Wednesday, January 16, 2008

യുവജനോത്സവം - വേഷഭൂഷാദികള്‍ ആവശ്യമാണോ?

കഴിഞ്ഞ ഒരാഴ്ച മുഴുവന്‍ കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്‌ സംസ്ഥാന സ്കൂള്‍ യുവജനോത്സവമായിരുന്നു.

ധനികര്‍ ലക്ഷങ്ങള്‍ മുടക്കി അവരുടെ കുട്ടികളെ പങ്കെടുപ്പിച്ച്‌ സായൂജ്യമടഞ്ഞു. പാവപ്പെട്ടവര്‍ തങ്ങളുടെ കിടപ്പാടം പണയം വച്ചും ലക്ഷങ്ങള്‍ ഉണ്ടാക്കി തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിച്ച്‌ സായൂജ്യമടഞ്ഞു.

കുട്ടികളെ പങ്കെടുപ്പിക്കാനായി നഷ്ടപ്പെടുത്തിയ കിടപ്പാടങ്ങളുടേയും, സമ്പാദ്യങ്ങളുടേയും കരളലിയിപ്പിക്കുന്ന കഥകള്‍ എന്നും പുറത്തുകൊണ്ടുവരുന്നതില്‍ ഈ മാധ്യമങ്ങള്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. എന്താണ് മാധ്യമങ്ങളുടെ ഉദ്ദേശം?. പൊതുഖജനാവ്‌ ചോര്‍ത്തിയെങ്കിലും ഇക്കൂട്ടരെ സര്‍ക്കാര്‍ സഹായിക്കണമെന്നാണോ?.

പങ്കെടുക്കുന്ന കുട്ടികള്‍ ചിലവാക്കുന്നതില്‍ 90 ശതമാനവും അവരുടെ വേഷഭൂഷാദികള്‍ക്ക്‌ വേണ്ടി മാത്രമാണെന്ന്‌ നാം മറക്കരുത്‌. പതിനായിരക്കണക്കിനു രൂപയാണ് ഡാന്‍സ്‌ പരിപാടികളുടെ ആടയാഭരണങ്ങള്‍ക്ക്‌ വേണ്ടി ചിലവിടുന്നത്‌. ഡല്‍ഹി പോലെയുള്ള സ്ഥലങ്ങളില്‍ ഏതു തരത്തിലുള്ള വേഷങ്ങളും വാടകക്ക്‌ കിട്ടുന്ന സ്ഥലങ്ങളുണ്ട്‌. കേരളത്തില്‍ അങ്ങനെയുള്ള സ്ഥലങ്ങളെപറ്റി കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മറ്റൊരാള്‍ ഉപയോഗിച്ചത്‌ നമ്മുടെ കുട്ടികള്‍ ഉപയോഗിക്കുന്നത്‌ അഭിമാനക്ഷതമായി കരുതുന്നവരാണ് മലയാളികള്‍. അതുകൊണ്ട്‌ ആടയാഭരണങ്ങള്‍ പുതിയതു തന്നെ, അതും മറ്റുള്ളവരില്‍ നിന്നും വ്യത്ത്യസ്ഥമായവ, വാങ്ങുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി ചിലവിടുമ്പോള്‍ നഷ്ടപ്പെടുന്നത്‌ സ്വന്തം കിടപ്പാടമാണോ, സമ്പാദ്യമാണോ എന്നോന്നും മലയാളിമങ്ക നോക്കാറില്ല.

ഞാനിവിടെ ആലോചിക്കുന്നത്‌, ഈ ആടമ്പര വേഷഭൂഷാദികളുടെ ആവശ്യമുണ്ടോയെന്നാണ്. മുഖാഭിനയവും, കൈകാലുകളുടെ താളാത്മകമായ ചലനങ്ങളുമല്ലേ പ്രദര്‍ശിപ്പിച്ച്‌ കഴിവ്‌ തെളിയിക്കേണ്ടത്‌. ആടയാഭരണങ്ങളെ പങ്കെടുക്കുന്ന കുട്ടിയുടെ കഴിവിന്റെ കൂടെ പരിഗണിക്കപ്പെടേണ്ടതുണ്ടോ?. എത്രയായിരം രൂപയും, മനഃസമാധാനവും, കിടപ്പാടങ്ങളും, സമ്പാദ്യങ്ങളും നഷ്ടപ്പെടുന്നത്‌ ഒഴിവാക്കികൂടെ.

കലാമണ്ഡലം ഡാന്‍സ്‌ സ്കൂളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരിദാറും അണിഞ്ഞ്‌ അവടുത്തെ കുട്ടികള്‍ ഡാന്‍സ്‌ ചെയ്യുന്നത്‌ ടി.വി യില്‍ കൂടി ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ഭംഗി കുറവും എനിക്കനുഭവപ്പെട്ടിട്ടില്ല.

അതുകൊണ്ട്‌ സ്കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ആഡംഭര വേഷഭൂഷാദികളൊഴിവാക്കി കുട്ടികളുടെ കഴിവിനെ മാത്രം അടിസ്ഥാനമാക്കി സമ്മാനങ്ങള്‍ നിശ്ചയിച്ചുകൂടേ?. മൂധേവികളെ ബൂലോകരംഭയാക്കുന്ന ഈ മേക്കപ്പ്‌ കോപ്രായം ഇവിടെയെങ്കിലും നിര്‍ത്തികൂടേ? വിദ്യാഭ്യാസ വകുപ്പ്‌ ആലോചിക്കേണ്ടതാണ്.

