്തുമ്പോള്‍ ഞാനിവിടെ എഴുതിയത് പുരുഷന്മാരെ താറടിക്കാനല്ല എന്നു ബോധ്യമാകും]

Buzz ല്‍‌ പിന്തുടരുക

Sunday, March 8, 2009

പീഢനം, പീഢനം, ഗാര്‍ഹിക പീഢനം.

ഗാര്‍ഹിക പീഢനം - പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധക്ക്.

സ്വന്തം ഗൃഹത്തിലോ അല്ലാതെ താമസിക്കുന്ന ഗൃഹത്തിലോ ഉള്ള വ്യക്തിയുടെ പ്രവൃത്തി, കര്‍മ്മം, പെരുമാറ്റം എന്നിവ ഗാര്‍ഹിക പീഢനമായി കണക്കാക്കുന്നത് താഴപറയും വിധമായിരിക്കും.

  • സ്ത്രീയ ശാരീരികമോ മാനസികമോ ആയി മുറിവേല്പിക്കുക
  • വേദനിപ്പിക്കുക
  • അവളുടെ ആരോഗ്യത്തേയോ അവയവത്തേയോ അപകടത്തിലാക്കുകയോ ലൈഗികമായോ വാചികമായോ വൈകാരികമായോ സാമ്പത്തികമായോ പീഢിപ്പിക്കുക
  • സ്ത്രീധനത്തിനു വേണ്ടിയോ സ്വത്തിനു വേണ്ടിയോ സ്ത്രീയേയോ അവരുടെ വേണ്ടപ്പെട്ടവരെയോ നിയമവിരുദ്ധമായി പീഢിപ്പിക്കുക
  • സ്ത്രീകള്‍ക്ക് ഭീഷണിയായി തോന്നാവുന്ന വിധത്തില്‍ പെരുമാറുക
ഇതൊന്നും ഞാന്‍ പറയുന്നതല്ല. ഭാരത സര്‍ക്കാര്‍ 2005 ല്‍ പാസ്സാക്കിയ ‘പ്രൊട്ടക്ഷന്‍ ഒഫ് വിമെന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട്’ എന്ന നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്.

ശാരീരിക പീഢനം.
  • സ്ത്രീക്ക് ശാരീരിക വേദനയോ ഉപദ്രവമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും
  • ജീവനു അപകടമുണ്ടാക്കുന്ന എന്തും
  • ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും
  • അതിക്രമം ഉണ്ടാകുന്നത്
  • അതിക്രമ ഭീഷണിയും ബലപ്രയോഗവും സൃഷ്ടിക്കുന്നത്.
ലൈംഗിക പീഢനം.
  • ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം
  • അപമാനിക്കല്‍
  • സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തുന്ന ഏതൊരു പ്രവൃത്തിയും
വൈകാരിക പീഢനം.
  • അപമാനിക്കല്‍
  • അധിക്ഷേപിക്കല്‍
  • നാണം കെടുത്തല്‍
  • കുഞ്ഞില്ലാത്തതിന്റെ / ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍
  • സ്ത്രീക്ക് താല്പര്യമുള്ള വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുമെന്നു ആവര്‍ത്തിച്ചുള്ള ഭീഷണി
സാമ്പത്തിക പീഢനം.
  • ആവശ്യത്തിനു പണം നല്‍കാതിരിക്കുക
  • അര്‍ഹതയുള്ളതും അവകാശപ്പെട്ടതുമായ സ്വത്തും പണവും നഷ്ടപ്പെടുത്തുക
  • അവശ്യവസ്തുക്കള്‍ ( ആഹാരം വസ്ത്രം മരുന്നു ) നല്‍കാതിരിക്കുക
  • ഓഹരികളോ ബോണ്ടുകളോ ജാമ്യപത്രങ്ങളൊ ദ്രവ്യങ്ങളോ അന്യാധീനപ്പെടുത്തുക
  • അധികാരമുള്ള ഏതുതരം സാമ്പത്തിക ഉറവിടവും സൌകര്യവും ലഭ്യമാക്കുന്നതിനു തടസ്സമുണ്ടാക്കുക
  • തൊഴില്‍ ചെയ്യാന്‍ അനുവധിക്കാതിരിക്കുക
  • വരുമാനം അന്യാധീനപ്പെടുത്തുക
  • സ്വന്തം വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക
നിയമം നല്‍കുന്ന പരിരക്ഷ.
ഗാര്‍ഹിക പീഢനം അനുഭവിക്കുന്ന സ്ത്രീക്ക് നേരിട്ടോ അല്ലാതയോ സാമൂഹ്യക്ഷേമ വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന സംരക്ഷണ ഉദ്ദ്യോഗസ്ഥനു വിവരം നല്‍കാം. സംരക്ഷണ ഉദ്ദ്യോഗസ്ഥന്‍ മജിസ്ട്രേട്ടിനു റിപ്പോര്‍ട്ട് നല്‍കുകയും ആവശ്യമെങ്കില്‍ സംരക്ഷണ ഉത്തരവിനുള്ള അപേക്ഷ തയ്യാറാക്കി നല്‍കുകയും ചെയ്യും. നിയമ സയായം ആവശ്യമെങ്കില്‍ 1987 ലെ ലീഗല്‍ സര്‍വ്വീസ്സസ് അതോറിട്ടി ആക്ട് പ്രകാരം നിയമസഹായം ലഭ്യമാക്കാനും സംരക്ഷണ ഉദ്ദ്യോഗസ്ഥര്‍ സഹായിക്കും. താമസസൌകര്യം അംഗീകരിക്കപ്പെട്ട അഭയമന്ദിരത്തില്‍ ഏര്‍പ്പാടാക്കുകയും ആവശ്യമെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യും.