പരാതികളുയര്‍ന്നപ്പോള്‍ പക്കമേളക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചില്ലേ. അതുകൊണ്ട്‌ ഇത്തവണത്തെ യുവജനോത്സവത്തിനു ഭംഗിക്കുറവൊന്നും ഉണ്ടായില്ല. പക്ക്ഷേ വെളുക്കാന്‍ തേച്ചത്‌ പാണ്ഡായെന്നുമാത്രം. നൂറുക്കണക്കിനു പാവപ്പെട്ട പക്കമേളക്കാരുടെ കഞ്ഞികുടി മുട്ടി. പകരം ആധുനിക sound studio യില്‍ കൂടി ഉണ്ടാക്കിയെടുക്കുന്ന പക്കമേളം ഓരോ ഐറ്റത്തിനും അകമ്പടി സേവിക്കുന്നു. പക്കമേളക്കാര്‍ക്ക്‌ നേരിട്ടുകൊടുത്തിരുന്നതിന്റെ പത്തിരട്ടി തുക ആധുനിക സ്റ്റുഡിയോകള്‍ക്ക്‌ നല്‍കുന്നുവെന്ന്‌ മാത്രം. പക്കമേളക്കാര്‍ സംഘടിതരല്ല. നമ്മുടെ രാഷ്ട്രീയക്കാരെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.

Buzz ല്‍‌ പിന്തുടരുക

15 comments:

 1. അങ്കിള്‍. said...

  പങ്കെടുക്കുന്ന കുട്ടികള്‍ ചിലവാക്കുന്നതില്‍ 90 ശതമാനവും അവരുടെ വേഷഭൂഷാദികള്‍ക്ക്‌ വേണ്ടി മാത്രമാണെന്ന്‌ നാം മറക്കരുത്‌.അതിനുവേണ്ടി ചിലവിടുമ്പോള്‍ നഷ്ടപ്പെടുന്നത്‌ സ്വന്തം കിടപ്പാടമാണോ, സമ്പാദ്യമാണോ എന്നോന്നും മലയാളിമങ്ക നോക്കാറില്ല

 2. krish | കൃഷ് said...

  സ്കൂള്‍ യുവജനോത്സവത്തില്‍ ചില ഐറ്റങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ അമ്പതിനായിരത്തില്‍ കൂടുതല്‍ തുക ചിലവാക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. ഒരു പെണ്‍കുട്ടിക്ക് 4 ഐറ്റങ്ങളില്‍ നൃത്തത്തിനായി ചിലവാക്കേണ്ടിവന്നത് 2 ലക്ഷത്തില്‍ കൂടുതല്‍ തുക. ഇതിനേക്കുറിച്ച് ഇന്ന് ടി.വി.യില്‍ ഒരു വാര്‍ത്താശകലം കണ്ടു. കലയോടുള്ള അമിതസ്നേഹം കാരണം വീട് പണയപ്പെടുത്തിയാണത്രേ ഈ പെണ്‍കുട്ടി മത്സരത്തില്‍ പങ്കെടുത്തത്. നൃത്തത്തിനാവശ്യമായ ഒരു പാട്ട് റിക്കൊര്‍ഡ് ചെയ്യാന്‍ അമ്പതിനായിരം രൂപയാണ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോക്കാര്‍ക്ക് കൊടുക്കേണ്ടത്. 4 ഐറ്റത്തിനുമായി 2 ലക്ഷം രൂപ. ആടയാഭരണങ്ങള്‍, മേക്കപ് എന്നിവക്കുള്ള ചിലവ് വേറെ.
  അപ്പോള്‍ ഇത് ധനികരുടെ മാത്രം കലോത്സവമായി മാറുകയാണ് എന്ന് ചുരുക്കം.

 3. കിരണ്‍ തോമസ് തോമ്പില്‍ said...

  അങ്കിള്‍ ഒരു സംശയം സര്‍ക്കര്‍ അലെങ്കില്‍ സര്‍ക്കാര്‍ ഏയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്ക്‌ മാത്രമേ ഈ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ എന്നാണ്‌ എന്റ അറിവ്‌ ( തെറ്റാണെങ്കില്‍ തിരുത്തുക). ഇടത്തരക്കാരന്റെ മക്കള്‍ പോലും സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന ഇക്കാലത്ത്‌ മേളയില്‍ പങ്കെടുക്കന്നവരില്‍ ഭൂരിഭാഗവും ഇടത്തരക്കാരിലും താഴെ അല്ലേ. അപ്പോള്‍ പണക്കാരുടെ മേള എന്ന് നമുക്ക്‌ ഇതിനെ കരുതാന്‍ കഴിയില്ല മറിച്ച്‌ ആര്‍ഭാടം കാട്ടന്‍ ഇറങ്ങുന്നവരുടെ മേളാ എന്ന് ഇതിനെ വിളിക്കാം.

  കൃഷ്‌ പറഞ്ഞതുപോലെ 4 ഐറ്റത്തിന്‌ 2 ലക്ഷം മുടക്കി ഞാന്‍ ഏതായാലും എന്റ മകളെ ഈ പരിപാടിക്ക്‌ വിടില്ല. ഈ വിഷയം എന്റ ഓഫീസില്‍ ചര്‍ച്ച ചെയ്തപ്പോള്‍ 99% പേരും 50000 രൂപ പോലും മുടക്കില്ലാ എന്ന് പറയുന്നു. അപ്പോള്‍ ഇതിനൊക്കെ ഇറങ്ങുന്നവര്‍ തല മറന്ന് എണ്ണ തേക്കുന്നവര്‍ എന്ന് കരുതിയാല്‍ മതി.


  ഈ വിഷയത്തില്‍ ഇന്നത്തെ മാധ്യമത്തില്‍ കണ്ട വാര്‍ത്ത.


  പാര്‍വതി മേളയുടെ 'രക്തസാക്ഷി'; വീട് വിറ്റു; എട്ടുലക്ഷം കടം


  കുറ്റിപ്പുറം: മേളകളില്‍ മിന്നിത്തിളങ്ങി ആറേഴുകൊല്ലമായി പാര്‍വതിയുണ്ട്. പേരും പെരുമയും കൊണ്ടുവന്ന ആട്ടവേദി, പക്ഷേ ഈ വയനാട്ടുകാരിയുടെ കുടുംബത്തിന് ബാക്കിയാക്കിയത് പെരും കടം. പല ബാങ്കുകളില്‍ എട്ടുലക്ഷം രൂപയുടെ ബാധ്യത പേറിയാണ് കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി കുറ്റിപ്പുറത്ത് ചിലങ്ക കെട്ടുന്നത്.

  പാലക്കാട് ആലത്തൂരില്‍ അമ്മക്കുണ്ടായിരുന്ന വീടും പറമ്പും കടക്കാര്‍ കൊണ്ടുപോയി. കല്‍പറ്റയില്‍ ഇപ്പോഴുള്ള നാലര സെന്റ് പുരയിടം കൂടി പണയപ്പെടുത്തിയാണ് പാര്‍വതീരാജ് മേളയിലാടാന്‍ ചുരമിറങ്ങിയത്.

  'ഒഴുക്കാന്‍ വെള്ളംപോലെ പണം വേണം. അവര്‍ക്കുള്ളതാണ് ഈ കലോല്‍സവങ്ങള്‍. ഇതിന് കഴിയാത്ത ഞങ്ങളെപ്പോലുള്ളവര്‍ക്ക് മുന്നില്‍ പെരുവഴിയിയാണ്' ^പാര്‍വതി രാജിന്റെ അമ്മ ശാന്തിനിയുടെ വാക്കുകളില്‍ തെളിയുന്നത് കലോല്‍സവങ്ങളുടെ കാണാപ്പുറക്കഥ.

  കലോല്‍സവത്തിന്റെ 'രക്തസാക്ഷി'യായ മകളെയും കൂട്ടി അമ്മ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത് മേളയുടെ മറയുയരും മുമ്പേ. സൌത്ത് ഇന്ത്യന്‍, കാത്തലിക് സിറിയന്‍ ബാങ്കുകളില്‍ നിന്ന് ഒരുലക്ഷം രൂപ വായ്പ വാങ്ങിയാണ് പാര്‍വതി നൃത്തമാടുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, ഏകാഭിനയം, കുച്ചുപ്പുടി, കേരള നടനം, നാടകം ഇനങ്ങളിലാണ് ഈ മിടുക്കി മല്‍സരിക്കുന്നത്. ആദ്യ മൂന്നിനങ്ങളില്‍ കോടതി ഉത്തരവ് നേടിയാണ് മല്‍സരം.

  യു.പി തലം മുതല്‍ കലാതിലകമാണ് പാര്‍വതി. കഴിഞ്ഞവര്‍ഷം സംസ്ഥാന ഹയര്‍ സെക്കന്‍ഡറി മേളയില്‍ 42 പോയിന്റ് നേടി 'ടോപ്സ്കോററാ'യി.

  റിട്ട. ലേബര്‍ ഓഫീസര്‍ രവീന്ദ്രനാണ് അച്ഛന്‍. അച്ഛന്റെ പി.എഫും ഗ്രാറ്റുവിറ്റിയുമുള്‍പ്പെടെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിട്ടും തികയാഞ്ഞിട്ടാണ് വസ്തു പണയപ്പെടുത്തിയത്. സര്‍ക്കാറില്‍നിന്ന് സഹായം കിട്ടാന്‍ മന്ത്രി എം.എ. ബേബിയെ പലവട്ടം കണ്ടിട്ടും ഫലമുണ്ടായില്ലെന്നതില്‍ അമ്മ ശാന്തിനിക്ക് ഒരല്‍പം രോഷം.

  എ.പി അനില്‍കുമാര്‍ സാംസ്കാരിക മന്ത്രിയായിരുന്ന സമയത്ത് കിട്ടിയ 10,000 രൂപയാണ് സര്‍ക്കാറില്‍നിന്ന് കിട്ടിയ ഏക സഹായം. ഇക്കുറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാബു 50,000 രൂപ തന്ന് സഹായിച്ചതായും അമ്മ പറയുന്നു.