സേവന ദാതാവ്.
1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരവും 1956 ലെ കമ്പനി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത സേവന ദാതാക്കളായി പ്രവര്‍ത്തിക്കാം. ഇവരെ സംരക്ഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് തുല്യമായി കണക്കാക്കാം.

കോടതി നല്‍കുന്ന ഉത്തരവുകള്‍ .
  • നഷ്ടപരിഹാരം. പ്രതി ചെയ്ത ഗാര്‍ഹികാതിക്രമത്തെ തുടര്‍ന്നുണ്ടായ പരിക്കിനോ നഷ്ടങ്ങള്‍ക്കോ ഉള്ളത്
  • കൌണ്‍സിലറുടെ സേവനം. മജിസ്ട്രേട്ടിനു പ്രതിയോടോ, പരാതിക്കാരനോടോ കൂട്ടായോ ഒറ്റയായോ കൌണ്‍സിലിംഗിനു പോകാന്‍ നിര്‍ദ്ദേശിക്കാം.
  • വിചാരണ നടപടികളുടെ രഹസ്യ സ്വഭാവം. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിചാരണ നടപടികള്‍ രഹസ്യമായി നടത്താന്‍ തീരുമാനിക്കാം.
  • താമസത്തിനുള്ള അവകാശം. പരാതിക്കാരിക്കു താമസിക്കുന്ന വീട്ടില്‍ അധികാരവും അവകാശവും ഉണ്ടങ്കിലും ഇല്ലെങ്കിലും ആ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടായിരിക്കും. പ്രതി അവരെ ഒഴിപ്പിക്കാനോ ഇറക്കിവിടാനോ പാടുള്ളതല്ല.
സംരക്ഷണ ഉത്തരവ്.
  • പ്രതി ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹികാതിക്രമം നടത്തുന്നതില്‍ നിന്നും
  • പരാതിക്കാരി ജോലിചെയ്യുന്ന സ്ഥലം പഠിക്കുന്ന സ്ഥലം സാധാരണ വരാനിടയുള്ള സ്ഥലം എന്നിവിടങ്ങളില്‍ പ്രതി പ്രവേശിക്കാതിരിക്കാനും
  • പരാതിക്കാരിയുമായി പ്രതി ഏതെങ്കിലും വിധത്തിലുള്ള ആശയ വിനിമയം നടത്തുന്നത് തടഞ്ഞുകൊണ്ടും
  • ബാങ്ക് അക്കൌണ്ട് സ്ത്രീധനം മറ്റു സ്വത്തുക്കള്‍ എന്നിവ പ്രതി മജിസ്ട്രേട്ടിന്റെ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയുന്നതിനും
  • പരാതിക്കാരിയുടെ ബന്ധുക്കളേയോ മറ്റു വ്യക്തികളേയോ ആശ്രിതരേയോ പ്രതി ആക്രമിക്കുന്നത് തടയുന്നതിനും
താമസ സൌകര്യത്തിനുള്ള ഉത്തരവ്.
  • ഒരുമിച്ച് താമസിക്കുന്ന വീട്ടിലെ താമസത്തിനു പരാതിക്കാരിയെ തടയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നത് വിലക്കുക
  • ആ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രതിയോട് ആവശ്യപ്പെടുക
  • ആ വീട്ടില്‍ പ്രതിയോ അയാളുടെ മറ്റേതെങ്കിലും ബന്ധുവോ പ്രവേശിക്കുന്നതിനു തടയുക
  • വീട് പ്രതി അന്യാധീനപ്പെടുത്തുകയോ ഇല്ലാതാക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നത് തടയുക.
സേവനങ്ങള്‍ക്കും സംശയങ്ങള്‍ക്കും :
കേരള വനിതാ കമ്മീഷന്‍, വാന്‍‌റോസ് ജംഗ്ഷന്‍, തിരുവനന്തപുരം -34.
ഫോണ്‍: 0471 2322590, 2320509, 2337589, 2339878
Website: www.keralawomenscommission.gov.in
Email: keralawomenscommission@yahoo.co.in

Buzz ല്‍‌ പിന്തുടരുക