 4. കിരണ്‍ തോമസ് തോമ്പില്‍ said...

  ഇത്തരത്തിലുള്ള ആള്‍ക്കാര്‍ എന്ത്‌ ഭാവിച്ചാണ്‌ ഇറങ്ങുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ആ സ്ത്രീ പറയുന്നത്‌ കേട്ടോ


  റിട്ട. ലേബര്‍ ഓഫീസര്‍ രവീന്ദ്രനാണ് അച്ഛന്‍. അച്ഛന്റെ പി.എഫും ഗ്രാറ്റുവിറ്റിയുമുള്‍പ്പെടെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിട്ടും തികയാഞ്ഞിട്ടാണ് വസ്തു പണയപ്പെടുത്തിയത്. സര്‍ക്കാറില്‍നിന്ന് സഹായം കിട്ടാന്‍ മന്ത്രി എം.എ. ബേബിയെ പലവട്ടം കണ്ടിട്ടും ഫലമുണ്ടായില്ലെന്നതില്‍ അമ്മ ശാന്തിനിക്ക് ഒരല്‍പം രോഷം.

 5. ഒരു “ദേശാഭിമാനി” said...

  “കലാമത്സരം”, കലയുള്ള പ്രാവീണ്യം തെളിയിക്കുന്നതിനുള്ള മത്സരം ആണു. ആ അടിസ്ഥാനത്തിലായിരിക്കണം വിജയികളെ തീരുമാനിക്കേണ്ടതു. പാവപ്പെട്ടൊരുവന്റെ കുട്ടി ഏറ്റവും മിടുക്കനോ മിടുക്കിയോ ആയിരിക്കും. എന്നാല്‍ വേഷഭൂഷാദികളില്‍ സമ്പന്നര്‍ക്കു ഒപ്പം എത്താന്‍ സാമ്പത്തിക കഴിവില്ലാത്തതിനാല്‍ പിന്തള്ളപ്പെട്ടാല്‍ പിന്നെ എന്തു “കലാ മത്സരം?”

  (പിന്നെ വേണമെകില്‍ സമ്പന്നര്‍ക്കു വേണ്ടി ഒരു മത്സരവും പിന്നെ സാധാരണക്കാര്‍ക്കുവേണ്ടി ഒരു മത്സരവും ആകാം. അപ്പോള്‍ കഴിവുള്ളവര്‍ തഴയപ്പെടുകയില്ലല്ലോ :)!)

  പണക്കാരെക്കൊണ്ടു മനസ്സമാധാനം കൂടി പാവങ്ങള്‍ക്കു നഷ്ടപ്പെടുന്നതിനുള്ള വേറൊരു ഉദാഹരണം കൂടിയാണു ഈ മത്സരങ്ങള്‍!

 6. അങ്കിള്‍ said...

  കിരണ്‍,
  എനിക്കും മനസ്സിലാകുന്നില്ല എന്തിനിങ്ങനെ ചിലവാക്കുന്നതെന്ന്‌. പാര്‍വതീയുടെ അച്ഛനും അമ്മയും എന്താണ് പ്രതീക്ഷിക്കുന്നത്?. ഒരു കലാതിലകമായി കഴിഞ്ഞാല്‍ ഗ്രേസ് മാര്‍ക്ക്‌ വാങ്ങി മെഡിസിന് അഡ്മിഷന്‍ വാങ്ങാനോ?. അതോ പത്താം ക്ലാസ്സ കഴിഞ്ഞ ഉടന്‍ ഒരു ജോലി നേടാനോ?. ഏതായാലും രണ്ടും നടക്കില്ല.

  കഴിഞ്ഞ കൊല്ലം വരെ സിനിമാക്കാരക്കോ വന്നു നോക്കുമായിരുന്നു, പറ്റിയ കുട്ടികളുണ്ടോ എന്നു നോക്കാന്‍. ഇനി അതിനു സാദ്ധ്യതയില്ല. കാരണം, ആ ചാര്‍സ്‌ മുഴുവന്‍ റീയാലിറ്റി ഷോക്കാര്‍ കൊണ്ടുപോയി. അവിടെ സിനിമാ ഡയറക്ടര്‍മാര്‍ നേരിട്ട്‌ പരീക്ഷീക്കുകയാണ്. അവര്‍ക്ക്‌ പാവപ്പെട്ട കുടുമ്പത്തില്‍ നിന്നും വരുന്നവരാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. ആരാണീ പാവപ്പെട്ടവര്‍. സ്വൊന്തം കിടപ്പാടം പോലും വിറ്റ്‌ ധനികരോപ്പം പോരാടാന്‍ ശ്രമിച്ചിട്ട്‌ ചാനല്‍കാരുടെ മുമ്പില്‍ കണ്ണീരൊലിപ്പിക്കുന്നവരോ? ധനികരോടൊപ്പം ചിലവഴിച്ചിട്ട്‌ അവര്‍തന്നെ സ്വയം കരഞ്ഞുപരയുമ്പോഴല്ലെ ജനം അറിയുന്നത്‌, ഇവര്‍ പാവപ്പെട്ടവര്‍ എന്ന്‌. എന്തുകൊണ്ടൊ അങ്ങനെയുള്ളവരോട് എനിക്ക്‌ സഹതാപം പോലും തോന്നുന്നില്ല.

  ചുരിദാര്‍ മാത്രം ധരിച്ച്‌ ആടിക്കാണിക്കട്ടേ എല്ലാപേരുടേയും മിടുക്ക്‌. എന്തിനീ ആര്‍ഭാട ഉടയാടകള്‍?

  ഏതെല്ലാം സ്കൂളുകള്‍ക്ക്‌ പങ്കെടുക്കാമെന്നത്‌ കിരണ്‍ പറഞ്ഞപ്പോഴാണ് ഞാനും ചിന്തിച്ചത്‌. പക്ഷേ, തിരുവനന്തപുരത്തെ ഹോളീ ഏഞ്ചത്സ്‌ കോണ്‍‌വെന്റു കാര്‍ പങ്കെടുത്തിരുന്നല്ലോ. എനിക്കുതോന്നുന്നും, കേരളാ സില്ലബസ്സ്‌ പിന്‍‌തുടരുന്നവര്‍ക്കെല്ലാം പങ്കെടുക്കാമെന്ന്‌. ഏതായാലും, സി.ബി.എസ്സ്.സി ക്കാര്‍ക്കുള്ള ഉത്സവം വേറെയാണ്. അവര്‍ ഇതില്‍ പങ്കെടുക്കാന്‍ പാടില്ല. കൂടുതല്‍ അന്വേഷിക്കണം.

  സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്നവര്‍ പാവങ്ങളാണെങ്കില്‍ കുരേ പേര്‍ക്കെങ്കിലും കടമില്ലാതെ തന്നെ പണം മുടക്കാന്‍ കഴിയുന്നല്ലോ. അതോ അവര്‍ കരഞ്ഞുകൊണ്ടു നടക്കാത്തതു കൊണ്ട നാമറിയാത്തതാണോ?. അതല്ലാ, പാവങ്ങളാണെങ്കില്‍ ഞാനിവിടെ പറഞ്ഞിരിക്കുന്നതു പോലെ എന്തെങ്കിലും നടപ്പാക്കി ഈ പാവങ്ങളെ ഭാരിച്ച ചിലവില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ചുമതല സര്‍ക്കാരിനില്ലേ. പക്കമേളക്കാരുടെ വയറ്റത്തടിക്കാനുള്ള തീരുമാനമെടുത്തതോ.

  ദേശാഭിമാനി,കൃഷ്‌

  ആരാണ് ഈ മേളയില്‍ പങ്കെടുത്തതില്‍ പാവപ്പെട്ടവര്‍? ധനികരോടൊപ്പം നിക്കാന്‍ കിടപ്പാടവും, സമ്പാദ്യവും നഷ്ടപ്പെടുത്തിയവരോ? അല്ലെങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ എവിടുന്നാ ധനികര്‍. അവരെല്ലാം സി.ബി.എസ്.സി യിലോട്ടല്ലേ പോക്ക്. ഈ വേഷഭൂഷാദികളില്ലാതെ കഴിവ്‌ തെളിയിക്കട്ടേ. സിനിമാ നടിയാകണമെന്നുള്ളവര്‍ റിയാലിറ്റി ഷൊയില്‍ പങ്കെടുക്കട്ടെ. അലോചിച്ചു നോക്കൂ, എത്ര പാവപ്പെട്ട കലാതിലകങ്ങള്‍ സിനിമാ നായികമാര്‍ ആയിട്ടുണ്ട്?. ഇക്കാര്യത്തില്‍ എനിക്ക്‌ പാവപ്പെട്ടവരെന്ന്‌ അവകാശപ്പെടുന്നവരോട്‌ എതിര്‍പ്പാണ്.

 7. കിരണ്‍ തോമസ് തോമ്പില്‍ said...

  പ്രൈവറ്റ്‌ സ്കൂളുകള്‍ക്ക്‌ പങ്കെടുക്കാന്‍ കഴിയില്ലാ എന്നാണ്‌ എന്റ അറിവ്‌ ഇതിനെക്കുറിച്ചുള്ള കറക്റ്റ്‌ വിവരം ഞാന്‍ നാളെപ്പറയാം. ഹോളി ഏഞ്ചല്‍സ്‌ സര്‍ക്കാര്‍ ഏയ്‌ഡഡ്‌ ആണോ എന്ന് അന്വേഷിക്കുമല്ലോ.

  ഇനി ഈ തിലക പ്രതിഭാ മത്സരങ്ങളാണ്‌ കിട മത്സരത്തിന്റെ മൂലകാരണം എന്ന മാധ്യമങ്ങളുടെയും വിദഗതരുടെയും അഭിപ്രായ പ്രകടനങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇവ നിര്‍ത്തലാക്കി. എന്നാല്‍ ചാനല്‍ കിട മത്സരം കാരണം മേളയുടെ താരങ്ങളെ കണ്ടെത്തുന്ന പുത്തന്‍ പ്രവണത ഇവര്‍ തുടങ്ങി. അവര്‍ക്ക്‌ മികച്ച മാധ്യമ കവറേജ്‌ ലഭിക്കുമെന്നതിനാല്‍ മേളയുടെ താരമാകാനാകും ഇനി മത്സരം. പിന്നെ സംസ്ഥാന യുവജനോത്സവത്തില്‍ ഇത്രക്ക്‌ കൊട്ടിഘോഷിക്കാന്‍ മാത്രം ഒന്നും സംഭവിക്കുന്നില്ലാ എന്നതാണ്‌ സത്യം . ഏര്‍ണ്ണാകുളത്ത്‌ നടന്ന് കലോസ്ത്സവം കാണാന്‍ അവസരം കിട്ടിയ എനിക്ക്‌ തോന്നിയതാണ്‌ ഇത്‌. എല്ലാം ഒരു തരം ഇന്‍സ്റ്റന്റ്‌ സംഭവങ്ങളാണ്‌. മത്സരത്തിന്‌ വേണ്ടി തല്ലിപ്പഴുപ്പിച്ചവ. പിന്നെ പാടിപ്പുകഴ്ത്താന്‍ മാധ്യമങ്ങള്‍ ഉള്ളതിനാല്‍ ഇത്‌ ഇനിയും തുടരും

  പിന്നെ പക്കമേളക്കാരുടെ അവസ്ഥ. അങ്കിള്‍ അവര്‍ക്കും കൊടുക്കേണ്ടെ പണം ഒരു പക്കമേള ടീമിനെ സബ്‌ജില്ല മുതല്‍ സംസ്ഥാന തലം വരെ കെട്ടി എഴുന്നള്ളിച്ച്‌ കൊണ്ട്‌ നടക്കണമെങ്കിലും കാശ്‌ എണ്ണിക്കൊടുക്കണേ ? ഇപ്പോഴത്തെ ഇതിന്റെയും ഒരു മാര്‍ക്ക്റ്റ്‌ വില എത്രവരും? തീരെക്കുറവൊന്നുമല്ലല്ലോ. അപ്പോള്‍ ഇതെല്ലാവര്‍ക്കും ഒരു ചാകരയാണ്‌. കലാരംഗത്ത്‌ നില്‍ക്കുന്നവര്‍ക്കുള്ള ചാകര. ഇന്നും ഇന്നലേയും തുടങ്ങിയതല്ല വര്‍ഷങ്ങളായി. എന്തിനാണ്‌ എന്ന് മാത്രം മനസ്സിലാകുന്നില്ല. പിന്നെ വല്ല ഏഞ്ചിനിയറിഗ്‌ സീറ്റിനാണ്‌ ഇതെങ്കില്‍ 8 ലക്ഷം രൂപയൊന്നും പൊടിക്കേണ്ട്‌ വെറും 40000 * 4=160000 കൊണ്ട്‌ കേരളത്തില്‍ ഈ കോഴ്സ്‌ കഴിയും. ഇനി കേരളത്തിന്‌ പുറത്തുപോയാല്‍ മാക്സിമം 3 ലക്ഷം അലെങ്കില്‍ 4 ലക്ഷം അതില്‍ കൂടില്ല. പിന്നെ മെഡിക്കല്‍ സീറ്റാണ്‌ ലക്ഷ്യമെങ്കില്‍ ശ്രമിച്ചു നോക്കട്ടെ അത്രയേ പറയാനുള്ളൂ. പക്ഷെ ഒരു സംശയം മാത്രം ബാക്കി പ്രതിഭ തിലകങ്ങളൊക്കെ നിര്‍ത്തിയ സ്ഥിതിക്ക്‌ എന്ത്‌ മെഡിക്കല്‍ സീറ്റ്‌

 8. അങ്കിള്‍ said...

  കിരണ്‍,
  ഹോളി ഏഞ്ചത്സ് കോണ്‍‌വെന്റ്‌ സ്കൂള്‍ unaided ആണ്. എന്റെ മകള്‍ പഠിച്ച സ്കൂളാ‍ണ്. ഇംഗ്ലീഷ്‌ മീഡിയം ആണെങ്കിലും, കേരളാ സിലബസ്സാണ് പഠിപ്പിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ അവിടെ കേരളാ സിലബസ്സ്‌ കൂടാതെ, സി.ബി.എസ്.സി യും ഉണ്ട്`. ആ ക്ലാസ്സിലുള്ള കുട്ടികള്‍കൊന്നും ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ സാദ്ധ്യമല്ല. അതു കൊണ്ടാണ് ഞാനെഴുതിയത്‌ ഈ യുവജനോത്സവം കേരളാ സിലബസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ളതാണ്. അതു കൊണ്ടായിരിക്കാം, ധനികരുടെ കുട്ടികളും കാണുന്നത്‌.

  എന്റെ പോസ്റ്റിന്റെ പ്രധാന ഉദ്ദേശം തന്നെ, തിലക-പ്രതിഭാ സ്ഥാനങ്ങള്‍ നിര്‍ത്തിയ സ്ഥിതിക്ക്‌ പ്രത്യേകിച്ചും ചാനലുകള്‍ റീയാലിറ്റി ഷോയും കൂടി നടത്തുന്ന സ്ഥിതിക്ക്‌ പാവപ്പെട്ട കുട്ടികളുടെ അച്ഛനമ്മമാര്‍ പഴയതു പോലെ വലിയ പ്രതീക്ഷയോ, വാശിയോ കാണിക്കേണ്ട യാതൊരു കാര്യവുമില്ല. അതുകൊണ്ട്‌ ആഢമ്പര ആടയാഭരണങ്ങള്‍ ഒഴിവാക്കണമെന്ന്‌ അവരും കൂടെ ആവശ്യപെട്ടുകൂടെ?. ഇത്രയും ചിലവാക്കിയതു കൊണ്ട് എന്തു നേട്ടമാണ് അവര്‍ പ്രതീക്ഷിക്കുന്നത്‌. പ്രതികരിച്ചവരാരും ഈ പരിഷ്ക്കാരത്തിനെ പറ്റി ഒന്നും പറഞ്ഞു കേട്ടില്ല.

  പിന്നെ, പക്ക മേളക്കാരുടെ കാര്യം. ഭൂരിഭാഗം പേരും വെറും പാവങ്ങളായിരുന്നു. യുവജനോത്സവ സീസണില്‍ മാത്രമായിരുന്നു പലരുടേയും വരുമാനം. എന്നാല്‍ അവരില്‍ മിടുക്കന്മാര്‍ ഇപ്പോഴും നല്ല വരുമാനം ഇതേ രക്ഷകര്‍ത്താക്കളില്‍ നിന്നു തന്നെ ഉണ്ടാക്കുന്നു. എങ്ങനെയെന്നാല്‍, ഇവരെതന്നെയാണ് റിക്കാര്‍ഡിംഗ്‌ സ്റ്റുഡിയോയില്‍ എത്തിക്കുന്നത്‌. എന്നാല്‍ കൂടുതലും, സ്റ്റുഡിയോക്കാര്‍ അവരുടെ സ്ഥിരം പ്രൊഫഷണത്സിനെ ഏര്‍പ്പെടുത്തികൊടുക്കുന്നു. ഒരു സി.ഡി. ഉണ്ടാക്കി കൊടുക്കുന്നതിന് ധാരാളം തുകയും ഈടാക്കുന്നു. അങ്ങനെ വന്നപ്പോഴാണ് ഞാന്‍ പഴയ പക്കമേളക്കാരെ ഓര്‍ത്തത്‌. സംഘടിതരല്ലാത്ത അവര്‍തന്നെ സ്വന്തം പ്രൊഫഷന്‍ ദുരുപയോഗം ചെയ്ത്‌ ഉള്ളതും ഇല്ലാതാക്കി.

  രക്ഷകര്‍ത്താക്കളുടെ ഈ കഷ്ടപ്പാട്‌ ഇല്ലാതാക്കാന്‍ ഒരു വഴിയെപറ്റി ആലോചിച്ചുപോയതാണ്.

 9. Cartoonist said...

  ഒരു പാവം സര്‍ക്കാരുദ്യോഗസ്ഥന്റെ പെന്‍ഷന്‍ വരുമാനം മാത്രമുള്ള ഈ കുടുംബിനിയും മകളും കൂടി ഒട്ടും ആഴമില്ലാത്ത ചില ജീവിത സങ്കല്‍പ്പങ്ങള്‍ വെച്ചു പുലര്‍ത്തിക്കൊണ്ട് സ്വന്തം ജീവിതങ്ങള്‍ വഴിയാധാരമാക്കിയത് ആരുടേയും സഹതാപം അര്‍ഹിക്കുന്നില്ല. ആത്മഹത്യാപരമായ ഒരു തീരുമാനമെടുത്തതിന് അവര്‍ മാത്രമാണ് ഉത്തരവാദികള്‍.

  ജനങ്ങള്‍ കൊടുക്കുന്ന കരവും ഏറെ കടവും മാത്രം കൈമുതലായുള്ള സര്‍ക്കാരൊ, നൂറുകണക്കിന് കുട്ടികളുടെ പ്രാക്കും ചേര്‍ത്ത് ഇങ്ങനെ പിടുങ്ങിക്കൂട്ടുന്ന ലക്ഷക്കണക്കിന് മുതലുള്ള സ്കൂളുകളോ എന്തിന് സാമാന്യബോധമില്ലാത്തവരും ദുരഭിമാനികളും ആയ ഇത്തരം മനുഷ്യരെ പിഴയ്ക്കാന്‍ അനുവദിയ്ക്കണം ? സ്കൂളുകള്‍ ഇന്നഗ്നെ അവിഹിതമായി സമ്പാദിക്കുന്ന പൈസ നാണമില്ലാതെ വാങ്ങിക്കാന്‍ ഈ അമ്മയ്ക്കും മകള്‍ക്കും എന്നാലൊ, നെഞ്ചുരുക്കവുമില്ല.

  റിയാലിറ്റി ഷോകളെക്കുറിച്ചുള്ള അങ്കിളിന്റെ ധാരണ ശരിയാണെന്നു തോന്നുന്നില്ല. അതിനും അപാരമായ ചിലവുകളാണ്. അവയും പണക്കാര്‍ക്കുള്ളതാണ്.

  പിന്നെന്താണൊരു പോംവഴി ?

  സര്‍ക്കാര്‍ നിബന്ധന വെയ്ക്കട്ടെ, ആടയാഭരണങ്ങള്‍ ഇല്ലെങ്കിലും സാരമില്ലെന്നല്ല. കലാമണ്ഡലം സ്റ്റൈലിലോ മറ്റൊ ഒരു യൂണിഫോം ഡ്രെസ്സ് കോഡ് ഏര്‍പ്പെടുത്തട്ടെ.

  എന്നിട്ട്, മറുഭാഗത്ത്, കുട്ടികളുടെ ഭാവനയെയും സമൂഹബോധത്തെയും ഊട്ടുന്ന ധാരാളം പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തട്ടെ. പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ സംസ്ക്കൃതമായ ഒരു മനസ്സില്‍ നിന്നേ ഉണ്ടാവൂ.

  ഉറക്കം പോലും ഒരു സ്പെക്ടക്കിള്‍ ആക്കാനായി കൂര്‍ക്കം വലി അഭ്യസിക്കാന്‍ ആശാനെത്തേടുന്ന ഒരു രാജാവിന്റെ കഥ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചിട്ടുണ്ട്.

  കഷ്ടം... എന്താ‍ാ‍ാ‍ാ‍ാ‍ാ കഥ !

 10. അങ്കിള്‍ said...

  സജ്ജീവേ, താങ്കളുടെ അത്രക്ക്‌ ഭാഷ വഴങ്ങാത്തതു കൊണ്ടാണ് എനിക്കത്രത്തോളം എഴുതാന്‍ പറ്റാത്തത്‌. അഭിപ്രായത്തോട്‌ 100% യോജിക്കുന്നു.

  റിയാലിറ്റി ഷൊ ധനികര്‍ക്ക്‌ വേണ്ടി മാത്രമെന്നു തന്നെ യാണ് എന്റെയും പക്ഷം. അല്ലെന്നുള്ള ഒരു ധാരണ തന്നുവെങ്കില്‍ എന്റെ ഭാഷയുടെ കുറവ്‌. സിനിമാ നായികപട്ടം പ്രതീക്ഷിച്ച്‌ യുവജനോത്സവത്തിനു വരണ്ടാ അതിനിപ്പോള്‍ സിനിമാ ഡയറക്ട്ര്‍മാര്‍ തന്നെ നേരിട്ടു പരീക്ഷിക്കുന്ന റിയാലിറ്റി ഷോ ഉണ്ടെന്നേ ഞാനുദ്ദേശിച്ചിട്ടുള്ളൂ. ഏഷ്യാനെറ്റ്‌ സ്റ്റുഡിയോ യുടെ അടുത്ത്‌ താമസിക്കുന്ന എനിക്ക്‌ അവിടെയെത്തി തമ്പടിച്ച്‌ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവരുടെ ചിലവിനെ പറ്റി നന്നായറിയാം.

  കലാമണ്ഡലം സ്റ്റൈലിലുള്ള ഒരു യൂണിഫാം തന്നെ യാണ് ഇതിനുള്ള് ഏക പോംവഴി.

 11. കിരണ്‍ തോമസ് തോമ്പില്‍ said...

  അങ്കിള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്ന് ഇത്തിരി പണം മുടക്കിയാലും കുഴപ്പമില്ല. സമ്മാനം കിട്ടിയാല്‍ ലോട്ടറിയാണ് കിട്ടിയിലെങ്കിലും കുഴപ്പമില്ല കാരണം നല്ല മാധ്യമ കവറേജ് ലഭിക്കും ഗാനമേളകളിലും മറ്റും പങ്കെടുത്ത് മുടക്ക് കാശ് തിരിച്ചു പിടിക്കാം അലെങ്കില്‍ വല്ല സിനിമാക്കാരോ സീരിയല്‍ കാരോ നോട്ടമിടും അലെങ്കില്‍ വല്ല അവതാരികയാകനോ ശ്രമിക്കുകയെങ്കിലും ചെയ്യാം. എന്നാല്‍ ഈ കലോല്‍ത്സവത്തിന്‌ വേണ്ടി വന്‍‌തുക മുടക്കുന്നതില്‍ എന്ത് മെച്ചമാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

 12. ഹരിത് said...

  ചര്‍ച്ച വായിച്ചു. കഷ്ടം തന്നെ ഇത്തരക്കാരൂടെ കാര്യം.

 13. കൃഷ്‌ണ.തൃഷ്‌ണ said...

  അങ്കിള്‍, ഞന്‍ ഒരു പുതിയ ബ്ലോഗ്‌ ഉണ്ടാകി. അതു സേര്‍ച്ച്‌ എന്‍ജിനില്‍ വരുന്നില്ല..എനിക്കു ഒരു കമെന്‍സും കിട്ടുന്നുമില്ല..ബ്ലോഗ് സെറ്റിംഗ്സ്‌ എല്ലം ശരിയാണ്!. എന്‍റെ ബ്ളോഗ് മറ്റുള്ളവര്‍ കാണാന്‍ എന്താണ്‍ ചെയ്യേണ്ടത്??
  entay blog: krishnathrishna.blogspot.com

 14. കൃഷ്‌ണ.തൃഷ്‌ണ said...

  ഇന്നിതു കലയുടെ അല്ല പണത്തിന്‍റെ പ്രദര്‍ശനമായില്ലേ

 15. അങ്കിള്‍ said...

  കൃക്ഷ്ണാ, താങ്കളുടെ ബ്ലോഗില്‍ ഞാനൊരു കമന്റിട്ടിട്ടുണ്ട്‌. ഒരു നവാഗതന് വേണ്ടുന്ന കാര്യങ്ങളെല്ലാം അതില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്ന്‌ തോന്നുന്നു.